SignIn
Kerala Kaumudi Online
Friday, 05 December 2025 3.24 AM IST

രാജ്ഭവനുകൾ പേര് മാറുമ്പോൾ, ജനങ്ങളുടെ വസതിക്ക് വാതിൽ തുറന്ന കഥ

Increase Font Size Decrease Font Size Print Page

rajbhavan-

കേരള രാജ്‌ഭവൻ എന്ന പേരു മാറ്റി, നമ്മുടെ ഗവർണറുടെ ആസ്ഥാനം ഇനി മുതൽ 'ലോക്‌ഭവൻ" അഥവാ 'ജനങ്ങളുടെ വസതി" എന്ന പേര് സ്വീകരിച്ചിരിക്കുകയാണ്. എല്ലാ ഔപചാരികമായ എഴുത്തുകളിലും രാജ്‌ഭവനു പകരം ഇനി ലോക്‌ഭവൻ എന്ന പേരായിരിക്കും ഉണ്ടാവുക. ഈ രംഗത്ത് കാതലായ മാറ്റം സൃഷ്ടിക്കുന്നതിനു പിന്നിലെ മാസ്‌മരശക്തി ആദരണീയനായ കേരള ഗവർണർ രാജേന്ദ്ര ആർലേക്കറാണ്. 2022-ൽ ഹിമാചൽ ഗവർണറായിരുന്ന അദ്ദേഹമാണ് രാഷ്ട്രപതി ഭവനിൽ ചേർന്ന ഗവർണർമാരുടെ സമ്മേളനത്തിൽ ഈ നിർദ്ദേശം മുന്നോട്ടുവച്ചത്.

ഭരണത്തലവനായ ഗവർണറുടെ ആസ്ഥാനം ലോക്‌ഭവൻ എന്ന,​ ജനങ്ങളുടെ വസതിയായി മാറുന്നതോടെ ജനങ്ങൾക്ക് കൂടുതലായി ആശ്രയിക്കാനാവുന്ന ഒന്നായി അവിടം മാറുകയാണ് ചെയ്യുക. കഴിഞ്ഞ കൊല്ലം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതു പോലെ ഗവർണർ പദവി കൂടുതൽ ജനങ്ങൾക്കിടയിലേക്ക് എത്തിപ്പെടാനുള്ള സുവർണാവസരമാണ് ഇപ്പോൾ സംജാതമായിട്ടുള്ളത്. ഈ ആശയം ആദ്യമായി മുന്നോട്ടുവയ്ക്കാനും കേരളത്തിൽ നടപ്പാക്കാനും കഴിഞ്ഞതിൽ ആർലേക്കർജി അനുമോദനം അർഹിക്കുന്നു.

ജനങ്ങളിലേക്ക്

നടന്നുചെന്ന്...

2022-ൽ ഹിമാചൽപ്രദേശ് ഗവർണറായിരുന്ന ആർലേക്കർ ഗോവ രാജ്‌ഭവനിൽ ചില ജീവകാരുണ്യ പരിപാടികൾ ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് ഗോവ രാജ്‌ഭവനെ ലോക്‌ഭവനാക്കി മാറ്റിയെന്ന് വിശേഷിഷിച്ചുകൊണ്ട്,​ അന്ന് അവിടെ ഗവർണറായിരുന്ന ഈ ലേഖകനെ അഭിനന്ദിച്ചത്. ഗോവ സമ്പൂർണ ഗ്രാമ സന്ദർശന പദ്ധതി വഴി ഗോവയിലെ ഗവർണർ എല്ലാ ഗ്രാമങ്ങളും സന്ദർശിച്ച് മൂവായിരത്തോളം കാൻസർ - ഡയാലിസിസ് രോഗികൾക്ക് നേരിട്ട് സഹായം വിതരണം ചെയ്തത് രാജ്യത്തുടനീളം ജനശ്രദ്ധ നേടിയിരുന്നു. ഇതിന്റെയെല്ലാം ഫലമാണ് മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ്‌ഖാനും,​ ഇപ്പോഴത്തെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർജിയും ഗോവ രാജ്‌ഭവൻ ലോക്‌ഭവൻ ആയിരിക്കുന്നു എന്ന് അഭിപ്രായപ്പെട്ടത്.

ഗോവ രാജ്‌ഭവൻ കൊട്ടാരം ഇന്ത്യയിലെ പഴക്കമേറിയ,​ ചരിത്രമുറങ്ങുന്ന കെട്ടിടമാണ്. അവിടെ ടൂറിസ്റ്റുകൾക്കും സന്ദർശകർക്കും മറ്റും എളുപ്പത്തിൽ കടക്കാൻ കഴിയുമായിരുന്നില്ല. ഗവർണർ താമസിക്കുന്ന മന്ദിരമായതിനാൽ അവിടെ ജനങ്ങൾക്ക് പ്രവേശനം ലഭിക്കുക എളുപ്പമായിരുന്നില്ല. 2021-ൽ ഈ ലേഖകൻ ഗവർണറായി വരുന്നതിനു മുമ്പും കാലാവധി കഴിഞ്ഞ് തിരികെ വന്നതിനു ശേഷവും ഗവർണർമാരുടെ വാസസ്ഥലം രാജ്‌ഭവൻ കൊട്ടാരമായിരുന്നു. എന്നാൽ ഞാൻ നാല് വർഷക്കാലവും ആ കൊട്ടാരത്തിൽ നിന്ന് ഒരു സാധാരണ ക്വാർട്ടേഴ്സിലേക്ക് കുടുംബസമേതം താമസം മാറ്റിയിരുന്നതുകൊണ്ടാണ് ജനങ്ങൾക്ക് അവിടെ കടന്നു കാണാൻ സാധിച്ചിരുന്നത്. രാജ്‌ഭവനിൽ ആർക്കും വരാനും ഗവർണറെ കാണാനുമുള്ള ഏർപ്പാടുകൾ അന്ന് ലളിതമാക്കിയിരുന്നു. അതുകൊണ്ടാണ് ഗോവ രാജ്‌ഭവൻ, ലോക്‌ഭവനാക്കി എന്ന് എല്ലാവരും പറയുന്നത്.

ബഹുമാനപ്പെട്ട കേരള ഗവർണർ ഇക്കഴിഞ്ഞ ശിശുദിനത്തിന് രാജ്ഭവനിൽ എത്തിയ കുട്ടികളെ അഭിസംബോധന ചെയ്തപ്പോൾ,​ 'ഗോവ ഗവർണർ ശ്രീധരൻപിള്ള രാജ്‌ഭവനെ ലോക്‌ഭവനാക്കിയെന്നും ജനങ്ങൾക്കിടയിൽ അദ്ദേഹം പോവുകയും ജനങ്ങൾ രാജ്‌ഭവനിലേക്ക് വരികയും ചെയ്യുമായിരുന്നുവെന്നും,​ ഇത് മറ്റ് ഗവർണർമാർക്കുള്ള പാഠമാണ് എന്നും പറഞ്ഞു. ഗവർണർമാർ ജനങ്ങളുമായി എങ്ങനെ ഇടപെടണം എന്നതു സംബന്ധിച്ച കാഴ്ചപ്പാട് രാജ്ഭവന്റെ പത്രക്കുറിപ്പിൽ അദ്ദേഹം വിശദീകരിക്കുന്നത് ശ്രദ്ധിക്കുക: 'I have more thankful to Sreedharan Pillaiji who has been a guiding force to all such occasions. I have seen him in Goa how he was moving throughout the state and once I mentioned Raj Bhavan there in Goa was made a Lok Bhavan (Peoples house ) by him. It was people come to Raj Bhavan, he used to go to the people. And Raj Bhavan was no more Raj Bhavan but it was a Loka Bhavan,​ people came there. This is a lesson for all Governors." (രാജ്ഭവന്റെ പത്രക്കുറിപ്പിൽ നിന്ന്)​.

കോളനിക്കാലം

കുടഞ്ഞെറിഞ്ഞ്

ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി 1600-ൽ ഇന്ത്യയിലെത്തുകയും,​ പിന്നീടത് ബ്രിട്ടീഷ് ഭരണവാഴ്ചയുടെ നേരിട്ടുള്ള ആധിപത്യത്തിനു കീഴിലെത്തിയതും ചരിത്രത്തിന്റെ ഭാഗമാണ്. സാധാരണഗതിയിൽ ബ്രിട്ടീഷ് കോളനി വാഴ്‌ചയ്ക്ക് അടിപ്പെടുന്ന രാജ്യങ്ങൾ വളരെ വേഗത്തിൽ യൂറോ - സെൻട്രിക് കോളനിവൽക്കരണത്തിന് കീഴടങ്ങുകയാണ് പതിവ്. എന്നാൽ 19-ാം നൂറ്റാണ്ടിന്റെ മദ്ധ്യഘട്ടത്തിൽ മെക്കാളെയുടെ വിദ്യാഭ്യാസ പദ്ധതി നമ്മുടെ മേൽ അടിച്ചേൽപ്പിക്കുന്നതുവരെ ഇന്ത്യയിൽ നിലനിന്നിരുന്ന സാംസ്കാരിക,​ വിദ്യാഭ്യാസ,​ വിജ്ഞാന മേഖലകളെ കാര്യമായി മാറ്റിമറിക്കാൻ ബ്രിട്ടീഷ് കോളനിവാഴ്ചയ്ക്ക് കഴിഞ്ഞിരുന്നില്ല.

ബ്രിട്ടീഷ് അടിമത്തം അവിഭക്ത ഇന്ത്യയ്ക്കുമേൽ അടിച്ചേല്പിച്ച വിദ്യാഭ്യാസ പദ്ധതികളും സിവിൽ, ക്രിമിനൽ, തെളിവു നിയമങ്ങളുമെല്ലാം ഭാരതീയത്തനിമയെയും സാംസ്കാരിക- പൈതൃക സംവിധാനങ്ങളെയും തകർക്കുക എന്ന ദുരുദ്ദേശ്യത്തോടെ നടപ്പിലാക്കുകയായിരുന്നു. ഒട്ടേറെ ആളുകളെ മസ്തിഷ്ക പ്രക്ഷാളനം ചെയ്ത് ബ്രിട്ടീഷ് സ്തുതിപാഠകരാക്കുന്ന വിധത്തിലാണ് അവർ പദ്ധതികൾ ആവിഷ്കരിച്ചത്. പാശ്ചാത്യ ആഗമനത്തിനു മുമ്പ് ഇന്ത്യ ലോക വ്യാപാരക്രമത്തിന്റെ 20 മുതൽ 27 ശതമാനം വരെ നിയന്ത്രിച്ചിരുന്നു എന്നതാണ് വസ്തുത. എന്നാൽ 1947-ൽ അവർ ഇന്ത്യവിടുന്ന സമയത്ത് അവിഭക്ത ഇന്ത്യയുടെ ലോക വ്യാപാര ക്രമത്തിലെ പങ്ക് കേവലം രണ്ടു ശതമാനം മാത്രമായിരുന്നു!

സ്വതന്ത്ര ഇന്ത്യ കഴിഞ്ഞ ഏഴര ദശകങ്ങളായി ബ്രിട്ടീഷ് കൊളോണിയൽ ക്രമത്തിൽനിന്ന് മോചിതരാവാൻ കിണഞ്ഞു ശ്രമിക്കുന്നുണ്ടെങ്കിലും പൂർണലക്ഷ്യം നേടാൻ നമുക്കായിട്ടില്ല. രാജ്ഭവൻ ചിട്ടവട്ടങ്ങളും സമ്പ്രദായങ്ങളും പലപ്പോഴും കോളനിവാഴ്ചകളുടെ പ്രേതങ്ങളാൽ വലയപ്പെട്ട ഒട്ടേറെ പ്രതലങ്ങൾ ഇപ്പോഴുമുണ്ട്. അവയെ അപ്പാടെ മാറ്റിമറിച്ച് പരമാധികാരികളായ ജനങ്ങളുടേതാക്കാനുള്ള ശ്രമമാണ് കേരള ഗവർണർ ചെയ്യുന്നത്. ഇതിനെ നമുക്ക് സ്വാഗതം ചെയ്യാം.

(ഗോവ, മിസോറം മുൻ ഗവർണർ ആണ് ലേഖകൻ)​

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.