SignIn
Kerala Kaumudi Online
Tuesday, 23 September 2025 1.46 PM IST

റോഡിലും പാളത്തിലും ശ്വാസംമുട്ടുന്ന യാത്ര

Increase Font Size Decrease Font Size Print Page
memu

കേരളത്തിലെ ദേശീയ, സംസ്ഥാന പാതകളിലും മറ്റു പ്രധാന റോഡുകളിലും ഒരേസമയം നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും മൂലം റോഡ് ഗതാഗതം മാസങ്ങളായി കുരുക്കിലാണ്. ഇതിൽ സ്ഥിരം ഹ്രസ്വദൂരയാത്രക്കാർക്ക് ഏറെക്കാലമായി ആശ്വാസം മെമു ട്രെയിനുകളായിരുന്നു. പക്ഷേ, നീണ്ടുപോകുന്ന റോഡുപണി കാരണം മെമു ട്രെയിനുകളിലുള്ള യാത്രക്കാരും തിരക്കിൽ വീർപ്പുമുട്ടുകയാണ്. ദീർഘദൂര യാത്രക്കാരുടെ അനുഭവവും വ്യത്യസ്തമല്ല. ആഭ്യന്തര വിനോദസഞ്ചാരം വ്യാപകമായിക്കൊണ്ടിരിക്കുന്നതിനാൽ അവധിക്കാലത്തും സ്ഥിതി ഗുരുതരമാകും. തൊഴിലെടുക്കാൻ വേണ്ടി അയൽജില്ലകളിലേക്ക് പോകുന്നവർ ഭൂരിഭാഗവും തിരഞ്ഞെടുക്കുന്നത് ട്രെയിൻ യാത്രയാണ്. സീസൺ ടിക്കറ്റെടുത്താൽ കുറഞ്ഞ പണം ഉപയോഗിച്ച് ജോലിയ്ക്കു പോകാം. ബസിനേക്കാൾ വേഗം എത്തുകയും ചെയ്യും. പക്ഷേ, കഴിഞ്ഞ കുറേ മാസങ്ങളായി മെമു ട്രെയിനുകളിൽ യാത്രക്കാരുടെ വൻതിരക്കാണ്. ഓരോ ദിവസവും കൂടുന്നൂവെന്നാണ് റിപ്പോർട്ടുകൾ. എറണാകുളം,തൃശൂർ,പാലക്കാട് ജില്ലകളിൽ നിന്നുള്ള സ്ഥിരം യാത്രക്കാർ വീർപ്പുമുട്ടിയാണ് മെമുവിൽ സഞ്ചരിക്കുന്നത്. ഹ്രസ്വദൂര യാത്രകൾ ദുരിതപൂർണ്ണമായതോടെ

കൂടുതൽ മെമു ട്രെയിനുകളും കോച്ചുകളും വേണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും നടപ്പായില്ല.

രാവിലെയും വൈകിട്ടും ഓഫീസ് സമയത്തുള്ള യാത്രകളാണ് ദുരിതമാകുന്നത്. തിങ്കളാഴ്ചകളിൽ രാവിലെ തൃശൂർ ഭാഗത്തുനിന്നും എറണാകുളത്തേയ്ക്കും വെള്ളി,ശനി ദിവസങ്ങളിൽ വൈകിട്ടും യാത്രക്കാർ ശ്വാസംമുട്ടിയാണ് കോച്ചുകളിൽ യാത്രചെയ്യുന്നത്. തിങ്ങിനിറഞ്ഞ ട്രെയിനുകളിൽ സ്ത്രീകളും കുട്ടികളും പ്രായമായവരുമാണ് ബുദ്ധിമുട്ടുന്നത്.

കോച്ചുകൾ കുറച്ചു;

വീണ്ടും പണിയായി
യാത്രക്കാർ പ്രതിദിനം കൂടിവരുമ്പോഴാണ് അറ്റകുറ്റപണികളുടെ പേരിൽ റെയിൽവേ കോച്ചുകൾ കുറയ്ക്കുന്നത്. വൈകിട്ടുള്ള എറണാകുളം- ഷൊർണ്ണൂർ മെമു 16കോച്ചുകളായി കൂട്ടിയെങ്കിലും പലപ്പോഴും വെള്ളി,ശനി ദിവസങ്ങളിൽ കോച്ചുകൾ കുറയും. ഈ ട്രെയിൻ പിന്നീട് ഷൊർണ്ണൂരിൽ നിന്നും നിലമ്പൂർ വരെ പോകുന്നതിനാൽ യാത്രക്കാരുടെ എണ്ണം മുമ്പത്തേക്കാൾ കൂടിയിട്ടുമുണ്ട്. എറണാകുളം- പാലക്കാട് മെമുവിൽ 8 കോച്ചുകൾ മാത്രമാണുളളത്. എറണാകുളം -ഷൊർണ്ണൂർ മെമുവിൽ വെള്ളി,ശനി ദിവസങ്ങളിലാണെങ്കിൽ 12കോച്ചായി കുറയും. ആലപ്പുഴ- കണ്ണൂർ എക്സ്പ്രസ്സിലും വൻതിരക്കാണ്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാ പാസഞ്ചർ/മെമു ട്രെയിനുകളും ചുരുങ്ങിയത് 16 കോച്ചുകളെങ്കിലുമുള്ളതാക്കി മാറ്റണമെന്നും ആഴ്ചയിൽ എല്ലാ ദിവസവും ഓടണമെന്നും ഇതിനാവശ്യമായ മെമു കോച്ചുകൾ അടിയന്തരമായി തിരുവനന്തപുരം,പാലക്കാട് ഡിവിഷനുകൾക്ക് അനുവദിയ്ക്കണമെന്നും ആവശ്യപ്പെട്ട് തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയ്ക്ക് നിവേദനം നൽകിയിട്ടുണ്ട്.

കോയമ്പത്തൂരിലേക്കുമില്ല

തൃശൂരിൽ നിന്നും രാവിലെ കോയമ്പത്തൂരിലേക്കും വൈകിട്ട് തിരിച്ചും മെമു വേണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നതാണ്. അതും റെയിൽവേ ചെവിക്കൊണ്ടിട്ടില്ല. തൃശൂരിനും കോയമ്പത്തൂരിനും ഇടയിൽ ഇരുദിശകളിലും രാവിലെയും വൈകിട്ടും ഓരോ മെമു വേണമെന്നും തൃശൂരിനും ഗുരുവായൂരിനുമിടയിൽ മെമു ഷട്ടിൽ സർവീസ് അനിവാര്യമാണെന്നും റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ കഴിഞ്ഞവർഷം ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡിനുമുമ്പ് നിറുത്തിവെച്ച ഗുരുവായൂർ-എറണാകുളം പാസഞ്ചർ ട്രെയിൻ ഉടൻ പുനരാരംഭിക്കുമെന്ന് സുരേഷ്‌ഗോപി ഉറപ്പു നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ റെയിൽവേ ഡിവിഷണൽ മാനേജർക്ക് കത്ത് നൽകിയിട്ടുണ്ടെന്നും പാസഞ്ചറിനു പുറമേ തൃശൂർ വരെ ഒരു ഷട്ടിൽ സർവീസും ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൂടുതൽ മെമു വണ്ടികളും കോച്ചുകളും അടിയന്തരമായി അനുവദിച്ചില്ലെങ്കിൽ ഹ്രസ്വദൂരയാത്രകൾ ഇനിയും ദുരിതപൂർണ്ണമാകുമെന്ന് തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.കൃഷ്ണകുമാർ പറയുന്നു.

പാലക്കാട്– എറണാകുളം മെമു യാത്രയിലും ദുരിതമാണ്. പാലക്കാട്ടുനിന്ന് പുറപ്പെടുമ്പോൾ തന്നെ ട്രെയിനിൽ വൻ തിരക്കാകും. തൃശൂർ മെഡിക്കൽ കോളേജ്, അമല ആശുപത്രി, ജൂബിലി മിഷൻ ആശുപത്രി എന്നിവിടങ്ങളിലേക്കുളള രോഗികളും കൂട്ടിരിപ്പുകാരും അടക്കം ഈ ട്രെയിനിൽ ഉണ്ടാകും. അർബുദ ബാധിതരും വൃക്കരോഗത്തിന് ഡയാലിസിസ് ചെയ്യുന്നവരുമാകും ഏറെയും. കൂട്ടത്തിൽ വിദ്യാർത്ഥികളും സർക്കാർ– സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്നവരും സ്ത്രീകളും വയോജനങ്ങളുമെല്ലാമുണ്ടാകും. ദീർഘദൂര വണ്ടികൾ കൃത്യസമയത്ത് എത്തുമെന്നുറപ്പില്ലാത്തതിനാൽ യാത്രക്കാരുടെ പ്രധാന ആശ്രയമാണ് മെമു.

പണി എന്ന് തീരും ?

എറണാകുളം-പാലക്കാട് ദേശീയപാതയിൽ തൃശൂർ ജില്ലയിലെ അടിപ്പാതകളുടെ നിർമ്മാണം എന്ന് തീരുമെന്ന് വ്യക്തമായ മറുപടി ഇനിയുമില്ല. കളക്ടറുടെ നേതൃത്വത്തിലുള്ള ട്രാഫിക് മാനേജ്മെന്റ് സമിതി നിർദ്ദേശിച്ച ജോലികൾ പൂർത്തിയാക്കിയെന്നും നിലവിൽ ദേശീയപാതയിൽ പ്രശ്നങ്ങളില്ലെന്നും ദേശീയപാത അതോറിട്ടി ഹൈക്കോടതിയെ അറിയിച്ചിരുന്നു. പക്ഷേ, പണി ഉടൻ തീരുമെന്ന് കരുതാനാവില്ല. പലയിടങ്ങളിലും അറുപത് ശതമാനം പോലും പണി കഴിഞ്ഞിട്ടില്ല. മണ്ണുത്തി–വടക്കഞ്ചേരി ആറുവരി ദേശീയപാതയിൽ പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ മുടിക്കോട്,കല്ലിടുക്ക്, വാണിയമ്പാറ എന്നിവിടങ്ങളിലാണ് അടിപ്പാതകളുടെ നിർമ്മാണം നടക്കുന്നത്. ഇപ്പോഴുള്ള മണ്ണുത്തി, തോട്ടപ്പടി, പട്ടിക്കാട്, വഴുക്കുംപാറ, തേനിടുക്ക് എന്നീ അടിപ്പാതകൾക്കു പുറമേയാണിത്. 18 മാസങ്ങൾക്കുള്ളിൽ അടിപ്പാതകൾ നിർമ്മിക്കാമെന്ന വ്യവസ്ഥയിൽ തമിഴ്നാട്ടിൽ നാമയ്ക്കൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയാണ് നിർമ്മാണം. എന്നാൽ പതിനഞ്ച് മാസം കഴിഞ്ഞിട്ടും 70 ശതമാനം പോലും പണിപൂർത്തിയായിട്ടില്ല. മണ്ണുത്തി-ഇടപ്പളളി പാതയിലുളള പണികളും ഏതാണ്ട് സമാനമായ നിലയിലാണ്. എന്തായാലും റോഡിലും പാളത്തിലും യാത്രക്കാർ ഇനിയും വീർപ്പുമുട്ടുമെന്ന് ഉറപ്പായി.

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.