പൊലീസ് ട്രെയിനിംഗ് ക്യാമ്പുകളിലെ പീഡനങ്ങളെക്കുറിച്ചുള്ള പരാതികൾ പുതിയതല്ല. ട്രെയിനിംഗിന്റെ പേരിൽ മനുഷ്യത്വരഹിതമായതും അടിമപ്പണിക്ക് തുല്യമായതുമായ പല കാര്യങ്ങളും നടക്കാറുണ്ട്. മേലുദ്യോഗസ്ഥരാകട്ടെ, ട്രെയിനിംഗ് നൽകുന്നവരുടെ വാക്കുകൾ മാത്രമേ വിലയ്ക്കെടുക്കാറുള്ളൂ. ട്രെയിനികളുടെ പരാതികൾ ആരും കേൾക്കാറില്ലെന്നു മാത്രമല്ല, കൂടുതൽ ശിക്ഷ ഭയന്ന് ട്രെയിനികൾ പരാതി പറയാൻ ശ്രമിക്കാറുമില്ല. വളരെക്കാലം കാത്തിരുന്ന് പഠിച്ച് പരീക്ഷയെഴുതിയാണ് ഭൂരിപക്ഷം പേരും ഒരു ജോലിയിൽ കയറിക്കൂടുന്നത്. ഒരാൾക്ക് ജോലി കിട്ടുമ്പോൾ അയാളെ ആശ്രയിച്ചു കഴിയുന്ന ഒരു കുടുംബം കൂടിയാണ് രക്ഷപ്പെടുന്നത്. കുടുംബത്തെ ഓർത്താണ് പലരും എന്തും സഹിക്കാൻ തയ്യാറാകുന്നത്. എന്നാൽ എല്ലാത്തിനും പരിധിയുണ്ട്. അതു കഴിഞ്ഞാൽ ചിലർക്കെങ്കിലും പിടിച്ചുനിൽക്കാനാകില്ല.
പേരൂർക്കട എസ്.എ.പി ക്യാമ്പിൽ പൊലീസ് ട്രെയിനിയായ ആദിവാസി യുവാവിനെ ബാരക്കിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തെ ഒറ്റപ്പെട്ട ഒന്നായി ചിത്രീകരിച്ച് തമസ്‌കരിക്കാൻ പാടുള്ളതല്ല. രണ്ടുദിവസം മുമ്പ് കൈഞരമ്പു മുറിച്ച് ഇതേ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അപ്പോൾത്തന്നെ മുതിർന്ന ഉദ്യോഗസ്ഥർ പ്രശ്നത്തിൽ ഇടപെടുകയും ഈ യുവാവിനെ മാനസിക സമ്മർദ്ദത്തിലാക്കിയ കാരണങ്ങൾ അന്വേഷിക്കുകയും അതു പരിഹരിക്കാൻ യുക്‌തമായ നടപടികൾ സ്വീകരിക്കുകയും ചെയ്‌തിരുന്നെങ്കിൽ വിതുര സ്വദേശിയായ ആനന്ദ് എന്ന ഇരുപത്തിനാലുകാരന്റെ ജീവൻ രക്ഷിക്കാമായിരുന്നു. അതുണ്ടായില്ലെന്നു മാത്രമല്ല, വേണ്ടത്ര സുരക്ഷയില്ലാതെ ഇയാളെ പാർപ്പിക്കുകയാണ് ചെയ്തത്. ഉദ്യോഗസ്ഥരുടെ മാനസിക പീഡനത്തെത്തുടർന്നാണ് ആനന്ദ് ആത്മഹത്യ ചെയ്തതെന്ന ബന്ധുക്കളുടെ ആരോപണം തള്ളിക്കളയാനാവുന്നതല്ല. ഇക്കാര്യം ഉന്നയിച്ച് ആനന്ദിന്റെ സഹോദരൻ അരവിന്ദ് പേരൂർക്കട പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ചികിത്സയിലായിരുന്ന ആനന്ദിനെ നോക്കാൻ ബാരക്കിൽ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പുറത്തു പോയപ്പോഴാണ് തൂങ്ങിമരണം ഉണ്ടായത്. ഗ്രൗണ്ടിലെ പരിശീലനം കഴിഞ്ഞ് മടങ്ങിയെത്തിയവരാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ആനന്ദിനെ കണ്ടെത്തിയത്. ഡിഗ്രി പഠനം കഴിഞ്ഞ് ആനന്ദ് ഏറെനാൾ പെയിന്റിംഗ് ജോലിക്കു പോയിരുന്നു. ഇതിനിടയിലാണ് പി.എസ്.സി പാസായി പൊലീസിൽ പ്രവേശിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയാണ് അമ്മ. ആനന്ദ് ജീവനൊടുക്കാനിടയാക്കിയത് സീനിയർ ഉദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണമാണെന്ന വാർത്തകൾ പുറത്തുവരുന്നുണ്ട്. ഹവീൽദാർമാർ എല്ലാവരുടെയും മുന്നിൽവച്ച് ആനന്ദിനോട് മോശമായി പെരുമാറിയതായി ക്യാമ്പിലെ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്ന ശബ്ദരേഖയും പുറത്തു പ്രചരിക്കുന്നുണ്ട്. ഇതിന്റെയെല്ലാം നിജസ്ഥിതി വിശദമായ അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരികയുള്ളൂ. ചെറിയ തെറ്റുകൾക്കു പോലും പരിശീലന കാലയളവിൽ പൊലീസ് ക്യാമ്പിൽ അതിക്രൂരമായ ശാരീരിക ശിക്ഷകളാണ് നൽകുന്നതെന്ന് നേരത്തേ തന്നെ പരാതികൾ ഉണ്ടായിട്ടുള്ളതാണ്.
തോന്നിയ ശിക്ഷ നൽകാനുള്ള അധികാരം പരിശീലകന്മാർക്ക് നൽകാൻ പാടില്ല. അച്ചടക്കം പാലിക്കാൻ ആവശ്യമായ ശിക്ഷകൾ മാത്രമേ നൽകാൻ പാടുള്ളൂ. ഇക്കാര്യങ്ങളിലൊക്കെ മുതിർന്ന ഉദ്യോഗസ്ഥരുടെ ഇടപെടൽ ആവശ്യമാണ്. ആദ്യത്തെ ആത്മഹത്യാശ്രമത്തിനു ശേഷം ആനന്ദിനോട് സംസാരിക്കുന്നതിൽ നിന്ന് മറ്റുള്ളവരെ വിലക്കിയതായും, അന്വേഷണമുണ്ടായാൽ ഈ യുവാവിന് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നതായി പറയണമെന്ന് നിർദ്ദേശിച്ചിരുന്നതായും ആരോപണമുണ്ട്. പൊലീസ് ജനങ്ങളോട് ക്രൂരമായി പെരുമാറുന്നുണ്ടെങ്കിൽ അതിന്റെയൊക്കെ അടിവേരുകൾ ഇത്തരം അപരിഷ്‌കൃതമായ പരിശീലനങ്ങളിലാണ് കുടികൊള്ളുന്നത്. പൊലീസിനു നൽകുന്ന പരിശീലനം കാലോചിതമായ ഒരു റിവ്യൂവിന് വിധേയമാക്കാൻ ആഭ്യന്തരവകുപ്പ് തയ്യാറാകണം. അതോടൊപ്പം ആദിവാസി യുവാവിന്റെ ആത്മഹത്യയ്ക്ക് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ചും അതിന് കാരണക്കാരായ സീനിയർ ഉദ്യോഗസ്ഥരുടെ നടപടികളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുകയും വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |