
ശ്രീനഗർ: ജമ്മു കാശ്‌മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനം അബദ്ധത്തിൽ സംഭവിച്ചതാണെന്ന് ഡിജിപി നളിൻ പ്രഭാത്. സ്‌ഫോടനത്തിൽ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒമ്പതുപേർ കൊല്ലപ്പെട്ടു. 32പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ഊഹാപോഹങ്ങൾ അനാവശ്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ജമ്മു കാശ്‌മീർ പൊലീസും അറിയിച്ചു. നൗഗാം പൊലീസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തിന് പിന്നിൽ തീവ്രവാദികളാണെന്ന് നേരത്തേ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
'എസ്‌ഐഎയിലെ ഒരാൾ, എഫ്‌എസ്‌എൽ ടീമിലെ മൂന്നുപേർ, രണ്ട് ക്രൈം സീൻ ഫോട്ടോഗ്രാഫർമാർ, മജിസ്‌ട്രേറ്റ് സംഘത്തിന്റെ ഭാഗമായിരുന്ന രണ്ട് റവന്യു ഉദ്യോഗസ്ഥർ, സംഘവുമായി ബന്ധപ്പെട്ട ഒരു തയ്യൽക്കാരൻ എന്നിവരാണ് മരിച്ചത്. 27 പൊലീസ് ഉദ്യോഗസ്ഥർക്കും രണ്ട് റവന്യു ഉദ്യോഗസ്ഥർക്കും മൂന്ന് സാധാരണക്കാർക്കും പരിക്കേറ്റു. അവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി ' - ജമ്മു കാശ്‌മീർ ഡിജിപി പറഞ്ഞു.
ഇന്നലെ രാത്രി 11.20ഓടെയാണ് സ്‌ഫോടനം നടന്നത്. സംഭവത്തിൽ പൊലീസ് സ്റ്റേഷനും സമീപത്തെ കെട്ടിടങ്ങൾക്കും കനത്ത നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഫരീദാബാദിൽ നിന്ന് പിടിച്ചെടുത്ത സ്‌ഫോടക വസ്‌തുക്കളും രാസവസ്‌തുക്കളും പരിശോധിക്കുന്നതിനിടെ ആയിരുന്നു അപകടം. കഴിഞ്ഞ രണ്ട് ദിവസമായി ഫോറൻസിക് സാമ്പിൾ ശേഖരണ പ്രക്രിയ നടന്നുവരികയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |