
കേരളം പല കാര്യങ്ങളിലും മറ്റു സംസ്ഥാനങ്ങൾക്കും വിദേശ രാജ്യങ്ങൾക്കും മാതൃകയാകാറുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിൽ കൈവരിച്ചിട്ടുള്ള നേട്ടങ്ങൾ എടുത്തുപറയത്തക്കതാണ്. അവയെക്കുറിച്ച് പഠിക്കാൻ നിരവധി സംഘടനകളും സന്നദ്ധസേവകരും കേരളം സന്ദർശിച്ച് സർവേ നടത്താറുമുണ്ട്.
എന്നാൽ അവയവദാന വിഷയത്തിൽ കേരളം മുന്നിലല്ലെന്നു മാത്രമല്ല, ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലുമാണെന്ന്, രജിസ്റ്റർ ചെയ്തവരുടെ കണക്കുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം 10, 404 പേരാണ് അവയവദാനത്തിന് സന്നദ്ധത പ്രകടിപ്പിച്ച് രജിസ്റ്റർ ചെയ്തത്. മുൻവർഷം ഇത് മൂവായിരമായിരുന്നു. സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ളാന്റേഷൻ ഓർഗനൈസേഷൻ (കെ- സോട്ടോ) നടത്തിയ പ്രചാരണത്തിന്റെ ഭാഗമായാണ് അവയവദാന രജിസ്ട്രേഷനിൽ ഉണർവുണ്ടായത്.
മസ്‌തിഷ്‌ക മരണം സംഭവിച്ചവരുടെ അവയവങ്ങൾ സിനിമയെ വെല്ലുന്ന തരത്തിൽ അതിവേഗം മാറ്റിവയ്ക്കുന്നതും നിരവധി പേർക്ക് പുതുജീവൻ ലഭിക്കുന്നതും ഇടയ്ക്കിടെ വലിയ വാർത്താപ്രാധാന്യം നേടാറുണ്ട്.
ഹൃദയം മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജനറൽ ആശുപത്രിയെന്ന നേട്ടം എറണാകുളം ജനറൽ ആശുപത്രി സ്വന്തമാക്കിയത് ഈയിടെയാണ്. വാഹനാപകടത്തിൽ പരിക്കേറ്റ് മസ്‌തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറക്കര സ്വദേശി ഷിബുവെന്ന നാല്പത്തിയേഴുകാരൻ തന്റെ ഏഴ് അവയവങ്ങൾ അന്യർക്ക് നൽകിയാണ് മണ്ണിലേക്കു മടങ്ങിയത്. കഴക്കൂട്ടത്ത് ഹോട്ടലിൽ ജോലിചെയ്യുകയായിരുന്ന ഷിബു വീട്ടിലേക്ക് മടങ്ങുന്ന വഴി കൊല്ലത്തുവച്ച് സ്‌കൂട്ടറിൽ നിന്ന് വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മസ്‌തിഷ്‌ക മരണം സംഭവിച്ചിരുന്നു. തീരാനോവിനിടയിലും കുടുംബം അവയവദാനത്തിന് സന്നദ്ധമായി എന്നതാണ് എടുത്തുപറയേണ്ട വിശാലമനസ്‌കത.
നേപ്പാൾ സ്വദേശിയായ ദുർഗ കാമി എന്ന യുവതിക്കാണ് ഷിബുവിന്റെ ഹൃദയം നൽകിയത്. ഷിബുവിന്റെ ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കായും, ഒരു വൃക്ക കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിലേക്കായും നൽകി. കരൾ കിംസ് ആശുപത്രിയിലെയും, രണ്ട് നേത്രപടലങ്ങൾ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്‌താൽമോളജിയിലെയും രോഗികൾക്കാണ് നൽകിയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സ്ഥാപിച്ച സ്‌കിൻ ബാങ്കിലേക്ക് ഷിബുവിന്റെ ചർമ്മം നൽകി. നാലുമണിക്കൂറോളം നീണ്ട ശസ്‌ത്രക്രിയയിലാണ് അവയവങ്ങൾ പുറത്തെടുത്തത്. ആഭ്യന്തര വകുപ്പിലെ ഹെലികോപ്ടറിലാണ് ഹൃദയം എറണാകുളത്തേക്ക് കൊണ്ടുപോയത്. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇതിനുവേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കെ- സോട്ടോയാണ് അവയവദാനം ഏകോപിപ്പിച്ചത്. ജീവിതയാത്രയ്ക്കിടയിൽ ഏതു നിമിഷവും പതിയിരിക്കുന്ന മരണം പിടികൂടാം. കനത്ത വേദനയും നഷ്ടവുമാണ് ഓരോ മരണവും കുടുംബങ്ങളിൽ സൃഷ്ടിക്കുന്നത്.
വളരെ സാധാരണ കുടുംബങ്ങളിൽപ്പെട്ടവരാണ് പലപ്പോഴും അവയവദാനത്തിന് സന്നദ്ധത കാട്ടുന്നത്. പലരും മനസുകൊണ്ട് ഇതിന് ഒരുക്കമാണെങ്കിലും അബദ്ധധാരണകളും പ്രചാരണങ്ങളും അവരെ വഴിതെറ്റിക്കുന്നു. അപകടത്തിൽ മരണപ്പെട്ടവരുടെയടക്കം അവയവം നഷ്ടപ്പെടുന്നുവെന്നും, ഇതിനു പിന്നിൽ
മാഫിയയുണ്ടെന്നുമുള്ള ദുഷ്‌പ്രചാരണങ്ങൾ പല കേന്ദ്രങ്ങളും നടത്തുന്നു. ഇത് അവയവദാന സമ്മതപത്രം നൽകുന്നതിൽനിന്ന് പലരെയും പിന്നോട്ടുവലിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ പേർ സമ്മതപത്രം നൽകിയത് മഹാരാഷ്ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്രയിൽ 1.12 ലക്ഷം പേരും രാജസ്ഥാനിൽ 91,283 പേരും രജിസ്ട്രേഷൻ നടത്തി. കേരളത്തിൽ തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ രജിസ്ട്രേഷൻ- 2306 പേർ. അവയവദാനം ഭയപ്പെടേണ്ട കാര്യമല്ല. ക്ഷണികമായ ജീവിതം മഹത്തരമാകുന്നത് മറ്റുള്ളവരുടെ ക്ഷേമവും സുഖവും കൂടി കണക്കിലെടുത്ത് ജീവിക്കുമ്പോഴാണ്. തന്റെ ജീവിതം പൂർണവിരാമമല്ലെന്ന് ചിന്തിച്ചാൽ അവയവദാനത്തിന് ആരും മടിച്ചുനിൽക്കില്ല. കെടാൻ പോകുന്ന തിരിയിൽ നിന്ന് കുറെ വിളക്കുകളിലേക്കെങ്കിലും പ്രകാശം പകരുന്നതും പുണ്യമല്ലേ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |