SignIn
Kerala Kaumudi Online
Thursday, 18 July 2024 6.44 AM IST

ഹാട്രിക്, പ്രേമചന്ദ്രൻ

nk-premachandran

സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം അലയടിച്ചപ്പോൾ ഏവരും ഉറ്റുനോക്കിയ കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രന് ഹാട്രിക് ജയം. 2019 ൽ നേടിയ 1,48,846 എന്ന ഭൂരിപക്ഷത്തെ മറികടന്ന് 2024-ൽ 1,​50,​302 നേടിയത് ഇടത് കേന്ദ്രങ്ങളെയും ഞെട്ടിച്ചു. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപനം മുതലേ ശ്രദ്ധേയമായി മാറിയ കൊല്ലത്ത് യു.ഡി.എഫ് പ്രതീക്ഷിച്ച വിജയമാണെങ്കിലും ഇത്രയും വലിയ ഭൂരിപക്ഷം ഒരുപക്ഷെ അവരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല. സി.പി.എമ്മിന്റെ പാർട്ടി കോട്ടകൾ ഒരിയ്ക്കൽകൂടി തകർന്നുവീഴുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനാണ് ഇക്കുറി കൊല്ലവും സാക്ഷ്യംവഹിച്ചത്. യു.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രനെ പ്രഖ്യാപിച്ചത് മുതൽ പ്രചാരണത്തിന്റെ വിവിധ ഘട്ടങ്ങളിലും വിജയപ്രതീക്ഷ പുലർത്തിയ അദ്ദേഹത്തിന് തിരഞ്ഞെടുപ്പ് ഫലം നൽകുന്നത് സി.പി.എമ്മിനോടുള്ള മധുരപ്രതികാരത്തിന്റേത് കൂടിയാണ്. ആർ.എസ്.പി എന്ന രാഷ്ട്രീയ പ്രസ്ഥാനത്തെ എഴുതി തള്ളാൻ ശ്രമിച്ചവർക്കുള്ള മറുപടി കൂടിയാണ് മൂന്നാം ജയം. തുടർച്ചയായി മൂന്നാം തവണയും മുഖ്യ എതിരാളികളായ സി.പി.എം സ്ഥാനാർത്ഥികളെ അട്ടിമറിച്ച് നേടിയ മിന്നും ജയം സംസ്ഥാനത്തെ മറ്റേത് സ്ഥാനാർത്ഥിയും നേടിയതിനെക്കാൾ തിളക്കമാർന്നതാണ്. കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലായി പ്രേമചന്ദ്രനെ പരാജയപ്പെടുത്താൻ ആവനാഴിയിലെ അസ്ത്രം മുഴുവൻ എടുത്ത് സി.പി.എം പ്രയോഗിച്ചിട്ടും അതിനെയൊക്കെ തരണം ചെയ്താണ് പ്രേമചന്ദ്രൻ ജയം കൂടെ നിറുത്തിയത്. രാഷ്ട്രീയമായും അതിനപ്പുറം വ്യക്തിപരമായും നേടിയ വോട്ടുകളാണ് അദ്ദേഹത്തിന് ഇക്കുറിയും തുണയായത്. എല്ലാവിഭാഗങ്ങളിൽ നിന്നും അദ്ദേഹത്തിന് വോട്ട് ലഭിച്ചുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.

പോളിംഗ് ശതമാനം കുറഞ്ഞിട്ടും...

2014 ലെയും 2019 ലെയും പോളിംഗ് ശതമാനത്തെക്കാൾ കുറഞ്ഞത് ഈ തിരഞ്ഞെടുപ്പിൽ മുന്നണികളെ ഒരുപോലെ അസ്വസ്ഥരാക്കിയിരുന്നു. 2014 ൽ 72.10 ശതമാനം 2019 ലെ 74.66 ശതമാനവും അപേക്ഷിച്ച് ഇക്കുറി 68.09 ശതമാനത്തിലേക്ക് കൂപ്പുകുത്തി. 13,26,648 വോട്ടർമാരിൽ 90,40,47 പേർ മാത്രമാണ് ഇക്കുറി വോട്ട് രേഖപ്പെടുത്തിയത്. 2019 ൽ 12,96,720 വോട്ടർമാരിൽ 9,68,123 പേർ വോട്ട് ചെയ്തിരുന്നു. 2019 ലെ തിരഞ്ഞെടുപ്പിലെക്കാൾ 64,076 വോട്ടർമാർ ഇക്കുറി വിട്ടുനിന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുറഞ്ഞ പോളിംഗ് ശതമാനക്കണക്കിന്റെ പ്രതിഫലനം വിജയിക്കുന്ന സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷത്തിൽ പ്രതിഫലിക്കുമെന്ന് കരുതിയെങ്കിലും പ്രേമചന്ദ്രന്റെ ഭൂരിപക്ഷത്തെ അത് കാര്യമായി ബാധിച്ചില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്. 2014 ൽ ഭേദപ്പെട്ട ഭൂരിപക്ഷത്തിലും 2019 ൽ റിക്കാർഡ് ഭൂരിപക്ഷത്തിലും വിജയിച്ച പ്രേമചന്ദ്രൻ മൂന്നാം തവണയും ജയം ആവർത്തിക്കുമെന്നതിൽ കൊല്ലത്തുകാർക്ക് സംശയമുണ്ടായിരുന്നില്ല. കഴിഞ്ഞ 10 വർഷമായി തങ്ങളിൽ നിന്ന് വഴുതിപ്പോയ കൊല്ലം സീറ്റ് ഇക്കുറി സിനിമ താരവും കൊല്ലം എം.എൽ.എ യുമായ എം. മുകേഷിലൂടെ തിരിച്ചെടുക്കാമെന്ന സി.പി.എം പ്രതീക്ഷയും അസ്ഥാനത്തായി. പ്രേമചന്ദ്രനെ ഏത്‌ വിധേനെയും തോൽപ്പിക്കുകയെന്നത് സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ കാലങ്ങളായുള്ള ലക്ഷ്യമാണ്.

മുകേഷ് എന്ന തുറുപ്പ് ചീട്ടും ഏറ്റില്ല

കൊല്ലത്ത് പ്രേമചന്ദ്രനെതിരെ മത്സരിപ്പിക്കാൻ പറ്റിയൊരു സ്ഥാനാർത്ഥിയെപ്പോലും കണ്ടെത്താൻ സി.പി.എമ്മിന് അവസാനനിമിഷം വരെയും കഴിഞ്ഞിരുന്നില്ല. ഒടുവിൽ പറ്റിയ എതിരാളിയാകാൻ മുകേഷിന് കഴിയുമെന്ന വിശ്വാസത്തിലാണ് കൊല്ലം എം.എൽ.എ കൂടിയായ അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കിയത്. ഈഴവ വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെന്ന നിലയിൽ സി.പി.എം വ്യാപകമായ പ്രചാരണവും നൽകിയിരുന്നു. കൊല്ലത്തിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തിൽ ഇന്നുവരെ നായർ വിഭാഗത്തിൽ നിന്നുള്ളവരാണ് ഇരുമുന്നണികളിൽ നിന്നും വിജയിച്ചിട്ടുള്ളത്. ഇതിൽ നിന്ന് വ്യത്യസ്തമായി 1989 ൽ ആർ.എസ്.പിയിലെ ബാബു ദിവാകരൻ ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. അതിനു ശേഷം ഇപ്പോൾ മുകേഷിലൂടെ കൊല്ലത്ത് ഈഴവ സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ തങ്ങൾ മത്സരിപ്പിക്കുന്നുവെന്ന് പ്രത്യക്ഷമായി പറഞ്ഞില്ലെങ്കിലും പരോക്ഷമായി ഇക്കാര്യം പ്രചാരണത്തിന് സി.പി.എം ഉപയോഗിച്ചിരുന്നു. എന്നാൽ മുകേഷ് പ്രേമചന്ദ്രന് പറ്റിയ എതിരാളിയല്ലെന്ന വികാരം ഇടതുമുന്നണിയിൽ തന്നെ ഒരുവിഭാഗം ശക്തമായി പ്രകടിപ്പിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പിൽ പ്രത്യേകിച്ച് രാഷ്ട്രീയ തരംഗമൊന്നും അലയടിച്ചില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനുമെതിരായ നിശബ്ദ തരംഗം അലയടിച്ചുവെന്നും അതാണ് തന്റെ വിജയം സുനിശ്ചിതമാക്കിയതെന്നും എൻ.കെ പ്രേമചന്ദ്രൻ പ്രതികരിച്ചു.

'പരനാറി' മുതൽ സംഘി വരെ

പ്രേമചന്ദ്രനെതിരായി 2014 ലെ തിരഞ്ഞെടുപ്പിൽ അന്നത്തെ സി.പി.എം സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ഉയർത്തിയ 'പരനാറി' പ്രയോഗവും പിന്നീട് അദ്ദേഹത്തെ ബി.ജെ.പി പാളയവുമായി ചേർത്തുള്ള സംഘി പ്രയോഗവുമെല്ലാം അമ്പേ തിരിഞ്ഞടിക്കുന്നതാണ് ഓരോ തിരഞ്ഞെടുപ്പിലും കണ്ടത്. 2014 ൽ പ്രേമചന്ദ്രന്റെ വിജയത്തിന് പ്രധാനമായും ആധാരമായത് പിണറായി വിജയൻ നടത്തിയ 'പരനാറി' പ്രയോഗമായിരുന്നുവെന്ന് വിലയിരുത്തിയിരുന്നു. 2019 ലും ഇതേ പ്രയോഗം പിണറായി വിജയൻ ആവർത്തിച്ചതിനൊപ്പം പ്രേമചന്ദ്രൻ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന ശക്തമായ പ്രചാരണവും അഴിച്ചുവിട്ടു. കൊല്ലം ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ചുകൊണ്ടു വന്നതാണ് സി.പി.എം തിരഞ്ഞെടുപ്പിൽ ആയുധമാക്കിയത്. ഈ തിരഞ്ഞെടുപ്പിലും പ്രേമചന്ദ്രനെ സംഘിയാക്കിയുള്ള പ്രചാരണം സി.പി.എം ശക്തമാക്കിയിരുന്നു. പ്രേമചന്ദ്രന് ലഭിക്കുന്ന ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാക്കുകയായിരുന്നു സി.പി.എം ലക്ഷ്യം. പ്രധാനമന്ത്രിയോടൊപ്പം പ്രേമചന്ദ്രൻ പാർലമെന്റ് കാന്റീനിൽ ഉച്ചഭക്ഷണം കഴിച്ചതാണ് സംഘി പ്രചാരണം ശക്തമാക്കാൻ സി.പി.എം ആയുധമാക്കിയത്. എന്നാൽ ഇതൊന്നും തെല്ലും ഏശിയില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന.

1996 ലും 1998 ലും വിജയിച്ച പ്രേമചന്ദ്രൻ

തുടർച്ചയായി മൂന്ന് തവണ കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയായി വിജയിച്ച എൻ.കെ പ്രേമചന്ദ്രൻ 1996 ലാണ് ആദ്യമായി കൊല്ലത്ത് പുതുമുഖ സ്ഥാനാർത്ഥിയായി എത്തുന്നത്. ആർ.എസ്.പി അന്ന് ഇടതുപക്ഷത്തിനൊപ്പം നിൽക്കുകയും കൊല്ലത്ത് ആർ.എസ്.പിക്ക് ശക്തമായ അടിത്തറയുണ്ടായിരുന്ന സുവർണകാലം കൂടിയായിരുന്നു അത്. കോൺഗ്രസിലെ എസ്.കൃഷ്ണകുമാർ തുടർച്ചയായി മത്സരിച്ച് വിജയിച്ച മണ്ഡലത്തിൽ നാലാമൂഴത്തിൽ തളയ്ക്കാൻ എൽ.ഡി.എഫ് നിയോഗിച്ചത് യുവാവായിരുന്ന പ്രേമചന്ദ്രനെ. കൊല്ലം സ്വദേശിയും ബിസ്ക്കറ്റ് രാജാവെന്നും അറിയപ്പെട്ട വ്യവസായി രാജൻപിള്ള തിഹാർജയിലിൽ മരണമടഞ്ഞ സാഹചര്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. രാജൻപിള്ളയുടെവിധവ നീന രാജൻപിള്ള കൊല്ലത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. പ്രേമചന്ദ്രൻ 78,370 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കന്നിജയം കുറിച്ചത്. എന്നാൽ കേന്ദ്രത്തിൽ അധികാരത്തിലേറിയ സർക്കാരുകൾക്ക് സ്ഥിരത ഇല്ലാതിരുന്നതിനാൽ 1998 ൽ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് നീങ്ങി. കേന്ദ്രത്തിൽ മൂന്ന് പ്രധാനമന്ത്രിമാരാണ് രണ്ട് വർഷത്തിനിടെ ഉണ്ടായത്. 13 ദിവസം മാത്രം പ്രധാനമന്ത്രിയായിരുന്ന എ.ബി വാജ്പേയിക്ക് ഭൂരിപക്ഷം തെളിയിക്കാനാകാതെ രാജിവയ്ക്കേണ്ടി വന്നു. തുടർന്ന് 13 മാസം എച്ച്.ഡി ദേവഗൗഡയും 6 മാസക്കാലം ഐ.കെ ഗുജ്റാളും പ്രധാനമന്ത്രിമാരായി. 1998 ൽ വീണ്ടും തിരഞ്ഞെടുപ്പ് നടന്നെങ്കിലും വെറും 13 മാസം നീണ്ടുനിന്ന എൻ.ഡി.എ ഭരണം എ.ഐ.എ.ഡി.എം.കെ പിന്തുണ പിൻവലിച്ചതോടെ അവസാനിച്ചു. 1998 ലെ തിരഞ്ഞെടുപ്പിൽ കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രൻ കോൺഗ്രസിലെ കെ.സി രാജനെ 78,370 വോട്ടിനാണ് പരാജയപ്പെടുത്തിയത്. 1999 ൽ നടന്ന തിരഞ്ഞെടുപ്പിൽ കൊല്ലത്തെ രാഷ്ട്രീയം ആകെ മാറിമറിഞ്ഞു. ആർ.എസ്.പിയിൽ നിന്ന് കൊല്ലം സീറ്റ് പിടിച്ചെടുത്ത സി.പി.എം, പി. രാജേന്ദ്രനെയാണ് സ്ഥാനാർത്ഥിയാക്കിയത്. 1999 ലും 2004 ലും പി. രാജേന്ദ്രനായിരുന്നു ജയം. 2014 ആയതോടെ ആർ.എസ്.പി കൊല്ലം സീറ്റ് തിരികെ ചോദിച്ചത് എൽ.ഡി.എഫിൽ അസ്വാരസ്യങ്ങൾക്കിടയാക്കി. ആർ.എസ്.പിയുടെ ആവശ്യം തള്ളിയ സി.പി.എം, കൊല്ലത്ത് ഏകപക്ഷീയമായി തങ്ങളുടെ സ്ഥാനാർത്ഥിയായി പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയെ സ്ഥാനാർത്ഥിയാക്കി. അപ്രതീക്ഷിതമായ നീക്കങ്ങൾക്കൊടുവിൽ സി.പി.എമ്മിനെയും എൽ.ഡി.എഫിനെയും ഞെട്ടിച്ച ആർ.എസ്.പി ഇടതുമുന്നണി വിടാൻ തീരുമാനിച്ചു. കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രേമചന്ദ്രനെ പ്രഖ്യാപിച്ചതോടെ സി.പി.എമ്മിന് ഇരട്ടപ്രഹരമായി. ഫലം വന്നപ്പോൾ എം.എ ബേബിയെ 37,649 വോട്ടിന് പ്രേമചന്ദ്രൻ പരാജയപ്പെടുത്തി. 2019 ൽ കെ.എൻ ബാലഗോപാലിനെ 1,48, 846 എന്ന റിക്കാർഡ് ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. ഇപ്പോൾ മൂന്നാമതും അതിനെക്കാൾ ഭൂരിപക്ഷത്തിൽ വിജയം ആവർത്തിച്ചിരിക്കുന്നു.

കൊല്ലത്തിന് അഭിമാനമായി സുരേഷ്ഗോപിയും

തൃശൂരിൽ നിന്ന് ബി.ജെ.പിക്ക് കേരളത്തിലെ കന്നിവിജയം സമ്മാനിച്ച സുരേഷ്ഗോപിയും കൊല്ലത്തിന്റെ അഭിമാനമായി മാറി. പാർലമെന്റിൽ ഇനി കൊല്ലത്തെ പ്രതിനിധീകരിക്കാൻ പ്രേമചന്ദ്രനു പുറമെ

സുരേഷ്ഗോപിയും ഉണ്ടാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: OPINION
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.