SignIn
Kerala Kaumudi Online
Saturday, 27 July 2024 8.46 PM IST

ക്യാമ്പസ് രാഷ്ട്രീയത്തിന് ഒരു ഇര കൂടി

d

ശോഭനമായ ഭാവി പ്രതീക്ഷിച്ച് കലാലയങ്ങളിലേക്ക് കുട്ടികളെ അയയ്ക്കുന്ന മാതാപിതാക്കളെ അങ്ങേയറ്റം ഭയസംഭ്രാന്തരാക്കുന്ന സംഭവമാണ് വയനാട് പൂക്കോട് വെറ്ററിനറി കോളേജിൽ നിന്നു വന്നുകൊണ്ടിരിക്കുന്ന ദാരുണ വാർത്ത. അവിടെ രണ്ടാം വർഷ ബി.വി.എസ്.സി വിദ്യാർത്ഥിയായിരുന്ന ജെ.എസ്. സിദ്ധാർത്ഥന്റെ മരണം ഒരിക്കൽക്കൂടി നമ്മുടെ ക്യാമ്പസുകളിൽ ഇടയ്ക്കിടെ അരങ്ങേറുന്ന മനുഷ്യത്വത്തിനും നിയമത്തിനും നിരക്കാത്ത അധമ പ്രവൃത്തികളിലേക്കു വിരൽചൂണ്ടുന്നു. വാലന്റൈൻ പരിപാടിക്കിടെ നടന്ന ഒരു സാധാരണ സംഭവത്തിന്റെ പേരിൽ കോളേജ് ഭരിക്കുന്ന വിദ്യാർത്ഥി സംഘടനയുടെ മുതിർന്ന ഭാരവാഹികൾ ഉൾപ്പെടെയുള്ള സംഘം നടത്തിയ കിരാത നടപടികളാണ് സിദ്ധാർത്ഥിനെ മരണത്തിലേക്കു നയിച്ചതെന്നാണു പുറത്തുവന്ന വിവരം. ഹോസ്റ്റൽ മന്ദിരങ്ങൾക്കു നടുവിലെ കോർട്ടിൽ വച്ച് ആ യുവാവിനു തുടർച്ചയായി നേരിടേണ്ടിവന്ന പീഡനമുറകൾ ഒന്നൊന്നായി വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആർത്തുവിളിക്കുന്ന വിദ്യാർത്ഥികൾക്കു നടുവിൽ ഉടുതുണിയില്ലാതെ മർദ്ദനം ഏറ്റുവാങ്ങാൻ തക്ക കൊടിയ പാതകമൊന്നും സിദ്ധാർത്ഥൻ ചെയ്തതായി ആരും പറയുന്നില്ല.

സഹപാഠികൾക്കിടയിൽ സിദ്ധാർത്ഥൻ ഏറെ പ്രിയപ്പെട്ടവനായിരുന്നു. പഠനത്തിനു പുറമെ കലാരംഗങ്ങളിലും അവൻ ശോഭിച്ചിരുന്നു. ഇക്കഴിഞ്ഞ 18-നാണ് ഹോസ്റ്റലിലെ ശുചിമുറിയിൽ കെട്ടിത്തൂങ്ങിയ നിലയിൽ സിദ്ധാർത്ഥിന്റെ ജഡം സഹപാഠികൾ കണ്ടെത്തുന്നത്. മൂന്നുദിവസത്തെ തുടർച്ചയായ പീഡനവും ശാരീരികോപദ്രവങ്ങളും കൊണ്ട് തീരെ അവശനായിരുന്ന സിദ്ധാർത്ഥ് സ്വയം ജീവനൊടുക്കിയതാണെന്നാണ് പൊലീസ് നിഗമനം. എന്നാൽ ക്രൂരമായ റാഗിംഗും ഭേദ്യം ചെയ്യലും എസ്.എഫ്.ഐക്കാരുടെ തുടർച്ചയായ ഭീഷണിയും കാരണം ആത്മഹത്യയുടെ വഴി തിരഞ്ഞെടുത്തതാവാമെന്നാണ് കരുതുന്നത്. ആത്മഹത്യയല്ല, തല്ലിക്കൊന്ന് ജഡം കെട്ടിത്തൂക്കിയതാണെന്നാണ് മാതാപിതാക്കൾ കരുതുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം നിജസ്ഥിതി കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാം. സംഭവവുമായി ബന്ധപ്പെട്ട് കോളേജിലെ എസ്.എഫ്.ഐ ഭാരവാഹികളടക്കം എട്ടുപേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണയ്ക്കും കൊടിയ മർദ്ദനങ്ങൾക്കും നേതൃത്വം നൽകിയ പി.ജി വിദ്യാർത്ഥി അഖിലും ഇക്കൂട്ടത്തിൽപ്പെടുന്നു.

സിദ്ധാർത്ഥ് മൂന്നുദിവസം തുടർച്ചയായി നേരിടേണ്ടിവന്ന മർദ്ദനങ്ങളെത്തുടർന്ന് തീരെ അവശ നിലയിലായി ഹോസ്റ്റൽ മുറിയിൽ കിടന്നിട്ടും ഹോസ്റ്റൽ ചുമതലയുള്ള കോളേജ് ഡീനോ ഉത്തരവാദപ്പെട്ട മറ്റാരെങ്കിലുമോ വിവരം അറിഞ്ഞില്ലെന്നാണ് പറയുന്നത്. മരണ ശേഷമാണത്രെ പലരും കാര്യങ്ങൾ അറിയുന്നത്. സുപ്രീംകോടതിയുടെയും യു.ജി.സിയുടെയും നിർദ്ദേശാനുസരണം ഓരോ കോളേജിലും ആന്റി റാഗിംഗ് സെൽ ഉണ്ടാകേണ്ടതാണ്. പൂക്കോട് വെറ്ററിനറി കോളേജിലും അത്തരമൊന്ന് ഉണ്ടെന്നാണു സങ്കല്പം. സിദ്ധാർത്ഥിന്റെ മരണം നടന്നശേഷം ഈ സമിതി യോഗം വിളിച്ചുകൂട്ടിയിരുന്നു. സമിതിയിൽ എസ്.എഫ്.ഐയെ പ്രതിനിധീകരിച്ചിരുന്ന ആളും സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണാസംഘത്തിൽ ഉൾപ്പെട്ടിരുന്നുവെന്നതാണ് കൗതുകമുയർത്തുന്ന കാര്യം.

ക്യാമ്പസ് കൊലകൾ കേരളത്തിന് അപരിചിതമൊന്നുമല്ല. ഓരോ മരണം നടക്കുമ്പോഴും പ്രതിഷേധവും തൊലിപ്പുറത്തുള്ള നടപടികളുമൊക്കെ ഉണ്ടാകും. മരണപ്പെടുന്ന കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും ഒഴികെ മറ്റെല്ലാവരും അത് മറക്കും. മക്കളുടെ ആകസ്മിക വേർപാടിൽ ഹൃദയമുരുകി ആജീവാനന്തം കണ്ണീരൊഴുക്കി മാതാപിതാക്കൾ മാത്രം ശേഷിക്കുന്ന ജീവിതം ജീവിച്ചുതീർക്കും.

സിദ്ധാർത്ഥിന്റെ നെടുമങ്ങാട്ടുള്ള വീട്ടിലേക്ക് ഇപ്പോൾ നേതാക്കളുടെ പ്രവാഹമാണ്. നാട്ടുനടപ്പ് എന്നതിനപ്പുറം മറ്റൊന്നിനും ഉപകരിക്കില്ല ഇത്. കലാലയങ്ങളിൽ വളർന്നു വികസിക്കേണ്ടത് സ്നേഹവും സാഹോദര്യവും സഹജീവികളോടുള്ള നല്ല പെരുമാറ്റവുമൊക്കെയാണ്. ഉന്നത ആദർശങ്ങൾ മുദ്രാ‌വാക്യമായി കൊണ്ടുനടക്കുന്ന വിദ്യാർത്ഥി പ്രസ്ഥാനമാണ് പൂക്കോട്ട് ഈ കിരാതപ്രവൃത്തികൾക്കു തുനിഞ്ഞിറങ്ങിയതെന്നറിയുമ്പോൾ വല്ലാത്ത നടുക്കവും ആത്മനിന്ദയുമാണു തോന്നുക. സഹപാഠിയെ വകവരുത്തിയാണോ ക്യാമ്പസിൽ പ്രസ്ഥാനത്തെ വളർത്താൻ എന്ന് അവർ സ്വയം ആലോചിക്കേണ്ട സമയമാണിത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAGGING
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.