
മഹാരാഷ്ട്രയിൽ ഉയർന്നുവരുന്ന കരുത്തരായ നേതാക്കന്മാർക്ക് ഉണ്ടാകുന്ന ദുർമരണങ്ങൾ ഒരു തുടർക്കഥ പോലെ ആവർത്തിക്കുകയാണ്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ശക്തനായ നേതാവുമായിരുന്ന അജിത് പവാറിന് അറുപത്തിയാറാമത്തെ വയസിൽ വിമാന ദുരന്തത്തിൽ ദാരുണാന്ത്യം സംഭവിച്ചത് രാജ്യത്തെ തന്നെ ഞെട്ടിപ്പിക്കുന്നതായി മാറി. ബി.ജെ.പിയുടെ അതിശക്തനായ യുവ നേതാവായി ഉയർന്നുവന്ന പ്രമോദ് മഹാജനും ദളിത് വിഭാഗത്തിൽ നിന്നും ഉദിച്ചുയർന്ന ഗോപിനാഥ് മുണ്ടെയ്‌ക്കും ഉണ്ടായ ദുർമരണങ്ങളും മറക്കാൻ കഴിയുന്നതല്ല. തന്റെ രാഷ്ട്രീയ ഉയർച്ചയ്ക്ക് തുടക്കം കുറിച്ച ബാരാമതിയിൽ ഉണ്ടായ വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായിരുന്ന അജിത് പവാർ ഉൾപ്പെടെ അഞ്ചുപേർക്കാണ് ജീവഹാനി സംഭവിച്ചത്.
വിവിധ സർക്കാരുകളിലായി ആറുതവണ ഉപമുഖ്യമന്ത്രി സ്ഥാനം അലങ്കരിച്ച, തിരഞ്ഞെടുപ്പുകളിൽ ഒരിക്കൽപ്പോലും തോറ്റിട്ടില്ലാത്ത ജനപ്രിയ നേതാവായിരുന്ന അജിത് പവാറിന്റെ വേർപാട് മഹാരാഷ്ട്ര രാഷ്ട്രീയത്തിലും എൻ.സി.പിയിലും സൃഷ്ടിക്കുന്ന ശൂന്യത ചെറുതല്ല. ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി പദം കൈകാര്യം ചെയ്യുന്ന മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനം മാത്രമല്ല, ധനമന്ത്രി സ്ഥാനവും വഹിച്ചിരുന്നത് മിസ്റ്റർ ഫിനാൻസ് എന്ന മറ്റൊരു പേരിൽ അറിയപ്പെട്ടിരുന്ന അജിത് പവാറായിരുന്നു. ധനകാര്യം കൈകാര്യം ചെയ്യുന്നതിലുള്ള പ്രാഗത്ഭ്യം കണക്കിലെടുത്താണ് അദ്ദേഹത്തിന് സാമ്പത്തിക വിദഗ്ദ്ധർ തന്നെ മിസ്റ്റർ ഫിനാൻസ് എന്ന വിളിപ്പേര് നൽകിയിരുന്നത്.
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെയും ദേശീയ രാഷ്ട്രീയത്തിലെയും അതികായന്മാരിൽ ഒരാളായ ശരത് പവാറിന്റെ ജ്യേഷ്ഠപുത്രൻ എന്ന നിലയിൽ രാഷ്ട്രീയത്തിലിറങ്ങിയ അജിത് പവാർ തന്റെ പ്രവർത്തന മികവുകൊണ്ടും കർമ്മകൗശലങ്ങൾ കൊണ്ടും ശരത്‌പവാറിനെപ്പോലും അതിശയിപ്പിക്കുന്ന ജനസ്വാധീനമാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ കഴിഞ്ഞ ഏതാനും ദശാബ്ദങ്ങൾക്കിടയിൽ നേടിയത്. മൂന്ന് പതിറ്റാണ്ടിലേറെയായി ബാരാമതിയിൽ നിന്നുള്ള ജനപ്രതിനിധിയാണ് അദ്ദേഹം. ബാരാമതിയിൽ റൺവേയിലേക്ക് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ 100 അടി മുമ്പായി വിമാനം തകർന്നുവീഴുകയായിരുന്നു. ദുരന്തത്തിനിരയായ ലിയർജെറ്റ് വിമാനം ഡൽഹി ആസ്ഥാനമായ സ്വകാര്യ വിമാന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. പരിചയസമ്പന്നരായ പൈലറ്റുമാരാണ് വിമാനം നിയന്ത്രിച്ചിരുന്നത്. അപകടത്തിന്റെ യഥാർത്ഥ കാരണം വിശദമായ അന്വേഷണത്തിലൂടെയേ പുറത്തുവരൂ.
മൂടൽമഞ്ഞു കാരണം കാഴ്ചപരിധി കുറഞ്ഞതും, ലാൻഡിംഗ് സമയത്തെ പൈലറ്റുമാരുടെ വിലയിരുത്തലിൽ പിഴവുണ്ടായതുമാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഇത്തരം വിമാനാപകടങ്ങൾ ജനങ്ങളിൽ പലവിധ സംശയങ്ങളും ഉയരുവാൻ ഇടയാക്കുമെന്നതിനാൽ വിശദമായ ഉന്നതതല അന്വേഷണത്തിലൂടെ അപകട കാരണം വ്യക്തമാക്കേണ്ട ഉത്തരവാദിത്വം അധികൃതർക്കുണ്ട്. പിതൃസഹോദരൻ ശരത്‌പവാറുമായി ഒന്നിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് അജിത്‌പവാർ വിടപറഞ്ഞിരിക്കുന്നത്. മഹാരാഷ്ട്രയിലെ നിർണായക സാന്നിദ്ധ്യമായിരുന്ന അജിത് പവാറിന്റെ അകാല വിയോഗത്തിൽ അനുയായികൾക്കും കുടുംബത്തിനും ഉണ്ടായ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |