കാട്ടു തീയാണോ വന്യമൃഗങ്ങളാണോ ഈ വേനലിൽ മനുഷ്യരെ തീ തീറ്റിക്കുന്നത്? വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ജീവൻ കടിച്ചുപറിക്കുന്നതാണ് അടുത്തകാലത്ത് ഏറെ ഭീതിയും വ്യാപകപ്രതിഷേധവുമുണ്ടാക്കിയത്. മനുഷ്യനിർമ്മിതമാണ് വേനലിൽ ഭൂരിഭാഗം കാട്ടുതീയും. പക്ഷേ, അതുണ്ടാക്കുന്ന വിപത്ത് ചെറുതല്ല. അടുത്തിടെ ഇടുക്കിയിൽ കാട്ടുതീ തടയാൻ ഫയർലൈൻ തെളിക്കുന്നതിനായി വനപാലകർ തീയിട്ടത് വലിയ കാട്ടുതീയിലാണ് കലാശിച്ചത്.
കാറ്റടിച്ചതോടെ തീ കൃഷിയിടത്തിലേക്ക് പടർന്നു. പട്ടയ ഭൂമിയിലെ കുരുമുളക്, കാപ്പി, വാഴ, മലയിഞ്ചി തുടങ്ങിയ കൃഷികൾ കത്തി നശിച്ചു. നട്ടുച്ച സമയത്ത് തീ ഇടരുതെന്ന മുന്നറിയിപ്പ് വനം വകുപ്പ് അവഗണിച്ചെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. അഞ്ചുവർഷം മുൻപ് തൃശൂർ വടക്കാഞ്ചേരിക്ക് അടുത്ത് കൊറ്റമ്പത്തൂരിലുണ്ടായ കാട്ടുതീ ആരും മറന്നുകാണില്ല. കാട്ടുതീയിൽ മൂന്നു വനപാലകർ വെന്തുമരിച്ച ആദ്യദുരന്തമായിരുന്നു അത്. മൃഗങ്ങൾക്കും മനുഷ്യർക്കും ആവാസവ്യവസ്ഥയ്ക്കും അതുണ്ടാക്കിയ പ്രത്യാഘാതം വലുതായിരുന്നു. തീയിൽ എരിഞ്ഞൊടുങ്ങിയ കൊറ്റമ്പത്തൂർ വനത്തിലിപ്പോൾ തളിർത്ത് തഴച്ചു വളരുകയാണ് അഞ്ച് ലക്ഷത്തിലേറെ മരങ്ങൾ. വന്യമൃഗങ്ങൾ മനുഷ്യജീവനെ കടിച്ചുകീറുമ്പോൾ, വനംവകുപ്പ് നട്ടുവളർത്തിയ ഈ സ്വാഭാവിക വനത്തിൽ നിന്ന് മൃഗങ്ങൾ നാട്ടിലിറങ്ങാറില്ല. മരുത്, പ്ലാവ്, ഞാവൽ, കുമിഴ്, പേര, നെല്ലി, ആഞ്ഞിലി... പലതും കായ്ക്കാൻ തുടങ്ങി. കാട്ടുതീ പടരാനിടയാകുന്ന പുല്ലും മറ്റും നീക്കിയാണ് നാലുവർഷം മുൻപ് വനമൊരുക്കിയത്. ജലലഭ്യത കൂട്ടാനായി കുളങ്ങളും ചെക്ക് ഡാമും നിർമ്മിച്ചു. ഭൂഗർഭ ജലവിതാനം ഉയർന്നു. മണ്ണ് ഫലഭൂയിഷ്ഠമായി. കാട് സ്വാഭാവിക സന്തുലനാവസ്ഥയിലായി. 2020 ഫെബ്രുവരി 16ന് വൈകിട്ടായിരുന്നു ഹെക്ടർ കണക്കിന് കാട് നശിച്ചത്. തുടർന്ന് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിന് പാട്ടത്തിന് കൊടുത്ത ഭൂമി വനം വകുപ്പ് തിരികെ ഏറ്റെടുക്കുകയായിരുന്നു.
എരിതീയിൽ എണ്ണയായി
അധിനിവേശ മരങ്ങൾ
അധിനിവേശ മരങ്ങളായ അക്കേഷ്യയും യൂക്കാലിപ്റ്റസും അടക്കമുള്ള പ്ലാന്റേഷനുകൾ എരിതീയിൽ എണ്ണയാവുകയായിരുന്നു. ഈ മരങ്ങൾ നീക്കിയാണ് വനമൊരുക്കിയത്. യൂക്കാലിപ്റ്റസ് എണ്ണയുടെ സാന്നിദ്ധ്യമുള്ള മരമായതിനാൽ പച്ചയ്ക്ക് പോലും കത്തും. ജലക്ഷാമം രൂക്ഷമാക്കും. മറ്റ് മരങ്ങളിലേക്കും പടരും. മൂന്നാർ വന്യജീവി ഡിവിഷനിലെ ഷോല നാഷണൽ പാർക്കിൽപെട്ട കുറിഞ്ഞിമല സാംഗ്ച്വറിയിൽ 2016-17ൽ എട്ടിടങ്ങളിലായി 180 ഹെക്ടർ വനത്തിൽ തീ പടർന്നിരുന്നു. യൂക്കാലിപ്റ്റസാണ് ആ പ്രദേശങ്ങളില്ലെന്ന് അന്നത്തെ വനം മന്ത്രിയും നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
വനവത്കരണം നാല് ഘട്ടം
കൊറ്റമ്പത്തൂരിൽ വനമാക്കിയത് എച്ച്.എൻ.എല്ലിൽ നിന്നേറ്റെടുത്ത 475.5 ഹെക്ടർ അടക്കം 600 ഓളം ഹെക്ടറാണ്. എച്ച്.എൻ.എല്ലിനുളള പാട്ടക്കാലാവധി 20 വർഷമായിരുന്നു. പ്ലാന്റേഷൻ 200 ഹെക്ടറിലും. ചെലവ് 18 കോടിരൂപയും. നബാർഡായിരുന്നു സഹായം അനുവദിച്ചത്. കാടുണക്കുന്ന അധിനിവേശ മരങ്ങളായിരുന്നു കൊറ്റമ്പത്തൂരിന്റെ ഹരിതഹൃദയത്തിൽ തീയായത്. തീറ്റയും വെള്ളവും കുറയുമ്പോൾ മൃഗങ്ങൾ കാടിറങ്ങും. ഇവയുടെ അടിയിൽ മറ്റ് സസ്യങ്ങളും മരങ്ങളും വളരില്ല. കാട്ടിലെ ജൈവ സന്തുലിതാവസ്ഥയെ തകിടം മറിക്കും. എന്നാൽ സ്വാഭാവിക വനം ഒരുക്കിയതോടെ മൃഗങ്ങൾ കാടിറങ്ങുന്നത് വളരെ കുറഞ്ഞു. കാട്ടുതീയും ഒഴിവായെന്ന് വടക്കാഞ്ചേരി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ് ദാമോദരൻ പറയുന്നു.
തീരുമാനങ്ങളേറെ, പദ്ധതികളും
കഴിഞ്ഞവർഷം ഫെബ്രുവരിയിൽ വനം - വന്യജീവി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിതല യോഗം തൃശൂരിൽ നടന്നിരുന്നു. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുണ്ടാകുന്ന വിഷയങ്ങൾ പരിഹരിക്കാൻ അന്തർ സംസ്ഥാന കോ - ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും യോഗം ചേർന്ന് പരസ്പര ധാരണയോടെ മുന്നോട്ടുപോകാൻ സ്വീകരിക്കേണ്ട നടപടി ആലോചിക്കുമെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. മാനന്തവാടിയിലെ കാട്ടാന ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, തൃശൂർ പൊലീസ് അക്കാഡമിയിൽ അടിയന്തര വകുപ്പുതല ഉന്നത യോഗം ചേർന്നായിരുന്നു തീരുമാനം.
