SignIn
Kerala Kaumudi Online
Thursday, 19 September 2024 12.51 AM IST

പുതിയ മടകൾ തേടി പുലികൾ

Increase Font Size Decrease Font Size Print Page
photo

നാലോണത്തിന് മനുഷ്യർ പുലിവേഷം കെട്ടി നടത്തുന്ന പുലിക്കളി ആഘോഷം അരങ്ങേറുന്ന നാടാണ് തൃശൂർ. എന്നാൽ പുലിക്കളി അരങ്ങേറുന്ന നഗരത്തോട് ചേർന്നും പുലിയെത്തുന്നു എന്ന അഭ്യൂഹവും ആശങ്കയുമാണ് കുറെ ദിവസങ്ങളിലായി നഗരവാസികളെ ഭീതിയിലാഴ്ത്തിയത്. പാലക്കാട്ടെ ജനവാസകേന്ദ്രമായ ധോണിയിൽ ഭീതി പടർത്തിയ പുലിയെ പിടികൂടിയതിന് പിന്നാലെ കോലഴിയിലും ഇരിങ്ങാലക്കുട നഗരത്തോടു ചേർന്നും പുലിയെ കണ്ടെന്ന അഭ്യൂഹ ശക്തമാകുമ്പോൾ, വന്യജീവികൾ നഗരങ്ങളിലേക്കും കടന്നുകയറുന്നതെന്ന് വ്യക്തം.

കഴിഞ്ഞദിവസം പുലർച്ചെ കോലഴി പഞ്ചായത്തിലെ തിരൂർ പുത്തൻമഠംകുന്ന് ശങ്കരഞ്ചിറ മാട്ടുകുളം റോഡിലാണ് പുലിയോട് സാമ്യമുള്ള ജീവി നടന്നുപോകുന്നത് കണ്ടത്. പ്രദേശവാസി ചിറ്റിലപ്പിള്ളി ജോർജ് പറമ്പിൽ സ്ഥാപിച്ച കാമറയിലാണ് പുലിയെന്ന് സംശയിക്കുന്ന ജീവി നടന്നുനീങ്ങുന്ന ദൃശ്യം പതിഞ്ഞത്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നു. പൂമലഭാഗത്ത് വനപ്രദേശങ്ങളുണ്ട്. അവിടെ നിന്നാണോ എത്തിയതെന്നാണ് സംശയം. തണുപ്പ് അനുഭവപ്പെടുന്ന മേഖലയിൽ പുലികൾ വിശ്രമിക്കാനിടയുണ്ടെന്ന് വനംവകുപ്പ് പറയുന്നു. ഇവിടെ പലയിടത്തും അടിക്കാടുണ്ട്. സ്ത്രീകൾ ഉൾപ്പെടെ ആടുമാടുകളെ മേയ്ക്കാൻ ഈ പരിസരങ്ങളിലെത്താറുമുണ്ട്. കഴിഞ്ഞ കുറേ ആഴ്ചയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പുലികളുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്യുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെ സ്ഥിരീകരിക്കുന്നുണ്ട്. തിരുവനന്തപുരം പൊൻമുടിയിൽ പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഇലക്ട്രിക് പോസ്റ്റിൽ ഇരിക്കുന്ന കുരങ്ങിനെ പിടിക്കാൻ കയറിയപ്പോൾ വീണാണ് പുലി ചത്തതെന്നായിരുന്നു നിഗമനം.

അതിരപ്പിള്ളി, ചിമ്മിനി,വാഴാനി, വനമേഖലകളിലെ ജനവാസകേന്ദ്രങ്ങളിൽ പുലി ഇറങ്ങുന്നുണ്ട് . പലപ്പോഴും അവിടെ മനുഷ്യർ ആക്രമിക്കപ്പെട്ടു, നിരവധി വളർത്തുമൃഗങ്ങളും പുലിയുടെ തീറ്റയായി.

ഇരകൾക്കായി കണ്ണുനട്ട്

ഇരകൾ ധാരാളമുള്ളതുമായ പ്രദേശങ്ങളാണ് പുലികൾക്ക് പ്രിയം. അത്തരം സ്ഥലങ്ങളിലാണ് അവ പ്രസവിക്കുന്നതെന്നും പറയുന്നു. പാലക്കാട് ഉമ്മിനിയിൽ ജനവാസ മേഖലയിലാണ് പുലി പ്രസവിച്ച് കിടന്നിരുന്നത്. ഇവിടെനിന്ന് ഒരു പുലിക്കുട്ടിയെ അകമലയിലെ വെറ്ററിനറി ക്ളിനിക്കിലെത്തിച്ചിരുന്നു. കഴിഞ്ഞദിവസം അത് ചത്തു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ പരിസരത്ത് കഴിഞ്ഞ ഡിസംബറിൽ പുലിയുടെ സാന്നിദ്ധ്യമുണ്ടെന്ന അഭ്യൂഹമുണ്ടായിരുന്നു. രണ്ട് സംഘം വനപാലകരെത്തി അന്വേഷണം നടത്തി. എന്തുകൊണ്ട് നഗരങ്ങളിലേക്കും എത്തുന്നുവെന്നതിന് നിരവധി കാരണങ്ങൾ ശാസ്ത്രജ്ഞരും വനംവകുപ്പ് അധികൃതരും നിരത്തുന്നുണ്ടെങ്കിലും പ്രതിരോധ നടപടികളിലേക്ക് കടക്കുന്നില്ല.

നായ, ആട്, പശു, കോഴി തുടങ്ങിയ വളർത്തുമൃഗാദികളെ പിടികൂടി ഭക്ഷണമാക്കാനാണെന്നതാണ് ഒരു കാരണമായി പറയുന്നത്. തെരുവുകളിൽ മാലിന്യം കൂടുമ്പോൾ നായ്ക്കൾ വർദ്ധിക്കുന്നതോടെ പുലികൾ പിടികൂടാനെത്തും. കാട്ടിലെ മൃഗങ്ങളേക്കാൾ നാട്ടിലുള്ളവയെ പിടിക്കാൻ എളുപ്പമാണ്. നായ്ക്കളുടെ മാംസത്തോടുള്ള താത്പര്യവും ചൂണ്ടിക്കാണിക്കുന്നുണ്ട്.

കാടിറങ്ങുന്ന മൃഗങ്ങളെ പിടികൂടാനും സംരക്ഷിക്കാനുമുള്ള ആധുനികസംവിധാനം സജ്ജമാക്കണമെന്ന ആവശ്യം നാട്ടുകാരിൽ ഉയർന്നിട്ടുണ്ട്. വീടുകളിൽ വളർത്തുനായ്ക്കളെ കൂട്ടിനുള്ളിൽ സുരക്ഷിതമായി പാർപ്പിക്കണമെന്നാണ് അധികൃതർ നൽകുന്ന നിർദ്ദേശം. കുറ്റിക്കാടുകളും അടിക്കാടുകളും വെട്ടിക്കളഞ്ഞ് വഴിവിളക്കുകൾ തെളിക്കണമെന്നും പറയുന്നുണ്ട്. എന്നാൽ, ജനവാസകേന്ദ്രങ്ങളിലേക്ക് പുലി അടക്കമുള്ള വന്യമൃഗങ്ങളെത്തുന്നത് സംബന്ധിച്ച് വിശദമായ പഠനം വേണമെന്നും കാരണങ്ങൾ വ്യക്തമായി പഠിക്കാതെ നിഗമനങ്ങളിലെത്താനാവില്ലെന്നും പീച്ചി വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.ടി.വി.സജീവ് അഭിപ്രായപ്പെടുന്നു.

തെരുവുനായ്ക്കളെ തേടി

കാട്ടുപന്നി, മയിൽ, കാട്ടാന, എന്നിവയ്‌ക്ക് പിന്നാലെ പുലികൾ ഇറങ്ങുന്നതിന്റെ കാരണങ്ങളിലൊന്ന് തെരുവുനായ്ക്കളാണെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെയും മൃഗഡോക്ടർമാരുടെയും നിഗമനം. ആട്, പശുക്കുട്ടി തുടങ്ങിയ വളർത്തുമൃഗങ്ങളേക്കാൾ പുലികൾക്ക് ഏറെ പ്രിയം നായ്ക്കളെയാണെന്ന് അവർ പറയുന്നു. വളർത്തുനായ്ക്കളുള്ള വീടുകളിലേക്കും പുലി വരുന്നതായി നിരവധി റിപ്പോർട്ടുണ്ട്. കഴിഞ്ഞമാസങ്ങളിൽ കറുകുറ്റി മേഖലയിൽ രാത്രിസമയത്ത് പുലി വളർത്തുനായയെ ഓടിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയിരുന്നു. കാട്ടിലെ മാനിനെ പിടിക്കുന്നതിനേക്കാൾ എളുപ്പമാണ് പുലികൾക്ക് നായ്ക്കളെ പിടിക്കുന്നതെന്നും അധികം ഓടിച്ചിട്ട് പിടിച്ച് കഷ്‌ടപ്പെടേണ്ട കാര്യമില്ലാത്തതിനാലാകാം ഇതെന്നും

ജൈവവൈവിദ്ധ്യ ഗവേഷകനായ ഡോ.പി.ഒ.നമീർ അഭിപ്രായപ്പെട്ടിരുന്നു.

മനുഷ്യർ പാർക്കുന്ന ഇടങ്ങളിൽ അവരറിയാതെ ഒളിച്ചുകഴിയാനുളള കഴിവ് പുലികൾക്കുണ്ടെന്ന് പറയുന്നു. മലയോരങ്ങളിലെ കുറ്റിക്കാടുകളാണ് പുലികളുടെ ആവാസകേന്ദ്രം. എണ്ണം കൂടിയതോടെ പുലികൾ ജനവാസകേന്ദ്രങ്ങളിലേക്ക് കൂടുതലായെത്തി തുടങ്ങി.

വനംവകുപ്പ് എല്ലാ ജില്ലകളിലുമായി 17 മൃഗഡോക്ടർമാരെ അടുത്തിടെ നിയമിച്ചതും വന്യമൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷം കൂടി കണക്കിലെടുത്താണ്. കാടിറങ്ങുന്ന മൃഗങ്ങളെ പരിപാലിക്കാനും സംരക്ഷിക്കാനുമുള്ള കൂടും പരിചരണ സംവിധാനങ്ങളും ബന്ധപ്പെട്ട മേഖലകളിൽ ഉടൻ സജ്ജമാക്കും. പരിക്കുപറ്റുന്ന വന്യമൃഗങ്ങളെ പരിചരിച്ചശേഷം കാട്ടിൽ വിടാനാകും.

എന്തായാലും മനുഷ്യ-മൃഗസംഘർഷം അനുദിനം രൂക്ഷമാകുന്നുണ്ട്. എന്നാൽ ഇതുസംബന്ധിച്ച് ആഴത്തിലുളള പഠനങ്ങളോ ഗവേഷണങ്ങളോ നടക്കുന്നുമില്ല. താത്‌കാലിക പരിഹാരമാർഗങ്ങൾ പലപ്പോഴും പാരിസ്ഥിതിക അസന്തുലിതാവസ്ഥയ്ക്കും കാരണമാകുന്നുണ്ട്. വനംവകുപ്പും വനശാസ്ത്രജ്ഞരും ജനപ്രതിനിധുകളുമെല്ലാം ഒന്നിച്ചിരുന്ന് പുതിയ പരിഹാരമാർഗങ്ങൾ തേടേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ഇനിയും ജീവനുകൾ പൊലിയും. നമ്മുടെ കർഷകരുടെ വളർത്തുമൃഗങ്ങൾ കൊന്നൊടുക്കപ്പെടും. കൃഷിനശിക്കും. യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ പോംവഴികൾ കണ്ടെത്തേണ്ടിയിരിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KOMBUM THUMBEEM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.