SignIn
Kerala Kaumudi Online
Tuesday, 23 July 2024 4.50 AM IST

വിഴിഞ്ഞം തുറക്കുന്ന പുതിയ മുഖം

editorial

കടലിന്റെ നീലപ്പരപ്പിൽ വിഴിഞ്ഞം തുറമുഖത്ത് ആദ്യമായി ഒരു 'അമ്മക്കപ്പൽ" എത്തുന്ന സുദിനമാണിന്ന്. പിന്നാലെ വലുതും ചെറുതുമായ കപ്പലുകളുടെ വ്യൂഹങ്ങൾ തന്നെ വരവാകും. ഒരു നാടിന്റെ തലവര മാറുന്നത് തിരുവനന്തപുരത്തിന്റെ മണ്ണിൽ നിന്ന് നേർ മുന്നിൽ കാണാൻ കഴിയുന്നത് മനസിന് കടലോളം സന്തോഷം നൽകുന്ന കാര്യമാണ്. വിഴിഞ്ഞം ഒരു സ്വപ്നമായിരുന്ന കാലം മുതൽ അതിന്റെ സാക്ഷാത്‌കാരത്തിന് അക്ഷരങ്ങളാൽ യത്നിച്ച പത്രമാണ് കേരളകൗമുദി. പ്രത്യേകിച്ച്,​ ഇങ്ങനെയൊരു തുറമുഖം ഇവിടെ ആവശ്യമില്ലെന്ന വാദമുഖങ്ങൾ കത്തിനിന്ന ആദ്യകാലത്ത് ഞങ്ങൾ നടത്തിയ ക്രിയാത്‌മകമായ ഇടപെടലുകൾ ഈ അവസരത്തിൽ ഓർമ്മിക്കുകയാണ്. തുടക്കത്തിൽ വ്യവഹാരത്തിലൂടെ വിഴിഞ്ഞം തുറമുഖം എന്ന ആശയത്തെ തന്നെ കരിച്ചുകളയാനാണ് ചില ലോബികൾ ശ്രമിച്ചത്. സുപ്രീംകോടതിയിൽ കേസ് നടത്തുന്നത് നിത്യവൃത്തിക്കു പോലും വകയില്ലാത്ത ചിലരാണെന്നും ഇവർക്കു പിന്നിൽ റിസോർട്ടുകളുടെയും മറ്റും ലോബികളാണെന്നും നിരന്തരം വാർത്തകളിലൂടെ ഞങ്ങൾ പുറത്തുകൊണ്ടുവന്നതോടെ വ്യവഹാര യുദ്ധത്തിന്റെ കുന്തമുന ഒടിയുകയായിരുന്നു.

പിന്നീടാണ് വിഴിഞ്ഞത്തിനു സമീപം തമിഴ്‌നാടിന്റെ അധീനതയിലുള്ള കുളച്ചലിൽ തുറമുഖം വരാൻ പോകുന്നെന്നും അതു വന്നാൽ വിഴിഞ്ഞം തുറമുഖത്ത് കപ്പലുകൾ വരാതെ നഷ്ടത്തിലാവുമെന്നുമുള്ള പ്രചാരണം കൊടുമ്പിരിക്കൊണ്ടത്. വസ്തുതകളുമായി ബന്ധമില്ലാത്ത ഇത്തരം നിരുത്തരവാദപരവും ദുഷ്ടലാക്കോടെയുമുള്ള പ്രചാരണങ്ങളാണ് പല നല്ല പദ്ധതികളെയും മുളയിലേ തന്നെ നുള്ളാൻ ഇടയാക്കുന്നത്. തുറമുഖം പരിസ്ഥിതിക്ക് കനത്ത ആഘാതമാവുമെന്ന വിമർശനവുമായി പരിസ്ഥിതിവാദികളും രംഗത്തെത്തിയിരുന്നു. രണ്ടായിരത്തിന്റെ തുടക്കം മുതൽ വിഴിഞ്ഞം തുറമുഖത്തിനെതിരെ ഇത്തരം നിരവധി വ്യാജ പ്രചാരണങ്ങളാണ് അന്തരീക്ഷത്തിൽ അലയടിച്ചിരുന്നത്. ഒരു ഘട്ടത്തിൽ തുറമുഖ പദ്ധതി ഒരിക്കലും നടക്കാത്ത ഒരു സ്വപ്നമായിപ്പോലും മാറുമോ എന്ന ആശങ്ക ഉയരുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിലാണ് 2005-ൽ ഞാൻ മാനേജിംഗ് എഡിറ്ററായിരിക്കെ എന്റെ ഒരു പഴയ സുഹൃത്തും ലയോള സ്‌കൂളിൽ സഹപാഠിയുമായിരുന്ന മെർച്ചന്റ് നേവി ഉദ്യോഗസ്ഥൻ

എസ് . പ്രവീൺ ഓഫീസിൽ കാണാൻ വന്നത്. കേരളത്തിന്റെ ഭാവി മാറ്റിയെഴുതാൻ പോന്നതാണ് വിഴിഞ്ഞം പദ്ധതിയെന്നും വസ്തുതകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ച് ജനങ്ങളെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തണമെന്നും എന്നോട് ആവശ്യപ്പെടാൻ കൂടിയാണ് വന്നത്.

വിഴിഞ്ഞത്തിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്ന ചില കാര്യങ്ങളാണ് ആ സുഹൃത്ത് അന്ന് അക്കമിട്ടു പറഞ്ഞത്. ഒന്നാമത്,​ ഇന്ത്യയിൽ വിഴിഞ്ഞമല്ലാതെ മദർഷിപ്പിന് അടുക്കാൻ കഴിയുന്ന മറ്റൊരു തുറമുഖമില്ല. ദുബായ്, സിംഗപ്പൂർ, കൊളംബോ എന്നിവിടങ്ങളിലാണ് മദർഷിപ്പുകൾ അടുക്കുന്നത്. വിഴിഞ്ഞം വന്നാൽ കഥ മാറും. പ്രകൃതിദത്തമായിത്തന്നെ സ്വാഭാവിക ആഴമുള്ള ലോകത്തിലെ തന്നെ ചുരുക്കം സ്ഥലങ്ങളിലൊന്നാണ് വിഴിഞ്ഞം. അതിനാൽ ഡ്രഡ്‌ജിംഗ് വേണ്ടിവരില്ല. തുറമുഖം വളരെ വേഗം ലാഭകരമാകാൻ ഇത് ഇടയാക്കും. അന്താരാഷ്ട്ര കപ്പൽപ്പാതയ്ക്ക് 12 നോട്ടിക്കൽ മൈൽ അകലം മാത്രമേ വിഴിഞ്ഞത്തിനുള്ളൂ. വലിയ കപ്പലുകൾ വരുമ്പോഴും ചരക്കുകൾ ചെറിയ കപ്പലുകളിലേക്ക് മാറ്റി മറ്റു സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുമ്പോഴും നമുക്ക് ഫീസായും നികുതിയായും വരുമാനം ലഭിക്കും. അതായത്,​ ഒരു ട്രാൻസ്‌ഷിപ്പ്‌മെന്റ് തുറമുഖമായും ഇത് മാറും. ഇപ്പോൾ കയറ്റുമതിക്കും ഇറക്കുമതിക്കും ഒരു വിഹിതം മറ്റു രാജ്യങ്ങളിലെ ഇത്തരം തുറമുഖങ്ങൾക്ക് നമ്മൾ നൽകണം. വിഴിഞ്ഞം വന്നാൽ ഇതൊഴിവാകും. ഇന്നിപ്പോൾ ഇക്കാര്യങ്ങളൊക്കെ എല്ലാവർക്കും അറിവുള്ളതാണ്. എന്നാൽ അന്ന് അതായിരുന്നില്ല സ്ഥിതി. വിഴിഞ്ഞം റിപ്പോർട്ടുകൾക്ക് പ്രത്യേക ടാഗ‌്‌ലൈൻ ഉണ്ടാക്കി,​ ഈ വസ്തുതകളുടെ അടിസ്ഥാനത്തിൽ വിദഗ്ദ്ധരുമായും മറ്റും ബന്ധപ്പെട്ട് കേരളകൗമുദി അക്കാലത്ത് നിരന്തരം റിപ്പോർട്ടുകൾ നൽകാൻ തുടങ്ങി. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തിൽ പ്രത്യേക താത‌്‌പര്യമെടുക്കുകയും തുറമുഖത്തിന് തുടക്കമിടാൻ വേണ്ട പ്രാരംഭ നടപടികൾ ആരംഭിക്കുകയും ചെയ്തു.

അന്നേ അത് നടന്നിരുന്നെങ്കിൽ ഇപ്പോൾ ചെലവഴിക്കുന്ന തുകയുടെ പകുതിക്ക് തുറമുഖം യാഥാർത്ഥ്യമാകുമായിരുന്നു. പിന്നീട് 2015-ലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിനായി അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡുമായി 40 വർഷത്തേക്കുള്ള കരാറിൽ ഒപ്പിട്ടത്. ഉമ്മൻചാണ്ടി, വി.എസ്. അച്യുതാനന്ദൻ, പിണറായി വിജയൻ എന്നീ മൂന്ന് മുഖ്യമന്ത്രിമാർക്കും എം.വി. രാഘവൻ മുതൽ ഇപ്പോൾ തുറമുഖ വകുപ്പിന്റെ ചുമതല വഹിക്കുന്ന വി.എൻ. വാസവൻ വരെയുള്ള മന്ത്രിമാർക്കും, ശശി തരൂർ എം.പിക്കും, ഇതിനായി യത്‌നിച്ച സാങ്കേതിക വിദഗ്ദ്ധർക്കും ഉദ്യോഗസ്ഥർക്കും തൊഴിലാളികൾക്കും മാദ്ധ്യമങ്ങൾക്കുമെല്ലാം തുറമുഖത്തിന്റെ പൂർത്തീകരണത്തിൽ വലുതും ചെറുതുമായ പങ്കുണ്ട് എന്നത് ആർക്കും വിസ‌്‌മരിക്കാനാകില്ല. 2013-ൽ വിഴിഞ്ഞത്തിന് പ്രധാന കടമ്പയായിരുന്ന പ്രതിരോധ മന്ത്രാലയ അനുമതി ലഭിച്ചതിൽ അന്ന് കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്റണിയുടെ പങ്കും എടുത്തുപറയേണ്ടതാണ്. ഏതൊരു പദ്ധതിയും സാധിതപ്രായമാകുമ്പോൾ അതിനെ എതിർത്തവരെയൊന്നും കുറ്റപ്പെടുത്തുന്നത് ഔചിത്യമല്ല. ഒരു പദ്ധതിയുടെ പ്രത്യക്ഷവും പരോക്ഷവുമായ ഏറ്റവും വലിയ പ്രയോജനം ഏറ്റവും ആദ്യം ലഭിക്കുക തദ്ദേശീയർക്കായിരിക്കും.

ഒപ്പം തന്നെ ഈ മേഖലയിൽ ഉടലെടുക്കുന്ന വൈവിദ്ധ്യമാർന്ന തൊഴിൽ സാദ്ധ്യതകൾ യുവതലമുറയ്ക്ക് പ്രയോജനപ്പെടുത്താൻ കഴിയണം. ലോജിസ്റ്റിക്സുമായി ബന്ധപ്പെട്ട കോഴ്സുകൾ ആരംഭിക്കണം. സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുകയും ഒരു മാരിടൈം സർവകലാശാല തുടങ്ങാനുള്ള നടപടികൾ ആവിഷ്കരിക്കുകയും വേണം. പലപ്പോഴും ഇത്തരം വൻകിട പദ്ധതികൾക്കെതിരെ പ്രക്ഷോഭവുമായി മുന്നിൽ നിൽക്കുന്നവരല്ല,​ അതിനു പിന്നിലെ ചാലകശക്തികളാണ് യഥാർത്ഥ കുറ്റക്കാർ. കൂടംകുളത്ത് നമ്മൾ അതു കണ്ടതാണ്. ഒടുവിൽ അമേരിക്കയാണ് റഷ്യയുടെ സഹകരണത്തോടെയുള്ള ആ ആണവ പദ്ധതിയെ തകർക്കാനുള്ള പ്രക്ഷോഭങ്ങൾക്കു പിന്നിലെന്ന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിംഗിന് പരസ്യമായി വെളിപ്പെടുത്തേണ്ടിവന്നു. ഇതൊക്കെ മാത്രമല്ല,​ വിഴിഞ്ഞത്തെ പ്രക്ഷോഭകർ ഉയർത്തിയ പുനരധിവാസം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ സമയബന്ധിതമായി പരിഹാരം കാണാൻ സർക്കാർ നിഷ്ഠ പുലർത്തുകയും വേണം. റെയിൽ - റോഡ് കണക്‌റ്റിവിറ്റിയുടെ പൂർത്തീകരണവും എത്രയും വേഗം സാദ്ധ്യമാക്കണം. വിദേശ കമ്പനികൾ തുറമുഖവുമായി ബന്ധപ്പെട്ട അവരുടെ പ്രവർത്തനങ്ങൾക്കായി തിരുവനന്തപുരത്തെത്തണം. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം വലിയ ബോധവത്കരണം നടത്തേണ്ട ഉത്തരവാദിത്വം കൂടി സർക്കാരിനുണ്ട്.

കേരളത്തിന്റെയും പ്രത്യേകിച്ച് തിരുവനന്തപുരത്തിന്റെയും ചിരകാല സ്വപ്നങ്ങളിലൊന്നാണ് സാഫല്യതീരമണയുന്നത്. ലോകത്തിലെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെഴ്സ്‌കിന്റെ രണ്ടായിരം കണ്ടെയ്‌നറുകളുമായി എത്തുന്ന സാൻ ഫെർണാണ്ടോ എന്ന മദർഷിപ്പിനെ നാളെ രാവിലെ 10-ന് തുറമുഖത്ത് മുഖ്യമന്ത്രി സ്വീകരിക്കും. അന്നു തന്നെ തുറമുഖത്തിന്റെ ട്രയൽ റൺ തുടങ്ങുകയാണ്. ഇന്ത്യയിലെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഓണം കഴിഞ്ഞ് സെപ്‌തംബർ - ഒക്ടോബർ മാസത്തോടെ കമ്മിഷൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുറമുഖത്തിന്റെ തുടർന്നുള്ള ഗമനത്തിനും പുരോഗതിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പരസ്‌പര സഹകരണത്തോടെയുള്ള പ്രവർത്തനം അനിവാര്യമാണ്. രാഷ്ട്രീയം വികസനത്തിന് തടസമായല്ല,​ രാസത്വരകമായാണ് മാറേണ്ടത്. അപ്പോൾ മാത്രമാകും,​ വരുംതലമുറയോട് നമ്മൾ നീതിപുലർത്തുക. വിഴിഞ്ഞത്തിന്റെ യഥാർത്ഥ ഫലങ്ങൾ അനുഭവിക്കുക ആ വരുംതലമുറ തന്നെയാവും. വിഴിഞ്ഞം തുറമുഖത്തിന്റെ വിജയത്തിന് കേരളകൗമുദിയുടെ ഭാവുകങ്ങൾ.

ദീപുരവി

ചീഫ് എഡിറ്റർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.