മാതാപിതാക്കളെയും ഗുരുജനങ്ങളെയും അനുസരിക്കുക, തന്നേക്കാൾ മുതിർന്നവരെ ആദരിക്കുക എന്നത് ഭാരതീയ സംസ്‌കാരത്തിന്റെ മുഖമുദ്രയാണ്. അച്ഛനമ്മമാരെ നമസ്‌കരിക്കുക, അവർ വരുമ്പോൾ എഴുന്നേൽക്കുക, വൃദ്ധരായവർക്ക് പ്രത്യേക പരിഗണന നല്കുക ഇതെല്ലാം നമ്മുടെ ശീലമായിരുന്നു. ഇക്കാലത്ത് ഇളംതലമുറയിൽ ഇത്തരം നല്ല ശീലങ്ങൾ വളർത്തുന്നതിൽ നമ്മൾ വേണ്ടത്ര ശ്രദ്ധയും ജാഗ്രതയും പുലർത്തുന്നില്ല എന്നത് ദുഃഖകരമാണ്. കീഴ്വഴക്കവും അനുസരണയും ദുർബ്ബലതയല്ലേ, അവ അടിമ മനോഭാവത്തിന്റെ ലക്ഷണങ്ങളല്ലേ എന്നു ചോദിക്കുന്നവരുണ്ട്. കീഴ്വഴക്കവും അനുസരണയും ഒരിക്കലും ദുർബ്ബലതയല്ല, അവ അടിമത്തമല്ല. മറിച്ച് കുടുംബത്തിലും സമൂഹത്തിലും താളലയം നിലനിറുത്താനുള്ള പ്രായോഗിക മാർഗങ്ങളാണ്.
ഒരു യന്ത്രം തടസമില്ലാതെ നിരന്തരം പ്രവർത്തിക്കണമെങ്കിൽ യഥാസമയം അതിനുവേണ്ട അറ്റകുറ്റപ്പണികൾ ചെയ്ത് എണ്ണയിട്ട് ഉപയോഗ യോഗ്യമാക്കി വയ്ക്കണം. അതുപോലെ വ്യക്തികൾക്കിടയിലുള്ള അനാവശ്യമായ ഉരസലുകൾ ഒഴിവാക്കാൻ കീഴ്വഴക്കവും അനുസരണയും അത്യാവശ്യമാണ്. സമൂഹജീവിതം തടസമില്ലാതെ മുന്നോട്ടു നീങ്ങാൻ സഹായിക്കുന്ന സദാചാരങ്ങളാണ് അവ
നിയമപാലകരെ ജനങ്ങൾ ബഹുമാനിക്കാറുണ്ട്. വാസ്തവത്തിൽ അവരെ ആദരിക്കുന്നതിലൂടെ രാജ്യത്തെ നിയമവ്യവസ്ഥയെയാണ് നമ്മൾ ആദരിക്കുന്നത്. അതുപോലെ നമ്മളേക്കാൾ പ്രായത്തിലും അറിവിലും അനുഭവത്തിലും മുന്നിട്ടുനിൽക്കുന്നവരെ ആദരിക്കുകയും അനുസരിക്കുകയും ചെയ്യുമ്പോൾ അവരുടെ അറിവിനെയും അനുഭവസമ്പത്തിനെയുമാണ് നമ്മൾ ആദരിക്കുന്നത്. ഒരു വിദ്യാർത്ഥി അദ്ധ്യാപകനോട് ആദരപൂർവ്വം പെരുമാറുമ്പോൾ, അത് അറിവ് നേടാനുള്ള അവന്റെ ജിജ്ഞാസയെയാണ് കാണിക്കുന്നത്. അദ്ധ്യാപകൻ പഠിപ്പിക്കുന്നതു ശ്രദ്ധിച്ചുകേൾക്കാനും, പൂർണ്ണമായി ഉൾക്കൊള്ളാനും അങ്ങനെയുള്ളവർക്ക് കഴിയുന്നു. വിദ്യാർത്ഥിയുടെ വിനയവും ജിജ്ഞാസയും കാണുമ്പോൾ അദ്ധ്യാപകന്റെ മനസലിയും. അങ്ങനെ തന്നിലുള്ള അറിവ് പൂർണ്ണമായി വിദ്യാർത്ഥിക്കു പകർന്നു നല്കാൻ അദ്ധ്യാപകൻ ആത്മാർത്ഥമായി ശ്രമിക്കുന്നു. ഇങ്ങനെ നോക്കുമ്പോൾ വിനയവും അനുസരണയുംകൊണ്ട് യഥാർത്ഥത്തിൽ വിദ്യാർത്ഥിക്കാണ് നേട്ടമുണ്ടാകുന്നത്.
ഒരാൾ പൂജയുടെ ആവശ്യത്തിന് ഉരുളൻകല്ല് അന്വേഷിച്ച് നാടെല്ലാം അലഞ്ഞു. ഒടുവിൽ ഒരു മലമുകളിൽ കയറി. അവിടെയെങ്ങും ഉരുളൻകല്ല് ഒരെണ്ണംപോലും കണ്ടില്ല. അയാൾ ദേഷ്യവും സങ്കടവുംകൊണ്ട് ഒരു കല്ലു ചവിട്ടി താഴേക്കിട്ടു. നിരാശയോടെ മലയിറങ്ങി. താഴെ വന്നു നോക്കുമ്പോൾ അവിടെ ഒരു നല്ല ഉരുളൻ കല്ല്. അയാൾ മലമുകളിൽനിന്നും തട്ടി താഴേക്കിട്ട അതേ കല്ലായിരുന്നു അത്. താഴേയ്ക്കുള്ള വീഴ്ച്ചയിൽ മറ്റു കല്ലുകളിൽ തട്ടിത്തട്ടി അതിന്റെ കൂർത്തമുനകളെല്ലാം പോയിക്കിട്ടി. ഇതുപോലെ ഞാനെന്ന ഭാവത്തിൽനിന്ന് കീഴ്വഴക്കത്തലേയ്ക്കും എളിമയലേയ്ക്കും വരുമ്പോൾ മാത്രമേ അഹങ്കാരത്തിന്റെ കൂർത്തമുനകൾ തേഞ്ഞ്, മനസ് പക്വത കൈവരിക്കുകയുള്ളൂ.
കീഴ്വഴക്കം ഒരിക്കലും സ്വതന്ത്രമായി ചിന്തിക്കുന്നതിനും വളരുന്നതിനും തടസമല്ല. സയൻസിൽ ഒരു പുതിയ കണ്ടുപിടുത്തം നടക്കുമ്പോൾ അവിടെ സ്വതന്ത്രമായ ചിന്തയുണ്ട്. അതിനു കളമൊരുക്കുന്നത് പൂർവ്വികരായ ശാസ്ത്രജ്ഞന്മാർ പകർന്ന അറിവാണ്. അതുപോലെ ഓരോ തലമുറയും പൂർവ്വികരുടെ സംഭാവനകൾ വിനയപൂർവ്വം ഉൾക്കൊണ്ടും അവരെ ആദരിച്ചും മുന്നോട്ടുപോകുമ്പോഴാണ് സമൂഹം ഒന്നാകെ വളരുകയും പുരോഗമിക്കുകയും ചെയ്യുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |