SignIn
Kerala Kaumudi Online
Thursday, 18 July 2024 4.00 AM IST

കടലമ്മേ തുണയ്ക്കണേ...

f

ജൂൺ ഒൻപതിന് അർദ്ധരാത്രി 12 മുതൽ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിക്കും. 52 ദിവസത്തെ നിരോധനം ജൂലൈ 31ന് അർദ്ധരാത്രി 12.30ന് അവസാനിക്കും. ഈ കാലയളവിൽ എങ്ങനെ ജീവിതം മുന്നോട്ട് പോവും എന്ന ആശങ്കയിലാണ് മത്സ്യത്തൊഴിലാളികൾ. കേരളത്തിൽ 335 മത്സ്യഗ്രാമങ്ങളാണുള്ളത്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജനസംഖ്യ 10.60 ലക്ഷമാണ്.
ഇടയ്ക്കിടെ രൂപപ്പെടുന്ന ഉഷ്ണതരംഗവും ചുഴലിക്കാറ്റുകളും കടലിന്റെ ആവാസ വ്യവസ്ഥയെ താളം തെറ്റിച്ചെന്നാണ് പഠനങ്ങൾ പറയുന്നത്. അതിന് പുറമേ, മത്സ്യ ലഭ്യതക്കുറവും അടിക്കടിയുള്ള ഡീസൽ വില വർദ്ധനവും വഴിമുട്ടിച്ച മത്സ്യബന്ധന മേഖലയ്ക്ക് ട്രോളിംഗ് കാലയളവേകുന്നത് കടുത്ത വറുതിയുടെ പരീക്ഷണകാലമാണ്. മഴ ശക്തമായാൽ കടലാക്രമണവും രൂക്ഷമാകും. അപ്പോഴും മുന്നിലുള്ളത് പ്രതിസന്ധി തന്നെ.

10 തൊഴിലാളികളുള്ള ബോട്ടിന് മൂന്ന് ദിവസത്തേക്ക് കടലിൽ പോവാൻ 1,200 ലിറ്റർ ഡീസലും 4,000 രൂപയുടെ ഭക്ഷണവും 10,​500 രൂപയുടെ ഐസ് ബ്ലോക്കുകളും ആവശ്യമാണ്. ഒരുലക്ഷത്തിലധികം രൂപ ചെലവാകും. തൊഴിലാളികളുടെ കൂലി ഇതിന് പുറമെയാണിത്. പിടിച്ചുനിൽക്കാൻ പ്രയാസപ്പെട്ടതോടെ ബോട്ടുകൾ കിട്ടുന്ന വിലയ്ക്ക് വിറ്റ് മറ്റ് തൊഴിൽ തേടി പോകുന്നവരും പൊളിക്കാൻ കൊടുക്കുന്നവരും ഏറെയാണ്. പല ദിവസങ്ങളിലും ഡീസൽ തുക പോലും ലഭിക്കുന്നില്ലെന്ന് മത്സ്യതൊഴിലാളികൾ പറയുന്നു.

പാതി വഴിയിൽ

പദ്ധതികൾ

വർഷാവർഷം സംസ്ഥാനത്ത് ട്രോളിംഗ് നിരോധന സന്ദർഭത്തിൽ കൃത്യമായി സൗജന്യ റേഷൻ പദ്ധതി സംസ്ഥാനം നടപ്പാക്കാറുണ്ടെന്നും കഴിഞ്ഞ മൂന്ന് വർഷമായി തിരുവനന്തപുരം,എറണാകുളം,ആലപ്പുഴ തുടങ്ങിയ ജില്ലകൾ മാത്രമേ ഈ ഫണ്ട്‌ ഉപയോഗിച്ചിട്ടുള്ളൂ എന്നാണ് ഫിഷറീസ് വകുപ്പ് പറയുന്നത്. ട്രോളിംഗ് കാലയളവിലെ സൗജന്യ റേഷൻ സംവിധാനം മത്സ്യ തൊഴിലാളികൾക്ക് വലിയ അനുഗ്രഹമാകുമെന്നിരിക്കേ നൽകാതിരിക്കുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

കുറച്ച് ദിവസം മുമ്പ് വരെയുണ്ടയ കനത്ത ചൂടിൽ വളരെ കുറഞ്ഞ അളവിൽ മാത്രമാണ് കടലിൽ നിന്നും മത്സ്യം ലഭിച്ചിരുന്നത്. കടലിൽ ചൂട് കൂടിയതിനാൽ മത്സ്യങ്ങൾ മുകൾത്തട്ടിലേക്ക് വരാത്ത സാഹചര്യമായിരുന്നു. കൂടാതെ, കടലിനോട് ചേർന്നുള്ള പുഴകളിലും കനാലുകളിലും വെള്ളത്തിന് അമിത ചൂടായതോടെ മത്സ്യലഭ്യത കുറഞ്ഞിരുന്നു. 66,00ത്തിലേറെ ബോട്ടുകളും എൻജിൻ ഘടിപ്പിച്ച 34,000 വള്ളങ്ങളും 3,200ലേറെ പരമ്പരാഗത വള്ളങ്ങളുമാണ് കേരള തീരത്ത് നിന്നും മീൻ പിടിക്കാൻ പോകുന്നതെന്നാണ് കണക്ക്. ട്രോളിംഗ് നിരോധനം കഴിയുമ്പോഴേക്കും അറ്റകുറ്റപ്പണികൾ നടത്തി വേണം ബോട്ടുകൾ കടലിലിറക്കാൻ. ഇതിനായി വായ്പ എടുക്കുകയല്ലാതെ മറ്റ് വഴിയില്ലെന്നാണ് ബോട്ടുടമകളുടെ അഭിപ്രായം. ട്രോളിംഗിന് പിന്നാലെ മത്സ്യവില ഉയരാനും സാദ്ധ്യതയുണ്ട്. പഴകിയ മത്സ്യങ്ങൾ എത്താനുള്ള സാദ്ധ്യത മുന്നിൽ കണ്ട് പരിശോധന ശക്തമാക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം. പരമ്പരാഗത വള്ളത്തിൽ മീൻപിടിക്കുന്നവർക്ക് നിയന്ത്രണമില്ല.

പരമ്പരാഗത മീൻപിടിത്ത യാനങ്ങൾക്ക് സംസ്ഥാനത്ത് സിവിൽ സപ്ലൈസ് വഴിയുള്ള സബ്സിഡി മണ്ണെണ്ണ, കേന്ദ്ര സർക്കാർ വിഹിതം തരുന്നില്ലെന്ന പേരിൽ നിഷേധിച്ചിട്ട് നാളേറെയായി. മത്സ്യഫെഡ് വഴി നിശ്ചിത അളവിൽ മണ്ണെണ്ണ സബ്സിഡി നിരക്കിൽ നൽകുന്നു. സബ്സിഡി മാസങ്ങളായി കുടിശ്ശികയാണെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. കഴിഞ്ഞ ഒക്ടോബറിന് ശേഷം മത്സ്യക്കയറ്റുമതിയിൽ 20 ശതമാനത്തോളം കുറവുണ്ട്. കൊച്ചിയിൽ ആഴ്ചയിൽ നാല് കപ്പലുകൾ വരെ വന്നിടത്ത് ഇപ്പോൾ 10 ദിവസം കൂടുമ്പോൾ ഒരെണ്ണം വന്നാലായെന്ന സ്ഥിതിയാണ്.

മത്സ്യോല്പാദനത്തിൽ

ഇടിവ്

ഔദ്യോഗിക കണക്ക് പ്രകാരം സംസ്ഥാനത്ത് സമുദ്ര-ഉൾനാടൻ മത്സ്യോല്പാദനത്തിൽ മുൻ വർഷങ്ങളിൽ വർദ്ധനയുണ്ടായെങ്കിലും 2024ൽ ഇടിവാണെന്നാണ് ഫിഷറീസ് വകുപ്പ് അധികൃതർ പറയുന്നത്. 2019-20 വർഷത്തിൽ 60.07 ടൺ മത്സ്യോല്പാദനമാണ് കേരളത്തിലുണ്ടായത്. 2020-21 വർഷത്തിൽ 61.61 ലക്ഷം, 2021-22ൽ 82.62 ലക്ഷം, 2022-23ൽ 92.10 ലക്ഷം ടൺ എന്നിങ്ങനെയായിരുന്നു മത്സ്യോല്പാദനം. കേരളത്തിൽ നിന്നുള്ള മത്സ്യക്കയറ്റുമതി 2019-20 വർഷത്തിൽ 5,672.27 കോടിയായിരുന്നു. 2020-21ൽ 5623.12 കോടി,2021-22ൽ 6971.56 കോടി, 2022-23ൽ 8285.03 കോടി എന്നിങ്ങനെയാണ്.
2023ൽ മാത്രം എട്ട് ചുഴലിക്കാറ്റുകളാണ് ഇന്ത്യൻ മഹാസമുദ്രം സാക്ഷ്യം വഹിച്ചത്. സുനാമിത്തിരമാലകൾ കടലിന്റെ ആവാസ വ്യവസ്ഥയെ തകിടം മറിച്ചതിന് പിന്നാലെയാണ് ഓഖിക്ക് തുല്യമായ ഈ ചുഴലിക്കാറ്റുകൾ വന്നത്. മത്സ്യങ്ങൾക്ക് തീറ്റയാകുന്ന സൂക്ഷ്മ സസ്യങ്ങൾക്ക് കടൽ തിളയ്ക്കുമ്പോഴുണ്ടാകുന്ന വംശനാശവും മത്സ്യോല്പാദനത്തെ ബാധിക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ മത്സ്യസമ്പത്ത് ഗണ്യമായ തോതിൽ ഈയിടെ കുറഞ്ഞ സാഹചര്യമായിരുന്നു. 350 വള്ളക്കാരുള്ള കോഴിക്കോട് ബേപ്പൂർ ചാലിയം ഫിഷ് ലാൻഡിംഗ് സെന്ററിൽ നിന്ന് വിരലെണ്ണാവുന്നവരേ കടലിൽ പോകുന്നുള്ളൂ. വെറും കയ്യോടെ തിരിച്ചുവന്നാൽ വീട്ടിൽ അടുപ്പ് പുകയില്ലെന്ന ഭീതിയിലാണ് പലരും. ട്രോളിംഗ് നിരോധന സമയത്ത് ബോട്ടുകൾ അറ്റകുറ്റപ്പണി നടത്താനും ദൈനംദിന ചെലവുകൾക്കുമായി കടം വാങ്ങുകയല്ലാതെ മത്സ്യത്തൊഴിലാളികൾക്ക് വേറെ വഴിയില്ലാത്ത സ്ഥിതിയാണ്.

നിർദ്ദേശങ്ങളുമായി

അധികൃതർ

ട്രോളിംഗ് കാലത്ത് മത്സ്യതൊഴിലാളികൾക്ക് പ്രധാന നിർദ്ദേശങ്ങൾ അധികൃതർ നൽകിയിട്ടുണ്ട്. മത്സ്യബന്ധനത്തിന് ഏർപ്പെടുന്ന എല്ലാ യാനങ്ങളിലും മതിയായ സുരക്ഷാ ഉപകരണങ്ങൾ,കുടിവെള്ളം,ഇന്ധനം എന്നിവ കരുതണം. മുന്നറിയിപ്പുകൾ അനുസരിച്ച് മാത്രം മത്സ്യബന്ധനത്തിന് പുറപ്പെടുക. അടയാള കൊടിയും ലൈറ്റും ഇല്ലാതെ യാനങ്ങൾ മത്സ്യബന്ധനത്തിന് പോകരുത്. ആഴക്കടൽ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന യാനങ്ങൾ ഗ്രൂപ്പുകളായി പോകുന്നതാണ് ഉചിതം. ഒറ്റയ്ക്ക് മത്സ്യബന്ധനത്തിന് പോകുന്ന സാഹചര്യം ഒഴിവാക്കണം. വാർത്താവിനിമയ നാവിഗേഷൻ ഉപകരണങ്ങൾ (ജി.പി.എസ്, വയർലെസ്) എന്നിവ യാനത്തിൽ കരുതണം. കോസ്റ്റ് ഗാർഡ്,നേവി,ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരെ ആവശ്യാനുസരണം ബന്ധപ്പെടുകയും പ്രധാനപ്പെട്ട നിർദ്ദേശങ്ങളും നമ്പറുകളും എഴുതി സൂക്ഷിക്കുകയും വേണം.
തീവ്രതയേറിയ പ്രകാശമുള്ള ലൈറ്റുകൾ ഉപയോഗിച്ചുള്ളതോ മറ്റ് നിരോധിത മാർഗങ്ങളിലൂടെയുള്ളതോ ആയ മത്സ്യബന്ധനം പാടില്ല. നിയമാനുസൃതം സൂക്ഷിക്കാവുന്ന സാധന സാമഗ്രികൾ ഒഴിച്ചുള്ള യാതൊന്നും യാനങ്ങളിൽ സൂക്ഷിക്കാനും കൈമാറ്റം ചെയ്യാനും പാടില്ല. ട്രോളിംഗ് സമയത്ത് ഹാർബറിൽ കരക്കടുപ്പിച്ച ബോട്ടുകളിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങൾ മോഷണം പോകാറുണ്ടെന്നും ബോട്ടുകൾക്ക് കാവൽ ഏർപ്പെടുത്തണമെന്നും മത്സ്യത്തൊഴിലാളി പ്രതിനിധികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.