SignIn
Kerala Kaumudi Online
Wednesday, 01 May 2024 1.47 PM IST

ലേഡി ഡോക്ടറുടെ പ്രാണനെടുത്ത പൊലീസ് വീഴ്‌ച

dr-vandana-das

ജീവിത പ്രാരാബ്ധങ്ങളിൽപ്പെട്ട് ഉഴലുന്ന മലയാളി സമൂഹത്തെ ഞെട്ടിക്കാനും വേദനിപ്പിക്കാനും എന്തെങ്കിലുമൊന്ന് ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കും. കഴിഞ്ഞ മൂന്നു ദിവസങ്ങൾ താനൂരിൽ പതിന്നാലു കുട്ടികളുൾപ്പെടെ 22 പേരുടെ ജീവനപഹരിച്ച ബോട്ടപകടമായിരുന്നു മനുഷ്യമനസുകളിൽ ഒടുങ്ങാത്ത വേദനയുടെ തീകോരിയിട്ടതെങ്കിൽ ഈ ബുധനാഴ്ച പ്രഭാതം അതീവ ദാരുണമായ മറ്റൊരു വാർത്തയാണ് ഹൃദയമുള്ളവരെയെല്ലാം സങ്കടത്തിലാക്കിയത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻസി ചെയ്തുകൊണ്ടിരുന്ന വന്ദന ദാസ് ചികിത്സയ്ക്കായി പൊലീസുകാർ കൂട്ടിക്കൊണ്ടുവന്ന അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടലിലാണ് സംസ്ഥാനം ഇപ്പോൾ. കാലിലെ മുറിവ് വച്ചുകെട്ടാനായി മുറിയിൽ കാത്തിരിക്കുന്നതിനിടെ പൊടുന്നനെ അക്രമാസക്തനായ പ്രതി പൊലീസുകാരെയും ഹോംഗാർഡിനെയും ഡ്യൂട്ടിയിലുണ്ടായിരുന്ന ലേഡി ഡോക്ടറെയും കുത്തുകയായിരുന്നു എന്നാണ് പൊലീസ് ഭാഷ്യം. നിരവധി കുത്തുകളേറ്റ വന്ദനദാസിനെ അടിയന്തരമായി വിദഗ്ദ്ധചികിത്സ ലഭിക്കുന്ന തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വപ്നമായി കൊണ്ടുനടന്ന പ്രൊഫഷനിലേക്കു കാലെടുത്തുവയ്ക്കാൻ തുടങ്ങവേതന്നെ ആ ജീവിതം ഇത്തരത്തിൽ അപൂർണതയിൽ അവസാനിച്ചത് ആരിലും സങ്കടമുളവാക്കുന്നു. അച്ഛനമ്മമാരുടെ ഏക മകളായിരുന്നു ആ കുട്ടി.

ഏതു ദുരന്ത സംഭവത്തിലുമെന്നപോലെ ഡോ.വന്ദനയുടെ ദാരുണാന്ത്യവും നിരവധി ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ബാക്കിവയ്ക്കുന്നുണ്ട്. വേണ്ടത്ര പൊലീസുകാരുണ്ടായിട്ടും അക്രമിയെ പൈശാചിക കൃത്യത്തിൽനിന്നു തടയാൻ എന്തുകൊണ്ടു സാധിച്ചില്ലെന്നത് ആദ്യം ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങളിലൊന്നാണ്. സംഭവത്തെക്കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങൾക്കു മുന്നിൽ നടത്തിയ വിശദീകരണം പൊലീസിന്റെ വീഴ്ച മറച്ചുവയ്ക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. അക്രമിയായിട്ടല്ല, പരാതിക്കാരൻ എന്ന നിലയ്ക്കാണ് പൊലീസ് അയാളെ ആശുപത്രിയിലെത്തിച്ചതെന്നാണ് വിശദീകരണം. എന്നാൽ ചൊവ്വാഴ്ച രാത്രി മുഴുവൻ വീട്ടിലും നാട്ടിലും അക്രമം കാണിച്ച, ലഹരിക്കടിമയായ ഒരു വ്യക്തി, പരാതിക്കാരനാണെങ്കിൽപ്പോലും എത്രമാത്രം അപകടകാരിയാകുമെന്ന് മുൻകൂട്ടിക്കാണാൻ കുറ്റവാളികളെ സ്ഥിരമായി കൈകാര്യം ചെയ്യാറുള്ള പൊലീസുകാർക്ക് എന്തുകൊണ്ടാണ് കഴിയാതിരുന്നത്? ഒരു തെറ്റും ചെയ്യാത്ത നിരപരാധികളെ പിടിച്ചുകൊണ്ടുപോയി പരമാവധി പീഡിപ്പിക്കുന്നതിൽ ആനന്ദം കൊള്ളുന്ന പൊലീസുകാർ കുറ്റവാളികളെ കാണുമ്പോൾ വെറും എലികളായി മാറുന്നതിന്റെ എത്രയോ ഉദാഹരണങ്ങൾ സമൂഹം കാണുന്നുണ്ട്. കൊട്ടാരക്കര സംഭവത്തിലെ പ്രതിയുടെ അക്രമ സ്വഭാവത്തെക്കുറിച്ച് അന്വേഷണത്തിനു ചെന്ന പൊലീസുകാർക്ക് വേണ്ടത്ര വിവരം ലഭിച്ചതാണ്. അങ്ങനെയുള്ള വ്യക്തിയെ ഏറെ കരുതലോടെ വേണം കൈകാര്യം ചെയ്യാനെന്നത് ആരും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. വന്ദന എന്ന യുവഡോക്ടറുടെ അകാല അന്ത്യത്തിന് പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ച പ്രധാന കാരണം തന്നെയാണ്.

വന്ദനയുടെ അരുംകൊല സംസ്ഥാനത്തെ ആരോഗ്യമേഖലയ്ക്ക് ഏല്പിച്ച ആഘാതത്തിന്റെ ആഴം കണ്ടുകഴിഞ്ഞു. ഐ.എം.എയുടെയും കെ.ജി.എം.ഒയുടെയും നേതൃത്വത്തിൽ ഡോക്ടർമാർ ഇന്നലെ ഡ്യൂട്ടി ബഹിഷ്കരിച്ച് തെരുവിലിറങ്ങി. സംസ്ഥാനവ്യാപകമായി ആശുപത്രികളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ദാരുണ സംഭവം നടന്ന കൊട്ടാരക്കര ആശുപത്രി ഇന്നലെ അടച്ചിട്ടുകൊണ്ടാണ് ഡോക്ടർമാരും ജീവനക്കാരും സമരത്തിനിറങ്ങിയത്. ഡ്യൂട്ടിക്കിടെ സഹപ്രവർത്തകയ്ക്കുണ്ടായ ദാരുണാനുഭവം ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരിൽ സൃഷ്ടിക്കുന്ന ദുഃഖവും ആശങ്കയും വളരെ വലുതായിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.

ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾ തടയാൻ ഇവിടെ നിയമമുണ്ട്. പത്തുകൊല്ലംമുമ്പേ നിയമസഭ പാസാക്കിയ പ്രസ്തുത നിയമത്തിന് പല്ലും നഖവും പോരെന്ന പരാതി ഉയർന്നപ്പോൾ അതിനുള്ള ന‌ടപടി ഉണ്ടാകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതുവരെ ആലോചന തീർന്നിട്ടില്ല. കൊട്ടാരക്കര സംഭവമുണ്ടായ ഉടനെ ആരോഗ്യവകുപ്പുമന്ത്രി ആശുപത്രി സംരക്ഷണനിയമം കൂടുതൽ കടുപ്പിക്കാൻ ഒാർഡിനൻസ് കൊണ്ടുവരുമെന്ന് പറഞ്ഞുകേട്ടു. ഏത് വിഷയത്തിലും നടപടി ഉണ്ടാകണമെങ്കിൽ ആരുടെയെങ്കിലും ജീവൻതന്നെ ബലി നല്‌കണമെന്നു വരുന്നത് എന്തുകഷ്ടമാണ്. ആശുപത്രി ജീവനക്കാർക്കുനേരെ അടുത്തകാലത്ത് ആക്രമണങ്ങൾ വർദ്ധിച്ചുവരുന്നതിൽ പരക്കെ ഉത്കണ്ഠയുണ്ട്. ഇതിൽ പ്രതിഷേധിച്ച് ഡോക്ടർമാരും മറ്റു ജീവനക്കാരും പലപ്പോഴും സമരത്തിനിറങ്ങിയിരുന്നു. രോഗികളുമായി എത്തുന്നവർ ഡോക്ടർമാരെ കൈയേറ്റം ചെയ്യാൻ മുതിരുന്നത് പതിവായിട്ടുണ്ട്. ഉന്നത നീതിപീഠങ്ങൾവരെ ഇത്തരം സംഭവങ്ങളിൽ ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. ആശുപത്രികൾക്കും ജീവനക്കാർക്കും നേരെ അക്രമത്തിന് തുനിയുന്നവർക്കെതിരെ കർക്കശ നടപടി എടുക്കണമെന്ന് ഇൗ അടുത്ത കാലത്തും സുപീംകോടതി സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയതാണ്.

വേണ്ടത്ര പൊലീസുകാർ ഉണ്ടായിട്ടും ഒരു മനുഷ്യക്കുരുതി തടയാൻ കഴിഞ്ഞില്ലെന്നതാണ് കൊട്ടാരക്കര സംഭവത്തെ കൂടുതൽ വേദനാജനകമാക്കുന്നത്. തങ്ങൾ കൊണ്ടുവന്നയാൾ പൊടുന്നനെ അക്രമാസക്തനായപ്പോൾ ഏതുവിധേയനയും അയാളെ കീഴ്പ്പെടുത്താൻ ശ്രമിക്കാതെ രംഗത്തുനിന്ന് മാറാനാണത്രെ പൊലീസ് ശ്രമിച്ചത്. പ്രതിയെ ഒടുവിൽ സാഹസികമായി കീഴ്പ്പെ‌ടുത്തിയത് ആശുപത്രി ജീവനക്കാരും ഹോംഗാർഡും മറ്റും ചേർന്നാണെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. രക്ഷകരായി എത്തിയ പൊലീസുകാരെയും പിന്നീട് ഒാടിച്ചിട്ട് ലേഡിഡോക്ടറെയും കുത്തിയ പ്രതിയെ കീഴ്പ്പെടുത്താൻ പൊലീസിന്റെ പക്കൽ തോക്കില്ലായിരുന്നോ എന്ന് ഇൗ സംഭവത്തിൽ പ്രത്യേക സിറ്റിംഗ് നടത്തിയ ഹൈക്കോടതി ആരാഞ്ഞിരുന്നു. നാട്ടുകാർക്കും ചോദിക്കാനുള്ളത് ഇതുതന്നെയാണ്. പൗരന്റെ ജീവന് സംരക്ഷണം നൽകാൻ ചുമതലപ്പെട്ട പൊലീസ് സേനയ്ക്ക് ഒട്ടും യോജിച്ചതായിരുന്നില്ല താലൂക്ക് ആശുപത്രിയിൽ കുന്തംപോലെ എല്ലാറ്റിനും സാക്ഷിയായി നിന്ന പൊലീസുകാരുടെ പെരുമാറ്റം. ഇതുപോലുള്ള സാഹചര്യങ്ങളിൽ ഡ്യൂട്ടിക്കെത്തുന്ന യുവതികളായ ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും എങ്ങനെ സുരക്ഷിതമായി ജോലി ചെയ്യാനാകുമെന്ന ഹൈക്കോ‌‌ടതിയുടെ ചോദ്യം പ്രസക്തമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.