SignIn
Kerala Kaumudi Online
Wednesday, 24 December 2025 4.16 AM IST

93-ാം ശിവഗിരി തീർത്ഥാടനം: ഒരു തേന്മാവിന്റെ മധുഫലം

Increase Font Size Decrease Font Size Print Page
s



ലോകത്ത് ഇന്നു നിലവിലുള്ള തീർത്ഥാടനങ്ങളിൽ അധികവും മതത്തിന്റെയും വിശ്വാസത്തിന്റെയും ദൈവത്തിന്റെയും മഹിമകളുമായി ബന്ധപ്പെട്ട് നിലകൊള്ളുമ്പോൾ മനുഷ്യ വർഗത്തിന്റെ സമഗ്രോദ്ധാരണവുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നതാണ് ശിവഗിരി തീർത്ഥാടനം. മനുഷ്യജീവിതവുമായി ബന്ധപ്പെടുന്ന സമസ്ത മേഖലകളെയും ശിവഗിരി തീർത്ഥാടനം പ്രതിനിധീകരിക്കുന്നു. അതുകൊണ്ടാണ് ശിവഗിരി തീർത്ഥാടനം വിശ്വമാനവികതയിലേക്കും അറിവിലേക്കും ധാർമികതയിലേക്കും അഭ്യുന്നതിയിലേക്കും സമഭാവനയിലേക്കും സ്വാതന്ത്റ്യത്തിലേക്കും സനാതന മൂല്യങ്ങളിലേക്കും, സർവോപരി മനുഷ്യത്വത്തിന്റെ ഏകതയിലേക്കും സർവമനുഷ്യരെയും ഒന്നാകെ നയിക്കുന്ന തീർത്ഥാടനമായി ദേശകാലങ്ങളെ അതിവർത്തിച്ച് നിലകൊള്ളുന്നത്.

ഏതൊരു തീർത്ഥാടനവും മനുഷ്യസമൂഹത്തിന്റെ ശാന്തിക്കും സമാധാനത്തിനും ഒരുമയ്ക്കും നന്നാവലിനും നവീകരണത്തിനും സ്വാതന്ത്റ്യത്തിനും വഴികാട്ടുന്നതിൽ നിന്ന് പിന്നാക്കം പോകുന്നതായാൽ,​ എന്തിന്റെ പേരിൽ നിലകൊള്ളുന്നതായാലും അത്തരം തീർത്ഥാടനങ്ങൾക്ക് കാലാതീതമായ പ്രസക്തിയോ നിലനിൽപ്പോ ഉണ്ടാകുന്നതല്ല. അതിന് ചരിത്രത്തിൽ നിരവധി ദൃഷ്ടാന്തങ്ങളുണ്ട്. ഏതൊരു മനുഷ്യനും ഒരു തീർത്ഥാടകനായിത്തീരുന്നതും,​ തീരുവാൻ ആഗ്രഹിക്കുന്നതും ആ തീർത്ഥത്തിൽ അടനം ചെയ്യുക വഴി പുതിയൊരു സംസ്‌കരണത്തിലേക്ക് നയിക്കപ്പെടാനാണ്. ആ നയിക്കപ്പെടൽ ഏതുവിധത്തിലായാലും അന്തിമമായി ഒരു പുനരാവിഷ്‌കരണത്തിന്റേതാണ്.

അതുകൊണ്ടുതന്നെ,​ തീർത്ഥാടനമെന്നത് മനുഷ്യനെ അഥവാ തീർത്ഥാടകനെ പുതിയൊരാളാക്കി സംസ്‌കരിച്ചെടുക്കാനുള്ളതാണ്! തീർത്ഥാടനത്തിന്റെ ഈ തത്ത്വബോധവും മന:ശാസ്ത്രവും ദാർശനികമാനവും മ​റ്റാരെക്കാൾ ശാസ്ത്രീയമായും ആത്മീയമായും സ്വാംശീകരിച്ചിരുന്ന ആധുനിക യുഗത്തിലെ മഹായോഗിയായിരുന്നു ശ്രീനാരായണ ഗുരുദേവൻ. അതുകൊണ്ടാണ് ശിവഗിരിയിലേക്കുള്ള തീർത്ഥാടനം എന്ന സങ്കല്പവുമായി കോട്ടയം നാഗമ്പടം ശ്രീമഹാദേവ ക്ഷേത്രമുറ്റത്തെ തേന്മാവിൻചുവട്ടിൽ,​ ഗുരുവിന്റെ അടുക്കലെത്തിയ വല്ലഭശ്ശേരി ഗോവിന്ദൻ വൈദ്യരോടും കിട്ടൻ റൈട്ടറോടും അതിന്റെ രീതീവിതാനങ്ങൾക്കപ്പുറം ശിവഗിരി തീർത്ഥാടനത്തിന്റെ ഉദ്ദേശ്യമെന്തെന്ന് അദ്ദേഹം ചോദിച്ചതും, അവരിൽ നിന്ന് അതിനു മറുപടിയുണ്ടാകാതെ വന്നപ്പോൾ കൃത്യമായി എന്തെല്ലാമായിരിക്കണം അവയെന്ന് എണ്ണിയെണ്ണി പറഞ്ഞതും.

ലക്ഷ്യത്തിന്റെ

മഹാസാരം

'ഏതു പ്രവൃത്തിക്കും ഒരു ഉദ്ദേശ്യം വേണം; ഒരു ലക്ഷ്യം" എന്ന് പലവട്ടം ഊന്നിപ്പറഞ്ഞിട്ടുള്ള ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന്റെ ലക്ഷ്യത്തിനാണ് പരമപ്രാധാന്യം കല്പിച്ചത്. ചരിത്രത്തെയോ സാഹിത്യത്തെയോ നവോത്ഥാനത്തെയോ സംസ്‌കാരത്തെയോ സമ്പന്നമാക്കുന്നതും കാലാതീതമാക്കുന്നതും പ്രസക്തമാക്കുന്നതും അതതിന്റെ മനുഷ്യഹിതമാർന്ന ഉള്ളടക്കങ്ങളാണ്. അതുപോലെ ശിവഗിരി തീർത്ഥാടനത്തിന്റെ ഉള്ളടക്കത്തിന് മ​റ്റു തീർത്ഥാടനങ്ങളെ അപേക്ഷിച്ച് ജീവിതഗന്ധമേകുന്നത് അതിന്റെ മഹിതമായ ലക്ഷ്യങ്ങളാണ്.

ആത്മീയതയിൽ ലൗകികതയും ലൗകികതയിൽ ആത്മീയതയും ഒരുപോലെ സംഗമിക്കുന്ന വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കൈത്തൊഴിൽ, കച്ചവടം, സാങ്കേതികശാസ്ത്ര പരിശീലനം എന്നിങ്ങനെ എട്ടു വിഷയങ്ങളാണ് യാതൊരു ഹോംവർക്കുമില്ലാതെ തത്ക്ഷണത്തിൽത്തന്നെ ഗുരുദേവൻ തീർത്ഥാടന ലക്ഷ്യങ്ങളായി കല്പിച്ചത്. കാലം എത്രതന്നെ കഴിഞ്ഞാലും, ദേശവും ഭാഷയും വിശ്വാസങ്ങളും എത്രതന്നെ മാറിയാലും, സമ്പത്തും ശാസ്ത്രവും എത്രതന്നെ മുന്നേറിയാലും ഈ വിഷയങ്ങളിൽ സമഗ്രമായ അറിവും ശാസ്ത്രീയമായ നൈപുണ്യവും സ്വാംശീകരിച്ചുകൊണ്ടല്ലാതെ മനുഷ്യനും ദേശത്തിനും അഭ്യുന്നതി ഉണ്ടാവുകയില്ലെന്നു തീർച്ച.

അനന്യം ഈ

അടനം

ഇന്നത്തെ ആഗോളീകരണം പോലും ഗുരുകല്പിതമായ ഈ വിഷയങ്ങളുടെ മനുഷ്യഗന്ധത്തിൽ നിന്നും പ്രാധാന്യത്തിൽ നിന്നും വ്യാപ്തിയിൽ നിന്നും പ്രസക്തിയിൽ നിന്നും ഉടലെടുത്തിട്ടുള്ളതാണെന്ന് നിസംശയം പറയാം. ഇതെല്ലാം ചേർത്ത് വിലയിരുത്തുമ്പോൾ തീർത്ഥാടനങ്ങളുടെ പരമ്പരാഗത മാർഗത്തിൽ നിന്നും ഘടനയിൽ നിന്നും ശൈലിയിൽ നിന്നും വേറിട്ടുനിൽക്കുന്ന ഒരു മാനവിക,​ ദാർശനിക അടിത്തറയിൽ നിന്നാണ് ശിവഗിരി തീർത്ഥാടനത്തിന്റെ സമഗ്രത ഉദയം കൊണ്ടിട്ടുള്ളതെന്ന് ബോദ്ധ്യമാകും.

ശിവഗിരി തീർത്ഥാടനത്തിന്റെ അസ്തിത്വവും അടിത്തറയും ആത്മീയതയും ലൗകികതയും ഗുരുദേവൻ പുനരാവിഷ്‌കരിച്ച അദ്വൈത ദർശനത്തിന്റെ ഭദ്റതയിലാണ് നിലകൊള്ളുന്നത്. ആന്തരികമായ പരിവർത്തനത്തിന്റെ പ്രകാശപരതയിൽ വേണം ഏതൊരു ഭൗതിക മാ​റ്റവും ഭൗതിക മുന്നേ​റ്റവും ഭൗതികാവബോധവും ഉണ്ടാവേണ്ടത്. അതില്ലാതെയും അതല്ലാതെയും സംഭവിക്കുന്ന യാതൊരു ഭൗതിക മാ​റ്റത്തിനും പരിവർത്തനത്തിനും സമൂഹത്തെ ദീർഘകാലം നേർദിശയിലേക്കോ നവോത്ഥാനത്തിലേക്കോ ഒത്തൊരുമയോടെ നയിക്കാനാവുകയില്ല.

ഗുരുദേവന്റെ ആത്മീയതയിൽ ഉടനീളവും സാമൂഹ്യ ഇടപെടലിൽ ഉടനീളവും ഈ നയതന്ത്റജ്ഞതയും മന:ശാസ്ത്രപരരതയും സാമൂഹ്യ പ്രതിബദ്ധതയും സമഞ്ജസമായി സമ്മേളിച്ചിരുന്നു. അതിന്റെ കാലാതീതമായ ശംഖനാദമാണ് 1888-ലെ അരുവിപ്പുറം ശിവപ്രതിഷ്ഠയിലും സന്ദേശത്തിലും ഇന്നും എന്നും മുഴങ്ങിക്കേൾക്കാനാകുന്നത്. മനുഷ്യന്റെ ബാഹ്യ- ആഭ്യന്തര ശുദ്ധിക്കും അഭ്യുന്നതിക്കും ആധാരമായി നിലകൊള്ളുന്ന അടിസ്ഥാന വിഷയങ്ങളിൽ അവനെ പ്രബുദ്ധനും സ്വതന്ത്റനുമാക്കി പുനർനവീകരിക്കുക എന്നതായിരുന്നു ഗുരുദേവന്റെ ദൗത്യസങ്കല്പം.

മാനവികത എന്ന

പരിവർത്തനം

മ​റ്റൊരർത്ഥത്തിൽ,​ ലോകഹിതത്തിനായും ലോകമംഗളത്തിനായും പ്രയത്നം ചെയ്യുംവിധം മനുഷ്യനെ പ്രബുദ്ധനാക്കിയും സ്വതന്ത്റനാക്കിയും ഒരു വിശ്വമാനവനാക്കിത്തീർക്കണമെന്ന ദീർഘദർശനത്തിൽ നിന്ന് പിറവികൊണ്ട ആധുനിക ലോകത്തെ ഏക തീർത്ഥാടനമാണ് ശിവഗിരി തീർത്ഥാടനം എന്ന് ചിന്തിക്കുന്നവർക്ക് അസന്ദിഗ്ദ്ധമായി പറയാം. മനുഷ്യനെ സർവതന്ത്റ സ്വതന്ത്റതയിലേക്കും സമഗ്രതയിലേക്കും വിശ്വമാനവികതയിലേക്കും ശുദ്ധിയിലേക്കും അഭിവൃദ്ധിയിലേക്കും സർവോപരി സർവധർമ്മ സമഭാവനയിലേക്കും ഒരേനേരം ആനയിക്കുന്ന മ​റ്റൊരു തീർത്ഥാടനം ലോകത്തില്ലെന്ന് പറയുവാനാകും.

അങ്ങനെ പറയുവാൻ നമുക്ക് ആധാരമായിത്തീരുന്നത് സമസ്ത പ്രപഞ്ചവും സമസ്ത മാനവരാശിയും ഒന്നായി നിലകൊള്ളുന്ന ഗുരുവിന്റെ അദ്വൈത ദർശനമാണ്. കണ്ണില്ലാതെ കാണുകയും,​ കാതില്ലാതെ കേൾക്കുകയും,​ നാവില്ലാതെ രുചിക്കുകയും,​ മൂക്കില്ലാതെ മണക്കുകയും,​ ത്വക്കില്ലാതെ സ്പർശിക്കുകയും ചെയ്യുന്ന പരംപൊരുളിന്റെ നിത്യവർത്തമാനത്തിൽ നട്ടുവളർത്തപ്പെട്ടതാണ് ശിവഗിരി തീർത്ഥാടനം എന്നതാണ് അതിന്റെ ദാർശനികവും ദേശകാലാതീതവുമായ പ്രാധാന്യവും പ്രസക്തിയും അടിത്തറയും. മനുഷ്യന്റെ ചിന്തയും നോട്ടവും വാക്കും പ്രവൃത്തിയും എവിടെവരെ ചെന്നെത്തുമോ,​ അതിനും അപ്പുറത്തേക്കുള്ള വിശ്വവിശാലതയിലേക്കും ഏകതയിലേക്കുമാണ് ശിവഗിരി തീർത്ഥാടനത്തിന്റെ പ്രകാശം ചെന്നെത്തുന്നത്.

മനുഷ്യത്വം വിണ്ടും മാനവർ ഭിന്നിച്ചും പോകുന്ന ലോകസാഹചര്യത്തിൽ ശാശ്വതമായ ശാന്തിയുടെയും സമാധാനത്തിന്റെയും അഭിവൃദ്ധിയുടെയും മംഗളപരതയുടെയും മൗലികമായ ദർശനമാണ് ഗുരുദേവൻ മനുഷ്യരാശിക്കു നൽകിയതെന്ന് ഓർക്കുമ്പോഴാണ് ആ ദൈവികതയുടെയും മാനവികതയുടെയും ഒന്നായുള്ള എഴുന്നള്ളത്തിനു മുന്നിൽ മ​റ്റെല്ലാം അപ്രസക്തമാണെന്ന ബോധം ഉറയ്ക്കുന്നത്. 'എന്തിനാണ് മനുഷ്യർ ഭിന്നത വളർത്തി കലഹിക്കുന്നത്; എല്ലാം വൃഥാവിൽ,​ പോരാട്ടങ്ങൾകൊണ്ട് എല്ലാവർക്കും നാശമേ ഉണ്ടാവുകയുള്ളൂവെന്ന് മനുഷ്യൻ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു" എന്ന ഗുരുവചനത്തിന്റെ അനുഭവമഹിമയിലേക്ക് ലോകവും ലോകരും ഉണരുന്ന കാഴ്ചയാണ് അടുത്ത കാലത്തായി വത്തിക്കാനിലും ലണ്ടനിലും ഗൾഫ് നാടുകളിലും ആസ്‌ട്രേലിയയിലെ വിക്ടോറിയൻ പാർലമെന്റിലും നടന്ന സർവമത ശതാബ്ദി സമ്മേളനങ്ങളിലൂടെ കാണാനായത്.

അതാകട്ടെ,​ മതഭീകരതയും അസഹിഷ്ണുതയും പെരുകിവരുന്ന ലോകത്ത് പുതിയ പ്രത്യാശകൾ നൽകുന്നതാണ്. പുനരവലോകനത്തിന്റെയും പുനരാവിഷ്‌കരണത്തിന്റെയും പുനരേകീകരണത്തിന്റെയും വലിയ സാദ്ധ്യതകളാണ് ഈ ലോകസമ്മേളനങ്ങൾ സമ്മാനിച്ചത്. 'സമ്പാദിച്ച അറിവ് കളയരുത്, അത് വലുതാക്കിയാൽ എത്ര പങ്കുവയ്ക്കാം; ഈശ്വരൻ പ്രസാദിച്ചാൽ മതി" എന്ന ഗുരുവചനത്തിലേക്ക് നമ്മുടെയെല്ലാം മനസും ബുദ്ധിയും ചിന്തയും ശ്രദ്ധയും ഉറപ്പിക്കാനായാൽ പ്രശാന്തചിത്തനായി കഴിയേണ്ട മനുഷ്യൻ ഒരു സാഹചര്യത്തിലും അശാന്തചിത്തനായി മാറുകയില്ല.

വിദ്യയും വിനയവും, അഹിംസയും വിശ്വാസവും, ശുചിത്വവും ഭക്തിയും, സാഹോദര്യവും അനുകമ്പയും വേറുവേറാകാതെ,​ ആത്മീയതയേയും ലൗകികതയേയും ഒരു ശരീരത്തിലെ വിവിധങ്ങളായ അവയവങ്ങൾ പരസ്പരം ഏകോപിക്കുന്നതുപോലെ ഏകോപിപ്പിക്കാനായാൽ മനുഷ്യരാശിയെ പലതായി വിഭജിക്കാനോ ഒരുകൂട്ടരെ മ​റ്റൊരു കൂട്ടർക്ക് പലായനം ചെയ്യിക്കാനോ മനുഷ്യത്വ ധ്വംസനം നടത്താനോ സാധിക്കുകയില്ല. ഒരുമയുടെ ആ പ്രകാശപ്രവാഹത്തിലാണ് ജീവിതത്തെ പുന:ക്രമീകരിക്കേണ്ടതും നവീകരിക്കേണ്ടതും. അങ്ങനെയുള്ള ഒരു നവലോകമാണ് സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം എന്ന സന്ദേശം കൊണ്ട് ഗുരുദേവൻ 1888- ൽ വിഭാവനം ചെയ്തത്.

ആ പാഠങ്ങളെ

പിന്തുടരാം

ഗുരുദേവന്റെ അനുപമവും അമേയവുമായ ആ മഹാസങ്കല്പം യാഥാർത്ഥ്യമാകണമെങ്കിൽ മനുഷ്യരെല്ലാവരും ആത്മസഹോദരരാണെന്ന ബോദ്ധ്യം വരണം. അതിനാകട്ടെ ഗുരുദേവൻ ഉദ്‌ബോധിപ്പിച്ച സത്യദർശനത്തിന്റെ വെളിച്ചത്തിൽ, ശാസ്ത്ര- സാങ്കേതിക ഭൗതിക വിജ്ഞാനത്തെ പങ്കുവയ്ക്കുകയും അവയെ വിനിമയം ചെയ്യുകയും ഗുണപരമായി പ്രയോജനപ്പെടുത്തുകയും വേണം. അതിനുള്ള ജീവിതഗന്ധികളായ എട്ടു പാഠങ്ങളാണ് ശിവഗിരി തീർത്ഥാടന ലക്ഷ്യങ്ങളായി ഗുരുദേവൻ മനുഷ്യരാശിക്കു നൽകിയത്. ഗുരുദേവൻ എണ്ണിപ്പറഞ്ഞ ആ ലക്ഷ്യങ്ങളായിരിക്കട്ടെ,​ ലോകോദ്ധാരണത്തിനുള്ള ധർമ്മഗീതം.

ഗുരുദേവൻ മഹാപരിനിർവാണം പ്രാപിച്ചതിന്റെ ശതാബ്ദി ആചരണങ്ങൾ ഇക്കഴിഞ്ഞ ഒക്ടോബർ 23-ന് രാഷ്ട്രപതി ദ്റൗപതി മുർമു ശിവഗിരിയിലെത്തി ഉദ്ഘാടനം ചെയ്ത പശ്ചാത്തല മഹിമയിലാണ് ഇക്കൊല്ലം 93-ാ മത് ശിവഗിരി തീർത്ഥാടനത്തിൽ നമ്മൾ പങ്കുകൊള്ളുന്നത്. ഗുരുദേവൻ ഇച്ഛിച്ചതും കല്പിച്ചതുമായ ആത്മീയാടിത്തറയുള്ളൊരു ഏകലോക വ്യവസ്ഥിതി യാഥാർത്ഥ്യമാക്കുവാനുള്ള കരുവായും കരുത്തായും ഈ തീർത്ഥാടനം മാറട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

TAGS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.