SignIn
Kerala Kaumudi Online
Thursday, 19 September 2024 8.10 PM IST

വിദ്യാഭ്യാസ വകുപ്പിലെ മികവാർന്ന നേട്ടങ്ങൾ

Increase Font Size Decrease Font Size Print Page

photo

മാതാപിതാക്കൾ മുന്തിയ പരിഗണന നൽകുന്നത് കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ്. നന്നായി പഠിച്ച് ഒരു നിലയിലെത്തിയാൽ മാത്രമേ ഇന്നത്തെക്കാലത്ത് സാധാരണക്കാർക്ക് മികച്ചജീവിതം യാഥാർത്ഥ്യമാക്കാനാവൂ. അതിനാൽ വായ്‌പയെടുത്തും കടംവാങ്ങിയും അവർ ഏറ്റവും കൂടുതൽ പണം ചെലവാക്കുന്നതും വിദ്യാഭ്യാസത്തിനാണ്. ശരാശരിക്കാരുടെയും പാവപ്പെട്ടവരുടെയും ആശ്രയം സർക്കാർ സ്‌കൂളുകളാണ്. സർക്കാർ സ്‌കൂളുകളുടെ പഴയരീതികൾ മാറാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് തിരിച്ചൊഴുക്ക് യാഥാർത്ഥ്യമായി തീർന്നിരിക്കുന്നു.

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തും വിദ്യാഭ്യാസവകുപ്പ് സി.പി.എമ്മിന്റെ മന്ത്രിയാണ് ഭരിച്ചത്. രണ്ടാം പിണറായി സർക്കാരിൽ വിദ്യാഭ്യാസ വകുപ്പ് നേരിട്ട പ്രതിസന്ധി കേരള സംസ്ഥാനം രൂപീകരിച്ചതിനു ശേഷം ഇതുവരെ ഉണ്ടായിട്ടുള്ളതിൽ ഏറ്റവും കടുപ്പമേറിയതായിരുന്നു. കൊവിഡ് കാരണം രണ്ടുവർഷത്തോളം സ്കൂളുകൾ അടഞ്ഞുകിടന്നപ്പോഴും പഠനം മുടങ്ങാതെ മുന്നോട്ട് നയിക്കേണ്ടിവന്നു. ഈ സന്ദർഭത്തിലും അക്കമിട്ട് നിരത്താൻ തരത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പല മികവാർന്ന നേട്ടങ്ങളും കരസ്ഥമാക്കി. ചടുലമായ ഇടപെടലുകളിലൂടെ കാര്യങ്ങൾ വേഗത്തിലാക്കാനും ശക്തമായ നിലപാടുകളിലൂടെ കാതലുള്ള മാറ്റങ്ങൾ വരുത്താനും വകുപ്പിന് നേതൃത്വം നൽകിയ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നടത്തിയ പരിശ്രമങ്ങൾ കാണാതിരിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കലാവും.

കൊവിഡ് പ്രതിസന്ധി ശമിച്ചുവരുന്ന കാലയളവിൽ സ്‌കൂളുകൾ വീണ്ടും തുറന്നാൽ കുട്ടികൾക്കിടയിൽ രോഗം പടർന്നുപിടിക്കാൻ ഇടയാകുമെന്ന അഭ്യൂഹങ്ങൾക്കിടയിൽ പരമാവധി കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സ്കൂളുകൾ തുറക്കാനും നല്ലരീതിയിൽ മുന്നോട്ട് പോകാനും മന്ത്രി പ്രകടിപ്പിച്ച ഇച്ഛാശക്തി വളരെ വലുതായിരുന്നു. സർക്കാർ കാര്യം മുറപോലെ എന്ന മട്ട് പ്രകാരമാണ് വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വകുപ്പുകളിൽ ഫയലുകൾ ഇപ്പോഴും നീങ്ങുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട മന്ത്രി പല ഓഫീസുകളിലും അപ്രതീക്ഷിത സന്ദർശനം നടത്തി. തിരുവനന്തപുരം റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ 500 ഫയലുകൾ കെട്ടിക്കിടക്കുന്നത് മന്ത്രി നേരിട്ടെത്തിയാണ് കണ്ടെത്തിയത്. അദാലത്തുകൾ നടത്തി കുടിശിക ഫയലുകൾ തീർപ്പാക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്.

ഓൺലൈൻ, ഡിജിറ്റൽ പഠനം ഏറ്റവും കാര്യക്ഷമമാക്കിയതും പിന്നാക്കമേഖലകൾ ഉൾപ്പെടെ എല്ലായിടത്തേക്കും ഇത് എത്തിക്കാൻ കഴിഞ്ഞതുമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഏറ്റവും മികച്ച നേട്ടമായി വിലയിരുത്തേണ്ടത്. ഈ സജ്ജീകരണങ്ങൾ വിദ്യാർത്ഥികളുടെയും സംസ്ഥാനത്തിന്റെയും ഭാവി രൂപപ്പെടുത്തുന്നതിലേക്ക് കൂടി നീളുന്ന നേട്ടമാണത്. മന്ത്രി ശിവൻകുട്ടിക്ക് ഉൗണിലും ഉറക്കത്തിലും സ്വന്തം വകുപ്പിനെക്കുറിച്ചാണ് ചിന്ത എന്ന ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ പ്രശംസ വെറും ഭംഗിവാക്കായല്ല കണക്കാക്കേണ്ടത്. 1655 പ്രൈമറി അദ്ധ്യാപകർക്ക് ഹെഡ്‌മാസ്റ്റർമാരായി സ്ഥാനക്കയറ്റം നൽകുക, 771ൽപ്പരം പ്രൈമറി തസ്തികയിൽ പുതിയ അദ്ധ്യാപക നിയമനങ്ങൾ നടത്തുക, പാഠ്യപദ്ധതി പരിഷ്കരണത്തിന് സമിതി രൂപീകരിക്കുക, ഖാദർ കമ്മിറ്റി ശുപാർശകൾ നടപ്പിലാക്കാൻ കർമ്മസമിതിക്ക് രൂപം നൽകുക തുടങ്ങി ഒട്ടേറെ നടപടികളാണ് മന്ത്രി കൈക്കൊണ്ടിരിക്കുന്നത്.

തൊഴിൽമന്ത്രി എന്ന നിലയിൽ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ രജിസ്ട്രേഷനുവേണ്ടി എടുത്ത നടപടികളും അന്യസംസ്ഥാന തൊഴിലാളികളുടെ താമസ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ക്ഷേമം ഉറപ്പാക്കാനും നിരവധി നിസ്തുലമായ നടപടികൾ കൈക്കൊണ്ടതും വിസ്മരിക്കാനാകില്ല. സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസരംഗത്തെ രാജ്യത്തിനാകെ മാതൃകയാക്കി മാറ്റാൻ വരുംവർഷങ്ങളിൽ മന്ത്രിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ACHIEVEMENTS OF GENERAL EDUCATION IN KERALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.