SignIn
Kerala Kaumudi Online
Sunday, 08 February 2026 11.49 AM IST

ക്രീമിലെയർ നിർണയത്തിലെ അടിസ്ഥാന മാനദണ്ഡങ്ങൾ

Increase Font Size Decrease Font Size Print Page
s

ഒ.ബി.സി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനത്തിനും ഉദ്യോഗ പ്രവേശനത്തിനും സംവരണം ലഭിക്കണമെങ്കിൽ,​ തങ്ങൾ ഒ.ബി.സി പട്ടികയിൽ ഉള്ളവരും,​ അതേസമയം 'ക്രീമിലെയർ" വിഭാഗത്തിൽ ഉൾപ്പെടാത്തവരും ആണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. സംസ്ഥാന സർക്കാർ ആവശ്യങ്ങൾക്ക് വില്ലേജ് ഓഫീസറിൽ നിന്നും കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് തഹസിൽദാരിൽ നിന്നുമാണ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്. ക്രീമിലെയർ മാനദണ്ഡങ്ങളുടെ ചില പ്രധാന അടിസ്ഥാന വിവരങ്ങൾ ചുവടെ ചേർക്കുന്നു.

 കേന്ദ്രസർക്കാർ 8- 9-1993 ൽ പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങളാണ് ഇപ്പോഴും നിലവിലുള്ളത്. കേന്ദ്ര മാനദണ്ഡങ്ങളുടെ മാതൃകയിൽ സംസ്ഥാനത്ത് ജസ്റ്റിസ്. രാജേന്ദ്ര ബാബു കമ്മീഷന്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ 26-9-2009 ൽ നിശ്ചയിച്ച മാനദണ്ഡങ്ങളാണ് സംസ്ഥാനത്ത് നിലവിലുള്ളത്.

 ക്രീമിലെയർ വിഭാഗത്തിൽ പ്രധാനമായും അഞ്ച് കാറ്റഗറികൾ ഉൾപ്പെടും.

1) ഇന്ത്യൻ പ്രസിഡന്റ്,​ വൈസ് പ്രസിഡന്റ്,​ സുപ്രീംകോടതി/ ഹൈക്കോടതി ജഡ്ജിമാർ,​ ഇലക്ഷൻ കമ്മിഷൻ, സി ആൻഡ് എ. ജി, പബ്ലിക് സർവീസ് കമ്മിഷൻ അംഗങ്ങൾ മുതലായവർ (പ്രധാനമന്ത്രി, മുഖ്യമന്ത്രി,​ എം.എൽ.എമാർ എം.പിമാർ തുടങ്ങിയവർ ഈ ഗണത്തിൽ വരില്ല)

2) സർവീസ് കാറ്റഗറി

 അഖിലേന്ത്യാ സർവീസുകളിലേക്കോ/ ഗ്രൂപ്പ് എ പദവികളിലേക്കോ നേരിട്ട് റിക്രൂട്ട് ചെയ്യപ്പെടുന്നവർ.

 മാതാപിതാക്കൾ രണ്ടുപേരും ഗ്രൂപ്പ് ബി/ക്ലാസ് ടു തസ്തികകളിലേക്ക് നേരിട്ട് റിക്രൂട്ട് ചെയ്യപ്പെട്ടവർ.

 പൊതുമേഖലാ സ്ഥാപനങ്ങൾ,​ ബാങ്കുകൾ,​ ഇൻഷുറൻസ് സ്ഥാപനങ്ങൾ തുടങ്ങി മുകളിൽ പരാമർശിച്ച രീതിയിൽ സർക്കാർ ഉദ്യോഗ പദവികളുമായി താരതമ്യം ചെയ്യാൻ കഴിയുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ അടക്കമുള്ള ഉദ്യോഗസ്ഥർ.

 സർക്കാർ പദവികളുമായി സമീകരണം ചെയ്യാനോ തുല്യത നിശ്ചയിക്കാനോ കഴിയാത്തതായ ഉദ്യോഗസ്ഥരുടെ കാര്യത്തിൽ ഒരു തീർപ്പ് ഉണ്ടാവുന്നതു വരെ,​ അവർക്ക് ശമ്പളം ഒഴികെയുള്ള ഇതര വരുമാനം നിശ്ചിത പരിധിക്കു മുകളിലായാൽ അവർ ക്രീമിലെയറിൽ ഉൾപ്പെടും. ഈ വരുമാനം തുടർച്ചയായ മൂന്നുവർഷം ഉണ്ടായിരിക്കണം.

 ഒരു കാരണവശാലും ഉദ്യോഗസ്ഥരുടെ ശമ്പളം കണക്കിലെടുത്ത് അർഹത നിഷേധിക്കാൻ പാടില്ല (ഇത്തരക്കാരുടെ ശമ്പളം കണക്കിലെടുക്കാം എന്നൊരു ഉത്തരവ് 2004-ൽ കേന്ദ്ര സർക്കാരും,​ 2010-ൽ സംസ്ഥാന സർക്കാരും നിർദ്ദേശിച്ചിരുന്നു. ഇത് കോടതി റദ്ദാക്കിയിട്ടുള്ളതാണ്. തുടർന്ന് 2017-ൽ കേന്ദ്ര സർക്കാർ പുതിയ മാനദണ്ഡം പ്രഖ്യാപിച്ചിട്ടുമുണ്ട്).

 ഉദ്യോഗസ്ഥർ സർവീസിൽ നേരിട്ട് പ്രവേശിക്കുന്ന പദവിയുടെ അടിസ്ഥാനത്തിലാണ് മാനദണ്ഡം നിശ്ചയിക്കുന്നത്. ക്ലാസ് ത്രീ/ഗ്രൂപ്പ് സി പദവികളിൽ പ്രവേശിക്കുന്നവർ ഒരു കാരണവശാലും എത്ര ഉയർന്ന പദവിയിൽ,​ ഏതു പ്രായത്തിൽ പ്രൊമോഷൻ വഴി എത്തിയാലും അവർക്ക് ക്രീമിലെയർ ബാധകമല്ല.

 ഗ്രൂപ്പ് ബി തസ്തികയിൽ പ്രവേശിക്കുന്നവർ 40/36/35 വയസിനു മുമ്പ് ഗ്രൂപ്പ് എ/ക്ലാസ് വൺ തസ്തികയിൽ പ്രൊമോട്ട് ചെയ്യപ്പെട്ടാൽ ക്രീമിലെയറിൽ ഉൾപ്പെടും.

 സർവീസിൽ ഇരിക്കുമ്പോൾ നിശ്ചയിക്കുന്ന മാനദണ്ഡം തന്നെയായിരിക്കും പെൻഷനായാലും പരിഗണിക്കുക.

3) സായുധസേനയിലും,​ പാരാമിലിട്ടറിയിലും സേവനം ചെയ്യുന്നവർ

 കേണൽ പദവിയിലോ സമാന തസ്തികകളിലോ അതിനു മുകളിലോ ഉദ്യോഗം വഹിക്കുന്നവർ ക്രീമിലെയർ ആണ്. (ലെഫ്റ്റനന്റ് കേണൽ പദവിയിലുള്ള ഒരാൾക്ക് ഏകദേശം 20 ലക്ഷത്തിലധികം രൂപ ശമ്പളം കാണും. അതിന്റെ പേരിൽ അർഹത നിഷേധിക്കാൻ പാടില്ല).

4) പ്രൊഫഷണൽസ്,​ ബിസിനസുകാർ,​ വ്യവസായികൾ

 ഈ വിഭാഗത്തിൽ വരുന്നവരുടെ വരുമാനം കണക്കിലെടുത്താണ് ക്രീമിലെയർ ആണോ അല്ലയോ എന്ന് നിശ്ചയിക്കുന്നത്. നിലവിലെ മാനദണ്ഡം അനുസരിച്ച് 8 ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുണ്ടെങ്കിൽ അവർ ക്രീമിലെയറിൽ ഉൾപ്പെടും. ഇങ്ങനെ വരുമാനം നിശ്ചയിക്കുന്ന തീയതിക്ക് തൊട്ടുമുമ്പുള്ള മൂന്ന് സാമ്പത്തിക വർഷത്തിൽ 8 ലക്ഷത്തിൽ കൂടുതൽ വരുമാനം ഉണ്ടായിരിക്കണം.

 വരുമാനം സ്ഥായിയായി നിലനിൽക്കുന്നതായിരിക്കും എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ വ്യവസ്ഥ ഉൾക്കൊള്ളിച്ചിട്ടുള്ളത് (മൂന്നു വർഷത്തെ ശരാശരി കണക്കുകൂട്ടാനോ,​ എല്ലാ വർഷവും 8 ലക്ഷത്തിൽ കുറഞ്ഞിരിക്കണം എന്നു പറയാനോ പാടില്ല).

 സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എൻജിനിയർമാർ,​ ഡോക്ടർമാർ തുടങ്ങിയവർ ഈ ഗണത്തിൽ ഉൾപ്പെടില്ല. അവർ സർവീസ് കാറ്റഗറിയായി പരിഗണിക്കപ്പെടും.

 സ്വന്തമായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർ, അക്കൗണ്ടന്റുമാർ, കമ്പനി സെക്രട്ടറിമാർ, എൻജിനിയർമാർ, ആർക്കിടെക്റ്റുകൾ, സിനിമാതാരങ്ങൾ, സ്പോർട്സ് താരങ്ങൾ തുടങ്ങിയവരാണ് ഈ വിഭാഗത്തിൽ വരിക.

5) ഭൂമി, പ്ലാന്റേഷൻ, നഗര പ്രാന്തപ്രദേശങ്ങളിൽ ഭൂമിയും കെട്ടിടവും വാടകയ്ക്ക് നൽകുന്നവർ

 കൃഷിഭൂമി കൈവശമുള്ളവർക്ക് ഭൂപരിധി നിയമത്തിന്റെ 85 ശതമാനത്തിൽ കൂടുതൽ ജലസേചന സൗകര്യമുള്ള ഭൂമിയുണ്ടെങ്കിൽ അവർ ക്രിമിലെയർ ആണ്. കേരളത്തിൽ നിലവിൽ 5 ഹെക്ടർ ഭൂമി. കൃഷിഭൂമിയിൽ നിന്നുള്ള വരുമാനമല്ല; കൈവശമുള്ള ഭൂമിയുടെ വിസ്തൃതിയാണ് കണക്കുകൂട്ടുന്നത്.

6) വരുമാനവും സമ്പത്തും

 മുകളിൽ പരാമർശിച്ചിരിക്കുന്ന 1, 2, 3, 5 (കൃഷിഭൂമി) വിഭാഗത്തിൽ വരുന്നവരും,​ സംവരണ ആനുകൂല്യത്തിന് അർഹതയുള്ളവരും ആണെങ്കിലും അവർക്ക് മറ്റു തരത്തിലുള്ള വരുമാനം (ഉദാഹരണമായി പ്ലാന്റേഷൻ, സമ്പത്ത്, നഗരപ്രദേശങ്ങളിൽ വാടക വരുമാനം) നിശ്ചിത പരിധിക്ക് മുകളിലാണെങ്കിൽ അവർ ക്രീമിലെയറിൽ ഉൾപ്പെടും. അപ്പോഴും ശമ്പള വരുമാനമോ കൃഷിഭൂമിയിൽ നിന്നുള്ള വരുമാനമോ കണക്കിലെടുക്കാൻ പാടില്ലച

(സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടർ ആണ് ലേഖകൻ. ഫോൺ: 94472 75809)​

പ്രത്യേകം ശ്രദ്ധിക്കാൻ

 സർക്കാർ പദവികളുമായി താരതമ്യം ചെയ്യാൻ കഴിയാത്ത സ്വകാര്യ സ്ഥാപനങ്ങളിലും കമ്പനികളിലും ജോലി ചെയ്യുന്നവരുടെ കാര്യത്തിൽ തുടക്കത്തിൽ ഉണ്ടായിരുന്ന വ്യവസ്ഥ 2017-ൽ പുനർ നിർണയിക്കുകയുണ്ടായി.

കേന്ദ്ര പേഴ്സണൽ മന്ത്രാലയം 6-10-2017 ൽ പുറപ്പെടുവിച്ച 41034/5/2014- Estt-(Res.)Part IV മാനദണ്ഡപ്രകാരം അങ്ങനെയുള്ളവർ അതത് കമ്പനികളിലെ എക്സിക്യുട്ടീവ് ഡയറക്ടർ പദവിയിലോ തൊട്ടു താഴെയുള്ള പദവിയിലോ സേവനമനുഷ്ഠിക്കുകയാണെങ്കിൽ മാത്രമേ ക്രീമിലെയർ വിഭാഗത്തിൽ വരികയുള്ളൂ. (ഈ വ്യവസ്ഥകൾ ഇപ്പോഴും റവന്യു ഉദ്യോഗസ്ഥർ കാര്യമായി പരിഗണിക്കാറില്ല. ഇത്തരക്കാരുടെ ശമ്പളം കണക്കുകൂട്ടി അർഹത നിഷേധിക്കുകയാണ് പതിവ്)

 ഉദ്യോഗാർത്ഥികളുടെയും വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെ മാത്രം പദവിയാണ് പരിഗണിക്കുക.

 വിവാഹിതരാണെങ്കിൽ ഭാര്യയുടെയോ ഭർത്താവിൻറെയോ വിവാഹം കഴിച്ച് എത്തുന്ന വീട്ടിലെ സമ്പത്തോ പദവിയോ അല്ല പരിഗണിക്കുന്നത്.

 1950-നു മുമ്പ് ജനിച്ച പ്രദേശത്തെ അടിസ്ഥാനമാക്കിയാണ് സംവരണവും ഒ.ബി.സി പദവിയും നിശ്ചയിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ ഉദ്യോഗമോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി താമസമാക്കിയിട്ടുള്ളവർക്ക് അവരുടെ സ്വന്തം സംസ്ഥാനത്തു നിന്നുള്ള സർട്ടിഫിക്കറ്റിന്റെയോ റിപ്പോർട്ടിന്റെയോ അടിസ്ഥാനത്തിലാണ് പദവി നിശ്ചയിക്കുന്നത്.

 അർഹതപ്പെട്ട അവകാശം നേടിയെടുക്കുന്ന കാര്യത്തിൽ സമുദായ സംഘടനകളും ഒരുപരിധിവരെ ഗുണഭോക്താക്കളും തയ്യാറാവുന്നില്ല. സർട്ടിഫിക്കറ്റുകൾ അനുവദിക്കേണ്ട ഉദ്യോഗസ്ഥരുടെ സമീപനവും നിഷേധാത്മക നിലപാടും പലപ്പോഴും ഉദ്യോഗാർത്ഥികളെ പിന്തിരിപ്പിക്കുകയാണ്.

 അവകാശങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും ചട്ടങ്ങളെക്കുറിച്ചും ബോധവാന്മാരാവുക. അവകാശബോധമുള്ള ജനത അവ പിടിച്ചുവാങ്ങും. അല്ലാത്തവർ ഔദാര്യങ്ങൾക്കായി യാചിക്കും.

TAGS: CREAMY LAYER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.