SignIn
Kerala Kaumudi Online
Saturday, 20 December 2025 5.46 AM IST

കേരളത്തിൽ ക്യാൻസർ രോഗത്തിന്റെ വർദ്ധന

Increase Font Size Decrease Font Size Print Page

cancer

ആശുപത്രികളുടെയും മറ്റ് ആരോഗ്യ കേന്ദ്രങ്ങളുടെയും ചികിത്സകരുടെയും എണ്ണത്തിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ് കേരളം. ഏറ്റവും കുറഞ്ഞത് അഞ്ച് കിലോമീറ്ററിനുള്ളിൽ ഡോക്ടറുടെയോ ചെറുതും വലുതുമായ ആശുപത്രികളുടെയോ സേവനം ലഭ്യമാകാത്ത ഒരു സ്ഥലവും കേരളത്തിൽ ഏതാണ്ട് ഇല്ലെന്നുതന്നെ പറയാം. വൃത്തിയുടെയും ശുദ്ധിയുടെയും കാര്യത്തിൽ മലയാളികൾ ജീവിതചര്യയുടെ ഭാഗമായിത്തന്നെ ഉയർന്ന നിലവാരം പുലർത്തുന്നവരാണ്. ഇക്കാര്യങ്ങളൊക്കെ പരിഗണിക്കുമ്പോൾ രോഗബാധിതരുടെ എണ്ണം കുറഞ്ഞ സംസ്ഥാനമായി മാറേണ്ടതാണെങ്കിലും സ്ഥിതിവിവര കണക്കുകളും മെഡിക്കൽ കോളേജ് ആശുപത്രികളിലും മറ്റും ക്രമാതീതമായി വർദ്ധിക്കുന്ന രോഗികളുടെ എണ്ണവും സംസ്ഥാനത്ത് വിറ്റുപോകുന്ന മരുന്നുകൾക്ക് പ്രതിവർഷം ചെലവാക്കപ്പെടുന്ന സംഖ്യയുടെ വലിപ്പവും മറ്റൊരു ചിത്രമാണ് പകരുന്നത്!

മക്കളുടെ വിദ്യാഭ്യാസവും മത്സര പരീക്ഷകളും അവരെ ഒരു നിലയിൽ എത്തിക്കുന്നതുവരെയുള്ള തത്രപ്പാടും മലയാളിക്കു പകരുന്ന മാനസിക സംഘർഷം ഇക്കാലത്ത് ചെറുതല്ല. അതോടൊപ്പം,​ ഭക്ഷണരീതികളിൽ വന്ന വലിയ മാറ്റവും ഉറക്കക്കുറവും വിഷാംശം കലർന്ന, ഇറക്കുമതി ചെയ്യപ്പെടുന്ന പച്ചക്കറികളുടെയും മാംസ വസ്തുക്കളുടെയും ആധിക്യവും മലയാളികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്നു വേണം കരുതാൻ. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നായ കേരളമാണ് പ്രമേഹ രോഗത്തിൽ ഇന്ത്യയുടെ തലസ്ഥാനം എന്നറിയപ്പെടുന്നത്. ജനസംഖ്യയുടെ 20 മുതൽ 25 ശതമാനം വരെ ആളുകൾ വിവിധ ഘട്ടങ്ങളിലുള്ള പ്രമേഹം ബാധിച്ചിട്ടുള്ളവരാണ്. ഇതാകട്ടെ ദേശീയ ശരാശരിയുടെ ഇരട്ടി വരും. ജങ്ക് ഫുഡിന്റെ അമിത ഉപയോഗമാണ് പ്രമേഹ രോഗികളുടെ എണ്ണം വർദ്ധിക്കാൻ ഒരു പ്രധാന കാരണമായി പറയുന്നത്.

മാരകമായ രോഗങ്ങളിൽ ക്യാൻസറാണ് കേരളത്തിലെ ജനങ്ങൾക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നത്. കേരളത്തിൽ വർഷം 1000 പേർക്ക് ക്യാൻസർ ബാധിക്കുന്നു എന്നു വ്യക്തമാക്കുന്ന, ഞങ്ങളുടെ പ്രത്യേക ലേഖകൻ കെ.എസ്. അരവിന്ദ് എഴുതിയ റിപ്പോർട്ട് 'കേരളകൗമുദി" കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്യാൻസർ രോഗികളുടെ എണ്ണത്തിൽ പത്തുവർഷത്തിനിടെ സംസ്ഥാനത്ത് 54 ശതമാനം വർദ്ധനവാണ് സംഭവിച്ചിരിക്കുന്നത്. ചികിത്സയ്ക്ക് ഇപ്പോഴുള്ള സൗകര്യങ്ങൾ വിപുലമാക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നതാണ് ഈ റിപ്പോർട്ട്. 2019 മുതൽ 2024 വരെയുള്ള കണക്കനുസരിച്ച് കേരളത്തിൽ ഓരോ വർഷവും ആയിരത്തിലേറെപ്പേർക്ക് രോഗം സ്ഥിരീകരിക്കുന്നു. ഒരുലക്ഷം പേരിൽ 173 പേർ ക്യാൻസർ ബാധിതരാണ്. ദേശീയ ശരാശരി 98.5-ൽ നിൽക്കുമ്പോഴാണിത്. കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ രോഗബാധിതരാകുന്നു. രോഗ കാരണത്തിന് കൃത്യമായ ഉത്തരമില്ല. എന്നാൽ ജീവിതശൈലിയാണ് പ്രധാന വില്ലനെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

തെറ്റായ ഭക്ഷണരീതി, അമിത വണ്ണം, ലഹരി ഉപയോഗത്തിലെ വർദ്ധന തുടങ്ങിയവയും ക്യാൻസറിന് വഴിവയ്ക്കാമെന്നും പറയുന്നു. ലോക്‌സഭയിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ വ്യക്തമാക്കിയ കണക്കുകൾ പ്രകാരമാണ് ക്യാൻസർ ബാധിതരുടെ കാര്യത്തിൽ കേരളം അതിവേഗത്തിലാണെന്ന വിവരം വെളിപ്പെട്ടിരിക്കുന്നത്. ഐ.സി.എം.ആർ നാഷണൽ ക്യാൻസർ രജിസ്ട്രി പ്രോഗ്രാമിന്റെ സ്ഥിതിവിവര കണക്കുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ലോക്‌സഭയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കേരളത്തിലെ വർദ്ധിച്ചുവരുന്ന ക്യാൻസറിന്റെ കാരണത്തെക്കുറിച്ച് വിവിധ ഏജൻസികളെ ഏകോപിപ്പിച്ച സമഗ്രമായ പഠനത്തിന് സംസ്ഥാന ആരോഗ്യവകുപ്പ് മുൻകൈയെടുക്കേണ്ടതാണ്. ആ പഠനത്തിന്റെ തീർപ്പുകൾ വിശകലനം ചെയ്തു വേണം ക്യാൻസറിനെ തടയാനുള്ള ദീർഘകാല പരിപാടികൾക്ക് രൂപം നൽകേണ്ടത്.

TAGS: CANCER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.