വെള്ളാനകൾ എന്ന ദുഷ്‌പേരിൽ നിന്ന് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഭാവിയിലൊന്നും മോചനമില്ലെന്നാണ് സാമ്പത്തിക അവലോകന റിപ്പോർട്ടിലൂടെ കടന്നുപോകുമ്പോൾ ആർക്കും തോന്നുക. 51 പൊതുമേഖലാ സ്ഥാപനങ്ങളിൽ പതിമൂന്നെണ്ണം മാത്രമാണ് എന്തെങ്കിലും ലാഭമുണ്ടാക്കുന്നത്. മുപ്പത്തെട്ടണ്ണവും തുടർച്ചയായി നഷ്ടം വരുത്തുന്നവയാണ്. ലാഭത്തിലുള്ള 13 പൊതുമേഖലാ സ്ഥാപനങ്ങൾ 2021- 22ൽ മൊത്തം നേടിയ ലാഭം 423 കോടി രൂപയാണ്. എന്നാൽ നടപ്പു സാമ്പത്തിക വർഷമാകട്ടെ ലാഭം 41 കോടി രൂപയായി കുത്തനെ ഇടിയുകയും ചെയ്തു. നഷ്ടത്തിൽ നടക്കുന്ന 38 പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രകടനവും ഇതുപോലെ തന്നെ.
2021 - 22 വർഷം നഷ്ടം 452 കോടി രൂപയായിരുന്നെങ്കിൽ നടപ്പുവർഷം അത് 492 കോടി രൂപയായി വർദ്ധിക്കുമെന്നാണു സൂചന. പൊതുമേഖലാ സ്ഥാപനങ്ങളെ എക്കാലത്തും സർക്കാരിന്റെ അരുമകളായാണ് പരിഗണിച്ചുപോരുന്നത്. എത്ര നഷ്ടമുണ്ടാക്കിയാലും അവയെ പോറ്റുക എന്നത് വിശുദ്ധ ആചാരവും വ്രതനിഷ്ഠയുമായി കരുതുന്നിടത്തോളം കാലം ഇവിടെ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഭയക്കാനൊന്നുമില്ല. കാട്ടിലെ തടി, തേവരുടെ ആന എന്നതാണ് പ്രമാണം.
സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ആർ.ടി.സിയുടെ സ്ഥിതി നോക്കുക. സംസ്ഥാനമൊട്ടാകെ കുത്തക റൂട്ടുകളും അയ്യായിരത്തോളം ബസുകളുമുണ്ടായിട്ടും കോർപ്പറേഷൻ നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക് മുങ്ങിത്താഴുകയാണ്. ജീവനക്കാർക്ക് ശമ്പളം നൽകണമെങ്കിൽ ഓരോ മാസവും സർക്കാർ കൈയയച്ചു സഹായമെത്തിക്കണം. പ്രതിദിന വരുമാനം എട്ടുകോടി രൂപയോളം എത്തിയിട്ടും വായ്‌പാഭാരം കാരണം ശമ്പളത്തിനായി മാറ്റിവയ്ക്കാൻ പണമില്ലാത്ത അവസ്ഥ. നഷ്ടക്കണക്കിൽ കെ.എസ്.ആർ.ടി.സിയെ മറികടക്കാൻ സംസ്ഥാനത്ത് മറ്റൊരു പൊതുമേഖലാ സ്ഥാപനമില്ല.
കെ.എസ്.ആർ.ടി.സിക്ക് പ്രത്യേക അസ്തിത്വമുണ്ടെന്നു സമാധാനിക്കാം. മറുഭാഗത്ത് സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ കഥയും വ്യത്യസ്തമൊന്നുമല്ല. ഇഴഞ്ഞും വലിഞ്ഞും മുന്നോട്ടുപോകുന്നവയാണ് അധികവും. താത്‌പര്യമുള്ള വ്യക്തികളെ കുടിയിരുത്താനുള്ള ഇടങ്ങളാണ് പല പൊതുമേഖലാ സ്ഥാപനങ്ങളും. കേരളം ഉപഭോക്തൃ സംസ്ഥാനമെന്നാണ് അറിയപ്പെടുന്നത്. ആവശ്യമുള്ളവ എന്തായാലും അവ മറ്റിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ടിവരുന്നു. ഇരുമ്പാണി വരെ അക്കൂട്ടത്തിലുണ്ട്. വിപണിയിലെ ആവശ്യം കണ്ടറിഞ്ഞ് ഉത്‌പന്ന വൈവിദ്ധ്യത്തിലേക്കു ചുവടുമാറ്റാൻ പൊതുമേഖല തയ്യാറാവുന്നില്ല.
പരമ്പരാഗതമായി ഉത്‌പാദിപ്പിച്ചുകൊണ്ടിരിക്കുന്ന ഉത്പന്നങ്ങളിൽത്തന്നെ തളച്ചിട്ടിരിക്കുകയാണ് ഒട്ടുമിക്ക സ്ഥാപനങ്ങളെയും. പഴക്കമേറിയ യന്ത്രങ്ങൾ, പ്രവർത്തന മൂലധനത്തിന്റെ കുറവ്, സാങ്കേതിക വിദ്യകളിൽ വന്ന മാറ്റങ്ങൾക്കനുസൃതമായി ചുവടു മാറാൻ കഴിയാത്തത്, ഉത്‌പാദന വൈവിദ്ധ്യമില്ലായ്മ, സ്വകാര്യ മേഖലയുമായി മത്സരിച്ചു മുന്നോട്ടുപോകാനുള്ള കഴിവുകേട് ഇങ്ങനെ പലതുണ്ട് പൊതുമേഖലാ സ്ഥാപനങ്ങൾ നേരിടുന്ന പരിമിതികൾ.
വർഷങ്ങളായി നഷ്ടം വരുത്തിക്കൊണ്ടിരിക്കുന്ന സ്ഥാപനങ്ങൾ തുടർന്നും നടത്തിക്കൊണ്ടുപോകുന്നതിനെതിരെ വിദഗ്ദ്ധ സമിതികൾ ഇടയ്ക്കെല്ലാം സർക്കാരിന് മുന്നറിയിപ്പു നൽകാറുണ്ട്. എന്നാൽ പൊതുമേഖലയോടുള്ള പ്രതിബദ്ധതയുടെ പേരിൽ ഒന്നുപോലും കൈവിടാൻ സർക്കാർ തയ്യാറല്ല. സമാന സ്വഭാവത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ സംയോജിപ്പിക്കാൻ പോലുമാകുന്നില്ല. ഇവയുടെ ആഡംബരങ്ങളും ധൂർത്തും പാഴ്‌ച്ചെലവും പൊതുഖജനാവിന് ഏല്പിക്കുന്ന ഭാരം ചില്ലറയൊന്നുമല്ല. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്കായി മാത്രം പ്രത്യേക റിക്രൂട്ടിംഗ് ബോർഡ് സൃഷ്ടിച്ചത് ഈ അടുത്ത കാലത്താണ്. ഇരുപത്തൊന്നംഗ പി.എസ്.സി ഉള്ളപ്പോഴാണ് ഈ ധൂർത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |