SignIn
Kerala Kaumudi Online
Thursday, 18 July 2024 9.26 AM IST

ദേശീയപാതകളിലെ അശ്രദ്ധ; പതിയിരിക്കുന്നത് അപകടം

nh

ദേശീയപാത വികസനത്തിന്റെ റീച്ചുകളിൽ പണി പൂർത്തിയായ പാതകൾ തുറന്നു കൊടുത്തതോടെ അപകട സാദ്ധ്യതയും വർദ്ധിച്ചു. വേനൽമഴ ശക്തിയായി പെയ്യുന്നതും വീതിയേറിയ പാതയിൽ സിഗ്നലുകളോ ഡിവൈഡറുകളോ ഇല്ലാത്തതും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗുമാണ് അപകടത്തിന് കാരണമാകുന്നത്. ആറുവരി പാതയിലെ ഇരുവശങ്ങളിൽ നിന്നുമുള്ള ഓവർടേക്കിംഗും സൈഡ് മിററുകൾ ശ്രദ്ധിക്കാതെ വാഹനമോടിക്കുന്നതും അപകടഭീഷണി സൃഷ്ടിക്കുന്നുണ്ട്. കാസർകോട് ജില്ലയിലെ ദേശീയപാത നിർമാണം കൂടുതൽ ഭാഗങ്ങളിൽ പൂർത്തിയായിരിക്കുന്നത്. ഒന്നാം റീച്ചായ തലപ്പാടി ചെർക്കളയിൽ 75 ശതമാനവും രണ്ടാം റീച്ചായ ചെർക്കളം നീലേശ്വരം പാതയിൽ 65 ശതമാനവും പണി പൂർത്തിയായി. ചില റീച്ചുകളിൽ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുമ്പോൾ ചിലയിടത്ത് ഇഴച്ചിലാണ്.

മാഹി ബൈപ്പാസ് അപകട മുനമ്പ്

മൈസൂർ -ബംഗളൂരു എക്‌സ്പ്രസ് ഹൈവേയുടെതിന് സമാനമായി പുതുതായി നിർമ്മിച്ച തലശേരി- മാഹി ബൈപ്പാസ് റോഡിലും അപകടങ്ങൾ വർദ്ധിക്കുന്നത് ജനങ്ങളിൽ ആശങ്കയുണർത്തുന്നു. ആറുവരിപ്പാതയിൽ പാലിക്കേണ്ട ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് പ്രധാന പ്രശ്നമാണ്. ഈസ്റ്റ് പള്ളൂരിൽ ചൊക്ലിസ്പിന്നിംഗ് മിൽ റോഡ് കടന്നു പോകുന്ന ബൈപാസ് സിഗ്‌നൽ പോസ്റ്റിലാണ് കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നത്. ബൈപാസ് തുറന്ന് 50 ദിവസങ്ങൾ പിന്നിടുമ്പോൾ സിഗ്‌നൽ ജംഗ്ഷനിൽ അറുപതിലേറെ അപകടങ്ങൾ നടന്നു. പലതും സിഗ്‌നൽ സംവിധാനം അറിയാതെ വാഹനങ്ങൾ മുന്നോട്ട് എടുത്തപ്പോൾ സംഭവിച്ചതാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും. ഇരുചക്ര വാഹനം ഓടിക്കുന്നവരുടെ പിഴവ് കാരണം സംഭവിക്കുന്ന അപകടങ്ങൾ സംഭവസ്ഥലത്തുതന്നെ സംസാരിച്ച് തീർപ്പാക്കുന്നത് ഇവിടെ പതിവു കാഴ്ചയാണ്. 15 കേസുകൾ മാത്രമാണ് പൊലീസിനു മുന്നിലേക്ക് എത്തിയത്. സിഗ്‌നൽ മാറുന്നത് ശ്രദ്ധിക്കാതെ വാഹനം ഓടിക്കുന്ന ഡ്രൈവർമാരാണ് അപകടമുണ്ടാക്കുന്നതെന്ന് സിഗ്‌നൽ പോസ്റ്റിൽ ഡ്യൂട്ടിയിലുഉള്ള പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. മൂന്നു വരിയിൽ വാഹനങ്ങൾ മറികടക്കുന്നത് എങ്ങനെയെന്ന് അറിയാത്തതും യു ടേണിന് അനുവാദമില്ലാത്ത സ്ഥലത്ത് വാഹനം തിരിക്കാൻ ശ്രമിക്കുന്നതും അപകടമുണ്ടാക്കുന്നുണ്ട്. സർവീസ് റോഡ് ഉപയോഗിക്കുന്നതു തോന്നിയതു പോലെയാണെന്നും പരാതിയുണ്ട്. സർവീസ് റോഡിൽ എവിടെ നിന്നാണ് ബൈപാസിൽ പ്രവേശിക്കേണ്ടത് എന്നതിലും ചില ഡ്രൈവർമാർക്ക് ധാരണയില്ല. ഈസ്റ്റ് പള്ളൂരിൽ നിന്നും പാറാൽ ഭാഗം വരെ ബൈപാസിന്റെ ഇടത് ഭാഗത്ത് സർവീസ് റോഡ് പൂർണമല്ല. ഫലത്തിൽ യു ടേൺ സംവിധാനം ലംഘിച്ചും ഈ ഭാഗത്ത് തോന്നിയതു പോലെ വാഹനങ്ങൾ കടന്നു പോകുന്നുണ്ട്. ഈസ്റ്റ് പള്ളൂരിൽ സിഗ്‌നൽ സംവിധാനം ഫലപ്രദമായി നടപ്പാക്കാൻ പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. ബൈപാസ് വൈദ്യുതീകരിച്ച് വിളക്കുകൾ സ്ഥാപിക്കാത്തതും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാത്തതും രാത്രികാലങ്ങളിൽ അപകടങ്ങൾ വർദ്ധിക്കാൻ ഇടയാക്കുന്നുണ്ട്. അമിത വേഗതയിലാണ് ബൈപ്പാസ് റോഡിൽ വാഹനങ്ങൾ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നത്. അപകടനിരക്ക് കൂടാനും ഇതും കാരണമാകുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.

കാസർകോട് ജില്ലയിലെ

നിർമ്മാണ പുരോഗതി

ആകെ ദൂരം: 83.1 കി.മി.

1-തലപ്പാടി - ചെങ്കള റീച്ച്

പൂർത്തിയായത് :75 %

2ചെങ്കള - നീലേശ്വരം
പൂർത്തിയായത് : 65 %

കണ്ണൂർ ജില്ലയിലെ

നിർമ്മാണ പുരോഗതി

ആകെ ദൂരം 88.6 കി.മി.
1 നീലേശ്വരം - തളിപ്പറമ്പ് റീച്ച്

പൂർത്തിയായത്: 36 ശതമാനം

2 തളിപ്പറമ്പ് - മുഴുപ്പിലങ്ങാട്

പൂർത്തിയായത്: 40%

3 തലശ്ശേരി - മാഹി ബൈപ്പാസ്

പൂർത്തിയായി


സിഗ്നലുകൾ സ്ഥാപിച്ചിട്ടില്ല
പൂർത്തിയായ റോഡിലും പാലങ്ങളിലും ഗതാഗതം ആരംഭിച്ചു. പണി പൂർത്തിയായ ഉടൻ ഓരോ ഭാഗങ്ങളായി ഗതാഗതത്തിന് തുറന്നു കൊടുക്കുകയാണ്. ഗതാഗത പരിശോധന പൂർത്തിയാക്കിയാണ് തുറന്നു കൊടുക്കുന്നതെങ്കിലും സിഗ്നലുകൾ എവിടെയും സ്ഥാപിച്ചിട്ടില്ല. ഇതും അപകട ഭീഷണി ഉയർത്തുന്നുണ്ട്. അടിപ്പാതകളും മിക്കയിടത്തും തുറന്നുകൊടുത്തു. അടുത്ത വർഷം ഡിസംബറോടെ പാത നിർമ്മാണം പൂർത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതോടെ മാത്രമേ പൂർണമായും സിഗ്നലുകൾ സ്ഥാപിക്കു.

സർവീസ് റോഡുകളിലും ദുരിതം

സർവീസ് റോഡുകളിലെ ഗതാഗതവും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ബസുകൾ യാത്രക്കാരെ ഇറക്കാനും കയറ്റാനും സർവീസ് റോഡിൽ നിർത്തേണ്ടി വന്നാൽ അതിനു പിന്നിലെ വാഹനങ്ങളെല്ലാം ബസ് പോകാതെ മുന്നോട്ട് എടുക്കാനാവില്ലെന്നതാണ് സ്ഥിതി.സർവീസ് റോഡ് ബസ് ബേ, ബസ് സ്റ്റോപ്പ് എന്ന സൗകര്യങ്ങൾ പാത വികസനത്തോടെ ഇല്ലാതായി. പാതയുടെ മുഴുവൻ ജോലിയും കഴിഞ്ഞാൽ ഇതിനു പരിഹാരമാകുമെന്ന് പറയുന്നുണ്ടെങ്കിലും നടപ്പാത പോലും ഇല്ലാത്ത സ്ഥലങ്ങളിൽ എന്തു ചെയ്യും എന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നുണ്ട്. ജല അതോറിറ്റി പൈപ്പ് ലൈൻ പോലും പല ഇടങ്ങളിലും നടപ്പാതയായി ഉപയോഗിക്കാവുന്ന ഡ്രെയ്‌നേജ് ലൈനിലൂടെയാണ് സ്ഥാപിച്ചത്.

മഴയും ഭീഷണി

ആദ്യ മഴയിൽ തന്നെ പലയിടത്തും ദേശീയപാത വെള്ളത്തിനടിയിലാണ്. കുഴികളിലെല്ലാം വെള്ളം നിറഞ്ഞു. കുഴിയും നിലവും തിരിച്ചറിയാൻ കഴിയാത്ത വിധമാണ് പലയിടത്തും ഇപ്പോൾ. മൺകൂനകളിൽ നിന്നും കനത്ത മഴയിൽ മണ്ണ് താഴേക്ക് ഒലിച്ചിറങ്ങി. ഇത് റോഡിൽ ചെളിക്കുമ്പാരം രൂപപ്പെടുത്തിയിട്ടുണ്ട്. ഓവുചാലുകൾ ചിലയിടങ്ങളിൽ നിർമ്മിച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ കുഴിയെടുത്ത് വച്ചിട്ടുണ്ട്. ചിലയിടങ്ങളിൽ കമ്പി കെട്ടി വച്ചിട്ടുണ്ട്. ഇതെല്ലാം ഓരോ മഴയിലും വെള്ളത്തിനടിയിലാകുന്നു.

എം.വി.ഡിയുടെ മുന്നറിയിപ്പ്

-വിശാലമായ റോഡിൽ അമിത വേഗത വേണ്ട.

-വാഹനത്തെ ഓവർടേക്ക് ചെയ്ത ശേഷം തിരിച്ച് തങ്ങളുടെ ലെയിനിലേക്ക് തന്നെ വരേണ്ടതാണ്.

-സർവീസ് റോഡിൽ നിന്ന് മെയിൻ റോഡിലേക്ക് കയറുമ്പോൾ നിരീക്ഷിച്ച് മാത്രമേ പ്രവേശിക്കാവു.

-.മെയിൻ റോഡിൽ നിന്ന് സർവീസ് റോഡിലേക്ക് പ്രവേശിക്കാൻ സിഗ്‌നൽ നൽകി ഇടത്തേ ലെയിനിലെത്തി ശ്രദ്ധിച്ച് പ്രവേശിക്കുക

-ലെയിൻ ട്രാഫിക്ക് കൃത്യമായി പാലിക്കാത്ത വാഹനങ്ങൾക്ക് മോട്ടോർ വാഹന നിയമം 177 എ പ്രകാരം നിയമ നടപടികൾ കർശനമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NH
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.