
വയനാട് ജില്ലയിൽ കുട്ടികൾക്കെതിരായ ലൈംഗീകാതിക്രമങ്ങൾ വർദ്ധിക്കുന്നു.ഓരോ ദിവസവും വയനാട്ടിൽ കുട്ടികൾക്കെതിരെ പീഡനം നടക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. എന്നാൽ ഭയന്നിട്ട് ഈ വിവരം ആരും തന്നെ പുറത്ത് പറയാറില്ല. മാനഹാനി ഇവിടെ മുഖ്യ വിഷയം തന്നെ.കേസിന് പോയിട്ടും കൃത്യ സമയത്ത് നീതി ലഭിക്കില്ലെന്ന് ധാരണയും പലർക്കമുണ്ട്. പൊലീസ് സ്റ്റേഷനുകളിൽ കയറി ചെല്ലാതെ തന്നെ വിദ്യാലങ്ങങ്ങൾ മുഖാന്തിരവും പരാതി നൽകാം എന്ന ധാരണ പലർക്കും ഉണ്ടാകാറില്ല.വയനാട്ടിൽ ആദിവാസി ഉന്നതികളിൽ നിരവധി കേസുകൾ ദിനം പ്രതി ഉണ്ടാകാറുണ്ട്. ഭയന്നിട്ട് ഉന്നതികളിൽ നിന്ന് ഇത്തരം വിവരങ്ങൾ പുറം ലോകം അറിയാറില്ല എന്നതാണ് സത്യം.
18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ, പീഡനം, അശ്ലീലം ( (Child Pornography) ) എന്നിവ തടയാൻ 2012 ജൂൺ 19നാണ് നിയമം വരുന്നത്. രാഷ്ട്രപതി പ്രതിഭാപാട്ടീലായിരുന്നു അന്ന് ഒപ്പിട്ടത്.നിയമം നിവലിൽ വരുന്നത് നവം 14ന് ദേശീയ ശിശുദിനത്തിലാണെന്നതാണ് പ്രത്യേകത. കർശനമായ നിയമമാണ് പോക്‌സോ ( പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് -pocso) ആക്ട്. ലിംഗഭേദമന്യേ കുട്ടികൾക്ക് സംരക്ഷണം നൽകുന്ന ഈ നിയമപ്രകാരം, ലൈംഗികചുവയോടെയുള്ള സ്പർശനം പോലും 3 മുതൽ 5 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ പ്രത്യേക കോടതികളുണ്ട്.ആൺ പെൺ വ്യത്യാസമില്ലാതെ പതിനെട്ട് വയസിന് താഴെയുളള കുട്ടികൾക്കാണ് പോക്സോ നിയമ സംരക്ഷണം നൽകുന്നത്.പോക്സോയിൽ ഭേദഗതി നിയമം 2019ൽ ഉണ്ടായിട്ടുണ്ട്.ഭേദഗതി ബില്ലിൽ അന്ന് പ്പിട്ടത് രാഷ്ട്രപതി രാംനാഥ് ഗോവിന്ദായിരുന്നു.ഒമ്പത് അദ്ധ്യായങ്ങളാണ് ഭേദഗതി നിയമത്തിൽ ഉളളത്.46 സെക്ഷനുകൾ ഇതിലുണ്ട്.
കൊച്ച് ജില്ലയാണ് വയനാട്. എന്നാൽ ഇവിടെ നടക്കുന്ന കുട്ടികൾക്കെതിരെയുളള അതിക്രമങ്ങൾക്ക് യാതൊരു കുറവുമില്ലെന്നാണ് കഴിഞ്ഞ കാല സംഭവങ്ങൾ തെളിയിക്കുന്നത്. വയനാട്ടിൽ 2024ൽ പോക്സോ കേസുകളുടെ എണ്ണം 213 ആയിരുന്നു.മറ്റു ജില്ലകളിൽ അത് 20 ആണെന്നും ഓർക്കുക.എന്നാൽ 2025ൽ വയനാട്ടിൽ 201 കേസുകൾ റിപ്പോർട്ട് ചെയ്തു.മറ്റ് ജില്ലകളിൽ അത് പതിനഞ്ചായിരുന്നു.വയനാട്ടിൽ കേസുകളുടെ എണ്ണത്തിൽ യാതൊരു കുറവും ഉണ്ടാകുന്നില്ല.ഞെട്ടിക്കുന്നതാണ് അവസ്ഥ.
വയനാട്ടിലെ കേസുകളുടെ വിവരം
ഫെബ്രുവരി 21
മാർച്ച് 10
ഏപ്രിൽ 14
മെയ് 16
ജൂൺ 26
ജൂലൈ 7
ആഗസ്റ്റ് 13
സെപ്തംബർ12
ഒക്ടോബർ 16
നവംബർ 26
ഡിസംബർ 21
വയനാട്ടിൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടും ഇരകൾക്ക് നീതി വൈകുന്നുവെന്ന് പരക്കെ പരാതി ഉയർന്നിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ ചുരുങ്ങിയത് ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് നിയമത്തിൽ പറയുന്നത്. എന്നാൽ വയനാട്ടിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകൾ നിരവധി ഉണ്ടെന്നാണ് വിവരം. കേസിലെ പ്രതികളിൽ അധികവും സ്വന്തം വീട്ടുകാർ,ബന്ധുക്കൾ,സുഹൃത്തുക്കൾ,അയൽവാസികൾ,അടുത്ത പരിചയക്കാർ ഒക്കെ ആയിരിക്കും.ഇത് കാരണം ഇരകൾക്ക് നീതി ലഭിക്കാൻ പലപ്പോഴും കാലതാമസം നേരിടുന്നു എന്നതാണ് വസ്തുത.കേസ് അന്വേഷണവും വിചാരണയും വേഗത്തിലാക്കാൻ ഇടപെടലും ഉണ്ടാകുന്നില്ല. ഇന്ത്യൻ പീനൽകോഡ് ഭേദഗതി ചെയ്താണ് കുട്ടികളെ ലൈംഗീകാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനുളള നിയമ നിർമ്മാണം നടത്തിയത്.കുട്ടികൾക്കെതിരായ
ലൈംഗീകാതിക്രമം ,ലൈംഗീക പീഡനം, കുട്ടികളുടെ അശ്ളീല ചിതങ്ങളെടുക്കൽ, കുട്ടികളെ അശ്ളീല ചിത്രങ്ങൾ കാണിക്കൽ തുടങ്ങിയ കുറ്റ കൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന വിധത്തിലുളളതാണ് നിയമം. ശിക്ഷ ഉറപ്പാക്കുക മാത്രമല്ല, കുറ്റകൃത്യങ്ങൾക്ക് വിധേയരായ കുട്ടികൾക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും നിയമത്തിലുണ്ട്. കുട്ടികൾക്കെതിരെയുളള നിയമം അതിശക്തമാണെങ്കിലും ലൈംഗീകാതിക്രമങ്ങൾക്ക് വയനാട്ടിൽ യാതൊരു കുറവുമില്ലെന്ന് വന്നിരിക്കുന്നു.
പോക്സോ കേസിൽ അകപ്പെട്ടാൽ ജാമ്യം ലഭിക്കുക എന്നത് അത്ര എളപ്പമല്ല. അത് കൊണ്ട് തന്നെ വ്യക്തി വിരോധവും പക പോക്കലും ധാരാളമായി നടമാടുന്നുണ്ട്. പോക്സോ കേസ് ചുമത്തി വിരോധം തീർക്കാനും പലരും ശ്രമിക്കുന്നുണ്ടെന്ന് കഴിഞ്ഞകാലത്തെ ചില സംഭവങ്ങൾ തെളിവാണ്. അദ്ധ്യാപകനെതിരെ വൈരാഗ്യമുണ്ടെങ്കിൽ ഒരു കുട്ടി വിചാരിച്ചാൽ മതി.അവിടെ എല്ലാം തീരും.വ്യാജ ലൈംഗീക അതിക്രമ പരാതികൾ നൽകിയ സംഭവങ്ങളും വയനാട്ടിൽ ഉണ്ടായിട്ടുണ്ട്.ഇങ്ങനെ നിയമത്തെ ഉപയോഗിച്ച് നിരപരാധികളെ വേട്ടയാടുന്ന പ്രവണതയെ ഒട്ടും പ്രോത്സാഹിപ്പിക്കാൻ കഴിയുന്നതല്ല.എന്നാൽ യഥാർത്ഥ ഇരകൾക്ക് നീതി നിഷേധിക്കുന്നതും ശരിയല്ല. പഴയത് പോലെയല്ല കാര്യങ്ങൾ. കുട്ടികളും ഇക്കാര്യത്തിൽ ബോധമുളളവരായി മാറിയിട്ടുണ്ട്.അത് നല്ല കാര്യമായി വേണം കാണാൻ.
പതിനെട്ട് വയസിന് താഴെയുളള ഏതൊരു വ്യക്തിയും നിയമത്തിന്റെ മുന്നിൽ കുട്ടിയാണ്. കുട്ടികൾക്കെതിരെയുളള അതിക്രമങ്ങൾ അവരുടെ സംരക്ഷണ ചുമതലുളളവരിൽ നിന്നായാൽ ശിക്ഷയുടെ കാഠിന്യം കൂടുന്നുണ്ട്.ലൈഗീക ചൂഷണത്തിന് ഇരയാകുന്ന കുട്ടികളുടെ പ്രായവും ശിക്ഷയുടെ കാഠിന്യത്തെ നിർണ്ണയിക്കുന്നതാണ്.പ്രായത്തെ തരം തിരിച്ചിരിക്കുന്നത് 18 വയസിന് താഴെ 16 വയസിന് താഴെ 12 വയസിന് താഴെ എന്നിങ്ങനെയാണ്. 18 വയസോ അതിന് താഴെയുളള കുട്ടിയുടെ അനുവാദത്തോടെ ലൈംഗീക പ്രവർത്തി നടത്തിയാലും കുട്ടി എന്നതിനാൽ പോക്സോ കേസ് പ്രകാരം ശിക്ഷ ലഭിക്കും. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്നതും അതിന് ശ്രമിക്കുന്നതും ജീവപര്യന്തം തടവും ശിക്ഷയും പിഴയും ലഭിക്കുന്ന കുറ്റമാണ്. 18 വയസിൽ താഴെയുളള പെൺകുട്ടിയെ വീട്ടുകാരുടെ സമ്മതത്തോടെയാണെങ്കിലും വിവാഹം കഴിക്കുന്നത് ശൈശവ വിവാഹ നിരോധന നിയമ പ്രകാരം കുറ്റകരമാണ്. വയനാട് ജില്ലയിൽ ആദിവാസി ഉന്നതികളിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ വിവാഹം കഴിച്ച് അയക്കുന്നത് ഈയിടെയായി വർദ്ധിച്ചിട്ടുണ്ട്.അതിനെതിരെ ഒരു നടപടിയും ഉണ്ടാകുന്നുമില്ല. പീഡനം ശരീരത്തിൽ തൊട്ടത് കൊണ്ടോ തന്നെയായകണം എന്നില്ല. കുട്ടികളോട് മോശം വാക്കുകൾ പറയുക, ശബ്ദങ്ങൾ പുറപ്പെടുവിക്കുക, ആംഗ്യം കാണിക്കുക, ലൈംഗീകമായി വസ്തുക്കൾ പ്രദർശിപ്പിക്കുക,നഗ്ന ശരീരം പ്രദർശിപ്പിക്കുക, കുട്ടിയെ അവരുടെ ശരീരം പ്രദർശിപ്പിക്കാൻ പ്രേരിപ്പിക്കുക, നിരന്തരമായി പിന്തുടർന്ന് നോക്കുക എന്നിവ സെക്ഷ്വൽ ഹരാസ്മെന്റിൽപ്പെടുന്നതും ശിക്ഷാർഹവുമായ കുറ്റം തന്നെയാണ്. മൂന്ന് വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. നിയമത്തിന്റെ ഗൗരവം അറിഞ്ഞിട്ടും കുട്ടികൾക്കെതിരെയുളള ലൈംഗീകാതിക്രമം വർദ്ധിക്കുന്നത് അത്ഭുതപ്പെടുത്തുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |