SignIn
Kerala Kaumudi Online
Tuesday, 24 September 2024 5.30 AM IST

പോക്‌സോ കേസുകൾ ഒത്തുതീർപ്പിൽ അവസാനിക്കില്ല

Increase Font Size Decrease Font Size Print Page
pocso

ഒത്തുതീർപ്പ് ഉണ്ടാക്കിയതുകൊണ്ടുമാത്രം പോക്‌സോ കേസ് അവസാനിപ്പിക്കാൻ കഴിയില്ലെന്ന സുപ്രീംകോടതി നിരീക്ഷണം പ്രസക്തമാണ്. കുട്ട‌ികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകൾ ഒത്തുതീർക്കാൻ പ്രതികൾ പലവഴികളിലൂടെ ശ്രമിക്കുന്നതാണ് ഓരോ ദിവസവും കാണാൻ കഴിയുന്നത്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം വർദ്ധിക്കുന്ന സാഹ്യചര്യത്തിലാണ് പോക്‌സോ ആക്‌ടും പ്രത്യേക പോക്‌സോ കോടതികളും നിലവിൽവന്നത്. എന്നാൽ, വിചാരണഘട്ടങ്ങളിൽ പലവഴികളിലൂടെ പ്രതികൾ രക്ഷപ്പെടുന്ന സ്ഥിതിയാണുള്ളത്. കേസുകളിലെ അന്വേഷണവും വിചാരണഘട്ടങ്ങളിലെ പ്രോസിക്യൂഷൻ ഇടപെടലുകളും ഫലപ്രദമാണോ എന്ന ചോദ്യമാണ് ഉയരുന്നത്.

മലപ്പുറം ചെമ്മങ്കടവ് പി.എം.എസ്.എ.എം ഹയർ സെക്കൻഡറി സ്‌കൂളിലെ ഉറുദു അദ്ധ്യാപകനായിരുന്ന ഹഫ്‌സൽ റഹ്മാനെതിരെ 2018 നവംബറിൽ പോക്‌സോ നിയമപ്രകാരം രജിസ്റ്റർചെയ്ത കേസ് പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ച് പോക്‌സോ കേസ് അവസാനിപ്പിക്കാൻ കഴിയില്ലെന്ന ശക്തമായ സന്ദേശം നൽകിയത്.

ഇരയും കുറ്റാരോപിതനും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കിയ ഇത്തരം സാഹചര്യങ്ങളിൽ സമൂഹത്തിന്റെ മനഃസാക്ഷി കണക്കിലെടുത്ത് പോക്‌സോ കേസ് റദ്ദാക്കാൻ കഴിയില്ലെന്നായിരുന്നു കോടതിയുടെ അഭിപ്രായം. 16 വയസുള്ള വിദ്യാർത്ഥിനികളെ പ്രിൻസിപ്പലിന്റെ മുറിയിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. എന്നാൽ, പിന്നീട് ഇരകളുടെ മാതാപിതാക്കൾ പ്രതിയുമായി ഒത്തുതീർപ്പിലെത്തി എന്ന് വ്യക്തമാക്കി ഹൈക്കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. ഇതു പരിഗണിച്ച് ഹൈക്കോടതി കേസ് റദ്ദാക്കി. മാതാപിതാക്കളുടെ സത്യവാങ്മൂലം പരിഗണിച്ച് കേസ് റദ്ദാക്കിയ നടപടി തെറ്റാണെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. ഹൈക്കോടതിയിൽ കേസ് നടന്നിരുന്ന സമയത്ത് കുട്ടികൾ പ്രായപൂർത്തിയായിരുന്നില്ലെന്നും ഇപ്പോൾ പ്രായപൂർത്തിയായ മൂന്നു പെൺകുട്ടികളും തങ്ങൾക്ക് പരാതിയില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിട്ടുണ്ടെന്നും ഹഫ്‌സൽ റഹ്മാനുവേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ കോടതിയെ അറിയിച്ചു. പ്രിൻസിപ്പലിന്റെ മുറിയിൽ വിളിച്ചുവരുത്തി ചോക്ലേറ്റ് നൽകിയശേഷം പെൺകുട്ടികളുടെ കവിളിൽ പിടിച്ചതായാണ് പ്രതിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം. 164 വകുപ്പ് അനുസരിച്ച് മജിസ്‌ട്രേട്ടിനു നൽകിയ മൊഴിയിൽ പെൺകുട്ടികൾ പരാതിയില്ലെന്ന് അറിയിച്ചിട്ടുണ്ട്. പരാതിക്കാരും പ്രതിയും തമ്മിൽ ഒത്തുതീർപ്പിലെത്തിയാൽ കേസ് അവസാനിപ്പിക്കാമെന്ന് വിവിധ കോടതി ഉത്തരവുകൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹാരിസ് ബീരാന്റെ വാദം. സുപ്രീംകോടതി ഈ വാദത്തോട് വാക്കാൽ വിയോജിക്കുകയായിരുന്നു. സമാനമായ മറ്റ് കേസുകളിലെ കോടതി വിധികൾ ഹാജരാക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുകയാണ്. സമാനമായ നിരവധി സംഭവങ്ങളുണ്ടാകുന്ന സാഹചര്യത്തിൽ പോക്‌സോ കേസുകൾ ഒത്തുതീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പരമോന്നത കോടതിയിൽ നിന്ന് അന്തിമമായ ഒരു ഉത്തരവാണ് വരേണ്ടത്. എങ്കിലെ ഇത്തരം കേസുകളിൽ ഇരകൾക്ക് നീതി ഉറപ്പാക്കാൻ കഴിയൂ.

ഇതിനിടയിലാണ് ഇരയെ വിവാഹം ചെയ്താലും ശിക്ഷ അനുഭവിക്കണമെന്ന് എറണാകുളം പോക്‌സോ കോടതിയുടെ ഉത്തരവ് പുറത്തുവന്നത്. 17 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ പ്രതി, പള്ളുരുത്തി സ്വദേശിയായ 25കാരന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷവിധിച്ചു. 2018 ജൂലായിലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടി ഒറ്റയ്ക്കുള്ള സമയം വീട്ടിൽ അതിക്രമിച്ച് കയറി മാനഭംഗപ്പെടുത്തിയെന്നാണ് കേസ്. രണ്ട് മാസത്തിനു ശേഷം വയറുവേദനയുമായി ആശുപത്രിയിൽ എത്തിയ പെൺകുട്ടി ഗർഭിണിയാണെന്ന് മനസിലാക്കിയ ഡോക്ടർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വിസ്താരത്തിനിടെ പെൺകുട്ടിയും അമ്മയും കൂറുമാറി. ഡി.എൻ.എ പരിശോധനാ ഫലത്തിന്റെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്.
പ്രതി കുറ്റകൃത്യം ചെയ്ത സമയം 22 വയസ് മാത്രമായിരുന്നു പ്രായം എന്നത് പരിഗണിച്ചാണ് ഏറ്റവും കുറഞ്ഞ ശിക്ഷയായ പത്ത് വർഷം കഠിനതടവ് വിധിച്ചത്.

പോക്‌സോ കേസുകളിൽ പ്രതികൾ രക്ഷപ്പെടുന്നത് ഗുരുതരമായ സ്ഥിതിവിശേഷമാണ്. വാളയാർ കേസ് അന്വേഷണസംഘങ്ങളുടെയും പ്രോസിക്യൂഷൻ വിഭാഗങ്ങളുടെയും കണ്ണുതുറപ്പിക്കുമെന്നാണ് അന്നത്തെ ചർച്ചകളിൽ ഉയർന്ന വാദം. എന്നാൽ, ഒരു മാറ്റവുമുണ്ടായിട്ടില്ലെന്ന് സമീപകാല സംഭവങ്ങൾ തുറന്നുകാട്ടുന്നു. പോക്‌സോ നിയമം കൊണ്ടുവന്നതിന്റെ ഗൗരവം അന്വേഷണങ്ങളിലും കേസിന്റെ നടത്തിപ്പിലും ഉണ്ടാകുന്നില്ലെന്നതാണ് സത്യം. പൊലീസിന് ലഭിക്കുന്ന പരാതികളിൽ കഴമ്പുണ്ടെന്ന് വ്യക്തമാകുമ്പോഴാണ് സാധാരണയായി കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. ഇതിനായി മെഡിക്കൽ പരിശോധനയും വിശദമായ മൊഴിയെടുപ്പും വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ നടക്കും. സമയബന്ധിതമായി കുറ്റപത്രംസമർപ്പിച്ചാൽ പോക്‌സോ കേസുകളിലെ പ്രതികൾക്ക് സാധാരണ ജാമ്യം ലഭിക്കാറില്ല.

കുട്ടികൾക്കെതിരെയുള്ള അതിക്രമ കേസുകളിൽ വേഗത്തിൽ വിചാരണ നടപടികൾ പൂർത്തിയാക്കി ശിക്ഷ ഉറപ്പാക്കാനാണ് പോക്‌സോ നിയമം തന്നെ നിലവിൽ വന്നത്. എന്നാൽ എന്തുകൊണ്ട് ശിക്ഷ ഉറപ്പാക്കാനും സമയബന്ധിതമായി വിചാരണ പൂർത്തിയാക്കാനും കഴിയാതെ വരുന്നു എന്ന് ജ്യുഡിഷറിയുടെ ഭാഗത്തു നിന്ന് പരിശോധിക്കണം. കേസുകളിൽ തെളിവുകളെ ആധാരമാക്കിയേ കോടതികൾക്ക് വിധി പറയാൻ കഴിയൂ. പോക്‌സോ കേസുകൾ കൈകാര്യം ചെയ്യുന്ന സംവിധാനം കാര്യക്ഷമമല്ലെന്ന സൂചനകളാണ് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. വാളയാർ പെൺകുട്ടികൾക്ക് ഏൽക്കേണ്ടിവന്ന ലൈംഗികപീഡനവും മരണവും അതിലൊന്നു മാത്രമാണ്. പോക്‌സോ കേസുകളിലെ ഇര കുട്ടികളാണെന്ന തിരിച്ചറിവാണ് നിയമപാലകർക്ക് ആദ്യം ഉണ്ടാകേണ്ടത്. അന്വേഷണ സംഘങ്ങളും കോടതികളിൽ കേസ് വാദിക്കുന്ന പ്രോസിക്യൂട്ടറും ഇരയോടൊപ്പം നിൽക്കണം. പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാനുള്ള നീതിയുടെ പക്ഷത്തെ മാനസികാവസ്ഥ അവരിൽ ഉണരണം. ഇത് പലപ്പോഴും ഉണ്ടാകാത്തതാണ് പാേക്‌സോ കേസുകളുടെ പരാജയം. വ്യക്തമായി പറഞ്ഞാൽ ഏകീകൃത സംവിധാനത്തിന്റെ അഭാവം ഇപ്പോഴും മുഴച്ചു നിൽക്കുന്നു. അത് പരിഹരിക്കാൻ പരമോന്നത കോടതിയിൽ നിന്ന് വൈകാതെ ഉത്തരവുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

മുൻ വൈദികനായ റോബിൻ വടക്കുംചേരി കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പലരും മറന്നുപോയെന്ന് തോന്നുന്നു. തന്നെ പീഡിപ്പിച്ച റോബിൻ വടക്കുംചേരിയെ വിവാഹം കഴിക്കാനായി അയാൾക്ക് ജാമ്യം അനുവദിക്കണമെന്ന അതിജീവിത യുടെ ഹർജി പരമോന്നത നീതിപീഠം തള്ളുകയായിരുന്നു. നാല് വയസുള്ള മകന് നിയമപരമായ പിതൃത്വം ഉറപ്പാക്കാനാണ് വിവാഹമെന്നായിരുന്നു ഹർജി. ജാമ്യം ലഭിച്ചാൽ മാത്രമേ വിവാഹം നടക്കൂ എന്നും രണ്ടു മാസത്തേക്ക് ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. വിവാഹകാര്യത്തിൽ ഇടപെടാനും, ജാമ്യം നൽകാനുമാവില്ലെന്ന് കോടതി വ്യക്തമാക്കി. ലൈംഗിക കുറ്റകൃത്യകേസുകളിൽ ഒത്തുതീർപ്പോ, ദാക്ഷിണ്യം കാണിക്കുന്ന സമീപനമോ പാടില്ലെന്ന സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ് ഇതേ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയത്. ഈ വിധി ഇപ്പോഴും പ്രസക്തമായി നിലനിൽക്കുമ്പോൾ എങ്ങനെയാണ് പ്രതികൾ രക്ഷപ്പെടുന്നതെന്ന് ആഴത്തിൽ പരിശോധിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: POCSO
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.