SignIn
Kerala Kaumudi Online
Thursday, 18 July 2024 7.36 AM IST

തൂത്തുവാരലിലെ രാഷ്ട്രീയം

cleaning

ടവേളയില്ലാതെയാണ് വേനൽ മഴ പെയ്തത്. ആളുകൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത വിധം തകർത്തു. തുളളിക്ക് ഒരു കുടം എന്നല്ല ഒരുപാട് കുടം കണക്കെ മഴ ഭൂമിയിലേക്ക് പതിച്ചു. വേനൽ മഴ നിനച്ചിരിക്കാതെ വന്നതല്ല. എല്ലാ വർഷവും കടുത്ത വേനലിന് ശേഷം മഴയുണ്ട്. അതുകഴിഞ്ഞ് ചെറിയ ഇടവേളയ്ക്ക് ശേഷം മാനത്ത് മിന്നൽ പ്രഭ വിതറിയും മദ്ദളം കൊട്ടിയും കാലവർഷം കലിതുള്ളും. ആറുമാസക്കാലം മഴയുടെ ഉത്സവമേളമാണ്. വേനലിനും മഴയ്ക്കുമിടയ്ക്ക് നമ്മുടെ നാട്ടിൽ ഒരു ശുചീകരണ പ്രക്രിയയുണ്ട്. മഴക്കാല പൂർവ ശുചീകരണം എന്ന് നല്ലൊരു പേരും പദ്ധതിക്കുണ്ട്. വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക, മാലിന്യം നീക്കം ചെയ്യുക, കാടും പുല്ലും വെട്ടിക്കളയുക എന്നിത്യാദി കർമ്മങ്ങളോടെയാണ് ശുചീകരണം നടത്തുന്നത്. മുൻ വർഷങ്ങളിൽ ഇത് കാലേകൂട്ടി ആസൂത്രണം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. തൊഴിലുറപ്പ്, കുടുംബശ്രീ തുടങ്ങിയ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഇത്തരം പരിപാടികൾക്ക് സർക്കാർ പണം നൽകും. ഓരോ ജില്ലയിലും ജില്ലാ പഞ്ചായത്തുകളാണ് പദ്ധതികൾക്ക് മുൻകൈയെടുക്കേണ്ടത്.

ഈ വർഷം മഴക്കാല പൂർവ ശുചീകരണം മെയ് മാസത്തിലെ ആദ്യ ആഴ്ചയായിരുന്നു നടത്തേണ്ടിയിരുന്നത്. പക്ഷെ, പൊള്ളുന്ന വേനൽച്ചൂടിൽ മഴയെ കാത്തിരിക്കുന്ന വേഴാമ്പലുകളായി മാനത്തു നോക്കിയിരുന്ന നമ്മമുടെയൊക്കെ മനസിലേക്ക് ശുചീകരണം എന്നൊരു സംഗതി കയറി വന്നതേയില്ല. പദ്ധതി നടപ്പാക്കേണ്ട സർക്കാർ സംവിധാനങ്ങൾ എല്ലാവരും വേനൽച്ചൂടിന്റെ കാഠിന്യത്തിൽ അറിയാതെ ഉറങ്ങിപ്പോയി. മഴയുടെ പെരുക്കം കേട്ട് ഉണുരുമ്പോഴേക്കും ശുചീകരണം സർക്കാർ സംവിധാനങ്ങൾക്ക് തുടങ്ങാനായില്ല. സാമ്പത്തിക പ്രതിസന്ധിയുടെ മറികടക്കാൻ കഴിയാതെ മഴക്കാലത്ത് സർക്കാർ ഉറക്കം നടിച്ചതാകാനാണ് സാദ്ധ്യതയെന്ന് പിന്നാമ്പുറ സംസാരമുണ്ട്.

അവസരം നോക്കി രാഷ്ട്രീയക്കളി

സർക്കാരിന്റെ മഴക്കാല പൂർവ ശുചീകരണം നടക്കാതെ വന്നതോടെ തോടുകൾ നിറഞ്ഞു. വെള്ളം ഒഴുകാൻ വഴിയില്ലാതെയായി. വല്ലവിധേനയും കുറച്ച് തൊഴിലുറപ്പുകാരെ എത്തിച്ച് വഴി വെട്ടിക്കൊടുത്തപ്പോൾ വെള്ളം അണക്കെട്ടുകൾ തുറന്നുവിട്ടതുപോലെ കുതിച്ചൊഴുകി. എന്നിട്ടും പല തോടുകളും ശുചീകരിക്കാതെ കിടക്കുന്നു. കാടുകളും വള്ളിപ്പടർപ്പുകളും നീക്കിയില്ല. വള്ളികൾ വളർന്നു കയറി വൈദ്യുതി പോസ്റ്റുകളും ലൈനുകളും കാണാതായി. സ്കൂൾ പരിസരങ്ങളിൽ ആൾപ്പൊക്കത്തേക്കാളേറെ കാടുകൾ വളർന്നുപൊങ്ങി. ജൂൺ മൂന്നിന് സ്കൂളുകൾ തുറക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നതാണ്. ശുചീകരണത്തിലെ സർക്കാർ വീഴ്ചകളെപ്പറ്റി ചർച്ചകൾ ഉയർന്നു തുടങ്ങിയതോടെ ഭരണപക്ഷ പാർട്ടികൾ സടകുടഞ്ഞെഴുന്നേറ്റു. സർക്കാരിന് പണമില്ലാത്തതുകൊണ്ട് ശുചീകരണ ജോലികൾ സഖാക്കൾ ഏറ്റെടുത്തു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് വിശ്രമിക്കുന്ന അണികൾ തങ്ങൾക്കൊപ്പം തന്നെയുണ്ടെന്ന് ഉറപ്പാക്കാനുള്ള അവസരം ഇതിലും നല്ലതില്ല. പാർട്ടി മേൽഘടകത്തിൽ നിന്ന് വർഗ ബഹുജന സംഘടനകൾക്ക് നിന്ന് നിർദേശമെത്തി, സ്കൂളുകൾ ശുചീകരിക്കുക. സൗജന്യമായി സ്കൂൾ ശുചീകരിക്കുന്നതിന് കൂടുതലായും തൊഴിലാളികളെ തന്നെ രംഗത്തിറക്കി. ക്ളാസ് മുറികൾ അവർ തൂത്തുവാരി. പാർട്ടി നേതാക്കളോ യുവജന, മഹിളാസംഘടനകളോ ശുചീകരണത്തിൽ പങ്കാളികളായില്ല. ശുചീകരണം തൊഴിലാളികൾ മാത്രം ചെയ്യേണ്ടതാണ് എന്നാണോ ജനങ്ങൾ കരുതേണ്ടതെന്ന് പല കോണുകളിൽ നിന്ന് നേതാക്കളോട് ചോദ്യങ്ങളുയർന്നു. മാലിന്യം നീക്കലും മണ്ണ് ചുമക്കലും കാട് വെട്ടിക്കളയലും ഒാട തെളിക്കലും തൊഴിലാളികൾ മാത്രമേ ചെയ്യാവൂ എന്നുണ്ടോ. തങ്ങളുടെ ദേഹത്ത് മാത്രമാണോ മണ്ണും വെള്ളവും പറ്റേണ്ടത്. വിറകു വെട്ടാനും വെള്ളം കോരാനും അണികൾ എന്ന പോലെയാണ് സൗജന്യ ശുചീകരണത്തിന് തൊഴിലാളികളെ മാത്രം ഉപയോഗിക്കുന്നത്.

പത്തനംതിട്ട ജില്ലയിൽ ഭരണപക്ഷ പാർട്ടി തൊഴിലാളി സംഘടനകളെ ഇറക്കി ശുചീകരണം നടത്തിയതിന് പിന്നിൽ വേറെയും രാഷ്ട്രീയമുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുന്നണി നല്ല പ്രകടനം കാഴ്ചവച്ചു. ഇനി തദ്ദേശ തിരഞ്ഞെടുപ്പാണ്. ഒരു വർഷത്തിനുള്ളിൽ അതുണ്ടാവും. കളമറിഞ്ഞ് കളിക്കണം. ജനങ്ങൾ എപ്പോഴും ഇടപെടുന്ന താഴേത്തട്ടിലെ തിരഞ്ഞെടുപ്പാണ് വരുന്നത്. തദ്ദേശ സ്ഥാപനങ്ങളിൽ കൂടുതലും ഇടതുമുന്നണിയാണ് ഭരിക്കുന്നത്. ഉള്ളത് കയ്യിൽ നിന്നു പോകരുത്. ഇല്ലാത്തത് പിടിച്ചെടുക്കകയും വേണം. അങ്ങനെ എല്ലായിടത്തും സർവാധിപത്യം വേണം. അതിന് പാർലമെന്റ് തിരഞ്ഞെടുപ്പിനേക്കാൾ ശക്തമായ പ്രവർത്തനം വേണം. ജനങ്ങളുമായി നിരന്തര സമ്പർക്കമുള്ള പ്രവർത്തകരെ സ്ഥാനാർത്ഥികളായി കണ്ടെത്തണം. പഞ്ചായത്ത് വാർഡിലെ എല്ലാ കാര്യങ്ങളിലും ഇടപെണം. അതിന് ഇപ്പോൾ പറ്റിയ തുടക്കം സർക്കാർ സ്കൂൾ ശുചീകരണമാണ്. ഏറ്റവും ജനകീയമായി പരിപാടി നടത്തി. ജില്ലാ നേതാക്കൾ മുതൽ താഴോട്ടുള്ളവർ ശുചീകരണത്തിൽ പങ്കാളികളായി. ശുചീകരണ പ്രവർനത്തിന് അവധി ദിവസങ്ങളിൽ പോലും സ്കൂൾ പ്രധാനാദ്ധ്യാപകരെ വിളിച്ചുവരുത്തി. ഒന്നിച്ചു നിന്ന് ഫോട്ടോയെടുത്ത് മാദ്ധ്യമങ്ങൾക്ക് നൽകി. ഇതുകണ്ട് പ്രതിപക്ഷ പാർട്ടികളും വെറുതെയിരുന്നില്ല. കോൺഗ്രസും തൊഴിലാളി സംഘടനയെ രംഗത്തിറക്കി. നേതാക്കളും പ്രവർത്തകരും തിക്കിത്തിരക്കി ശുചീകരണം ജനകീയ ഉത്സവമാക്കി.

ശുചീകരണം തുടരണം

പുതിയ അദ്ധ്യയന വർഷത്തിന് സ്കൂളുകൾ തുറന്നു. കാലവർഷം തുടങ്ങിയിട്ടേയുള്ളൂ. വെള്ളപ്പൊക്കം വരാനിരിക്കുന്നു. കാടുകൾ ഇനിയും വളരും. സ്കൂൾ പരിസരങ്ങളിൽ പുല്ല് വളരും. വെളളം കെട്ടി നിൽക്കും. ജലജന്യ രോഗങ്ങൾ പടരുന്നതിന് ഇനിയാണ് സാദ്ധ്യതകൾ. അതുകൊണ്ട് ശുചീകരണം ഇവിടെ അവസാനിക്കാതെ തുടരണം. പണമില്ലാത്ത സർക്കാരിനേക്കൊണ്ട് ഇതൊക്കെ പറ്റുമെന്ന് തോന്നുന്നില്ല. അവർ ഉറക്കത്തിലാണ്. ശുചീകരണത്തിന്റെ ഉത്തരവാദിത്വം രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളും ഏറ്റെടുക്കണം. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വൃത്തിയാക്കലുകൾ വെറും പ്രഹസനമാകും. തിരഞ്ഞടുപ്പ് കഴിഞ്ഞും അതു തുടരുമ്പോഴാണ് പാർട്ടികളുടെ സാമൂഹിക പ്രതിബദ്ധത ജനങ്ങൾക്കു ബോദ്ധ്യപ്പെടുന്നത്. സർക്കാരും രാഷ്ട്രീയ പാർട്ടികളും സാമൂഹിക സംഘടനകളും ക്ളബുകളും ഒത്തു ചേരുമ്പോൾ ഏതു പ്രതിസന്ധിയും ഒഴിഞ്ഞു പൊയ്ക്കൊള്ളും. നാടിന്റെ നൻമയ്ക്ക് നാട്ടുകാരുടെ കൂടിച്ചേരലുകൾ ഇങ്ങനെയൊക്കെയാണ് നടക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.