SignIn
Kerala Kaumudi Online
Sunday, 15 September 2024 5.16 AM IST

പ്രതിസന്ധിയിൽ തളരാതെ,​ നാം അതിജീവിച്ച ജനതയാണ്

Increase Font Size Decrease Font Size Print Page
petti

2018ലെ മഹാപ്രളയവും പുത്തുമലയിലെയും കവളപ്പാറയിലെയും പെട്ടിമുടിയിലെയും ഉരുൾപൊട്ടലുകളെയും അതിജീവിച്ച ഒരുപാടു പേർ നമുക്കു ചുറ്റുമുണ്ട്. ഉറ്റവർ, ഒരു ആയുസിന്റെ സമ്പാദ്യം, കൃഷി തുടങ്ങി ഇവരുടെ നഷ്ടങ്ങളുടെ പട്ടിക നീണ്ടതായിരുന്നു. തിരിച്ചുകിട്ടിയ ജീവനും വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും ഭാരവുമായാണ് പലരും ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് മടങ്ങിയത്. മനോവേദനയിൽ ആത്മഹത്യയിൽ അഭയം പ്രാപിച്ചവരുമുണ്ട്. അവരെല്ലാം പറഞ്ഞുവെച്ചത് ദുരന്തവും പിന്നീടുള്ള അതിജീവനവും ഇത് മനസിനേൽപ്പിക്കുന്ന ക്ഷതത്തിന്റെ ആഴത്തെ കുറിച്ചാണ്.

അനിവാര്യമായ

തിരിച്ചുവരവ്

ദുരന്തം ബാക്കിയാക്കുന്ന എല്ലാം നഷ്ടപ്പെട്ട ആളുകൾക്ക് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ഇടപെടലുകളും തുടർച്ചയായി നടത്തേണ്ടതുണ്ട്. പലപ്പോഴും നമുക്ക് നഷ്ടപ്പെടുന്നത് ഈ തുടർച്ചയാണ്. എന്തെങ്കിലും സംഭവങ്ങളുണ്ടാകുമ്പോൾ നടത്തുന്ന ഇത്തരം ഇടപെടലുകളിൽ കൃത്യമായ ഫോളോഅപ്പ് പലപ്പോഴും ഉണ്ടാകുന്നില്ലെന്നുള്ളതാണ് വസ്തുത.

ദേശീയ ദുരന്തമാണെങ്കിൽ കൂടി വർഷങ്ങൾ കഴിയുമ്പോൾ അത് അഭിമുഖീകരിക്കേണ്ടി വന്നവരുടെ മാത്രം ദുരന്തമായി അവശേഷിക്കപ്പെടുന്നതു കൊണ്ടുള്ള പ്രശ്നങ്ങളാണ് അത്. മാനസികമായി ബുദ്ധമുട്ടുകളനുഭവിക്കുന്നവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ തുടർച്ചയായി നടത്തണം. അവരെ ഇത്തരം ബുദ്ധിമുട്ടുള്ള അന്തരീക്ഷത്തിൽ നിന്ന് മാറ്റിനിറുത്തണമെങ്കിൽ അതും ചെയ്യണം. കുറച്ചുപേർക്ക് മരുന്നുകൾ വേണ്ടി വന്നേക്കാം. പലപ്പോഴും പ്രകടമായ ശാരീരിക വൈഷമ്യങ്ങൾ ഇല്ലാത്തതിനാൽ മാനസികാരോഗ്യത്തെ ആരും ഗൗനിക്കാറില്ല. മറ്റൊന്ന് നഷ്ടങ്ങളോടുള്ള പ്രതികരണമാണ്. 'അഡ്ജസ്റ്റ്‌മെന്റ് ഡിസോർഡർ' എന്നുപറയുന്ന അവസ്ഥ. വീടില്ല, സ്ഥലമില്ല, മറ്റു ജോലിക്ക് പോകാൻ ഇടമില്ല, കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി, സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടു,​ തുടങ്ങി ജീവിതത്തിലുണ്ടായ നഷ്ടങ്ങളെ ഓർത്തുള്ള വിഷമങ്ങളിൽ കുടുങ്ങിക്കിടന്ന അവസ്ഥ. ഇതെല്ലാം പരിഹരിക്കുന്നതിന് അവരുടെ കൂടെനിൽക്കുന്നതിനൊപ്പം കൗൺസിലിംഗും പിന്തുണയും വേണ്ടിവരും.

കൈപിടിച്ചുയർത്താം

ജീവിതത്തിലേക്ക്

ഒരു ദുരന്തമുണ്ടായാൽ സാധാരണഗതിയിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കാണ് പ്രാമുഖ്യം. അതാണ് ആദ്യം നൽകുന്ന പിന്തുണ. ആളുകളെ കണ്ടെത്തുക, അവരെ രക്ഷപ്പെടുത്തുക. ഒരു ദുരന്തത്തെ അഭിമുഖീകരിക്കുമ്പോഴുണ്ടാകുന്ന ഷോക്ക് മണിക്കൂറുകളോ ദിവസങ്ങളോ കഴിയുമ്പോഴാണ് പ്രകടമാകുക. ആദ്യം ഉണ്ടാകുക ഒരു അന്ധാളിപ്പും വെപ്രാളവും ആണ്. എന്തുചെയ്യണം എന്നറിയാതെ, കരയണോ ചിരിക്കണോ എന്നറിയാതെ നിൽക്കുന്ന അവസ്ഥ. ചിലർ ഭയങ്കരമായി ആക്രമണോത്സുകത കാണിക്കുകയോ ബഹളം വെക്കുകയോ ആർത്തലയ്ക്കുകയോ ചെയ്യും. ചിലർ മിണ്ടാതെ മൂലയ്ക്കിരിക്കും. പല രീതിയിലുള്ള പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. അതെന്തു തന്നെയായാലും വളരെ സ്വാഭാവികമായ പ്രതികരണങ്ങളായാണ് കണക്കാക്കുക. പരസ്പരം സഹായിക്കേണ്ട അവസ്ഥയിലാണെങ്കിലും ചിലർക്ക് അതിനുള്ള മനസ്സ് കാണില്ല. രണ്ടാഴ്ച വരെയിത് കുഴപ്പമില്ല. അതുകഴിഞ്ഞും ഇത്തരം ലക്ഷണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിൽ അവർക്ക് സഹായം ആവശ്യമാണ്. ദുരിതാശ്വാസ ക്യാമ്പിലാണെങ്കിൽ ഭക്ഷണം പാകം ചെയ്യുന്നത് പോലുള്ള പ്രവർത്തനങ്ങളിൽ ബോധപൂർവം അവരെ പങ്കെടുപ്പിക്കണം. അവരുടെ ജീവിതം സാധാരണമാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പക്ഷേ, ഒരു വിഭാഗം ആളുകൾക്ക് അപ്പോഴും പ്രശ്നമുണ്ടാകും. നേരത്തേ മാനസിക പ്രശ്നമുള്ളവർക്കും മദ്യപാന ശീലമുള്ളവർക്കും പ്രശ്നങ്ങൾ ഉണ്ടാകാം. ആ സമയത്ത് തുടർന്നുള്ള ചികിത്സ വേണ്ടി വരും.


ഗോപിക അതിജീവനത്തിന്റെ മാതൃക

മുണ്ടക്കൈയ്ക്ക് മുമ്പ് സംസ്ഥാനം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പെട്ടിമുടിയിൽ തന്നെ അതിജീവനത്തിന്റെ അതിമനോഹരമായ ഒരു മാതൃകയുണ്ട്. പെട്ടിമുടി ദുരന്തത്തിന് കഴിഞ്ഞ ദിവസം നാല് വയസ് തികഞ്ഞപ്പോൾ പെട്ടിമുടിയിൽ തന്നെ അതിജീവനത്തിന്റെ ഒരു മനോഹമാതൃകയുണ്ട്. ഇരവികുളം ദേശീയോദ്യാനത്തിൽ ഡ്രൈവറായിരുന്ന ഗണേശന്റെയും അങ്കണവാടി അദ്ധ്യാപികയായ തങ്കത്തിന്റെയും മകളായ ഗോപിക. പെട്ടിമുടി ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടമായ ഗോപിക ഇപ്പോൾ പാലക്കാട് മെഡിക്കൽ കോളേജിലെ രണ്ടാംവർഷ എം.ബി.ബി.എസ് വിദ്യാർത്ഥിനിയാണ്. ദുരന്തമുണ്ടാകുമ്പോൾ തിരുവനന്തപുരം മോഡൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പഠിക്കുകയായിരുന്നു ഗോപികയും (20) സഹോദരി ഹേമലതയും (22). മാദ്ധ്യമങ്ങളിലൂടെ വിവരങ്ങൾ അറിഞ്ഞ് പ്രിയപ്പെട്ടവർക്കൊന്നും വരുത്തല്ലേ എന്ന് പ്രാർത്ഥിച്ചാണ് പെട്ടിമുടിയെത്തിയത്. അവിടെയെത്തിയപ്പോഴാണ് ദുരന്തത്തിന്റെ വ്യാപ്തി മനസിലായതെന്ന് ഗോപിക പറയുന്നു. തങ്ങൾ ഓടിക്കളിച്ച് വളർന്ന സ്ഥലത്ത് വലിയ പാറക്കൂട്ടങ്ങളും മണ്ണും മാത്രം. തങ്ങളുടെ മനോഹര ഗ്രാമം കാണാനില്ല. തോട്ടങ്ങളിലെ കൊളുന്ത് ശേഖരിക്കുന്ന ട്രാക്ടറുകളിലൂടെ കൊണ്ടുപോകുന്ന മൃദേഹങ്ങൾ കണ്ട് കണ്ണടച്ചു നിന്നു. വിറങ്ങലിച്ചു നിൽക്കുമ്പോ ചിലർ ചേർന്ന് അവിടത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മൂന്നു ദിവസം മണ്ണിനടയിൽ ആയിരുന്നത് കൊണ്ട് ആർക്കും മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നില്ല. അച്ഛനെ തനിക്ക് മനസ്സിലായി. അമ്മയുടെ മുഖം നന്നായി വീർത്തിരുന്നു ചുണ്ട് പൊട്ടി. ജെ.സി.ബി. വെച്ച് തിരഞ്ഞതുകൊണ്ട് മൃതദേഹത്തിൽ നല്ലപോലെ കേടുപാടുകൾ ഉണ്ടായിരുന്നു. അമ്മയുടെ വിരലിൽ സ്വർണവർണത്തിലുള്ള ലിപികളാൽ പേരെഴുതിയ ചിരട്ട മോതിരം ഉണ്ടായിരുന്നു. അതുകണ്ട് അമ്മയെ തിരിച്ചറിഞ്ഞു. കുടുംബത്തിലെ 24 പേരെയാണ് അന്ന് ദുരന്തം ഗോപികയിൽ നിന്ന് തട്ടിയെടുത്തത്. പത്താംക്ലാസിൽ അച്ഛൻ പ്രതീക്ഷിച്ചപോലെ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടാൻ തനിക്കായില്ല. അന്ന് അച്ഛൻ വിഷമിച്ചത് സങ്കടമുണ്ടാക്കി. പ്ലസ്ടുവിന് മുഴുവൻ എ പ്ലസും വാങ്ങുമെന്നും ഡോക്ടറാകുമെന്നും അന്നച്ഛന് വാക്കുകൊടുത്തതാണ്. ആ വാക്ക് പാലിക്കാനുള്ള ശ്രമത്തിലാണ് ഗോപിക. ചേച്ചി ഹേമലത കുസാറ്റിൽ എൻവയേൺമെന്റ് സയൻസിൽ പി.ജി ചെയ്യുകയാണ്. കേരള, തമിഴ്നാട് സർക്കാരുകളും ടാറ്റയും നൽകിയ നഷ്ടപരിഹാരവും വിവിധ സർക്കാർ ഗ്രാന്റും ഉപയോഗിച്ചാണ് സഹോദരിമാർ പഠനത്തിനുള്ള ചെലവ് കണ്ടെത്തുന്നത്. ഈ വാർഷികത്തിനും സഹോദരിമാർ പെട്ടിമുടിയിലെത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.