യുദ്ധം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ
വെള്ളാപ്പള്ളി നടേശൻ, മാനേജിംഗ് എഡിറ്റർ, യോഗനാദം | Thursday 02 April, 2026 | 12:54 AM
(യോഗനാദം 2026 ഏപ്രിൽ 1 ലക്കം എഡിറ്റോറിയൽ)
യുദ്ധം സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ
വെള്ളാപ്പള്ളി നടേശൻ, മാനേജിംഗ് എഡിറ്റർ, യോഗനാദം
പശ്ചിമേഷ്യയിൽ ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആരംഭിച്ച യുദ്ധത്തിന്റെ പ്രതിഫലനങ്ങൾ നമ്മുടെ വീടുകളിലേക്കും എത്തിത്തുടങ്ങി. യുദ്ധം വരുത്തിവച്ച പെട്രോളിയം പ്രതിസന്ധി ലോകത്തെ ആകെ ഉലയ്ക്കുകയാണ്. പെട്രോളിയം ഉത്പന്നങ്ങളുടെ വില ദിനമെന്നോണം ലോകമാകെ ഉയരുന്നു. ദൗർലഭ്യവുമുണ്ട്. യുദ്ധം തുടർന്നാൽ ഈ പ്രശ്നം രൂക്ഷമാകും. കൊവിഡുകാലത്തേതുപോലുള്ള നിയന്ത്രണങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാർലമെന്റിലെ മുന്നറിയിപ്പ് ഗൗരവം വർദ്ധിപ്പിക്കുന്നു.
ലോകത്തെ ക്രൂഡ് ഓയിൽ ഉത്പാദനത്തിന്റെയും പ്രകൃതി വാതകത്തിന്റെയും 20 ശതമാനത്തോളം കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധമാണ് പെട്രോളിയം പ്രതിസന്ധിയുടെ കാരണം. ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോർമുസിൽ സുഹൃദ്‌രാജ്യമായ ഇന്ത്യയ്ക്ക് ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും അത് വേണ്ടത്ര ഗുണം ചെയ്യുന്നില്ല. ആഗോള സാമ്പത്തികരംഗം ഗുരുതര പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. ഓഹരി വിപണികൾ കൂപ്പുകുത്തി, വ്യവസായ - വാണിജ്യ മേഖലകൾ ദിനമെന്നോണം തളരുന്നു. ഭക്ഷ്യസുരക്ഷയെയും ആരോഗ്യസംവിധാനങ്ങളെയും ബാധിക്കുന്ന രീതിയിൽ, ദൈനംദിന ജീവിതത്തെ ബാധിക്കുന്ന വിധം സംഘർഷം വളരുകയാണ്. അമേരിക്കയും ഇസ്രയേലും ചേർന്ന് ആരംഭിച്ച യുദ്ധം ഒരു മാസം പിന്നിട്ടപ്പോൾ കാണുന്ന കാഴ്ചകൾ തീർത്തും ആശങ്കപ്പെടുത്തുന്നതാണ്.
യുദ്ധം മൂലം പാചകവാതക ക്ഷാമ ഭീഷണി ഇന്ത്യയെ ഗ്രസിച്ചിട്ടുണ്ട്. ഗാർഹിക ഉപഭോക്താക്കൾക്ക് പാചകവാതകം കിട്ടുന്നുണ്ടെങ്കിലും യുദ്ധം തുടർന്നാൽ നിയന്ത്രണങ്ങൾ പ്രതീക്ഷിക്കണം. അടുക്കളയിലേക്കും പ്രതിസന്ധി നീങ്ങിയാൽ ഇപ്പോഴുള്ള സ്വസ്ഥത നഷ്ടമാകും. വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ ലഭ്യതക്കുറവ് സംസ്ഥാനത്തെ ഹോട്ടൽ മേഖലയുടെ നട്ടെല്ലൊടിച്ചുകഴിഞ്ഞു. പകുതിയിലേറെ ഹോട്ടലുകളും പൂട്ടി. പൂട്ടാത്തവ വിഭവങ്ങൾ വെട്ടിക്കുറച്ചാണ് മുന്നോട്ടു പോകുന്നത്. ലക്ഷക്കണക്കിനാളുകളുടെ ഉപജീവനമാർഗമാണ് പ്രശ്നത്തിലായത്. അതിലുപരി നഗരങ്ങളിൽ ജോലി ചെയ്യാനും പഠിക്കാനും മറ്റുമെത്തുന്നവർ താമസിക്കുന്ന ആയിരക്കണക്കിന് ഹോസ്റ്റലുകളിലെ അടുക്കളകളും പൂട്ടിയതോടെയുള്ള കഷ്ടപ്പാടുകൾ വിവരണാതീതമാണ്. ഹോട്ടൽ ഭക്ഷണവിലയിലുണ്ടായ വർദ്ധനവ് താങ്ങാനാകാതെ പലരും വീടുകളിലേക്ക് മടങ്ങുന്നുമുണ്ട്.
മറ്റ് രാജ്യങ്ങളിൽ പെട്രോളിനും ഡീസലിനും കാര്യമായ വില വർദ്ധനവുണ്ടായപ്പോഴും ലഭ്യത കുറഞ്ഞപ്പോഴും ഇന്ത്യയെ കാര്യമായി ബാധിക്കാത്തതിന് കാരണം കേന്ദ്രസർക്കാരിന്റെ തന്ത്രപരമായ നീക്കങ്ങളാണ്. ഇറാനും അമേരിക്കയും ഇസ്രയേലും ഒരേപോലെ സൗഹൃദരാജ്യമായി കണക്കാക്കുന്നത് ഒരുപക്ഷേ ഇന്ത്യയെ മാത്രമാവാനേ സാദ്ധ്യതയുള്ളൂ. വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ കാര്യത്തിൽ മാത്രമാണ് ഇപ്പോൾ ഇന്ത്യയിൽ ക്ഷാമം അനുഭവപ്പെടുന്നത്. ഇറക്കുമതിയിലെ അധിക ചെലവ് ഇന്ധന വിലയിൽ പ്രതിഫലിക്കാതിരിക്കാൻ കേന്ദ്രസർക്കാർ എക്സൈസ് നികുതി കുറച്ച് പെട്രോൾ, ഡീസൽ ചില്ലറ വില്പന വില പഴയതുപോലെ നിലനിറുത്തുകയായിരുന്നു. അതേസമയം സ്വകാര്യ പമ്പുകളിൽ അഞ്ചു രൂപവരെ വർദ്ധിക്കുകയും ചെയ്തു.
യൂറിയയുടെ ദൗർലഭ്യം വളം ഉത്പാദനത്തെ ബാധിക്കുന്നുണ്ട്. ഇത് കാർഷിക മേഖലയ്ക്ക് സൃഷ്ടിക്കാൻ പോകുന്ന പ്രതിസന്ധി വരുംമാസങ്ങളിൽ അറിയാനിരിക്കുന്നതേയുള്ളൂ. ലോകത്തിന്റെ ഫാർമസിയായാണ് ഇന്ത്യയെ കണക്കാക്കുന്നത്. അലോപ്പതി മരുന്ന് ഉത്പാദനത്തിൽ വൻശക്തിയാണ് നാം. മരുന്നിന് വേണ്ട അസംസ്കൃത വസ്തുക്കളുടെ ക്ഷാമം ഫാർമ കമ്പനികളെയും ബാധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മരുന്ന് ഉത്പാദനം കുറയുകയോ തടസപ്പെടുകയോ ചെയ്താൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ ഏറെയാണ്. സമുദ്രങ്ങളിലൂടെയുള്ള ചരക്കുനീക്കമാണ് ലോകത്തെ ചലിപ്പിക്കുന്നത് തന്നെ. പശ്ചിമേഷ്യൻ യുദ്ധം ആഗോളതലത്തിൽ ചരക്കുഗതാഗതത്തെ ബാധിക്കുന്നത് തുടർന്നാൽ നാം വിചാരിക്കുന്നതു പോലെയാവില്ല കാര്യങ്ങളുടെ പോക്ക്.
അമേരിക്കയും ഇസ്രയേലും ആക്രമണം രൂക്ഷമാക്കുമ്പോൾ ഇറാൻ തിരിച്ചടിക്കുന്നത് മലയാളികൾ അനവധിയുള്ള ഗൾഫ് രാജ്യങ്ങളെയാണ്. ഇത് കേരളത്തിൽ ഉയർത്തുന്ന ആശങ്കയും ചെറുതല്ല. ഒരു കോടിയോളം ഇന്ത്യൻ പ്രവാസികൾ ഈ മേഖലയിലുണ്ട്. അതിൽ പകുതിയും മലയാളികളാണ്. സ്വാഭാവികമായും ഈ യുദ്ധം സൃഷ്ടിക്കുന്ന സാമ്പത്തികവും സാമൂഹികവുമായ എല്ലാ പ്രശ്നങ്ങളും കേരളത്തിലും പ്രതിഫലിക്കും. ഗൾഫ് മേഖലയിൽ നിന്നുള്ള വിമാനസർവീസുകൾ വെട്ടിക്കുറച്ചതും റദ്ദാക്കുന്നതും പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. അതിനിടെയാണ് യാത്രചെലവിലുണ്ടായ വർദ്ധനവും. വിമാനക്കമ്പനികൾ ഒരു തത്വദീക്ഷയുമില്ലാതെയാണ് ഈ അവസരം മുതലെടുക്കുന്നത്. ഗൾഫിൽ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ പോലും നാട്ടിലെത്തിക്കാൻ ബന്ധുക്കൾ വലയുകയാണ്. കുവൈറ്റിൽ മാത്രം ഒരു മാസത്തിനിടെ മരിച്ച കേരളത്തിലെയും തമിഴ്നാട്ടിലെയും 20 പേരുടെ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസമാണ് ഒരുമിച്ച് നെടുമ്പാശേരിയിൽ എത്തിച്ചത്. നാട്ടിലുൾപ്പടെ പഠിക്കുന്ന പ്രവാസികളുടെ മക്കളുടെ വിദ്യാഭ്യാസവും താളംതെറ്റി തുടങ്ങിയിട്ടുണ്ട്.
സാമ്പത്തിക മേഖലയുടെ മാന്ദ്യം ജനജീവിതത്തെ മൊത്തമായി തളർത്തുന്നുണ്ടെന്നത് വസ്തുതയാണ്. ഈ തിരഞ്ഞെടുപ്പു കാലത്തു പോലും അക്കാര്യം നമുക്ക് ദൃശ്യമാകുന്നു. അതിനിടെയാണ് സംസ്ഥാനത്തെ ആരോഗ്യ മേഖലയെ ആകെ ഭയപ്പെടുത്തുന്ന നഴ്സുമാരുടെ സമരവും. സമരത്തിന്റെ ന്യായാന്യായങ്ങളിലേക്ക് കടക്കുന്നില്ല. യുദ്ധം സൃഷ്ടിക്കുന്ന വൈഷമ്യങ്ങൾക്കിടയിൽ സംസ്ഥാനത്തെ ആരോഗ്യരംഗത്തെ ദുർബലമാക്കാതിരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടൽ നടത്തേണ്ടതുണ്ട്.
ചെറിയൊരു രാജ്യമായ യുക്രൈനെതിരെ ആഗോള ശക്തിയായ റഷ്യ തുടങ്ങിവച്ച യുദ്ധം നാലു വർഷമായിട്ടും എങ്ങുമെത്തിയിട്ടില്ല. മറ്റു രാജ്യങ്ങളെ അത് കാര്യമായി ബാധിച്ചില്ലെന്നു മാത്രം. പക്ഷേ, ഒരു മാസം കൊണ്ട് പശ്ചിമേഷ്യൻ സംഘർഷം ലോകത്തെയാകെ തളർത്തിയെന്നത് അവഗണിക്കാനാവുന്നതല്ല. വലിയ രാജ്യവും സൈനിക ശക്തിയും കടുംപിടിത്തക്കാരുമായ ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന പോരാട്ടം എങ്ങനെയൊക്കെ വന്നു ഭവിക്കുമെന്ന് പ്രവചിക്കാനാവില്ല. ആണവ ശക്തികളുമാണ് മൂന്ന് രാജ്യങ്ങളും. ഇറാന് എത്രനാൾ പിടിച്ചുനിൽക്കാനാകുമെന്നത് മാത്രമാണ് കാണാനുള്ളത്. അതിനിടെ അവർ എന്തൊക്കെ ചെയ്തു കൂട്ടുമെന്നും അതിനെ ഡൊണാൾഡ് ട്രംപും ബെഞ്ചമിൻ നെതന്യാഹുവും എങ്ങനെ കൈകാര്യം ചെയ്യുമെന്നതും കണ്ടു തന്നെ അറിയണം.
യുദ്ധം വരുത്തിവച്ച ഇന്ധന പ്രതിസന്ധിയുടെയും മറ്റ് വെല്ലുവിളികളുടെയും ഗൗരവം മനസിലാക്കി പാചകവാതക, പെട്രോൾ - ഡീസൽ ഉപയോഗം പരമാവധി കുറയ്ക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ബദൽ മാർഗങ്ങൾ തേടണം. കരുതലോടെ, ശ്രദ്ധയോടെ, കൈയടക്കത്തോടെ, ഒത്തൊരുമയോടെ ജീവിക്കേണ്ട സമയമാണിത്...
TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
|