SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.18 PM IST

മാലാഖക്കുഞ്ഞേ,​ ഞങ്ങളുടെ മുത്തേ

Increase Font Size Decrease Font Size Print Page
alin

പത്തനംതിട്ട: ആലിൻമോളെക്കുറിച്ചുള്ള പാൽമണം മാറാത്ത ഓർമ്മകളിലാണ് മല്ലപ്പള്ളി വാലുമണ്ണിൽ വീട്. അവളുടെ കളിചിരിയൊച്ചകൾ അവിടെനിന്ന് മാഞ്ഞിട്ടില്ല. അവളുടെ കളിപ്പാട്ടങ്ങൾക്കും കുഞ്ഞുടുപ്പുകൾക്കും അരികിൽ വിതുമ്പുന്ന ഹൃദയവുമായി മാതാപിതാക്കളായ അരുണും ഷെറിനുമുണ്ട്.

5ന് കോട്ടയത്ത് നടന്ന കാറപകടത്തെത്തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച ആലിൻ ഷെറിൻ ഏബ്രഹാം നാലുകുഞ്ഞുങ്ങൾക്ക് പുതുജീവനേകിയാണ് യാത്രയായത്. ഹൃദയവാൽവും കരളും വൃക്കയും കണ്ണുകളുമാണ് ദാനം ചെയ്തത്.


'ഇത്ര ചെറിയ ജീവിതകാലയളവിൽ നാലുപേർക്ക് പ്രതീക്ഷയാവാൻ കഴിഞ്ഞ പൊന്നോമനയാണ് ഞങ്ങളുടെ മകൾ. ആ നാലു കുഞ്ഞുങ്ങളിലും ഞങ്ങളുടെ പൊന്നുമോളുടെ ജീവനുണ്ട്. ആലിൻ മോൾ അവരിലൂടെ വളരും". അരുണും ഷെറിനും പറഞ്ഞു.


അപകടത്തിൽ പരിക്കേറ്റ ഷെറിൻ കഴിഞ്ഞ ദിവസം വീട്ടിലെത്തി. അരുണാണ് അവയവദാനത്തെക്കുറിച്ച് ആദ്യം ചിന്തിക്കുന്നത്. ഷെറിനോട് പറഞ്ഞപ്പോൾ നിറഞ്ഞ മനസോടെ സമ്മതിച്ചു. ഇരുവരുടെയും രക്ഷിതാക്കൾക്കും സമ്മതം. തുടർന്ന് സർക്കാർ സംവിധാനമായ കെ- സോട്ടോ വഴി അവയവദാന പ്രക്രിയകൾ ഏകോപിപ്പിച്ചു. ഇന്ന് ലോകം മുഴുവൻ ഞങ്ങളോടൊപ്പം ആലിൻ മോളെ സ്നേഹിക്കുന്നെന്ന് അരുൺ പറഞ്ഞു.

ഇന്ന് രാവിലെ ആറിന് മൃതദേഹം മല്ലപ്പള്ളി ജോർജ് മാത്തൻ ആശുപത്രി ചാപ്പലിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഏഴിന് വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് 2.30ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം 3.30ന് നെടുങ്ങാടപ്പള്ളി സി.എസ്.ഐ സെന്റ് തോമസ് പള്ളിയിൽ സംസ്കരിക്കും.


അവയവം സ്വീകരിച്ചവരെ
കാണാൻപോകും

2025 ഏപ്രിൽ 16ന് രാവിലെ 9.20ന് ആലിൻകുഞ്ഞ് ജീവിതത്തിലേക്ക് കടന്നുവന്നപ്പോൾ പത്തുമാസം മാത്രമേ അവൾ ഞങ്ങളോടൊപ്പം ഉണ്ടാകൂ എന്ന് അറിഞ്ഞിരുന്നില്ല.- അരുണും ഷെറിനും വേദനയോടെ പറയുന്നു. എല്ലാം ദൈവത്തിൽ ഏൽപ്പിക്കുകയാണ്. ആലിന്റെ രക്ഷിതാക്കളായി ഞങ്ങളെ തിരഞ്ഞെടുത്തതിൽ ദൈവത്തോട് നന്ദി പറയുന്നു. ആലിന്റെ അവയവം സ്വീകരിച്ച കുഞ്ഞുങ്ങളെ സംസ്കാര ചടങ്ങുകൾക്കുശേഷം കാണാൻ പോകുമെന്നും ഇരുവരും പറഞ്ഞു.

 ശസ്ത്രക്രിയകൾ വിജയകരം

തിരുവനന്തപുരം: ആലിന്റെ വൃക്കകൾ സ്വീകരിച്ച പത്തുവയസുകാരി ശ്രേയയും കരൾ സ്വീകരിച്ച ആറുമാസം പ്രായമുള്ള ധ്രിയയും ജീവിതത്തിലേക്ക് മടങ്ങുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന വൃക്കമാറ്റിവയ്ക്കൽ,​ കിംസ് ആശുപത്രിയിൽ നടന്ന കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശികളാണ് ശ്രേയയും ധ്രിയയും. ശ്രീചിത്രയിലെത്തിച്ച ഹൃദയവാൽവ് പ്രോസസിംഗ് ഉൾപ്പെടെ പൂർത്തിയാക്കി സൂക്ഷിക്കും. അനുയോജ്യമായ രോഗിക്ക് പിന്നീട് നൽകും. നേത്രപടലങ്ങൾ കൊച്ചി അമൃതയിലെ ഐ ബാങ്കിൽ സൂക്ഷിച്ചിരിക്കുകയാണ്.

 സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

അവയവദാനത്തിൽ പുതുചരിത്രം കുറിച്ച് വിടപറഞ്ഞ ആലിൻ ഷെറിൻ എബ്രഹാമിന് സംസ്ഥാന സർക്കാരിന്റെ ആദരം. ആലിൻ ഷെറിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കുഞ്ഞ് ആലിൻ ഷെറിൻ ഇനിയും ജീവിക്കും. അവളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ മാത്രമല്ല, കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലും. അവയവങ്ങൾ ദാനംചെയ്യാൻ തീരുമാനമെടുത്ത മാതാപിതാക്കളായ അരുണും ഷെറിനും മനുഷ്യസ്‌നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ്.

-മോഹൻലാൽ

 തീരാനോവിനിടയിലും കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിനിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണ്. അവയവദാന രംഗത്ത് കേരളസമൂഹത്തിന് മുന്നിലായി വലിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ആലിൻ ഷെറിന്റെ മാതാപിതാക്കൾ. അവരുടെയും ഈ നാടിന്റേയും ദുഃഖത്തിൽ പങ്കുചേരുന്നു.

- മുഖ്യമന്ത്രി പിണറായി വിജയൻ

 ജീവിതത്തിലെ ഏറ്റവും വേദനനിറഞ്ഞ നിമിഷത്തിലും കുഞ്ഞു മകളുടെ അവയവങ്ങൾ മറ്റുള്ളവർക്ക് നൽകാൻ തീരുമാനിച്ച മാതാപിതാക്കളുടെ തീരുമാനം അഭിനന്ദനാർഹം. ആലിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ദുഃഖിതരായ കുടുംബത്തിന് ഹൃദയം തൊട്ട് അനുശോചനം

- ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

TAGS: ORGAN DONATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY