കുറച്ചുദിവസം മുമ്പ് കോതമംഗലത്ത് ഒരു സ്വകാര്യ ബസിൽ നിന്ന് നിറുത്താതെയുള്ള എയർ ഹോൺ മുഴക്കം കേട്ട് സഹികെട്ടാണ് ഗതാഗത മന്ത്രി കെ.ബി. ഗണേശ്കുമാർ, 'ചെവി പൊട്ടിക്കുന്ന" എയർ ഹോണുകൾ മുഴക്കി പായുന്ന വാഹനങ്ങൾക്ക് പൂട്ടിടാൻ മോട്ടോർ വാഹന വകുപ്പിനോട് ഒരു സ്പെഷ്യൽ ഡ്രൈവ് നടത്തുന്നതിന് നിർദ്ദേശം നല്കിയത്. എറണാകുളം ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ശുഷ്കാന്തിയോടെ ഡ്രൈവിന് ഇറങ്ങിയപ്പോൾ അഞ്ചാറുദിവസംകൊണ്ട് പിടികൂടിയത് 'കടുത്ത ഹോണടി"ക്കാരായ 250-ലധികം വാഹനങ്ങളെയാണ്. അത്രയും വാഹനങ്ങൾക്ക് ചുമത്തിയ പിഴ ഇനത്തിൽ മാത്രം നാലരലക്ഷത്തോളം രൂപ കിട്ടുകയും ചെയ്തു. അതുകൊണ്ടും തീർന്നില്ല; പിടിച്ചെടുത്ത എയർഹോണുകൾ കൂട്ടത്തോടെ റോഡിലിട്ട്, റോഡ് റോളർ കയറ്റിയിറക്കി പപ്പടമാക്കിയെന്ന് അറിഞ്ഞിട്ടേ മന്ത്രി അടങ്ങിയുള്ളൂ. ഡ്രൈവ് തുടരാൻ തന്നെയാണ് തീരുമാനം.
അത് എറണാകുളത്തു മാത്രം പോരാ, എല്ലാ ജില്ലകളിലും നടത്തുകയും, ഗുരുതരമായ കേൾവി പ്രശ്നങ്ങൾക്ക് കാരണമാകുന്ന എയർ ഹോണുകളുമായി വിലസുന്ന മുഴുവൻ വാഹനങ്ങളിൽ നിന്നും അവ ഊരിമാറ്റിക്കുകയും വേണം. പെട്ടെന്ന് മുഴങ്ങുന്ന അതിതീവ്ര ശബ്ദങ്ങൾ മനുഷ്യന്റെ ശ്രവണശേഷിയെ സാരമായി ബാധിക്കുമെന്നതിന് ശാസ്ത്രീയ തെളിവുകളുണ്ട്. 85 ഡെസിബെൽ വരെ മാത്രം തീവ്രതയുള്ള ശബ്ദങ്ങളാണ് സാധാരണയായി മനുഷ്യ ശ്രവണേന്ദ്രിയത്തിന് സഹനീയം. 112 ഡെസിബെൽ വരെ തീവ്രതയുള്ള ഹോണുകൾ വാഹനങ്ങളിൽ നിയമപരമായി അനുവദനീയമാണെങ്കിലും, 130 ഡെസിബെലും അതിലധികവും തീവ്രതയുള്ള എയർഹോണുകൾ ലോറികളിലും ട്രക്കുകളിലും മറ്റും ഉപയോഗിക്കാറുണ്ടത്രേ. നഗരമദ്ധ്യത്തിലും തിരക്കേറിയ മറ്റു സ്ഥലങ്ങളിലും ബസ് ഉൾപ്പെടെ പൊതുവാഹനങ്ങൾ എയർ ഹോണുകൾ മുഴക്കുന്നത് അസ്വസ്ഥത മാത്രമല്ല, ആരോഗ്യപ്രശ്നങ്ങൾക്കും, ഗുരുതര ശ്രവണ വൈകല്യങ്ങൾക്കു പോലും ഇടയാക്കുന്നതാണ്.
മുമ്പേ പോകുന്ന വാഹനത്തിന്റെ ഡ്രൈവറെ, പിന്നാലെ സഞ്ചരിക്കുന്ന വാഹനത്തിന്റെ സാന്നിദ്ധ്യം അറിയിക്കേണ്ടപ്പോഴാണ് ഹോൺ മുഴക്കേണ്ടിവരുന്നത്. ഓവർടേക്ക് ചെയ്യാൻ ഹോണടിച്ച് അനുവാദം ചോദിക്കുകയല്ലാതെ, നാട്ടുകാരുടെ ചെവിക്കല്ലു പൊട്ടിക്കുക എന്നൊരു ദൗത്യം എന്തായാലും അവയ്ക്ക് പാടില്ല. വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള എയർഹോണുകൾ മാത്രമല്ല, ഇത്തരം ഹോണുകൾ വില്പനയ്ക്കു വച്ചിട്ടുള്ള സ്ഥാപനങ്ങളിൽ നിന്നു കൂടി അവ പിടിച്ചെടുക്കുമെന്നും, ആ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് കനത്ത പിഴ ഈടാക്കുമെന്നും കൂടി മന്ത്രി പറഞ്ഞിട്ടുണ്ട്. അതേസമയം, എയർ ഹോണുകൾ വാഹനങ്ങളിൽ നിന്ന് ഒഴിവാക്കാനുള്ള നടപടി പൊതുവെ സ്വാഗതം ചെയ്യപ്പെടേണ്ടതാണെങ്കിലും, പിടികൂടിയ ഹോണുകൾ റോഡിലിട്ട് റോളർ കയറ്റി നശിപ്പിക്കാനുള്ള മന്ത്രിയുടെ നിർദ്ദേശം അദ്ദേഹത്തിന്റെ 'ഷോ" ആയിപ്പോയെന്നൊരു ആക്ഷേപം കേൾക്കുന്നുണ്ട്.
അതെന്തായാലും, അനുവദനീയമല്ലാത്ത ഉപകരണങ്ങൾ പിടിച്ചെടുക്കാനും പിഴ ചുമത്താനുമല്ലാതെ, പിടിച്ചെടുത്ത സാമഗ്രികൾ നശിപ്പിച്ചുകളയാൻ മന്ത്രി നിർദ്ദേശിച്ചാലും ഉദ്യോഗസ്ഥർക്ക് നിയമം അധികാരം നല്കുന്നുണ്ടോ എന്നൊരു ചോദ്യമുണ്ട്. എയർ ഹോണുകൾ നശിപ്പിക്കാൻ ഉപയോഗിച്ച റോഡ് റോളറിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലായിരുന്നെന്നും, സർട്ടിഫിക്കറ്റ് നേടാൻ പത്തുദിവസം അനുവദിച്ചിരിക്കുകയാണെന്നും ഉള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. സഞ്ചാരസ്വാതന്ത്ര്യം പോലെ തന്നെ പ്രധാനമാണ്, പൊതുനിരത്തുകളിൽ ആരോഗ്യപരമായ സുരക്ഷിതത്വത്തിനുള്ള സ്വാതന്ത്ര്യവും അവകാശവും. അത് ഉറപ്പാക്കുന്നതാണ് ഗതാഗത മന്ത്രിയുടെ നടപടി. അതിന്റെ പേരിലുള്ള നാടകങ്ങളും മറ്റും ഒഴിവാക്കി, അസ്വസ്ഥതയും കേൾവി തകരാറുകളും ഉണ്ടാക്കുന്ന എയർ ഹോണുകൾ പിടിച്ചെടുത്ത് പിഴചുമത്തുന്ന ഡ്രൈവ് എല്ലാ ജില്ലകളിലും അടിയന്തരമായി നടത്തുകയാണ് വേണ്ടത്. എയർ ഹോണടിച്ച് ഡ്രൈവർമാർ ഇനി കേരളത്തിന്റെ ചെവി പൊട്ടിക്കരുത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |