SignIn
Kerala Kaumudi Online
Thursday, 18 July 2024 9.33 AM IST

വർദ്ധിച്ചു വരുന്ന മോഷണ കൃത്യങ്ങൾ

x

തിരഞ്ഞെടുപ്പുകാലം കൊടുമ്പിരിക്കൊള്ളവേ സ്വാഭാവികമായും പൊലീസ് സേനയുടെ ശ്രദ്ധയും സാന്നിദ്ധ്യവും അതിലേക്കു തിരിയുന്നത് മുതലെടുത്ത് സ്വദേശികളും അന്യസംസ്ഥാനക്കാരുമായ മോഷ്ടാക്കൾ രംഗത്തിറങ്ങിയിരിക്കുകയാണ്. കേരളത്തിൽ സമീപകാലത്തായി മോഷണങ്ങളും,​ ബാറുകളും മറ്റും കേന്ദ്രീകരിച്ചുള്ള അടിപിടികളും കത്തിക്കുത്തും സൈബർ ആക്രമണവും അടിക്കടി കൂടിവരികയാണ്. സംവിധായകൻ ജോഷിയുടെ എറണാകുളത്തെ വസതിയിലും കാസർകോട്ടെ പ്രവാസിയുടെ വീട്ടിലും നടന്നത് വൻ കൊള്ളയായിരുന്നു. പ്രവാസിയുടെ വീട്ടിൽ നിന്ന് 350 പവനോളം സ്വർണാഭരണങ്ങളും,​ ജോഷിയുടെ വീട്ടിൽ നിന്ന് കോടികൾ വിലവരുന്ന വജ്രാഭരണങ്ങളുമാണ് മോഷ്ടിക്കപ്പെട്ടത്. സിസി ടിവി ക്യാമറകൾ ഉൾപ്പെടെ ആധുനിക സുരക്ഷാ കവചങ്ങൾ ഒരുക്കിയിട്ടുള്ള വീടുകളിൽ കഠിനശ്രമമില്ലാതെ തന്നെ മോഷ്ടാക്കൾക്ക് കയറാനാകുന്നു എന്നത് ആശങ്കപ്പെടുത്തുന്നതാണ്.

ജോഷിയുടെ കൊച്ചിയിലെ വീട്ടിൽ കവർച്ച നടത്തിയ ബീഹാറുകാരനായ മുഹമ്മദ് ഇർഫാൻ എന്ന മോഷ്ടാവിനെ മോഷണം കഴിഞ്ഞ് പത്തു മണിക്കൂറിനുള്ളിൽ മോഷണ മുതൽ സഹിതം പിടികൂടാനായത് കേരള, കർണാടക പൊലീസിന്റെ സമയോചിത ഇടപെടലിന്റെയും അന്വേഷണത്തിന്റെയും ഫലമായാണ്. ശനിയാഴ്ച പുലർച്ചെ മോഷണത്തിനു ശേഷം കാറിൽ രക്ഷപ്പെട്ട ഇർഫാനെ കർണാടക പൊലീസിന്റെ സഹായത്തോടെ അതേ ദിവസം വൈകിട്ട് അഞ്ചു മണിയോടെ ഉഡുപ്പിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മോഷണത്തിനു മാത്രമായാണ് ഇയാൾ കാറോടിച്ച് കൊച്ചിയിലെത്തിയതെന്നാണ് പ്രാഥമിക അനുമാനം. ബീഹാറിലെ സീതാമർഹിയിലെ അദ്ധ്യക്ഷൻ എന്ന ബോർഡു വച്ച കാറായതുകൊണ്ട് ചെക് പോസ്റ്റുകളിൽ കാര്യമായ പരിശോധനയില്ലാതെയാണ് പ്രതി കേരളത്തിലെത്തിയത്! സിസി ടിവി ദൃശ്യങ്ങളുടെ പരിശോധനയിൽ നിന്ന് കാറിന്റെ രജിസ്ട്രേഷൻ തിരിച്ചറിഞ്ഞ് ഇതര സംസ്ഥാന സേനകളുടെ സഹായത്തോടെ കൊച്ചി പൊലീസ് നടത്തിയ പരിശോധനയാണ് ഇയാളെ കുടുക്കിയത്.

തിരികെപ്പോകാൻ ഈ മോഷ്ടാവ് കാർ ഉപയോഗിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഈ കേസ് ഒരിക്കലും തെളിയാത്ത കേസുകളുടെ കൂട്ടത്തിൽ ഒന്നായി മാറാമായിരുന്നു. തിരുവനന്തപുരം കവടിയാറിലെ സമ്പന്ന വസതിയിൽ നിന്ന് കൊവിഡ് കാലത്ത് രണ്ടര ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളും 60,000 രൂപയും കവർന്നതും ഇതേ മോഷ്ടാവാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വലിയ മോഷണങ്ങൾക്കൊപ്പം ചെറുകിട മോഷണങ്ങളും സംസ്ഥാനത്ത് കൂടിവരികയാണ്. മോഷണം പെരുകുന്ന സാഹചര്യത്തിൽ ഉറക്കം പോലും നഷ്ടപ്പെട്ട് സ്വത്തുവകകൾക്ക് കാവലിരിക്കേണ്ട ഗതികേടിലാണ് നഗരങ്ങളിലെ നിവാസികൾ. വ്യാപാരസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള മോഷണങ്ങളും കുറവല്ല. സ്വർണ വില ദിവസവും കൂടിക്കൊണ്ടിരിക്കുന്നതിനാൽ മോഷ്ടാക്കൾ സ്വർണം മോഷ്ടിക്കാനാണ് കൂടുതൽ താത്‌പര്യം പ്രകടിപ്പിക്കുന്നത്. വലിയ വീടുകളിൽ നടന്ന രണ്ട് മോഷണങ്ങളും അടുക്കളയുടെ ജനൽ പൊളിച്ചായിരുന്നു. അടുക്കളയിൽ നിന്ന് വീട്ടിലേക്കുള്ള പ്രധാന വാതിൽ അടയ്ക്കാൻ കാണിക്കുന്ന അതേ ശ്രദ്ധ മറ്റു വാതിലുകളും അടയ്ക്കാൻ വീട്ടുടമകൾ പുലർത്തേണ്ടിയിരിക്കുന്നു.

മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി,​ ആളുകളുള്ള വീടുകളിൽ കയറി മോഷണം നടത്തുന്ന രീതിയാണ് ഇപ്പോൾ അന്യസംസ്ഥാന മോഷ്ടാക്കളുടേത്. മോഷണം നടക്കുന്ന സമയത്ത് വീട്ടുകാർ ഉണർന്നാൽ അവരെ അപായപ്പെടുത്താനുള്ള തയ്യാറെടുപ്പോടെയാകും ഈ സംഘങ്ങൾ മോഷണത്തിനെത്തുന്നത്. ജനങ്ങളുടെ മനസ്സിൽ ഇത്തരം കവർച്ചകൾ വല്ലാത്ത ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനാൽ ക്രമസമാധാനപാലനത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലെയും ആന്റി തെഫ്‌റ്റ് സ്ക്വാഡുകൾ പൂർവാധികം ഊർജ്ജിതപ്പെടുത്താൻ അടിയന്തര നടപടിയുണ്ടാകണം. പൊലീസ് പട്രോളിംഗ് ശക്തമാക്കുന്നതിനൊപ്പം റസിഡന്റ്സ് അസോസിയേഷനുകളും പ്രാദേശിക കൂട്ടായ്‌മകളും മറ്റും കൂടുതൽ ജാഗ്രതയോടെ പ്രവർത്തനങ്ങൾ നടത്തണം. വർദ്ധിക്കുന്ന മോഷണകൃത്യങ്ങൾ എന്തു വിലകൊടുത്തും തടയാൻ പൊലീസിനാകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROBBERRYY
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.