ചോദിക്കാനും പറയാനും ആരുമില്ലാത്തവനോടൊപ്പം നീതിപീഠമുണ്ട് എന്ന് തെളിയിച്ചതാണ് മധു വധക്കേസിലെ വിധിയുടെ മഹത്വം. പ്രോസിക്യൂട്ടർമാർ മാറുകയും സാക്ഷികളിൽ 24 പേർ കൂറുമാറുകയും ചെയ്തിട്ടും മധു കേസിലെ 16 പ്രതികളിൽ 14 പേരും കുറ്റക്കാരെന്ന് മണ്ണാർക്കാട് പ്രത്യേക കോടതി ജഡ്‌ജി കെ.എം. രതീഷ്‌കുമാർ കണ്ടെത്തിയത് നിയമവാഴ്‌ചയിൽ ജനങ്ങൾക്കുള്ള വിശ്വാസം ഉൗട്ടിഉറപ്പിക്കുന്ന വിധിയായിത്തന്നെ കണക്കാക്കണം. ഒന്നാം പ്രതി മേച്ചേരിൽ ഹുസൈന് ഏഴ് വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് ശിക്ഷ. മറ്റ് 12 പേർക്ക് ഏഴ് വർഷം തടവും പിഴയും വിധിച്ചു. പതിനാറാം പ്രതിക്ക് മൂന്ന് മാസമാണ് തടവ് ശിക്ഷ. ഇയാൾ നേരത്തേ ജയിൽ ശിക്ഷ അനുഭവിച്ചതിനാൽ 500 രൂപ പിഴയടച്ച് കേസിൽ നിന്ന് മുക്തനാകും. നാലാം പ്രതിയെയും പതിനൊന്നാം പ്രതിയെയും വെറുതെ വിട്ടിരുന്നു.
ഉടുമുണ്ടിനാൽ ബന്ധനസ്ഥനായി നില്‌ക്കുന്ന മധു എന്ന അട്ടപ്പാടിയിലെ ആദിവാസി യുവാവിന്റെ മുഖം അത്രവേഗം കേരളത്തിന്റെ മനസിൽനിന്ന് മാഞ്ഞുപോകില്ല. സംസ്കാരത്തിലും സാക്ഷരതയിലുമൊക്കെ ഏറ്റവും മുന്നിൽനില്‌ക്കുന്നു എന്ന് അഭിമാനിക്കുന്ന കേരളത്തിന്റെ ഉള്ളിന്റെയുള്ളിൽ ഇപ്പോഴും അപരിഷ്‌കൃതത്വത്തിന്റെ കാട്ടുനീതി മയങ്ങിക്കിടപ്പുണ്ടെന്ന് ബോദ്ധ്യപ്പെടുത്തിയ നരഹത്യയായിരുന്നു മധുവിന്റേത്. നിരാലംബനായ ആദിവാസി യുവാവിനെ ആൾക്കൂട്ടം ചേർന്ന് ഘോഷയാത്രയായി കൊണ്ടുനടന്ന് മർദ്ദിക്കുകയും അക്രമികൾ തന്നെ മൊബൈലിൽ പകർത്തി നാടുനീളെ പ്രചരിപ്പിക്കുകയും ചെയ്ത അപൂർവ സംഭവമാണിത്. ജഡ്‌ജിയുടെ ഉറച്ച നിലപാടും പ്രോസിക്യൂട്ടർ രാജേഷ് എം. മേനോന്റെ വാദങ്ങളുമാണ് കേസ് പാളം തെറ്റിപ്പോകാതിരിക്കാൻ ഇടയാക്കിയത്. ശിക്ഷ നടപ്പാക്കുന്നതിന് നാട്ടിൽ നീതിനിർവഹണ സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെ അതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിൽ നിയമം കൈയിലെടുത്ത് നിഷ്‌ഠൂരമായ മർദ്ദനത്തിലൂടെ അതു നടപ്പാക്കുന്നവർ ഉത്തരേന്ത്യയിൽ മാത്രമല്ല നമ്മുടെ നാട്ടിലും ഉണ്ടെന്നത് നാം തിരിച്ചറിയേണ്ടതാണ്. അത്തരക്കാർക്കുള്ള ഏറ്റവും വലിയ മുന്നറിയിപ്പാണ് ഈ വിധി.
2018 മേയിൽ കുറ്റപത്രമായെങ്കിലും വിചാരണ തുടങ്ങിയത് നാല് വർഷത്തിന് ശേഷമാണ്. ആദ്യം വിചാരണക്കോടതിയിൽ ന്യായാധിപനില്ലായിരുന്നു. പിന്നീട് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിൽ കാലതാമസമുണ്ടായി. പബ്ളിക് പ്രോസിക്യൂട്ടർമാരായി നിയമിക്കപ്പെട്ട രണ്ടുപേർ ഉത്തരവാദിത്വം പൂർത്തിയാക്കാതെ പിൻവാങ്ങുകയും ചെയ്തു. 127 സാക്ഷികളിൽ 24 പേർ കൂറുമാറി. ഇതിനിടയിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച പ്രതികളുടെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയ അസാധാരണ സംഭവവും ഉണ്ടായി. എന്നാൽ പോരാട്ടത്തിൽ ഉറച്ചുനിന്ന മധുവിന്റെ കുടുംബത്തിന്റെ നിലപാടാണ് കേസ് മുന്നോട്ട് പോകാനും കുറ്റക്കാർ ശിക്ഷിക്കപ്പെടാനും ഇടയാക്കിയത്. ആദിവാസിയെ രണ്ടാംതരം പൗരനായി കാണുന്ന കാഴ്ചപ്പാടാണ് ഇവിടത്തെ പൊതുസമൂഹം പുലർത്തുന്നത്. ആദിവാസിയെ കാണുമ്പോൾത്തന്നെ മോഷ്ടാവെന്ന് മുദ്രകുത്താനുള്ള ഒരു പ്രവണതയും നിലനില്‌ക്കുന്നുണ്ട്. ആദിവാസി കുട്ടികളുടെ പഠനം സർക്കാർ ഏറ്റെടുത്ത് നടത്തുന്ന ഒരു പദ്ധതിയിലൂടെയേ ഇതിന് മാറ്റം വരുത്താനാവൂ. ആൾക്കൂട്ട ആക്രമണങ്ങൾ അവസാനത്തേതാകട്ടെ എന്നാണ് വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്‌ജി പറഞ്ഞത്. ഇത്തരം കൊലപാതകങ്ങൾ നടത്തുന്നവർക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന നിയമ നിർമ്മാണത്തെക്കുറിച്ചും സർക്കാർ ആലോചിക്കേണ്ടതാണ്. സദാചാര സംരക്ഷകരെന്ന പേരിൽ നിയമം കൈയിലെടുക്കുന്നവരെയും നിയമത്തിന്റെ ഉരുക്കുമുഷ്ടികൊണ്ട് തന്നെ നേരിടണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |