SignIn
Kerala Kaumudi Online
Thursday, 18 July 2024 6.43 AM IST

ലക്ഷ്യം കാണാതെ ലോക കേരള സഭ

cm

ആഗോള പ്രവാസികളുടെ ഉത്സവം എന്ന് സർക്കാർ വിശേഷിപ്പിക്കുന്ന ലോക കേരളസഭയുടെ നാലാമത് സമ്മേളനം അടുത്തമാസം 13മുതൽ 15വരെ തലസ്ഥാനത്ത് നടക്കുകയാണ്. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളാണ് വേദി. പ്രവാസി ക്ഷേമം ലാക്കാക്കി നടത്തുന്ന ലോകകേരള സഭയുടെ കഴിഞ്ഞ മൂന്ന് സമ്മേളനങ്ങൾ കൊണ്ട് പ്രവാസികൾക്ക് എന്തൊക്കെ ഗുണങ്ങളുണ്ടായി എന്നതിൽ വാദപ്രതിവാദങ്ങൾ മുറുകുകയാണ്. രാഷ്ട്രീയവത്കരണം കാരണം ലോകകേരള സഭയുടെ സാംഗത്യം നഷ്ടമായെന്നും അംഗങ്ങളെ തിരഞ്ഞെടുക്കുന്ന മാനദണ്ഡങ്ങൾ പോലും അജ്ഞാതമാണെന്നും ആരോപണമുയരുന്നു. എന്നാൽ പ്രവാസികളുടെ ഉന്നമനവും ക്ഷേമവും ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ നടപ്പാക്കിയെന്ന് സർക്കാർ അവകാശപ്പെടുന്നു.

351അംഗങ്ങളാണ് ഇത്തവണത്തെ സമ്മേളനത്തിൽ പങ്കെടുക്കുക. ചെലവിന് മൂന്നുകോടി രൂപ ഇതുവരെ അനുവദിച്ചിട്ടുണ്ട്. സാംസ്‌കാരിക പരിപാടിക്ക് 25 ലക്ഷം, പ്രസാധനത്തിനും അച്ചടിക്കുമായി 15 ലക്ഷം, പരസ്യത്തിന് 10 ലക്ഷം, പ്രവാസി വിദ്യാർത്ഥികളുടെ സാംസ്‌കാരിക പരിപാടിക്ക് 20 ലക്ഷം, സാംസ്‌കാരിക, ടൂറിസം പരിപാടികളുടെ ഫോട്ടോയും വീഡിയോകളും ലോകത്തുടനീളം പ്രദർശിപ്പിക്കാൻ 30ലക്ഷം, ഭക്ഷണത്തിന് 10 ലക്ഷം, താമസത്തിന് 25 ലക്ഷം, വേദിയും വഴികളും അലങ്കരിക്കാൻ 35 ലക്ഷം, വിമാന ടിക്കറ്റിന് അഞ്ച്ലക്ഷം, മറ്റാവശ്യങ്ങൾക്ക് 20 ലക്ഷം ഇങ്ങനെ പോവുന്നു ചെലവുകൾ. ലോക കേരളസഭ സെക്രട്ടേറിയറ്റിന് മാ​ത്രം 50 ലക്ഷം അനുവദിച്ചു. ഇതിൽ 19 ലക്ഷം ഓഫിസ് ചെലവുകൾക്കാണ്. സഭയിലെ ശുപാർശകൾ നടപ്പാക്കാൻ 50 ലക്ഷമാണ് നീക്കിവച്ചിട്ടുള്ളത്. ചെലവ് ഇതിലും കൂടിയാൽ ധനവകുപ്പ് കൂടുതൽ പണം അനുവദിക്കും. തലസ്ഥാനത്തെ സമ്മേളനം കഴിഞ്ഞാൽ വിദേശത്ത് രണ്ട് മേഖലാ സമ്മേളനങ്ങളുണ്ടാവും. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഇതിലും പങ്കെടുക്കും. ചുരുക്കത്തിൽ ഖജനാവിന് വൻ ബാദ്ധ്യതയുണ്ടാക്കുന്നതായി ലോക കേരള സഭ മാറിയിരിക്കുകയാണ്. ലോക കേരള സഭയുടെ നേട്ടങ്ങളെക്കുറിച്ച് ധവളപത്രം ഇറക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ലോക കേരള സഭയ്ക്ക് ബദലായി പ്രവാസി സംഗമം നടത്തുമെന്ന് കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഒ.ഐ.സി.സി ഇൻകാസും പ്രഖ്യാപിച്ചിട്ടുണ്ട്. തുടക്കം മുതൽ പ്രതിപക്ഷം ലോകകേരള സഭയുമായി സഹകരിക്കുന്നില്ല.

പ്രവാസി നിക്ഷേപം ആകർഷിക്കുന്നതിനൊപ്പം അവരുടെ ക്ഷേമത്തിനും മുൻഗണന നൽകുമെന്നും പുതിയ സംരംഭങ്ങൾക്ക് പണവും ഇളവും ഉറപ്പാക്കുമെന്നുമായിരുന്നു മുൻപ് നടത്തിയ സഭകളിലെ പ്രധാന പ്രഖ്യാപനം. പ്രവാസിപ്പണം ചിന്നിച്ചിതറി പോവാതെ നാടിന് വികസനമൊരുക്കാനാണ് ശ്രമിക്കുന്നതെന്നാണ് സർക്കാരിന്റെ അവകാശവാദമെങ്കിലും ഈ നിലയ്ക്കുള്ള നടപടികൾ തുച്ഛമാണ്. സംസ്ഥാനത്താകെ പ്രവർത്തനപരിധിയുള്ള പ്രവാസി സഹകരണ സംഘങ്ങൾ പ്രവാസി നിക്ഷേപ കമ്പനി, പ്രവാസി നിർമ്മാണ കമ്പനി, പ്രവാസി വനിതാ സെൽ, നൈപുണ്യ വികസന പദ്ധതികൾ, വിദേശ ഭാഷ പഠിപ്പിക്കൽ എന്നിവയെല്ലാം സഭയുടെ നേട്ടങ്ങളായി സർക്കാർ ഉയർത്തിക്കാട്ടുന്നു. എന്നാൽ എത്രത്തോളം പ്രവാസികൾക്ക് ഇവയുടെ ഗുണഫലങ്ങൾ ലഭിച്ചു എന്നതാണ് ചോദ്യം. മേഖലാ സമ്മേളനങ്ങളുടെ കണക്കുകളൊന്നും ഓഡിറ്റ് ചെയ്യുന്നില്ലെന്നു സർക്കാർ തന്നെ സമ്മതിച്ചിരുന്നു. ചെലവ് സംഘാടക സമിതിയാണു വഹിക്കുന്നത് എന്നതാണു കാരണമായി പറഞ്ഞത്.

കേരളത്തിന്റെ വികസനത്തിന് പ്രവാസി നിക്ഷേപം ആകർഷിക്കാനുള്ള ശ്രമമാണ് കാര്യമായി വിജയിക്കാത്തത്. വിശ്വാസമർപ്പിക്കാവുന്ന നിക്ഷേപങ്ങൾക്ക് പറ്റിയ സ്ഥലമായി കേരളം മാറി. സർക്കാർ അടിസ്ഥാനസൗകര്യ വികസനത്തിൽ കേന്ദ്രീകരിക്കുന്നു. വർദ്ധിച്ച പ്രതിഫലം ഉറപ്പാക്കുന്ന തരത്തിൽ പ്രവാസികൾക്ക് നിക്ഷേപം നടത്താം. തങ്ങളുടെ നിക്ഷേപം പ്രവാസികൾക്ക് നാടിന്റെ മൂലധന നിക്ഷേപമാക്കി മാറ്റാം- സർക്കാരിന്റെ ഈ വാഗ്ദാനങ്ങളെല്ലാം പ്രവാസികൾ വിശ്വസിച്ച മട്ടില്ല. പ്രവാസി ക്ഷേമത്തിനായി ഭാവനാ പൂർണമായ പദ്ധതികൾ ഒരുക്കും, മടങ്ങിയെത്തുന്നവരുടെ പുനരധിവാസത്തിന് വിപുലമായ പദ്ധതികളൊരുക്കും, കേന്ദ്ര, സംസ്ഥാന ഓഹരിയോടെ കൺസോർഷ്യം രൂപീകരിക്കും, കേന്ദ്രത്തെ കൊണ്ട് ദേശീയ കുടിയേറ്റ നയം രൂപീകരിപ്പിക്കും, വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തിൽ ഇമിഗ്രേഷൻ പരിശോധന ആവശ്യമുള്ളവരെന്നും ഇല്ലാത്തവരെന്നും തിരിക്കുന്നത് അവസാനിപ്പിക്കും, കേന്ദ്രത്തിന്റെ പുതിയ എമിഗ്രേഷൻ ബില്ലിൽ ഇടനിലക്കാരെ നിയന്ത്രിക്കലിനും കുടിയേറ്റത്തിലെ വേർതിരിവിനും വ്യവസ്ഥയുണ്ടാക്കിക്കും ഇങ്ങനെ എണ്ണമറ്റ പ്രഖ്യാപനങ്ങളായിരുന്നു ലോക കേരള സഭകളിലുണ്ടായത്. ഇതെല്ലാം കടലാസിൽ മാത്രമൊതുങ്ങി.

പ്രവാസികൾക്ക് പ്രോത്സാഹനവും ആദരവും നൽകിക്കൊണ്ട് കേരളത്തിൽ അവരുടെ നിക്ഷേപകസംരംഭങ്ങൾ ശക്തിപ്പെടുത്തുകയും അതുവഴി കേരളത്തെ കൂടുതൽ വികസനപാതയിലേക്കെത്തിക്കുകയും ചെയ്യുകയെന്ന നല്ല ഉദ്ദേശ്യശുദ്ധിയാണ് ലോക കേരളസഭ മുന്നോട്ടുവച്ചത്. പക്ഷേ ഒന്നും രണ്ടും ലോക കേരളസഭയ്ക്ക് ശേഷമാണ് കണ്ണൂർ തളിപ്പറമ്പിലെ സാജൻ എന്ന പ്രവാസി വ്യവസായിയുടെ ആത്മഹത്യയുണ്ടായത്. ലോകകേരളസഭയ്ക്ക് നിയമപരമായ ഉറപ്പുനൽകാൻ നിയമനിർമ്മാണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചതാണെങ്കിലും ഒന്നും നടന്നില്ല. ലോകകേരള സഭാംഗങ്ങളുടെ അഭിപ്രായത്തോടെ ബില്ല് നിയമസഭയിലേക്ക് പോവുമെന്നും നിയമം വരുന്നതോടെ ലോകകേരള സഭയ്ക്ക് നിയമപരമായ ഉറപ്പും ഊർജ്ജവും ലഭിക്കുമെന്നുമുള്ള പ്രഖ്യാപനവും വെറും വാക്കായി. ലോക കേരള സഭ സ്ഥിരം സംവിധാനമാക്കുന്നതുമായി ബന്ധപ്പെട്ട ബില്ലിന്റെ കരട് സഭയുടെ വേദിയിൽ ചർച്ചക്കെടുത്തത് വൻ വിവാദമായിരുന്നു. ലോകകേരള സഭയുടെ തീരുമാനങ്ങളിലോ നടപടികളിലോ സിവിൽ കോടതികൾക്ക് ഇടപെടാനാവില്ലെന്ന് കരടുബില്ലിൽ വ്യവസ്ഥ കൊണ്ടുവന്നതും വിവാദമായി.

അമേരിക്കയിലെ പണപ്പിരിവ്

അമേരിക്കയിലെ ലോക കേരളസഭാ സമ്മേളനത്തിനായുള്ള പണപ്പിരിവ് വൻവിവാദമായിരുന്നു. നോർക്ക മുൻകൈയെടുത്ത് നടത്തുന്ന ചടങ്ങിൽ മുഖ്യമന്ത്രി അടക്കമുള്ള വി.ഐ.പികൾക്കൊപ്പം ഇരിക്കാൻ 82 ലക്ഷം രൂപ ആവശ്യപ്പെട്ട് പിരിവ് നടത്തുന്നതിലെ അനൗചിത്യവും, പരിഹാസ്യതയും വൻചർച്ചയായി. സമ്മേളനം നടത്താനുള്ള പണപ്പിരിവ് പ്രാദേശികമായി നടത്തുന്നത് അമേരിക്കയിലെ രീതിയാണെന്നായിരുന്നു സർക്കാർ നിലപാട്. ന്യൂയോർക്കിൽ നടന്ന സമ്മേളനത്തിന് അഞ്ചര കോടിയോളമാണ് ചെലവായത്. ടൈം സ്ക്വയറിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പ്രസംഗിച്ചു. ഇതിന് മാത്രം രണ്ട് കോടിയോളം രൂപയുടെ ചെലവുണ്ടായി. മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും യാത്രാച്ചെലവ് വഹിച്ചത് സർക്കാരാണ്. ഇതെല്ലാം കൊണ്ട് തങ്ങൾക്ക് എന്ത് ഗുണമുണ്ടായെന്നാണ് പ്രവാസികൾ ചോദിക്കുന്നത്.

വിമർശനങ്ങളുടെ കൂരമ്പുകൾ

ലോക കേരളസഭയിൽ പങ്കെടുത്തവരുടെ പശ്ചാത്തലം പോലും ആർക്കും അറിയില്ലെന്നും അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണെന്ന് വ്യക്തമല്ലെന്നുമാണ് ആക്ഷേപം. കേരള സർക്കാരിന്റെ സമീപനം പാർലമെന്ററി സംവിധാനത്തെയും ഭരണഘടനയെയും വെല്ലുവിളിക്കുന്നതാണെന്നാണ് ബി.ജെ.പിയുടെ ആക്ഷേപം. ലോക കേരളസഭ ഭൂലോക തട്ടിപ്പാണെന്നും അത് വെറും രാഷ്ട്രീയ പരിപാടിയായി അധഃപതിച്ചെന്നുവെന്നുമാണ് പ്രതിപക്ഷത്തിന്റെ വിമർശനം. സി.പി.എമ്മിന് പണം നൽകുന്നവരെ വിളിച്ചുവരുത്തിക്കൊണ്ട് വിരുന്ന് നൽകുന്ന പരിപാടിയാക്കി സർക്കാർ അതിനെ മാറ്റിയെന്നാണ് ബി.ജെ.പി വിമർശിക്കുന്നത്. ലോക കേരള സഭയ്ക്ക് രണ്ടുകോടി രൂപയാണ് ബഡ്ജറ്റ് വിഹിതം. ഇതിന് പുറമെയാണ് ഒരു കോടി രൂപ അനുവദിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.