അമേരിക്കയിൽ നിന്ന് തീരുവ ഉയർത്തൽ എന്ന വെല്ലുവിളി ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ നേരിടുകയാണ്. ഇങ്ങനെയൊരു വെല്ലുവിളി വന്നില്ലായിരുന്നെങ്കിൽ തത്‌സ്ഥിതി അതുപോലെ തുടരുമായിരുന്നു. പുതിയ സാഹചര്യം നേരിടാൻ ഇന്ത്യ പല സാമ്പത്തിക നയങ്ങളിലും മാറ്റത്തിന് തയ്യാറാകേണ്ടിവരും. വെല്ലുവിളികളെയും പരിമിതികളെയും അവസരങ്ങളാക്കി മാറ്റിയ രാജ്യങ്ങളാണ് ലോകത്ത് അതിവേഗം സാമ്പത്തിക വളർച്ച നേടിയിട്ടുള്ളത്. രണ്ടാം ലോക മഹായുദ്ധത്തിൽ തകർന്നടിഞ്ഞ ജർമ്മനി ഉൾപ്പെടെയുള്ള യൂറോപ്യൻ രാജ്യങ്ങളും ഏഷ്യൻ രാജ്യമായ ജപ്പാനുമൊക്കെയാണ് ഇന്ന് ലോകത്തെ വലിയ സാമ്പത്തിക ശക്തിളായി ഉയർന്നുവന്നിരിക്കുന്നത്. ഇത് പഠിപ്പിക്കുന്ന ഒരു വലിയ പാഠമുണ്ട്. അതായത്, പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴാണ് ഒരു വ്യക്തിയുടെ ആയാലും രാജ്യത്തിന്റെയായാലും യഥാർത്ഥ കഴിവുകൾ പുറത്തുവരിക!
ഒരു വഴി അടയുമ്പോൾ ദൈവം മറ്റൊരു വാതിൽ തുറക്കുമെന്ന് ബൈബിളിൽ പറഞ്ഞിട്ടുള്ളത് ജീവിത യാഥാർത്ഥ്യങ്ങളുമായി ചേർന്നു നിൽക്കുന്ന വിശുദ്ധ വചനമാണ്. മറ്റൊരു വാതിൽ തുറക്കുന്നതുവരെ അങ്ങനെയൊരു വാതിലിന്റെ സാദ്ധ്യതയെക്കുറിച്ചു പോലും ആരും ചിന്തിച്ചിരിക്കില്ല. യഥാർത്ഥത്തിൽ അതൊരു പുതിയ വാതിലല്ല. മുമ്പും അത് അവിടെയുണ്ടായിരുന്നു. പക്ഷേ നമ്മൾ ശ്രദ്ധിച്ചിരുന്നില്ല. അമേരിക്കൻ പ്രസിഡന്റ് ട്രംപ് രാഷ്ട്രീയക്കാരനെന്നതിലുപരി റിയൽ എസ്‌റ്റേറ്റ് ഉൾപ്പെടെയുള്ള രംഗത്തെ ഒരു വലിയ ബിസിനസുകാരനാണ്. ഒരു ഇക്കണോമിക് ടൂളായ തീരുവകൊണ്ട് അദ്ദേഹം ബിസിനസ് കളിക്കുകയാണ്. അതിന്റെ ഭാഗമായാണ് ഇന്ത്യയിൽ നിന്ന് കയറ്റി അയയ്ക്കുന്ന 55.8 ശതമാനം ഉത്പന്നങ്ങൾക്കു മേൽ 50 ശതമാനം തീരുവ ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ഉത്‌പന്നങ്ങൾക്ക് പ്രഖ്യാപിച്ച 25 ശതമാനം അധികത്തീരുവയ്ക്കു പുറമെ, റഷ്യൻ എണ്ണ വാങ്ങുന്നതിന്റെ പ്രതികാരമായാണ് 25 ശതമാനം അധികത്തീരുവ കൂടി ചുമത്തിയത്. ഇതിന്റെ പ്രത്യാഘാതം തുടക്കത്തിൽ തീർച്ചയായും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഉണ്ടാകും.
ഇന്ത്യയുടെ ജി.ഡി.പി വളർച്ചാനിരക്കിൽപ്പോലും കുറവു വന്നേക്കാം. ഇന്ത്യയുടെ 6.5 ശതമാനമെന്ന ജി.ഡി.പി വളർച്ചാ നിരക്ക് 5.5 ശതമാനമായി കുറയുമെന്നാണ് കരുതുന്നത്. ഇത് ഒഴിവാക്കണമെങ്കിൽ ഇന്ത്യയുടെ ആഭ്യന്തര ഉത്‌പാദനവും വില്പനയും വർദ്ധിക്കണം. അതു ലക്ഷ്യമാക്കിയാണ് രണ്ട് ജി.എസ്.ടി സ്ളാബുകൾ ഒഴിവാക്കുമെന്ന പ്രഖ്യാപനം വന്നത്. നികുതി കുറയുമ്പോൾ സാധനങ്ങളുടെ വില കുറയുകയും വില്പന കൂടുകയും ചെയ്യും. അതോടൊപ്പം ആഭ്യന്തര വിപണി കൂടുതൽ വികസിക്കും. ഇന്ത്യയുടെ ജനസംഖ്യാ വർദ്ധനവ് ഇത്തരം സന്ദർഭങ്ങളിൽ ഗുണകരമായാണ് ഭവിക്കുക. അമേരിക്കയ്ക്ക് ഇല്ലാത്തതും മനസിലാക്കാൻ കഴിയാത്തതുമായ ഒരു ഘടകമാണത്. അമേരിക്കൻ വിപണി ചുരുങ്ങുമ്പോൾ അതിന്റെ പ്രത്യാഘാതം കുറയ്ക്കാൻ ഇന്ത്യ മറ്റ് രാജ്യങ്ങളുടെ വിപണി സാദ്ധ്യതകൾ ആരായാൻ നിർബന്ധിതമാകും. ഇത് പല രാജ്യങ്ങളുമായും പുതിയ സൗഹൃദങ്ങൾക്കും വഴിതുറക്കുന്നതാവും.
കുതിച്ചുയരുന്ന ഒരു വലിയ സമ്പദ് ശക്തിയാണ് ഇന്ന് ഇന്ത്യ. സൂപ്പർ പവറുകളായി നിൽക്കുന്ന റഷ്യ ഒഴികെയുള്ള മറ്റു രാജ്യങ്ങൾക്ക് അത് അത്ര രുചിക്കുന്ന കാര്യമല്ല. വികസ്വര രാജ്യങ്ങളും അവികസിത രാജ്യങ്ങളും ഇന്ത്യയെ ഉൾക്കൊള്ളാനും ആശ്രയിക്കാനും തുടങ്ങുമെന്ന ഭയം ചൈനയ്ക്കാണ് ഏറ്റവും കൂടുതലുള്ളത്. അതാണ് അവർ ഇന്ത്യയുമായി ഒരു ഉരസലിനു തന്നെ തയ്യാറായത്. അതു ഫലിക്കില്ലെന്നു വന്നപ്പോഴാണ് അടങ്ങിയത്. അമേരിക്ക ഇപ്പോൾ തീരുവ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നതും സമാനമായ വികാരത്താൽ തന്നെയാണ്. എന്നാൽ യു.എസിന്റെ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന ശക്തമായ തീരുമാനമാണ് ഇന്ത്യാ സർക്കാർ കൈക്കൊണ്ടിരിക്കുന്നത്. ഏഴാം കപ്പൽപ്പട അയച്ച് വിരട്ടുന്ന കാലമൊക്കെ പോയി എന്ന് അമേരിക്ക തിരിച്ചറിയാനിരിക്കുന്നതേയുള്ളൂ. ഇന്ത്യയുടെ മേലുള്ള സമ്മർദ്ദം കൂടിയാലും രാജ്യത്തെ കർഷകരുടെ താത്‌പര്യങ്ങൾ ബലികഴിക്കുന്ന പ്രശ്നമില്ലെന്ന് പ്രധാനമന്ത്രി മോദി ഉറപ്പിച്ച് പറഞ്ഞിട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |