മണിപ്പൂരിലെ കലാപം ഒന്നര വർഷത്തിലേറെയായി ശമനമില്ലാതെ തുടരുന്നത് ഭരണകൂടത്തിന്റെ വീഴ്ചയായിത്തന്നെ വിലയിരുത്തേണ്ടതാണ്. അതോടൊപ്പം, ഈ കലാപത്തീ കെടാതെ സൂക്ഷിക്കാൻ ചില പ്രബല വിദേശ ശക്തികൾ രഹസ്യമായി നടത്തുന്ന ഇടപെടലുകളും കാണാതിരുന്നുകൂടാ. മാറിയ ലോക സാഹചര്യത്തിൽ, വർദ്ധിച്ചുവരുന്ന ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കാൻ മണിപ്പൂർ കലാപം ഇടയാക്കുന്നു എന്നതും വിലയിരുത്തപ്പെടേണ്ടതാണ്.
മണിപ്പൂരിൽ രണ്ടു വംശങ്ങൾ തമ്മിലുള്ള സ്പർദ്ധ ഇതാദ്യമായല്ല കലാപമായി മാറിയിരിക്കുന്നത്. മുമ്പും പല തവണ കലാപങ്ങൾ നടന്ന സംസ്ഥാനമാണിത്. 2023 മേയ് മൂന്നിനാണ് കലാപം തുടങ്ങിയത്. ഭൂരിപക്ഷ സമുദായമായ മെയ്‌തി വംശത്തിൽപ്പെട്ടവരും ഗോത്രവിഭാഗക്കാരായ കുക്കികളും തമ്മിലാണ് ഏറ്റുമുട്ടൽ. സായുധ സേനാംഗങ്ങളെ വിന്യസിച്ചതുകൊണ്ടു മാത്രം അവസാനിപ്പിക്കാൻ കഴിയുന്നതല്ല ഇവിടത്തെ സംഘർഷം.
ചർച്ചകളിലൂടെയും ഇരുവിഭാഗങ്ങളിലും ആത്മവിശ്വാസം ജനിപ്പിക്കുന്ന ഭരണ നടപടികളിലൂടെയും സമവായത്തിലൂടെയുമാണ് മണിപ്പൂർ പ്രശ്നം പരിഹരിക്കേണ്ടത്. അതിനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ കേന്ദ്ര - സംസ്ഥാന ഭരണകൂടങ്ങളിൽ നിന്ന് ഇനിയും ഉണ്ടായിട്ടില്ലെന്നതാണ് സംഘർഷം ഇപ്പോൾ വീണ്ടും ആളിക്കത്തിയതിൽ നിന്ന് മനസിലാക്കാനാവുന്നത്. ജിരിബാം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് കുട്ടികളും സ്‌ത്രീകളും അടക്കം ഏതാനും പേരെ തട്ടിക്കൊണ്ടു പോവുകയും ഇവരിൽ ചിലരുടെ മൃതദേഹങ്ങൾ പുഴയിൽ നിന്ന് കണ്ടെത്തുകയും ചെയ്തതാണ് കലാപം വീണ്ടും കൊടുമ്പിരികൊള്ളാൻ ഇടയാക്കിയത്. മുഖ്യമന്ത്രി എൻ. ബീരേൻസിംഗിന്റെ കുടുംബവീടും രണ്ടു മന്ത്രിമാരുടെയും ആറ് എം.എൽ.എമാരുടെയും വീടുകളും ജനക്കൂട്ടം ആക്രമിക്കുകയും ചെയ്തു.
ഏതൊരു വിഭാഗത്തിനും പ്രത്യേക പദവികളും സംവരണവും മറ്റും അനുവദിക്കുന്നത് ഒരു സർക്കാരിന്റെ നയപരമായ വിഷയത്തിൽ ഉൾപ്പെട്ടതാണ്. സർക്കാരും ജനപ്രതിനിധി സഭകളും മറ്റുമാണ് ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ടത്.
ഇതിൽ നിന്ന് വ്യത്യസ്തമായി മണിപ്പൂർ ഹൈക്കോടതി, പട്ടികവർഗ പദവി വേണമെന്ന മെയ്‌തി വിഭാഗത്തിന്റെ ദീർഘകാല ആവശ്യത്തിന് അംഗീകാരം നൽകിക്കൊണ്ട് കഴിഞ്ഞ വർഷം ഏപ്രിലിൽ ഉത്തരവ് പുറപ്പെടുവിച്ചതാണ് കലാപത്തിലേക്ക് നയിച്ചത്. അതിശക്തമായ ഇടപെടൽ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് അപ്പോൾത്തന്നെ ഉണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ ഈ കലാപം ഇത്രയും നാൾ നീണ്ടുനിൽക്കുന്നത് ഒഴിവാക്കാമായിരുന്നു. ഏതായാലും മണിപ്പൂരിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കൂടുതൽ സേനയെ അയച്ചുകൊണ്ട് കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ചത് സ്വാഗതാർഹമാണ്. സുരക്ഷാസേനകളുടെ അമ്പതിലധികം കമ്പനികളെ ഈയാഴ്ച മണിപ്പൂരിലെത്തിക്കാനാണ് തീരുമാനം. സായുധ സേനയുടെ വിന്യാസത്തിനൊപ്പം സമാധാന ചർച്ചകൾ തുടങ്ങാനും സംസ്ഥാന - കേന്ദ്ര സർക്കാരുകൾ ശ്രമിക്കണം. ഇന്ത്യയിൽ ഇതിനേക്കാൾ വലിയ പ്രശ്നങ്ങൾ ചർച്ചകളിലൂടെ ജനാധിപത്യപരമായി പരിഹരിച്ചിട്ടുണ്ട്.
പ്രതിപക്ഷങ്ങൾ പ്രധാനമന്ത്രി മോദിയെ കുറ്റപ്പെടുത്താനുള്ള ഒരു അവസരമായാണ് മണിപ്പൂരിനെ കാണുന്നത്. ഇതും ശരിയല്ല. എല്ലാവരും ഒന്നിച്ചുനിന്ന് ശാശ്വതമായ പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങൾ നടത്തേണ്ട സന്ദർഭമാണിത്. പുകയുന്ന മണിപ്പൂർ ആളിക്കത്തിക്കാൻ അതിർത്തിക്കപ്പുറത്തുനിന്ന് നടക്കുന്ന ശ്രമങ്ങളും കാണാതിരുന്നുകൂടാ.
കലാപം രൂക്ഷമായതോടെ മണിപ്പൂരുമായുള്ള അതിർത്തി അസാം അടച്ചിരിക്കുകയാണ്. അക്രമം അസാമിലേക്കും വ്യാപിക്കുമെന്ന സൂചനയെത്തുടർന്ന് അതിർത്തിയിൽ കമാൻഡോകളെ വിന്യസിക്കുകയും ചെയ്തു. മണിപ്പൂരിൽ മാത്രം ഒതുങ്ങാതെ സംഘർഷം മറ്റ് വടക്കുകിഴക്കൻ പ്രദേശങ്ങളിലേക്കും വ്യാപിക്കുന്നത് സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കും. അതിനാൽ, കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കുന്നതിനൊപ്പം എല്ലാ അക്രമങ്ങളും അന്വേഷിക്കുകയും കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്യാതെ മണിപ്പൂരിൽ ശാന്തത കൈവരില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |