SignIn
Kerala Kaumudi Online
Wednesday, 29 October 2025 1.45 PM IST

മുല്ലപ്പെരിയാർ പാട്ട കരാറിന് 140 വയസ്; പാട്ടമില്ലാതായിട്ട് കാൽനൂറ്റാണ്ട്, ജയിക്കാൻ സമ്മതിക്കാതെ ചിരിക്കുന്ന ജലഭൂതം!

Increase Font Size Decrease Font Size Print Page
decareted

അരനൂറ്റാണ്ടോളമായി ഓരോ മഴക്കാലത്തും മദ്ധ്യകേരളത്തിന്റെ മനസിൽ ആശങ്ക വളർത്തുന്ന ജലഭൂതമാണ് മുല്ലപ്പെരിയാർ അണക്കെട്ട്. കേരളത്തിൽ ഉത്ഭവിച്ച് കേരളത്തിലൂടെ ഒഴുകി ഭൂമിശാസ്ത്ര താളത്തിനൊത്ത് പടിഞ്ഞാറൻ തീരത്തെ അറബിക്കടലിൽ പതിച്ചിരുന്ന നദീപ്രവാഹത്തെ ഒരു തടയണയുടെ സഹായത്തോടെ കിഴക്കോട്ട് ഒഴുക്കി ബംഗാൾ ഉൾക്കടലിലേക്ക് ഗതി തിരിച്ചുവിടുന്ന നിർമ്മിതിയുടെ പേരാണ് മുല്ലപ്പെരിയാർ അണക്കെട്ട്. അതിന്റെ ബലാബലം സംബന്ധിച്ച തർക്കത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

ബ്രിട്ടീഷ് അധീനതയിലുള്ള മദിരാശി സർക്കാരും തിരുവിതാംകൂർ രാജ്യവും തമ്മിൽ ഉണ്ടാക്കിയ മുല്ലപ്പെരിയാർ പാട്ടക്കരാറിന് ഇന്ന് 140 വയസ്. 1886 ഒക്ടോബർ 29-നാണ് (1062 തുലാം 14) മദ്രാസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണും തിരുവിതാംകൂർ ദിവാൻ വെമ്പാക്കം രാമയ്യങ്കാരും കരാർ ഒപ്പുവച്ചത്. തിരുവിതാംകൂറിന്റെ മണ്ണിൽ മദിരാശി സർക്കാരിന് സർവാധിപത്യമുള്ള 8000 ഏക്കർ ഭൂമിയും അതിലൊരു അണക്കെട്ടുമുണ്ടായി. 1896-ലാണ് അണക്കെട്ട് കമ്മീഷൻ ചെയ്തത്. ഏതാനും വർഷം കഴിഞ്ഞപ്പോൾ മുതൽ അതിന്റെ സുരക്ഷയെ സംബന്ധിച്ച് പല ആശങ്കകളും ഉടലെടുത്തു.

ആദ്യമൊക്കെ ചോർച്ചയായിരുന്നു പ്രശ്നം. ചുണ്ണാമ്പും ശർക്കരയും ചേർത്ത സുർക്കിയും കരിങ്കല്ലും ഉപയോഗിച്ച അണക്കെട്ടിന് പ്രധാന ശില്പിയായ ബ്രിട്ടീഷ് എൻജിനീയർ ജോൺ പെന്നിക്വിക്ക് കല്പിച്ച പരമാവധി ആയുസ് അമ്പത് വർഷം! അതിനുമുമ്പേ ഉണ്ടായ ചോർച്ചകളെക്കുറിച്ച് അന്നത്തെ തിരുവിതാംകൂർ സർക്കാർ ഉന്നയിച്ച ആശങ്കകളോട് അടിസ്ഥാനരഹിതമെന്നായിരുന്നു വെള്ളക്കാരായ എൻജിനിയർമാരുടെ ആദ്യ പ്രതികരണം. 1929-ൽ അതേ എൻജിനിയർമാർ ചോർച്ചയിൽ ആശങ്കപ്പെടുകയും,​ സുർക്കിക്കു പകരം സിമന്റുകൊണ്ട് ചോർച്ച അടയ്ക്കുകയും ചെയ്തു. 40 ടൺ സിമന്റാണ് അന്ന് അണക്കെട്ടിൽ ഗ്രൗട്ട് ചെയ്യാൻ ഉപയോഗിച്ചത്. ഒരു ദ്വാരത്തിൽ മാത്രം 27ചാക്ക് സിമന്റ് വേണ്ടിവന്നതായി 1931 മാർച്ച് അഞ്ചിന് അന്നത്തെ എക്സിക്യുട്ടീവ് എൻജിനിയറുടെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.

അങ്ങനെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ആദ്യത്തെ അപകടാവസ്ഥ ഇരുചെവിയറിയാതെ പരിഹരിച്ചുകൊണ്ട്, മദിരാശി സർക്കാർ അണക്കെട്ടിന്റെ സുരക്ഷ വ്യക്തമാക്കി പത്രക്കുറിപ്പും ഇറക്കി. അന്നൊന്നും പെരിയാർ തീരവാസികൾ ഇങ്ങനയൊരു അണക്കെട്ടിനെക്കുറിച്ച് അറിയുകയോ ആവലാതിപ്പെടുകയൊ ചെയ്തിരുന്നില്ല. കേരള മുഖ്യമന്ത്രി, തമിഴ്നാട് മുഖ്യമന്ത്രിയുമായി നടത്തിയ കത്തിടപാടുകളെത്തുടർന്ന് 1964 ഏപ്രിൽ 10-ന് ജലസേചന വകുപ്പ് ചീഫ് എൻജിനിയർ, തമിഴ്നാട് വൈദ്യുതി വകുപ്പ് ചീഫ് എൻജിനിയർ, കേന്ദ്ര ജല- വൈദ്യുത കമ്മിഷൻ ഡയറക്ടർ എന്നിവർ പങ്കെടുത്ത,​ മുല്ലപ്പെരിയാറിന്റെ ചരിത്രത്തിലെ ആദ്യ ജോയിന്റ് വേരിഫിക്കേഷനും നടന്നു. അതിന്റെ പശ്ചാത്തലത്തിൽ 10.067ചാക്ക് സിമന്റ് ഉപയോഗിച്ച് ചോർച്ചയടച്ചു. സുർക്കിയുടെ ബലത്തിൽ 999 വർഷത്തെ ഉറപ്പ് പറയുന്ന തമിഴ്നാട്, പിന്നീട് ചോർച്ച അടയ്ക്കാൻ സിമന്റ് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ.

സി.പി തുടങ്ങിയ

പോരാട്ടം

ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള മുല്ലപ്പെരിയാർ വ്യവഹാരം ഇപ്പോഴും സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അണക്കെട്ടിന്റെ സുരക്ഷയും 999 വർഷത്തെ പാട്ടക്കരാറിന്റെ സാധുതയുമാണ് ഇപ്പോഴത്തെ തർക്കവിഷയങ്ങളിൽ പ്രധാനം. 1941-ൽ പാട്ടക്കരാറിന്റെ നിയമസാധുത ചോദ്യംചെയ്ത് തിരുവിതാംകൂർ ദിവാൻ സർ സി.പി. രാമസ്വാമി അയ്യർ രംഗത്തുവന്നതാണ്. ആ കേസിൽ ദിവാൻ വിജയിക്കുകയും ചെയ്തു. ശേഷം കരാറിന് കൃത്രിമ ശ്വാസം നൽകി പുനരുജ്ജീവിപ്പിച്ചത് 1970-ലെ സി. അച്ചുതമേനോൻ സർക്കാരാണ്. അന്ന് മുൻകാലപ്രാബല്യത്തോടെ പാട്ടക്കരാർ പുതുക്കിയതാണ് ഇന്ന് കേരളം അനുഭവിക്കുന്ന പ്രധാന പ്രതിസന്ധി.

ഐക്യകേരളം രൂപീകരിച്ച 1956-നും 1970-നും ഇടയിൽ മൂന്നുതവണ കേരളത്തിനു മുന്നിൽ ഏത് ഉപാധിയും അംഗീകരിക്കാൻ തയ്യാറായി തമിഴ്നാട് വന്നെങ്കിലും അന്നത്തെ സർക്കാരുകൾ അവഗണിക്കുകയായിരുന്നു. അവകാശമില്ലാതിരുന്നിട്ടും മുല്ലപ്പെരിയാറിലെ ജലം ഉപയോഗിച്ച് 1958 മുതൽ വൈദ്യുതി ഉത്പാദനം തുടങ്ങിയ തമിഴ്നാടിന്റെ ഏകപക്ഷീയ തീരുമാനത്തിനും അച്ചുതമേനോൻ സർക്കാരിന്റെ കൈയൊപ്പോടെ സാധുത ലഭിച്ചു. അതോടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ സർവാധികാരം ഉറപ്പിച്ച തമിഴ്നാട് ഇന്നോളം കേരളത്തിന്റെ ന്യായമായ യാതൊരു ആവശ്യത്തിനും വഴങ്ങിയിട്ടുമില്ല.

1979-ൽ അണക്കെട്ടിന്റെ താഴ്‌വരയിൽ ഉടലെടുത്ത ആശങ്കയും രാഷ്ട്രീയ വിവാദവും അന്നത്തെ താത്കാലിക മുഖ്യമന്ത്രിയായിരുന്ന സി.എച്ച്. മുഹമ്മദ് കോയ കൈക്കൊണ്ട കടുത്ത തീരുമാനത്തിന്റെയും ഫലമായി അണക്കെട്ടിന്റെ ദുർബലാവസ്ഥ പരിശോധിക്കാൻ കേന്ദ്ര ജല കമ്മിഷൻ തയ്യാറായതാണ് കേരളത്തിനുണ്ടായ ആശ്വാസം. ജല കമ്മിഷന്റെ നിർദ്ദേശപ്രകാരം പരമാവധി സംഭരണശേഷി 152-ൽ നിന്ന് 136 അടിയാക്കി. അണക്കെട്ടിന് സമാന്തരമായി പുതിയ കോൺക്രീറ്റ് നിർമ്മിതി ഉൾപ്പെടെ നിരവധി അറ്റകുറ്റപ്പണികളും നിർദ്ദേശിച്ചു. അന്ന് അങ്ങനെയൊരു തീരുമാനമുണ്ടായിരുന്നില്ലെങ്കിൽ, കരിങ്കല്ലും സുർക്കിയും പിന്നീട് ഇടയ്ക്കിടെ കുത്തിനിറച്ച കുറേ സിമന്റും ചേർന്നുള്ള പഴയ അണക്കെട്ട് ഒരുപക്ഷേ ഇന്ന് ഉണ്ടാകുമായിരുന്നില്ല.

കാൽനൂറ്റാണ്ടായി പാട്ടമില്ല

കേരളത്തി​ലെ 8000 ഏക്കറി​ന് പ്രതിവർഷം 30 രൂപയാണ് പാട്ടനി​രക്ക്! അഞ്ചു രൂപ പാട്ടത്തുക 1970-ലാണ് 30 ആക്കിയത്. ഓരോ 30 വർഷം കൂടുമ്പോഴും പുതുക്കണമെന്നും വ്യവസ്ഥയുണ്ട്. 1999 മുതൽ പാട്ടം വാങ്ങുന്നില്ല; പാട്ടത്തുക പുതുക്കിയിട്ടുമില്ല.

കേരളത്തിന് തോൽവി

സർ സി.പിക്ക് ശേഷം കേരളവും തമിഴ്നാടും തമ്മിൽ മുല്ലപ്പെരിയാർ വിഷയത്തിൽ നടന്ന വ്യവഹാരങ്ങളിലൊന്നും കേരളത്തിന് വിജയിക്കാനായിട്ടില്ല.

 2006 ഫെബ്രുവരി 27-ന് സുപ്രീംകോടതിയിൽ തമിഴ്നാടിന് അനുകൂലമായുണ്ടായ ആദ്യവിധി.

 2014 മേയ് 7-ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട അഞ്ചംഗ ബെഞ്ചിലും വിധി തമിഴ്നാടിന് അനുകൂലം.

 നിലവിൽ കേസ് സുപ്രീംകോടതിയിൽ

ബലപ്പെടുത്തലുകൾ

 1929: ആദ്യചോർച്ച. 40 ടൺ​ സിമന്റ് കൊണ്ട് അടച്ചു.

 1961 -65: 503.35 ടൺ​ സി​മന്റ് ഉപയോഗി​ച്ചു

 1980 മുതൽ: കോൺ​ക്രീറ്റ് ബായ്ക്കിംഗ്, കേബി​ൾ ആങ്കറിംഗ്. കാപ്പിംഗ് സ്പി​ൽവേ ഷട്ടറുകൾ 10-ൽ നി​ന്ന് 13 ആക്കി​

TAGS: DAM, MULLAPERIYAT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.