SignIn
Kerala Kaumudi Online
Saturday, 17 August 2024 11.16 AM IST

അറുതി തീരുന്നില്ല കർഷകർ കണ്ണീർപ്പാടത്ത്

farmer

വേനലായാലും മഴയായാലും കർഷകരുടെ ദുരിതത്തിന് അറുതിയില്ല. കഴിഞ്ഞ മഴക്കാലം പാലക്കാടൻ പാടങ്ങളിൽ കണ്ണീരായിരുന്നു. കതിരുവന്ന് നിറഞ്ഞുനിന്നപ്പോൾ കർഷകരുടെ മുഖത്തുണ്ടായ ചെറുപുഞ്ചിരി ഏറെ നീണ്ടുനിന്നില്ല. തക്കസമയത്ത് കൊയ്ത്തിന് സംവിധാനമില്ലാതെ അപ്രതീക്ഷിത നഷ്ടമുണ്ടായി. കൊയ്ത്തു യന്ത്രങ്ങൾ തമിഴ്നാട്ടിൽ നിന്നുവരണമെന്ന സ്ഥിതിവരെയായി. ഈ തക്കം മുതലെടുത്ത്, വാടക ക്രമാതീതമായി കൂട്ടി പാവം കർഷകരെ പിഴിഞ്ഞവരുമുണ്ട്. അവിചാരിതമായി പെയ്ത മഴയിൽ നെല്ലു വീണ് വെള്ളത്തിൽ കിടന്നു മുളച്ചവകയിലുണ്ടായി നഷ്ടം. കൊയ്‌തെടുത്ത നെല്ല് ഉണക്കിയെടുക്കാനും അളന്ന് കാശ് വാങ്ങാനുമെല്ലാം തടസങ്ങളുണ്ടായിരുന്നു. സംഭരണ സമയത്ത് ഉണക്കം പോരായ്ക തുടങ്ങിയ സാങ്കേതിക പ്രശ്നങ്ങളുന്നയിച്ച് കർഷകരെ ഞെരുക്കിയത് മറ്റൊന്ന്.

കത്തുന്ന വേനൽ ദിനങ്ങളാണ് കടന്നുപോയത്. ചിറ്റൂർ, ആലത്തൂർ, കൊല്ലങ്കോട് പ്രദേശങ്ങളിൽ കൃഷിക്കാരുടെ അതീവ ദയനീയ മുഖങ്ങൾ കാണാം . കരിഞ്ഞു കരിവാളിച്ച വയലുകൾ. ഇനിയൊരു വിളയിറക്കാൻ വഴിയില്ലാത്ത വിധത്തിൽ പണമില്ലാതെ കർഷകർ. ഈ വർഷത്തെ വിഷുദിനവും കർഷകരെ സംബന്ധിച്ചിടത്തോളം മങ്ങിയതായിരുന്നു. വിളവിൽ ഭീമമായ കുറവാണുണ്ടായത്.

 ജില്ലയിൽ 32.46 കോടി രൂപയുടെ കൃഷിനാശം

ഇത്തവണ ഫെബ്രുവരി പകുതിയോടെ ആരംഭിച്ച കനത്ത ചൂടിലും പിന്നീടുണ്ടായ ഉഷ്ണതരംഗത്തിലും പാലക്കാട് ജില്ലയിൽ വ്യാപക കൃഷിനാശമെന്ന് പഠന റിപ്പോർട്ട്. വേനലിലും വരൾച്ചയിലുമായി ജില്ലയിൽ മാത്രം 32.46 കോടി രൂപയുടെ നഷ്ടം സംഭവിച്ചു. ജില്ലയിലെ 3234 ഹെക്ടർ മേഖലയെ വേനൽ സാരമായി ബാധിച്ചു. 4049 കർഷകരാണ് കാർഷികനാശം മൂലം ദുരിതം അനുഭവിക്കുന്നത്. വരൾച്ച രണ്ടാംവിള നെൽക്കൃഷിയെ ബാധിച്ചു. 1049 ഹെക്ടർ സ്ഥലത്തെ നെൽ കൃഷി പ്രതിസന്ധിയിലായി. ഇതുകൂടാതെ 723 ഏക്കർ സ്ഥലത്തെ വാഴ, 302 ഏക്കർ സ്ഥലത്തെ കുരുമുളക്, 42 ഹെക്ടർ ജാതി, 20 ഹെക്ടറിലെ പച്ചക്കറി എന്നിവയെയും വരൾച്ച ബാധിച്ചു. നിലവിൽ മിക്കയിടങ്ങളിലും ജലക്ഷാമം രൂക്ഷമാണ് അതിനാൽ കൃഷി ഇറക്കാൻ കഴിയാത്ത അവസ്ഥയാണ്. മുൻ കാലങ്ങളിൽ വറ്റാതിരുന്ന കുളങ്ങളും തോടുകളും പോലും ഇത്തവണ വറ്റി. മഴക്കുറവുമായി ബന്ധപ്പെട്ടും അല്ലാതെയും വിളകൾക്ക് രോഗം വന്നതായും കൃഷിവകുപ്പ് വ്യക്തമാക്കുന്നു.

 ഓപ്പറേഷണൽ കോസ്റ്റ് മുടങ്ങി

നെല്ലുത്പാദക സംഘങ്ങൾക്ക് കൃഷിവകുപ്പ് നൽകുന്ന പ്രവർത്തന ധനസഹായം മുടങ്ങി. മാർച്ചിൽ കിട്ടേണ്ടിയിരുന്ന കഴിഞ്ഞ സാമ്പത്തിക വർഷത്തെ തുക മാർച്ചിലെ ട്രഷറി നിയന്ത്രണം മൂലമാണ് കിട്ടാതെവന്നത്. കൃത്യമായി പ്രവർത്തിക്കുന്ന സമിതികൾക്ക് ഹെക്ടറിന് 360രൂപ നിരക്കിലാണ് തുക അനുവദിക്കുക. സംസ്ഥാനത്തെ 2,000 ത്തോളം സമിതികൾക്ക് അഞ്ചുകോടി രൂപയോളമാണ് കിട്ടാനുള്ളത്. പാടശേഖര നെല്ലുത്പാദക സംഘങ്ങളുടെ വാർഷിക പൊതുയോഗം കൂടുന്നതിനും സമിതിയോഗം പൊതുവായി തീരുമാനിക്കുന്ന കാഡകനാൽ വൃത്തിയാക്കൽ, കാർഷിക പഠനയാത്ര, വിവിധ ആനുകൂല്യങ്ങൾക്കുള്ള അപേക്ഷാഫോറങ്ങളുടെ പകർപ്പെടുക്കൽ, നെല്ല് സംഭരിച്ചതിന്റെ സ്റ്റേറ്റ്‌മെന്റ് ഫോറം പകർപ്പെടുക്കൽ, കടത്തുകൂലി നൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കുമാണ് ഈ തുക ചെലവഴിക്കാവുന്നത്. വാർഷികയോഗംചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും വരവുചെലവ് കണക്ക് കൃത്യമായി കൃഷിഭവനിൽ നൽകുകയും ചെയ്യുന്ന സമിതികൾക്ക് മാത്രമാണ് തുക ലഭിക്കാൻ അർഹത. ഇത്തരം സമിതികൾക്ക് തുക അനുവദിക്കാൻ കൃഷി ഓഫീസർ ശുപാർശചെയ്യും. 90 ശതമാനം നെല്ലുത്പാദക സംഘങ്ങളും ഫണ്ട് ലഭിക്കുന്നതിന് അർഹതയുള്ളവയാണ്. പാടശേഖരസമിതി പ്രസിഡന്റും സെക്രട്ടറിയും ഓരോ സമയത്തും വരുന്ന ചെലവുകൾ കൈയിൽ നിന്നെടുക്കുകയും കണക്കെഴുതി സൂക്ഷിച്ച്, ഫണ്ട് പാസായിവരുമ്പോൾ എടുക്കുകയുമാണ് ചെയ്യുക. സമിതിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് തുക കിട്ടുക. ട്രഷറിനിയന്ത്രണം മൂലമാണ് ഫണ്ടനുവദിക്കാൻ വൈകിയതെന്നും തുക അനുവദിക്കുന്നതിനുള്ള പണം ട്രഷറികളിലേക്ക് നൽകിയിട്ടുണ്ടെന്നുമാണ് കൃഷിവകുപ്പ് അധികാരികളുടെ വിശദീകരണം.

 അനിശ്ചിതത്വത്തിൽ റബർ സബ്സിഡിയും

മഴക്കാലത്തെ ടാപ്പിംഗിന് മുന്നോടിയായി റബർ മരങ്ങൾക്ക് മഴമറയിടുന്നതിനും കുമിൾരോഗം തടയാൻ മരുന്ന് സ്‌പ്രേചെയ്യുന്നതിനുമുള്ള സബ്സിഡി അനുവദിക്കുന്നതിൽ അനിശ്ചിതത്വം. ഓരോന്നിനും ഹെക്ടറിന് 4,000 രൂപവീതം സബ്സിഡി നൽകുന്ന റബർബോർഡിന്റെ പദ്ധതിക്ക് നേരത്തേ കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതാണെങ്കിലും നടപ്പാക്കുന്നതിനുള്ള സാങ്കേതിക തടസങ്ങളാണ് വൈകാനിടയാക്കുന്നത്.

മഴക്കാലം തുടങ്ങും മുമ്പ് മഴമറയിടലും സ്‌പ്രേയിംഗും പൂർത്തിയാക്കുകയും വേണം. സബ്സിഡി ലഭിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ ജോലിയാരംഭിച്ചിട്ടുണ്ട്.

ഇത്തവണ എത്ര ഹെക്ടറിന് തുക നൽകണമെന്നത് തീരുമാനിക്കാത്തത് ആശങ്കയുയർത്തുന്നുണ്ട്. ഇടക്കാലത്ത് മുടങ്ങിക്കിടന്നിരുന്ന പദ്ധതി കഴിഞ്ഞവർഷമാണ് പുനരാരംഭിച്ചത്. റബർ ഉത്പാദക സംഘങ്ങൾ വഴിയാണ് കഴിഞ്ഞവർഷം സബ്സിഡി വിതരണം ചെയ്തത്. ഇത്തവണ മുതൽ ഓൺലൈൻ പോർട്ടൽവഴി രജിസ്റ്റർചെയ്ത് കർഷകർക്ക് നേരിട്ട് തുക നൽകണമെന്നാണ് വ്യവസ്ഥ. ഇതിനായി ഓൺലൈൻ പോർട്ടൽ തയ്യാറാക്കാൻ സമയമെടുക്കുമെന്നതാണ് വൈകാൻ കാരണം. സമയബന്ധിതമായി പണം നൽകുന്നതിനായി ഇത്തവണ റബർ ഉത്പാദകസംഘങ്ങൾ വഴി പണം നൽകാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് റബർബോർഡ് വാണിജ്യ മന്ത്രാലയത്തിന് കത്ത് നൽകിയിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല. കഴിഞ്ഞ വർഷം മഴമറയിടാൻ 26,448 ഹെക്ടറിനും മരുന്ന് സ്‌പ്രേ ചെയ്യാൻ 8,400 ഹെക്ടറിനുമാണ് സബ്സിഡി നൽകിയത്. കേരളത്തിലെ മൊത്തം റബ7ർക്കൃഷി വിസ്തീർണവുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയ പ്രദേശത്തിന് മാത്രമേ ആനുകൂല്യം ലഭിച്ചുള്ളൂവെങ്കിലും കഴിഞ്ഞവർഷം റബർ ഉത്പാദനം വർദ്ധിച്ചതിനുള്ള ഒരു കാരണം സബ്സിഡി പദ്ധതിയാണെന്നാണ് റബർ ബോർഡിന്റെ വിലയിരുത്തൽ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PALAKKAD
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.