വയനാട്ടിൽ നിലവിലുള്ള മൂന്ന് വനം ഡിവിഷനുകൾ ക്രോഡീകരിച്ച് ഒരു സ്‌പെഷ്യൽ സെന്റർ രൂപീകരിച്ച് ചുമതല നിശ്ചയിക്കാനും വയനാട്ടിൽ നിലവിലുള്ള ഒരു റാപിഡ് റെസ്‌പോൺസ് ടീമിന് (ആർ.ആർ.ടി) പുറമേ 2 ആർ.ആർ.ടികൾ കൂടി സ്‌പെഷ്യലായി രൂപീകരിക്കാനും ടീം ശക്തിപ്പെടുത്താൻ ഉദ്യോഗസ്ഥരെ മറ്റ് സ്ഥലങ്ങളിൽ നിന്നെത്തിക്കാനുമെല്ലാം പദ്ധതിയിട്ടിരുന്നു. പരിശീലനം പൂർത്തീകരിച്ച് പാസിംഗ് ഔട്ട് പരേഡ് നടത്തിയ പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരിൽ 170 പേരെ വയനാട്ടിലേക്ക് വിന്യസിക്കാനും തീരുമാനിച്ചിരുന്നു. ഒരു വർഷം പിന്നിടുമ്പോഴും വയനാടും ഇടുക്കിയിലുമെല്ലാം പ്രശ്നങ്ങൾ തുടരുകയാണ്. തീരുമാനങ്ങളും പദ്ധതികളുമെല്ലാം എത്ര കണ്ട് നടപ്പാക്കിയെന്ന് കണ്ടറിയണമെന്നാണ് ജനങ്ങൾ പറയുന്നത്. കൊല്ലുകയും കൃഷി നശിപ്പിക്കുകയും ജനവാസ മേഖലയിൽ ആന തുടരുകയും ചെയ്ത സാഹചര്യത്തിലാണ് അന്ന് വെടിവയ്ക്കാൻ ഉത്തരവ് നൽകിയത്.
ഒന്നരക്കോടിയുടെ പ്രതിരോധ പ്രവർത്തനം
വയനാട്ടിലെ ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തി ഏതാനും ഹ്രസ്വകാല പദ്ധതികളും അന്ന് ചർച്ച ചെയ്തു തീരുമാനിച്ചിരുന്നു. ഒന്നരക്കോടിയുടെ പ്രതിരോധ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചതായി പറഞ്ഞു. കൂടുതൽ ആർ.ആർ.ടികളും ആവശ്യമായ ഉപകരണങ്ങളും ഇതിലുൾപ്പെട്ടിരുന്നു. പ്രതിരോധ പ്രവർത്തനം ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി സോളാർ, ഹാംഗിംഗ്, റെയിൽവേ ഫെൻസിംഗുകൾ, ആന മതിലുകൾ, കിടങ്ങുകൾ തുടങ്ങിയ നടപടികളുമുണ്ടായിരുന്നു. പ്രതിരോധ പ്രവർത്തനം നടത്തുന്നതിന്റെ അത്രത്തോളം, മറ്റ് വഴികൾ കണ്ടുപിടിച്ച് വന്യജീവികൾ നാട്ടിലേക്ക് ഇറങ്ങുകയാണെന്നാണ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ആവർത്തിക്കുന്നത്. കാട്ടിനുള്ളിൽ കഴിയാനാവശ്യമായ ഭൗതിക അടിസ്ഥാന സാഹചര്യം ഒരുക്കുകയെന്നതാണ് ദീർഘകാല അടിസ്ഥാനത്തിലുള്ള പ്രധാന പരിഹാരമെന്നും മന്ത്രി അന്ന് വ്യക്തമാക്കി. അതുകൊണ്ടു തന്നെ കൊറ്റമ്പത്തൂർ ഒരു നല്ല മാതൃകയാണെന്നും ഉദാഹരണമാണെന്നും ചൂണ്ടിക്കാണിക്കട്ടെ. മരങ്ങളും ഫലവൃക്ഷങ്ങളും ജലാശയങ്ങളും ഒരുക്കി കാടിനെ ഹരിതാഭമാക്കുകയാണ് ഏറ്റവും നല്ല പ്രകൃതിസ്നേഹമെന്നും വന്യജീവിസ്നേഹമെന്നും തിരിച്ചറിയട്ടെ...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |