SignIn
Kerala Kaumudi Online
Saturday, 04 May 2024 6.25 AM IST

ഇനിയും ഉണ്ടാകണം മെഡി. കോളേജുകൾ

photo

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സർക്കാർ മെഡിക്കൽ കോളേജുകൾ തുടങ്ങണമെന്നത് ഉമ്മൻചാണ്ടി സർക്കാരിന്റെ ആശയമായിരുന്നു. ആ ആശയം വെറും ആശയമായി അവസാനിക്കുകയാണുണ്ടായത്. മെഡിക്കൽ പഠനത്തിനായി സമർത്ഥരായ വിദ്യാർത്ഥികൾ പോലും നെട്ടോട്ടമോടുന്ന നാട്ടിൽ ഒന്നല്ല പത്തോ ഇരുപതോ കോളേജുകൾ പുതുതായി തുടങ്ങാനുള്ള സാദ്ധ്യതകളുണ്ട്. എന്തുകൊണ്ടോ സർക്കാർ ഈ രംഗത്തു കടന്നുവരാൻ മടികാണിക്കുന്നു. ഇടുക്കിയിലും കോന്നിയിലും ആരംഭിച്ച സർക്കാർ മെഡിക്കൽ കോളേജുകൾ ദേശീയ മെഡിക്കൽ കമ്മിഷന്റെ അംഗീകാരം നേടാൻ പെടാപ്പാടുതന്നെ പെട്ടു. കോന്നിയിൽ ഇപ്പോഴാണ് നൂറു കുട്ടികൾക്ക് പ്രവേശനം നൽകാമെന്ന അനുമതി ലഭിച്ചത്. ഇടുക്കി മെഡിക്കൽ കോളേജ് നേരത്തെ പ്രവർത്തനം തുടങ്ങിയെങ്കിലും പരിശോധനകളിൽ ന്യൂനതകൾ ശ്രദ്ധയിൽപ്പെട്ടതോടെ പലകുറി പൂട്ടിയിടേണ്ടിവന്നു.

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ മെഡിക്കൽ കോളേജുകൾ കുറവാണ്. പുതുതായി അംഗീകാരം ലഭിച്ച കോന്നിയിലുൾപ്പെടെ സർക്കാർ മേഖലയിൽ 1655 സീറ്റുകൾ മാത്രമാണുള്ളത്. സ്വാശ്രയ മേഖലയിലുള്ളവ കൂടി ചേർത്താൽ ആകെ 4400 സീറ്റുകൾ മാത്രം. ജനസംഖ്യയുമായി തട്ടിച്ചുനോക്കിയാൽ ഇനിയും ധാരാളം ഡോക്ടർമാർ ആവശ്യമാണ്. പഠനം പൂർത്തിയാക്കി പുറത്തുവരുന്ന ഡോക്ടർമാരും തൊഴിൽരഹിതരായുണ്ടെന്ന വാദം ഉന്നയിച്ച് പുതിയ മെഡിക്കൽ കോളേജുകൾ ആവശ്യമില്ലെന്നു കരുതുന്നവരുണ്ട്. എന്നാൽ ജനങ്ങൾക്ക് ഗുണപരമായ ചികിത്സ ലഭ്യമാകണമെങ്കിൽ ഡോക്ടർമാരുടെ സംഖ്യ ഉയരുകതന്നെ വേണം. സർക്കാർ ആശുപത്രികളിൽ ഒരു ഡോക്ടർ ഒ.പികളിൽ നൂറും ഇരുനൂറും രോഗികളെ വരെ പരിശോധിച്ച് ചികിത്സ നിശ്ചയിക്കുന്നതിലെ പോരായ്മ എത്ര വലുതാണെന്ന് ആലോചിച്ചുനോക്കൂ.

മെഡിക്കൽ പ്രവേശന പരീക്ഷ എഴുതുന്ന ലക്ഷം പേരിൽ അയ്യായിരം പേർക്കുപോലും പ്രവേശന സാദ്ധ്യത ഇല്ല. മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നതിനുള്ള വ്യവസ്ഥകളിൽ പല മാറ്റങ്ങളും വരുത്തിയത് കൂടുതൽ മെഡിക്കൽ കോളേജുകൾ ഉയർന്നുവരണമെന്ന ചിന്തയിലാണ്. അയൽ സംസ്ഥാനങ്ങളിൽ ഡസൻ കണക്കിനു കോളേജുകൾ പുതുതായി വരുമ്പോൾ ഇവിടെ വല്ലാത്ത പിശുക്കാണു കാണിക്കുന്നത്. മെഡിക്കൽ കോളേജ് സ്ഥാപിക്കാൻ പത്ത് ഏക്കർ ഭൂമി മതിയെന്ന് മെഡിക്കൽ കൗൺസിൽ വ്യവസ്ഥ ചെയ്തത് കേരളത്തെപ്പോലെ ഭൂമി കമ്മിയായ സംസ്ഥാനങ്ങൾക്ക് ഗുണകരമാണ്.

ചികിത്സാ സൗകര്യങ്ങളിൽ ദരിദ്രമായ വയനാട്ടിലും കാസർകോട്ടും സർക്കാർ മെഡിക്കൽ കോളേജുകൾ പണ്ടേ വരേണ്ടതായിരുന്നു. സർക്കാരിന്റെ താത്‌പര്യക്കുറവാണ് ഈ രണ്ടു ജില്ലകൾക്കും വിനയായത്. മെഡിക്കൽ കോളേജുകളുടെ അഭാവം ഈ രണ്ടു ജില്ലകൾക്കും എത്രമാത്രം ദോഷകരമായെന്ന് കൊവിഡ് കാലത്ത് കണ്ടറിഞ്ഞതാണ്. വയനാട്ടിൽ നിലവിലെ ജില്ലാ ആശുപത്രിയോടനുബന്ധിച്ച് മെഡിക്കൽ കോളേജ് ആരംഭിക്കാനാകും. നടപടികൾ ഉൗർജ്ജിതമാക്കിയാൽ മതി. ഭൂമിയും വേണ്ടത്ര ലഭ്യമാണ്. പുതിയ കോളേജിനാവശ്യമായ അദ്ധ്യാപക - അനദ്ധ്യാപക തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ടെന്നാണു കേൾക്കുന്നത്. അതുപോലെ കാസർകോട് ജില്ലാ ആശുപത്രിയുമായി ബന്ധപ്പെടുത്തി പുതിയ മെഡിക്കൽ കോളേജ് ആരംഭിക്കാനാകും. ഔദ്യോഗിക നടപടികൾ വേഗത്തിലാക്കിയാൽ വയനാടിനൊപ്പം കാസർകോട്ടും സർക്കാർ മെഡിക്കൽ കോളേജുകൾ തുടങ്ങാനാകും. രണ്ടിടത്തും കൂടി 200 മെഡിക്കൽ സീറ്റുകൾ ഉണ്ടാകുന്നത് ഡോക്ടർ മോഹവുമായി അലയുന്ന കുട്ടികൾക്കു അനുഗ്രഹമാകും. യുദ്ധത്തെത്തുടർന്ന് യുക്രെയിനിൽ നിന്ന് മടങ്ങിപ്പോരേണ്ടിവന്ന മലയാളി മെഡിക്കൽ വിദ്യാർത്ഥികളുടെ ദുരനുഭവം എല്ലാവരുടെയും മുമ്പിലുണ്ട്. മെഡിക്കൽ കോളേജുകൾക്കായി മുടക്കേണ്ടിവരുന്ന പണം പാഴ്‌ച്ചെലവായി സർക്കാർ കരുതരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DEMAND FOR MEDICAL COLLEGES
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.