ഇ - പോസ് മെഷീന്റെ തകരാർ കാരണം കേരളത്തിൽ റേഷൻ വിതരണം തടസപ്പെടുന്നത് സ്ഥിരം പരാതിയാണ്. ഒടുവിലതു പരിഹരിക്കാനുള്ള നീക്കം മന്ത്രിയുടെയും അധികൃതരുടെയും ഭാഗത്തുനിന്നുണ്ടായത് റേഷൻ ഉപഭോക്താക്കൾക്ക് ആശ്വാസം പകരുന്നു. ബി.എസ്.എൻ.എല്ലിന്റെ കുറഞ്ഞ ബാൻഡ് വിഡ്‌ത്ത് ശേഷിയാണ് 65000 ത്തോളം തകരാറുകൾക്ക് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇത് പരിഹരിക്കാൻ ബി.എസ്.എൻ.എൽ അധികൃതരുമായി നടത്തിയ ചർച്ചയിൽ ധാരണയായി. ഇത് 100 എം.ബി.പി.എസ് ശേഷിയായി വർദ്ധിപ്പിക്കും. നിലവിൽ ഇത് 20 എം.ബി.പി.എസ് ആയിരുന്നു. പുറമെ എൻ.ഐ.സി ഹൈദരാബാദ് നല്‌കിവരുന്ന സോഫ്‌റ്റ്‌വെയറിലും മാറ്റം വരുത്തും. ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ വേർഷനിലേക്കാണ് മാറുക. ഏപ്രിൽ ഒന്നുമുതൽ ഈ രണ്ട് മാറ്റങ്ങളും നടപ്പിലാവുന്നതോടെ സാങ്കേതിക തകരാറുകൾ മിക്കവാറും പരിഹരിക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഒരു റേഷൻ കടയിൽ ഏറ്റവും കൂടുതലാളുകൾ റേഷൻ വാങ്ങാനെത്തുന്ന സംസ്ഥാനം ബീഹാറാണ്. അവിടെ പോലും ഇ - പോസ് മെഷീനിൽ തകരാർ ഉണ്ടാകാറില്ലെന്ന് എൻ.ഐ.സി വിദഗ്ദ്ധർ യോഗത്തിൽ അറിയിച്ചിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി ഇവിടെ ഇ - പോസ് തകരാർ കാരണം റേഷൻ വിതരണത്തിൽ തടസമുണ്ടാകുന്നത് തുടർന്നുവരികയായിരുന്നു. എന്നാൽ അടുത്തകാലത്തായി ഇത് വളരെയധികം കൂടുകയും റേഷൻ വിതരണക്കാർ നടത്തുന്ന അട്ടിമറിയാണിതെന്ന ആരോപണം ഉയരുകയും ചെയ്തിരുന്നു. റേഷൻ വ്യാപാരികൾ പറഞ്ഞത് ആളുകൾ കൂട്ടത്തോടെ റേഷൻ വാങ്ങാനെത്തുന്നതുകൊണ്ടാണ് അടിയ്ക്കടി തകരാർ സംഭവിക്കുന്നതെന്നായിരുന്നു. ഇതൊന്നും ശരിയായിരുന്നില്ല എന്നതാണ് ഇപ്പോഴത്തെ തീരുമാനങ്ങൾ തെളിയിക്കുന്നത്. പുതിയ സോഫ്‌റ്റ്‌വെയർ വേർഷനിലേക്ക് മാറാനുള്ള തീരുമാനം നേരത്തേ എടുത്തിരുന്നെങ്കിൽ ഇതെല്ലാം രണ്ടുവർഷം മുമ്പ് തന്നെ പരിഹരിക്കാമായിരുന്നതാണ്.
ഇ - പോസ് മെഷീനുകളുടെ തകരാറുകൾ പരിഹരിക്കാൻ ഏപ്രിൽ ഒന്നുമുതൽ 30 വരെ സംസ്ഥാന വ്യാപകമായി സർവീസ് ക്യാമ്പുകൾ നടത്താനുള്ള തീരുമാനവും സ്വാഗതാർഹമാണ്. ഇ - പോസ് വഴി വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ബില്ല് സംബന്ധിച്ച് ഉപഭോക്താക്കളുടെ ഫോണിൽ ലഭിക്കുന്ന മെസേജിൽ ഭക്ഷ്യധാന്യങ്ങളുടെ അളവ് രേഖപ്പെടുത്താറില്ല. സി ഡാക്കാണ് ഇത് ചെയ്യേണ്ടത്. അതിന് അവർ ഒരുകോടി രൂപ പ്രതിഫലവും വാങ്ങുന്നുണ്ട്. എന്നാൽ ഇത്രയും കാലം അവർ അത് ചെയ്യാതെ തുടരുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആർ. അനിൽ യോഗത്തിൽ സിഡാക്ക് അധികൃതർക്ക് താക്കീത് നല്‌കിയിരിക്കുകയാണ്. ഇനിയും അവർ ഈ രീതി തുടർന്നാൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ സർക്കാർതലത്തിൽ തക്കതായ നടപടികളും ഉണ്ടാകണം. അതുപോലെ തന്നെ ഇ - പോസ് മെഷീന്റെ പ്രവർത്തനത്തിൽ തകരാറുകൾ വരുത്താൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധനകളും തുടരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |