SignIn
Kerala Kaumudi Online
Thursday, 19 September 2024 3.42 PM IST

ആകാശയാത്രയിൽ കൊള്ളയടിക്കപ്പെടുന്നവർ

Increase Font Size Decrease Font Size Print Page
opinion

വിമാനയാത്രാക്കൂലിയിലെ കൊള്ളയെപ്പറ്റി പറഞ്ഞുപറഞ്ഞു മടുത്തു പ്രവാസികൾ. ഇന്നും ഇന്നലെയും തുടങ്ങിയതല്ല പതിറ്റാണ്ടിലധികമായി അതിശക്തമായി തുടരുകയാണ് ഈ കൊള്ള. ഓരോവർഷം പിന്നിടുമ്പോഴും സീസണിന്റെ പേരിലുള്ള പകൽക്കൊള്ളയുടെ കാഠിന്യം കൂടുകയല്ലാതെ കുറഞ്ഞിട്ടില്ല. നേരത്തെ ഓണം,​ പെരുന്നാൾ സീസണുകളിലാണ് ടിക്കറ്റ് നിരക്ക് വലിയ തോതിൽ വർദ്ധിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ ഗൾഫിലെ സ്കൂളുകളുടെ വേനലവധിയടക്കം വൻകൊള്ളയ്ക്കുള്ള അവസരമാക്കുന്നുണ്ട് കമ്പനികൾ. സ്വകാര്യവത്ക്കരണത്തിന് പിന്നാലെ എയർഇന്ത്യയും ഈ കൊള്ളയ്ക്ക് ചൂട്ടുപിടിക്കാൻ തുടങ്ങിയിട്ടുണ്ട്. നേരത്തെ സ്വകാര്യവിമാന കമ്പനികൾ വലിയതോതിൽ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുമ്പോൾ പ്രവാസികൾക്ക് ആശ്വാസം പകർന്നിരുന്നത് എയർഇന്ത്യയായിരുന്നു. ബഡ്‌ജറ്റ് വിമാന സർവീസായ എയർഇന്ത്യ എക്സ്പ്രസിലെ വിമാന ടിക്കറ്റിന് മറ്റ് സ്വകാര്യ വിമാനങ്ങളിലേക്കാൾ പതിനായിരം രൂപയിലധികം കുറവുണ്ടായിരുന്നു. മറ്റ് വിമാന കമ്പനികളെ അപേക്ഷിച്ച് ഗൾഫ് മേഖലയിലേക്ക് കൂടുതൽ സർവീസുകൾ നടത്തിയിരുന്നത് എയർ ഇന്ത്യ ആയിരുന്നതിനാൽ സാധാരണക്കാരായ പ്രവാസികൾ ഇത് വലിയ ആശ്വാസമാണേകിയിരുന്നത്. ഇത്തവണ പെരുന്നാൾ സീസണിൽ എയർ ഇന്ത്യയിലെയും മറ്റ് വിമാനക്കമ്പനികളിലെയും ടിക്കറ്റ് നിരക്കിൽ കാര്യമായ വ്യത്യാസമില്ലായിരുന്നു. പെരുന്നാളിന് തൊട്ടടുത്ത ദിവസം എയർഇന്ത്യ അടക്കം യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ പകൽകൊള്ളയ്ക്ക് ഇറങ്ങുകയും ചെയ്തു.

ആരോട് പറയാൻ ?

പ്രവാസി ലോകത്ത് നിരവധി സംഘടനകളുണ്ടെങ്കിലും ആർക്കും ഈ കൊള്ളയ്ക്കെതിരെ കാര്യമായ ചലനം ഉണ്ടാക്കാനായിട്ടില്ല. പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങളിലും മറ്റ് സാംസ്കാരിക പ്രവർത്തനങ്ങളിലും മുഴുകി പ്രവർത്തിക്കുന്ന സംഘടനകൾ ടിക്കറ്റ് കൊള്ളയ്ക്കെതിരെ പലപ്പോഴും വേണ്ടവിധത്തിൽ ശബ്ദമുയർത്തുന്നില്ല. ഒരുപക്ഷേ, എത്ര പറഞ്ഞിട്ടും കാര്യമില്ലെന്ന തിരിച്ചറിവ് കൊണ്ടാവാം. പെരുന്നാളിന് ടിക്കറ്റുനിരക്ക് മൂന്നിരട്ടിയിലധികം വർദ്ധിപ്പിച്ചതോടെ നിരവധ മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങാനായിരുന്നില്ല. ഉയർന്ന ശമ്പളവും പദവിയുമുള്ളവർക്ക് ഈ നിരക്ക് സഹിക്കാൻ കഴിയുമെങ്കിൽ സാധാരണക്കാരായ പ്രവാസികൾ തങ്ങളുടെ സമ്പാദ്യത്തിന്റെ നല്ലൊരുപങ്കും ടിക്കറ്റിന് മാത്രം കൊടുക്കേണ്ട ഗതികേടിലാണ്. പെരുന്നാളിനും ഓണത്തിനുമെല്ലാം സ്വന്തം കുടുംബത്തിനൊപ്പം ആഘോഷിക്കുകയെന്ന വലിയ ആഗ്രഹം വിമാനകമ്പനികൾ മുതലെടുക്കുന്ന കാഴ്ചയാണിപ്പോൾ. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് രണ്ടുവർഷമായി പലർക്കും പെരുന്നാളിന് നാട്ടിലെത്താൻ കഴിഞ്ഞിരുന്നില്ല. പ്രവാസി കുടുംബങ്ങളടക്കം ടിക്കറ്റ് ബുക്ക് ചെയ്തത് വിമാനക്കമ്പനികൾ കൊള്ളയ്ക്കുള്ള അവസരമാക്കി. യു.എ.ഇയിൽ നിന്ന് നാലംഗ കുടുംബത്തിന് നാട്ടിലെത്തി മടങ്ങണമെങ്കിൽ രണ്ടുലക്ഷം രൂപയിലധികം ചെലവഴിക്കേണ്ട സാഹചര്യമായിരുന്നു. ഇതോടെ പലരും യാത്രതന്നെ വേണ്ടെന്നുവച്ചു.

പെരുന്നാളായതിനാൽ പല റൂട്ടുകളിലും നേരിട്ടുള്ള ടിക്കറ്റ് ലഭ്യമല്ലാതായതോടെ, കണക്ടിംഗ് വിമാനങ്ങളും നിരക്ക് കുത്തനെ കൂട്ടി. യാത്രാസമയം കൂടുമെന്നതിനാൽ കണക്ടിംഗ് വിമാനങ്ങളിൽ ടിക്കറ്റ് നിരക്ക് കുറയാറുണ്ട്. ദുബായ് - കൊച്ചി റൂട്ടിൽ 10,​000 രൂപയ്ക്കുള്ളിൽ ടിക്കറ്റ് ലഭ്യമായിരുന്നെങ്കിൽ പെരുന്നാളിനോട് അടുപ്പിച്ച് ഇത് 30,​000 രൂപ വരെയായി വർദ്ധിപ്പിച്ചു. ദുബായ് - കോഴിക്കോട് റൂട്ടിലും 10,​000 രൂപയ്ക്കുള്ളിൽ ടിക്കറ്റ് ലഭിക്കാറുണ്ട്. ഇത് കാൽലക്ഷം രൂപയാക്കി വർദ്ധിപ്പിച്ചു. അബൂദാബി - കോഴിക്കോട് റൂട്ടിൽ 8,​000 രൂപയ്ക്ക് വരെ ടിക്കറ്റ് ലഭിക്കാറുണ്ട്. ഇത് 40,​000 രൂപ വരെയാക്കി വർദ്ധിപ്പിച്ചു. ദോഹ,​ ജിദ്ദ,​ ദമാം,​ ബഹറൈൻ റൂട്ടുകളിലെല്ലാം നിരക്ക് മൂന്നിരട്ടിയായി. ആഘോഷനാളുകളിൽ നാട്ടിലെത്താൻ കൊതിക്കുന്നവർ ഈ കൊള്ളയ്ക്കും തലവച്ചു കൊടുക്കുമെന്ന് വിമാനക്കമ്പനികൾക്ക് നന്നായിട്ടറിയാം. ഇത്തവണയും വലിയ കൊള്ള അരങ്ങേറിയിട്ടും ഭരണകൂടങ്ങൾ ഇതു കണ്ടില്ലെന്ന് നടിക്കുകയാണ്. ടിക്കറ്റ് നിരക്ക് എത്രവേണമെങ്കിലും ഉയർത്താൻ വിമാന കമ്പനികൾക്ക് ആരാണ് അനുവാദമേകിയതെന്ന ചോദ്യം മാത്രം ബാക്കി.

നഷ്ടത്തിന്റെ പേരിലുള്ള കൊള്ള

കൊവിഡ് കാലത്ത് വിമാനസ‌ർവീസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലമുണ്ടായ നഷ്ടം നികത്തേണ്ടതിനാൽ ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ ആവില്ലെന്നായിരുന്നു വിമാന കമ്പനികളുടെ നിലപാട്. ഈ വാദം അംഗീകരിച്ചാൽത്തന്നെ കൊവിഡിന് മുമ്പ് സീസൺ സമയങ്ങളിൽ എന്തിനാണ് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചതെന്ന ചോദ്യത്തിന് കൂടി വിമാനക്കമ്പനികൾ ഉത്തരം പറയേണ്ടതുണ്ട്. കൊവിഡ് കാലത്തെ നഷ്ടത്തിന്റെ പേരിൽ ഈ കൊള്ളയ്ക്ക് നേരെ കണ്ണടക്കുന്ന സർക്കാരും ഈ ചോദ്യത്തിന് ഉത്തരം പറയാൻ ബാദ്ധ്യസ്ഥരാണ്. കൊവിഡ് കാലത്ത് നിയന്ത്രിത സർവീസുകൾ തുടങ്ങിയപ്പോഴും കൊള്ളനിരക്ക് തന്നെയായിരുന്നു. എയർ ബബ്ൾ സംവിധാനത്തിൽ യാത്രക്കാരുടെ എണ്ണം നിയന്ത്രിച്ചിരുന്നതിനാൽ ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയോളം വർദ്ധിപ്പിച്ചു. മാർച്ച് 27ന് രാജ്യാന്തര സർവീസുകൾ പൂർണതോതിൽ പുനരാരംഭിച്ചതോടെ ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടും കൂട്ടിയ നിരക്ക് മാസങ്ങളോളം തുടർന്നു. ഗൾഫിലേക്ക് തൊഴിലന്വേഷകരുടെ ഒഴുക്ക് വീണ്ടും കൂടിയിട്ടുണ്ട്. ഇതും വൈകാതെ വിമാനക്കമ്പനികൾ കൊള്ളയ്ക്കുള്ള അവസരമാക്കിയേക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MALAPPURAM DIARY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.