സംഭ്രമജനകമായ സിനിമാക്കഥകളെ വെല്ലുന്നതായിരുന്നു തൃശൂരിൽ വെള്ളിയാഴ്ച പുലർകാലം നടന്ന എ.ടി.എം കവർച്ചകൾ. തൃശൂർ ജില്ലയിലുള്ള എസ്.ബി.ഐയുടെ മൂന്ന് എ.ടി.എമ്മുകളാണ് വലിയ ആസൂത്രണത്തോടെ ഹരിയാന - രാജസ്ഥാൻ അതിർത്തിയിലെ പ്രൊഫഷണൽ കവർച്ചക്കാർ 68 ലക്ഷത്തിൽപ്പരം രൂപ കൊള്ളയടിച്ച് സമർത്ഥമായി രക്ഷപ്പെടാൻ ശ്രമിച്ചത്. തമിഴ്‌നാട്ടിലെ നാമക്കലിൽ വച്ച് ഇവർ കൊള്ളമുതലുമായി കടക്കാൻ ശ്രമിച്ച കണ്ടെയ്‌നർ ലോറി മറ്റു വാഹനങ്ങളിൽ തട്ടി അപകടമുണ്ടാക്കിയിരുന്നില്ലെങ്കിൽ പിന്തുടർന്ന പൊലീസ് സംഘങ്ങളെ വെട്ടിച്ച് ഇവർ അനായാസം കൊള്ളമുതലുമായി രക്ഷപ്പെടുമായിരുന്നു. ഏതായാലും പിന്തുടർന്നുവന്ന തമിഴ്‌നാട് പൊലീസ് സംഘത്തിന് കൊള്ളസംഘത്തിലുണ്ടായിരുന്ന ആറു യുവാക്കളെയും കവർച്ചമുതലുമായിത്തന്നെ പിടികൂടാനായത് വലിയ നേട്ടമായി. പൊലീസിനെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടയിൽ പൊലീസ് തിരിച്ചു വെടിവച്ചതിൽ ഒരു കൊള്ളക്കാരൻ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പൊലീസുകാരിൽ രണ്ടുപേർക്ക് കൊള്ളക്കാരുടെ കുത്തേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടത് കണ്ടെയ്‌നർ ലോറി ഓടിച്ചിരുന്നയാളാണ്.
എത്രയൊക്കെ സുരക്ഷാ നടപടികളെടുത്തിട്ടും രാജ്യത്തൊട്ടാകെ എ.ടി.എം കൊള്ളകൾ നടക്കാറുണ്ട്. എ.ടി.എമ്മുകൾക്ക് സായുധ കാവലുള്ള ഇടങ്ങളിൽപ്പോലും കാവൽക്കാരനെ കീഴ്‌പ്പെടുത്തി കൊള്ളയടിച്ച നിരവധി സംഭവങ്ങളുണ്ട്. അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ എ.ടി.എം സുരക്ഷ പതിന്മടങ്ങായി വർദ്ധിച്ചതിനു ശേഷവും അവയെല്ലാം മറികടന്ന് കവർച്ചകൾ തുടർച്ചയായി നടക്കുന്നു. പ്രാദേശിക സംഘങ്ങൾ മുതൽ സംഘടിത സംഘങ്ങൾ വരെ ഇക്കൂട്ടത്തിലുണ്ട്. തൃശൂരിൽ കുറഞ്ഞ സമയംകൊണ്ട് മൂന്ന് എ.ടി.എം കുത്തിത്തുറന്ന് അവയിലുണ്ടായിരുന്ന പണം കവർച്ച ചെയ്തുകൊണ്ടു പോയതിനു പിന്നിൽ ഈ കവർച്ചക്കലയിൽ നല്ല വൈദഗ്ദ്ധ്യവും നല്ല പരിചയവുമുള്ളവരാണെന്നു വ്യക്തം. കവർച്ചയ്ക്ക് ഒരുമ്പെടുന്ന സമയത്തു തന്നെ പൊലീസ് കൺട്രോൾ റൂമിൽ അപായമണി മുഴങ്ങും വിധം സുരക്ഷാ ഏർപ്പാടുകളുള്ളവയായിരുന്നു ഈ മൂന്ന് എ.ടി.എമ്മുകളും. സംഭവമുണ്ടായ ഉടനെ അപായസൂചന ലഭിക്കുകയും ചെയ്തിരുന്നു. എന്നാൽ പൊലീസ് എത്തിയപ്പോഴേക്കും കൊള്ളക്കാർ കവർച്ചാമുതലുമായി ഏറെ ദൂരം പോയിക്കഴിഞ്ഞിരുന്നു.
നാമക്കലിലെ സാധാരണക്കാരുടെ ഇടപെടലില്ലായിരുന്നുവെങ്കിൽ പിടിക്കപ്പെടാതെ കൊള്ളസംഘം ലക്ഷ്യസ്ഥാനത്തെത്തുമായിരുന്നു എന്നു വ്യക്തം. അതുകൊണ്ടുതന്നെ പൊലീസ് സേനയെക്കാൾ അഭിനന്ദനമർഹിക്കുന്നത് നാമക്കലിലെ ജനങ്ങളാണ്. എ.ടി.എമ്മുകൾക്കെല്ലാം കാവൽക്കാരെ നിയോഗിക്കണമെന്ന നിർദ്ദേശം കുറച്ചുകാലം മുൻപ് ഉയർന്നിരുന്നു. എന്നാൽ വലിയ ചെലവു വരുന്നതിനാൽ ബാങ്കുകൾ ഈ നിർദ്ദേശം സ്വീകരിക്കാൻ തയ്യാറായില്ല. പകരം നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് സുരക്ഷിതത്വം ഉറപ്പാക്കാനാണ് പല ബാങ്കുകളും ശ്രമിച്ചത്. ഈ സുരക്ഷാ ക്യാമറകൾ കൊള്ളക്കാർക്ക് നിഷ്‌പ്രയാസം മറച്ചുപിടിച്ച് കൊള്ള നടത്താനാവും. ക്യാമറകൾ സ്ഥാപിക്കുന്നതിനു പുറമെ മറ്റു തരത്തിലുള്ള മുന്നറിയിപ്പു സംവിധാനങ്ങൾ കൂടി ഒരുക്കുകയാണെങ്കിൽ ഒരു പരിധി വരെ കവർച്ചക്കാരെ അകറ്റിനിറുത്താം. അതുപോലെ, എ.ടി.എം ഉള്ള റോഡുകളിൽ രാത്രികാല പട്രോളിംഗ് ഫലപ്രദമാക്കാൻ പൊലീസിനു കഴിയണം. അപായ സൂചന നൽകാനുള്ള സാങ്കേതിക സംവിധാനങ്ങൾ ഘടിപ്പിക്കാം. ക്യാമറകൾ മറച്ചാലും അപായ സൂചനകൾ എത്തേണ്ടിടത്ത് എത്തും. അതിനുള്ള ഒട്ടേറെ സാങ്കേതിക വിദ്യകൾ ഇന്നുണ്ട്.
ബാങ്കുകളെ സംബന്ധിച്ച് ഇത്തരം കവർച്ചകൾ കൊണ്ട് അവർക്ക് വലിയ നഷ്ടമൊന്നും വരാറില്ല. ഓരോ വർഷം കഴിയുന്തോറും അവയ്ക്ക് ലാഭം കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് കണക്കുകൾ. എന്നാൽ ജനങ്ങളെ സംബന്ധിച്ചിടത്തോളം സംഭ്രമം ജനിപ്പിക്കുന്നതാണ് എ.ടി.എം കൊള്ളകളുമായി ബന്ധപ്പെട്ട വാർത്തകൾ.
ട്രാഫിക് നിയമലംഘനങ്ങൾ പിടികൂടാൻ ഇപ്പോൾ പൊലീസിന് റോഡുനീളെ പരിശോധന നടത്തേണ്ട ആവശ്യമില്ല. റോഡായ റോഡുകളിലെല്ലാം സ്ഥാപിച്ചിരിക്കുന്ന എ.ഐ ക്യാമറകൾ ഈ ജോലി ഏറ്റെടുത്തിരിക്കുകയാണ്. നിരീക്ഷണ കേന്ദ്രത്തിലിരുന്നുകൊണ്ട് കുറ്റങ്ങൾ കണ്ടുപിടിച്ച് കേസെടുക്കാനാവും. അതുപോലെ എ.ടി.എമ്മുകളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള നിരീക്ഷണ സംവിധാനത്തെക്കുറിച്ച് ആലോചിക്കാവുന്നതാണ്. ഉപകരണങ്ങൾ സ്ഥാപിച്ചാൽ മാത്രം പോരാ. കൃത്യമായി അവ പ്രവർത്തിക്കുന്നുണ്ടോയെന്ന് കൂടക്കൂടെ പരിശോധിച്ച് ഉറപ്പുവരുത്തുകയും വേണം. രാത്രികാലങ്ങളിൽ ഏതാണ്ട് അനാഥാവസ്ഥയിൽ നിൽക്കുന്ന എ.ടി.എമ്മുകൾ ഏതു ചെറുകിട കവർച്ചാസംഘത്തെയും പ്രലോഭിപ്പിക്കുക തന്നെ ചെയ്യും. അവ പരമാവധി സുരക്ഷിതമായി സൂക്ഷിക്കേണ്ട ചുമതല ബാങ്കുകൾക്കു തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |