യോഗനാദം 2025 ഫെബ്രുവരി 16 ലക്കം എഡിറ്റോറിയൽ
വെള്ളാപ്പള്ളി നടേശൻ, ജനറൽ സെക്രട്ടറി, എസ്.എൻ.ഡി.പി യോഗം
ആഗോള വിദ്യാഭ്യാസ രംഗത്തെ ദ്രുതഗതിയിലെ പരിഷ്കാരങ്ങൾക്ക് അനുസൃതമായി സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയും സമൂലമായ മാറ്റങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സാമ്പ്രദായികമായ പഠന പദ്ധതികളെല്ലാം മാറുകയാണ്. എൽ.കെ.ജി മുതൽ ഗവേഷണ പഠനം വരെ ദിനമെന്നോണമാണ് പുതിയ രീതികൾ കടന്നുവരുന്നത്. ക്ളാസ് മുറികൾ ഭാവിയിൽ ഉണ്ടാകുമോ എന്ന് കണ്ടറിയണം. ഇന്നു പഠിക്കുന്ന കോഴ്സ് നാളെ പ്രയോജനപ്പെടുമോ എന്ന സന്ദിഗ്ദ്ധാവസ്ഥയും നിലനിൽക്കുന്നു. വിദേശപഠനമാണ് ശരാശരി മലയാളി വിദ്യാർത്ഥിയുടെ സ്വപ്നം. ഈ അനിശ്ചിതത്വങ്ങൾ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും രക്ഷിതാക്കളെയും മുൾമുനയിൽ നിറുത്തുമ്പോഴാണ് കണ്ണിൽച്ചോരയില്ലാത്ത ക്രൂരമായ കാമ്പസ് റാഗിംഗ് വാർത്തകൾ മാദ്ധ്യമങ്ങളിൽ നിറയുന്നത്. എന്തൊരു നാണക്കേടാണിത്. കേരളം ലോകത്തിനു മുന്നിൽ തലകുനിക്കേണ്ടിവരുന്ന അവസ്ഥ..
കോട്ടയം ഗവ. നഴ്സിംഗ് കോളേജിൽ നടന്ന റാഗിംഗ് ക്രൂരതകൾ ആരുടെയും മനസ് വിഷമിപ്പിക്കും. ഒന്നാം വർഷക്കാരെ സീനിയർ വിദ്യാർത്ഥികൾ കെട്ടിയിട്ട് കോമ്പസിനു കുത്തിയും മറ്റും മുറിവേൽപ്പിക്കുന്നതും, ആ മുറിവുകളിൽ ലോഷൻ ഒഴിച്ച് നീറ്റി പീഡിപ്പിക്കുന്നതും, പാവം കുട്ടികൾ നിസഹായരായി അലറിവിളിച്ചു കരയുന്നതും ദൃശ്യങ്ങളായി പ്രചരിച്ചു. ഒപ്പം തന്നെ എറണാകുളത്തെ തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മിഹിർ അഹമ്മദിന്റെ ആത്മഹത്യയ്ക്കു പിന്നിലും സ്കൂളിലെ റാഗിംഗാണെന്ന പരാതിയുമായി അമ്മ രംഗത്തുവന്നു.
സീനിയർ വിദ്യാർത്ഥികൾ ക്രൂരമായി മർദ്ദിച്ചുവെന്നും വാഷ് റൂമിൽ കൊണ്ടുപോയി ക്ലോസറ്റിൽ മുഖം പൂഴ്ത്തി വച്ച് ഫ്ലഷ് ചെയ്തുവെന്നും മറ്റുമുള്ള വെളിപ്പെടുത്തലുകൾ നമ്മുടെ കുട്ടികളിൽ വളരുന്ന പ്രാകൃത ചിന്തകളെയും അക്രമസ്വഭാവങ്ങളെയുമാണ് പുറത്തുകൊണ്ടുവരുന്നത്. വിദ്യാഭ്യാസത്തിന്റെ പേരിൽ ഉൗറ്റം കൊള്ളുന്ന മലയാളികൾക്കൊക്കെ മാനക്കേടുണ്ടാക്കുന്നു ഈ സംഭവങ്ങൾ. കഴിഞ്ഞ വർഷം ഇതേ സമയത്താണ് പൂക്കോട് വെറ്ററിനറി കോളേജിലെ സമർത്ഥനായ വിദ്യാർത്ഥി ജെ.എസ്. സിദ്ധാർത്ഥൻ തുടർച്ചയായി റാഗിംഗിന് ഇരയായത്. എട്ടുമാസം നീണ്ട ക്രൂരവും മനുഷ്യത്വരഹിതവുമായ പീഡനങ്ങൾക്കൊടുവിൽ തൂങ്ങിമരിച്ച നിലയിൽ സിദ്ധാർത്ഥനെ കണ്ടെത്തുകയായിരുന്നു.
പണ്ട് പ്രൊഫഷണൽ കോളേജുകളിൽ നടമാടിയിരുന്ന റാഗിംഗ് ഒട്ടേറെ നിയമനടപടികൾക്കും നിയമനിർമ്മാണങ്ങൾക്കും ശേഷമാണ് നിയന്ത്രിക്കാനായത്. 1998-ലെ കേരള റാഗിംഗ് നിരോധന നിയമം അങ്ങനെ നിലവിൽ വന്നതാണ്. 2009-ൽ യു.ജി.സി ചട്ടങ്ങളും പ്രാബല്യത്തിലായി. കലാലയങ്ങളിൽ ആന്റി റാഗിംഗ് സ്‌ക്വാഡും ആന്റി റാഗിംഗ് കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്. സിവിൽ പൊലീസ് അംഗങ്ങളും മാദ്ധ്യമ, എൻ.ജി.ഒ, അദ്ധ്യാപക, രക്ഷാകർതൃ, വിദ്യാർത്ഥി പ്രതിനിധികളും ഈ കമ്മിറ്റിയിൽ വേണം. എന്നിട്ടും റാഗിംഗ് പുനരവതരിക്കുന്നത് ദു:ഖകരമാണ്. 2005-ൽ കോട്ടയം സ്‌കൂൾ ഒഫ് മെഡിക്കൽ എജ്യുക്കേഷനിലെ (എസ്.എം.ഇ) ഒന്നാംവർഷ ബി.എസ്‌സി നഴ്സിംഗ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ രണ്ട് സീനിയർ വിദ്യാർത്ഥികൾക്ക് പത്തു വർഷം കഠിനതടവും ഒരാൾക്ക് മൂന്നുവർഷം തടവും നൽകിയ ശിക്ഷ മാത്രമാണ് റാഗിംഗ് നിരോധന നിയമപ്രകാരം ഇതുവരെ വിധിച്ചിട്ടുള്ളത്. ഈ കേസിൽ അലംഭാവം കാട്ടിയതിന് കോളേജ് പ്രിൻസിപ്പലും ഡയറക്ടറും പ്രതികളായി.
ഇപ്പോൾ കൗമാരക്കാരും യുവാക്കളും കൂടുതലായി കാണുന്ന സിനിമകളും സീരിയലുകളും സമൂഹമാദ്ധ്യമ പോസ്റ്റുകളും അക്രമവാസന പ്രോത്സാഹിപ്പിക്കുന്നവയാണ്. അടുത്തിടെ ഇറങ്ങിയ ചില മലയാള സിനിമകൾ പോലും രക്തമുറയുന്ന അക്രമങ്ങൾ ചിത്രീകരിച്ചവയാണ്. നിത്യജീവിതത്തിലും അവർ കേൾക്കുന്നത് കൊലപാതകവും ബലാത്സംഗവും കൊള്ളയും കൂലിത്തല്ലും തട്ടിപ്പും ക്രിമിനൽ പ്രവർത്തനങ്ങളുമാണ്. അക്രമത്തിലൂടെ വളരുന്ന ഹീറോകളാണ് അവർക്ക് മാതൃക. അണുകുടുംബങ്ങളിലെ സാഹചര്യങ്ങളും ഒറ്റപ്പെടലുകളും മദ്യവും മയക്കുമരുന്നും രക്ഷിതാക്കളുടെ അവഗണനയും തെറ്റായ പേരന്റിംഗും മാറിയ ജീവിതശൈലികളും കൈനിറയെ പണവും മറ്റും വിദ്യാർത്ഥികളെ അപഥസഞ്ചാരങ്ങളിലേക്ക് നയിക്കുന്നുണ്ട്.
മറ്റുള്ളവന്റെ വേദനയിൽ ആനന്ദിക്കുന്ന മാനസികാവസ്ഥയിലേക്ക് അവർ മാറ്റപ്പെടുന്നുമുണ്ടാകാം. വിദ്യാർത്ഥിയെ മാനസികമോ ശാരീരികമോ ആയി ബുദ്ധിമുട്ടിക്കുന്ന എന്തും റാഗിംഗിന്റെ പരിധിയിൽ വരും. പരാതി ലഭിച്ചാൽ ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണം നടത്തണം. ശരിയെന്നുകണ്ടാൽ കുറ്റാരോപിതനെ സസ്‌പെൻഡ് ചെയ്ത് പരാതി പൊലീസിന് കൈമാറണം. രണ്ടുവർഷം വരെ തടവും 10,000 രൂപ വരെ പിഴയുമാണ് ശിക്ഷ. മൂന്നു വർഷത്തേക്ക് പഠനവിലക്കുമുണ്ട്. പരാതിയിൽ നടപടിയെടുത്തില്ലെങ്കിൽ വിദ്യാലയ മേധാവിക്കും രണ്ടുവർഷം തടവും 10,000 രൂപ പിഴയും നിയമത്തിൽ പറയുന്നു.
ഇത്രയും ശക്തമായ നിയമങ്ങളുണ്ടായിട്ടും റാഗിംഗ് എന്ന സാമൂഹിക വിപത്തിനെ കാമ്പസുകളിൽ നിന്ന് ഇല്ലാതാക്കാൻ സാധിച്ചിട്ടില്ല. പഴയതോതിൽ ഇല്ലെങ്കിലും കൂടുതൽ ഭീകരവും അപരിഷ്കൃതവുമായ അവസ്ഥയിലേക്കു മാറി അനുസ്യൂതം തുടരുകയാണ് റാഗിംഗ്. ഒളിഞ്ഞും തെളിഞ്ഞും രാഷ്ട്രീയ പാർട്ടികളുടെയും വിദ്യാർത്ഥി സംഘടനകളുടെയും ഒത്താശ ഉണ്ടെന്നത് പകൽപോലെ വ്യക്തം. കർക്കശമായ നടപടികൾ സ്വീകരിച്ച് ഇത് ഇല്ലായ്മ ചെയ്യാൻ കഴിയാത്തതിന് കാരണവും ഈ ബാന്ധവമാണ്. കുറ്റക്കാരെ സംരക്ഷിക്കാൻ വിദ്യാർത്ഥി സംഘടനകളും രാഷ്ട്രീയ കക്ഷികളും അണിയറയിൽ പ്രവർത്തിക്കുന്നു. റാഗിംഗിന് പിന്നിലുള്ള ശക്തികൾക്കെതിരെ നിർഭയവും നിർദാക്ഷിണ്യവുമായ നടപടികൾ സ്വീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിന് ആദ്യം വേണ്ടത് രാഷ്ട്രീയക്കാർ പ്രതികളുടെ രക്ഷകവേഷത്തിൽ നിന്ന് പൂർണമായും പിന്മാറുകയാണ്.
എന്തൊക്കെ പറഞ്ഞാലും ഈ പ്രശ്നത്തിലും ഒരു രാഷ്ട്രീയമുണ്ട്; പിൻബലവുമുണ്ട്. പ്രതികളെ ജാമ്യത്തിലിറക്കാനും നിയമപിന്തുണയ്ക്കും നിൽക്കുന്നവരെക്കുറിച്ച് അന്വേഷിച്ചാൽ മനസിലാക്കാവുന്നതേയുള്ളൂ ഇക്കാര്യം. കോളേജ് അധികൃതർ രണ്ടും കൽപ്പിച്ച് ഇറങ്ങിയാൽത്തന്നെ റാഗിംഗ് അവസാനിപ്പിക്കാനാകും. പലപ്പോഴും ഇവർ മൗനം പാലിക്കുകയോ സ്ഥാപനത്തിന്റെ സൽപ്പേര് നഷ്ടമാകുമെന്ന ഭയത്താൽ ഒളിച്ചുവയ്ക്കുകയോ ഒത്തുതീർക്കാൻ ശ്രമിക്കുകയോ ചെയ്യുന്നതാണ് പ്രശ്നം വഷളാക്കുന്നതും റാഗിംഗ് വീരന്മാർക്ക് ധൈര്യം പകരുന്നതും. ഹോസ്റ്റലുകളിൽ നടക്കുന്ന അഴിഞ്ഞാട്ടത്തെ നിയന്ത്രിക്കലാണ് വാർഡൻമാരുടെ ചുമതല. ഇവർ അറിയാതെ ഒരു കോളേജ് ഹോസ്റ്റലിലും റാഗിംഗ് നടക്കില്ല.
വിദ്യാർത്ഥികളെ സംരക്ഷിക്കാനുള്ള ചുമതല കൂടി കോളേജ് അധികൃതർക്കും വാർഡന്മാർക്കുമുണ്ട്. ഇത്തരം സംഭവങ്ങളിൽ ഇവർക്കെതിരെയും കേസെടുക്കണം. കോട്ടയത്ത് നഴ്സിംഗ് കോളേജ് പ്രിൻസിപ്പലിനെതിരെയും വാർഡന്റെ ചുമതലയുള്ള അദ്ധ്യാപികയ്ക്കെതിരെയും കേസെടുത്തത് നന്നായി. കണ്ണിലെ കൃഷ്ണമണി പോലെ വളർത്തിയ മക്കളെ സഹപാഠികൾ വേട്ടനായ്ക്കളെപ്പോലെ ആക്രമിക്കുന്നത് ഒരു രക്ഷിതാവിനും സഹിക്കാനാവില്ല. എത്രയോ സമർത്ഥരായ വിദ്യാർത്ഥികൾക്കാണ് റാഗിംഗ് മൂലം പഠനം നിറുത്തേണ്ടി വരുന്നത്, ജീവിതം പോലും അലങ്കോലപ്പെടുന്നത്. എത്രയോ കുടുംബങ്ങളുടെ കണ്ണീരും ശാപവുമാണ് വിദ്യാലയങ്ങൾക്കും അക്രമികൾക്കും മേൽ പതിക്കുന്നത്. ഇനിയും ഇതാവർത്തിക്കാൻ അവസരം സൃഷ്ടിക്കരുത്. റാഗിംഗ് എന്ന സാമൂഹ്യ വിപത്തിനെ നമ്മുടെ കാമ്പസുകളിൽ നിന്ന് വേരോടെ പറിച്ചെറിയുകതന്നെ വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |