
ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ 'സഹോദരൻ" എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു വിളിച്ചത്. 'നരേന്ദ്രാ, താങ്കൾ സുഹൃത്ത് എന്നതിലുപരി എനിക്കൊരു സഹോദരനെപ്പോലെയാണ്" - അദ്ദേഹം പറഞ്ഞു. ലോകനേതാക്കളെ ആലിംഗനം ചെയ്യുന്ന മോദിയുടെ ശൈലിയെയും അദ്ദേഹം പ്രകീർത്തിച്ചു. ഇസ്രയേലിന് മറ്റു രാജ്യങ്ങളിൽ നിന്ന് വിഭിന്നമായ ഒരു ബന്ധം ഇന്ത്യയോട് എന്നുമുണ്ടായിരുന്നു. സ്വന്തമായ ഒരു രാജ്യമില്ലാത്ത കാലത്ത് യൂറോപ്പിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും മറ്റു രാജ്യങ്ങളിലായാണ് ജൂതന്മാർ നൂറ്റാണ്ടുകളോളം കഴിഞ്ഞിരുന്നത്. എണ്ണത്തിൽ കുറവായിരുന്നെങ്കിലും കുറച്ചുപേർ ഇന്ത്യയിലും കുടിയേറി. കേരളത്തിലെ കൊച്ചിയും ചേന്ദമംഗലവുമൊക്കെ, അവർ കുടിയേറി കുടുംബമായി അവരുടെ പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങൾ ശാന്തതയോടെ ആചരിച്ചുകൊണ്ട് കഴിഞ്ഞിരുന്ന സ്ഥലങ്ങളാണ്.
ലോകത്തിന്റെ മറ്റെല്ലായിടങ്ങളിലും, ആട്ടിയോടിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്ത ചരിത്രമാണ് അവരുടേത്. അതിൽ ഒരിക്കലും ഇന്ത്യ ഉൾപ്പെടുന്നില്ല. ഈ മമത മറക്കാത്തതാണ് ഇസ്രയേൽ ഇന്ത്യയോട് കാണിക്കുന്ന ഊഷ്‌മളമായ സൗഹൃദത്തിന്റെ അടിസ്ഥാനം. മോദിയുടെ ഭരണ കാലയളവിനും മുമ്പേ തുടങ്ങിയതാണത്. ആ ബന്ധം ഏറ്റവും ദൃഢവും പരസ്പര സഹകരണത്തിന്റേതുമായി മാറിയത് കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലാണ്. ഇന്ത്യയോട് ഇസ്രയേൽ പുലർത്തുന്ന സ്നേഹവും വിശ്വാസവുമാണ് മോദിയെ സഹോദരൻ എന്ന് വിശേഷിപ്പിച്ചതിലൂടെ നെതന്യാഹുവിൽ നിന്ന് പുറത്തുവന്നിരിക്കുന്നത്. മരുഭൂമിയെ എങ്ങനെ പച്ചപ്പാടമാക്കി മാറ്റാമെന്ന ആധുനിക ടെക്‌നോളജി ലോകത്തെ പഠിപ്പിച്ച രാജ്യമാണ് ഇസ്രയേൽ. പരിമിതികളെ എങ്ങനെ ആധുനിക ടെക്നോളജിയുടെയും വിജ്ഞാനത്തിന്റെയും സഹായത്തോടെ മാനവരാശിയുടെ ഉയർച്ചയ്ക്കുള്ള സുവർണാവസരങ്ങളായി മാറ്റാമെന്ന വസ്തുത പ്രായോഗിക തലത്തിൽ ഇസ്രയേലിനെപ്പോലെ വിജയിപ്പിച്ച മറ്റൊരു ലോക രാജ്യം ഇല്ലെന്നുതന്നെ പറയാം.
മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനിടെ നടന്ന ഏറ്റവും സുപ്രധാനമായ തീരുമാനം ഇരു രാജ്യങ്ങളും തമ്മിൽ സൈനിക സഹകരണം ശക്തമാക്കാനുള്ള തീരുമാനമാണ്. ഇതിന്റെ ഭാഗമായി, 'അയൺ ഡോം" മാതൃകയിൽ ഇന്ത്യയിൽ ആഭ്യന്തര പ്രതിരോധ സംവിധാനമായ 'സുദർശന ചക്ര" സ്ഥാപിക്കുന്നതിന് ഇസ്രയേൽ ടെക്‌നോളജി കൈമാറി സഹായിക്കുന്നതായിരിക്കും. ആളില്ലാ വിമാനങ്ങളുടെയും ഡ്രോണുകളുടെയും
ഭീഷണി ഇന്ത്യൻ അതിർത്തിയിൽ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ പ്രതിരോധ സംവിധാനം വികസിപ്പിക്കുന്നത് നമ്മുടെ രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് അടിയന്തരമായി ആവശ്യമായതാണ്. ഇസ്രയേലുമായുള്ള സ്വതന്ത്ര വ്യാപാര കരാറും ഉടൻതന്നെ നിലവിൽ വരുമെന്ന് ഇരു പ്രധാനമന്ത്രിമാരും വെളിപ്പെടുത്തി.
ഇസ്രയേലിലെ വ്യവസായ, നിർമ്മാണ, ഹോട്ടൽ മേഖലകളിൽ 50,000 ഇന്ത്യക്കാർക്ക് തൊഴിൽ ലഭിക്കാനുള്ള വഴിയും ഒരുങ്ങിയിട്ടുണ്ട്. ഈ അവസരം മലയാളികൾക്കും ഏറെ പ്രയോജനകരമായി മാറാതിരിക്കില്ല. യേശുദേവന്റെ ജന്മസ്ഥലം സന്ദർശിക്കുന്നതിനായി കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ തീർത്ഥാടകർ സന്ദർശിച്ചിരുന്ന രാജ്യമാണ് ഇസ്രയേൽ. കൊവിഡും പിന്നീടുണ്ടായ ഗാസ യുദ്ധവും കാരണം ഇത് മുടങ്ങിയിരുന്നു. മോദിയുടെ സന്ദർശനത്തോടെ തീർത്ഥാടകരും സഞ്ചാരികളും ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഇസ്രയേലിൽ പണമിടപാടിന് യു.പി.ഐ ഉപയോഗിക്കാമെന്ന അനുമതി ഉണ്ടായത് കേരളത്തിന്റെ ടൂറിസം രംഗത്തിനും പുതിയ ഉണർവ് പകരുന്നതാണ്. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര തലത്തിൽ ഒരു വലിയ കുതിപ്പിനാണ് മോദിയുടെ ഇസ്രയേൽ സന്ദർശനം ഇടയാക്കിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |