SignIn
Kerala Kaumudi Online
Thursday, 18 July 2024 3.25 PM IST

എസ്.എ.ടിയുടെ വിജയ ഗാഥ

pic

ആതുര സേവന രംഗത്ത് സർക്കാർ ആശുപത്രികൾ നൽകുന്ന സേവനം ചെറുതല്ല. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും വലിയ ചെലവില്ലാതെ ഏറ്റവും മികച്ച ചികിത്സയാണ് സർക്കാർ ആശുപത്രികളിൽ ലഭിക്കുന്നത്. സർക്കാർ ആശുപത്രികളുടെ കെട്ടുംമട്ടും മാറ്റി ആധുനീകരിക്കാൻ സർക്കാർ താത്പര്യം കാട്ടിയിരുന്നെങ്കിൽ ഇടത്തരക്കാരാരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കില്ലായിരുന്നു. ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളുടെ ചെലവ് സമ്പന്നർക്ക് പോലും താങ്ങാൻ കഴിയാത്തതായി മാറിക്കൊണ്ടിരിക്കുകയാണ്.

ഈ പശ്ചാത്തലത്തിലാണ് സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് എസ്.എ.ടി ആശുപത്രിയുടെ സേവനങ്ങൾ വിലമതിക്കാൻ കഴിയാത്തവയായി മാറുന്നത്. പ്രസവത്തിനും കുട്ടികളുടെ പരിചരണത്തിനും ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച ആശുപത്രികളിലൊന്നാണ് എസ്.എ.ടി. അനുഭവ സമ്പരായ ഇവിടത്തെ ഡോക്ടർമാരും മറ്റു ജീവനക്കാരും നടത്തുന്ന കൂട്ടായ പ്രയത്നമാണ് എസ്.എ.ടിക്ക് തുടർച്ചയായി വിജയഗാഥകൾ രചിക്കാൻ അവസരമൊരുക്കുന്നത്. അടുത്തിടെ മികച്ച സ്‌കോറോടെ എസ്.എ.ടി ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചിരുന്നു. ലേകോത്തര നിലവാരത്തിലുള്ള പ്രസവ ചികിത്സ ലഭ്യമാക്കുക, അണുബാധ കുറയ്ക്കുക, പ്രസവ സമയത്ത് മികച്ച സംരക്ഷണം നൽകുക, പ്രസവാനന്തരമുള്ള ശുശ്രൂഷ, ഗുണഭോക്താക്കളുടെ സംതൃപ്തി, ലേബർ റൂമുകളുടെയും പ്രസവ സംബന്ധമായ ഓപ്പറേഷൻ തിയേറ്ററുകളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നിവയാണ് ലക്ഷ്യ പദ്ധതികളിലൂടെ നടപ്പിലാക്കുന്നത്. പ്രസവം കഴിഞ്ഞ് അമ്മയെയും കുഞ്ഞിനെയും സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതിയും ഇവിടെ വിജയകരമായി നടപ്പിലാക്കിവരുന്നു. ഏറ്റവും ഒടുവിൽ ഇവിടെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ അമ്മയ്ക്ക് ഒരുകൂട്ട് പദ്ധതിയും വിജയകരമായി മാറിയിരിക്കുകയാണ്. പ്രസവ സമയത്ത് ലേബർ റൂമിലുൾപ്പെടെ ബന്ധുവായ ഒരു സ്ത്രീയെ കൂട്ടിന് അനുവദിക്കുന്നതാണ് ഈ പദ്ധതി. ഇത് പ്രസവിക്കാനെത്തുന്ന സ്ത്രീക്കും അവരുടെ ബന്ധുക്കൾക്കും വളരെ ആശ്വാസം പകരുന്ന ഒരു സംവിധാനമായി വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽതന്നെ മാറിയിരിക്കുകയാണ്. ചികിത്സകൾ കൃത്യമായി അറിയാനും സംശയങ്ങൾ അപ്പപ്പോൾതന്നെ ഡോക്ടറോടും മറ്റും ചോദിച്ച് ദൂരീകരിക്കാനും ഏറെ സഹായകമായി മാറിയിരിക്കുന്ന ഈ പദ്ധതി വിജയിപ്പിക്കാൻ ശ്രമിച്ച മുഴുവൻ ടീമിനെയും ആരോഗ്യമന്ത്രി വീണ ജോർജ് അഭിനന്ദിക്കുകയും ചെയ്തു. പ്രസവ സമയത്ത് സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ആത്മവിശ്വാസം നൽകാനായി ഗർഭിണി നിർദ്ദേശിക്കുന്ന ഒരു ബന്ധുവായ സ്ത്രീയെ അനുവദിക്കുന്നതിലൂടെ ആശുപത്രിയുടെ ചികിത്സാപരമായ സുതാര്യത കൂടുതൽ അംഗീകരിക്കപ്പെടുകയാണ്. പ്രസവിക്കാൻ ആശുപത്രിയിൽ അഡ്മിറ്റാകുമ്പോൾ തന്നെ അമ്മയോ സഹോദരിയോ മറ്റു ബന്ധുക്കളോ ഉൾപ്പെടെ ആരാവണം പ്രസവസമയത്ത് കൂടെ നിൽക്കേണ്ടതെന്നു ഗർഭിണിക്ക് തീരുമാനിക്കാം. പ്രസവ സമയത്തെ ഗർഭിണിയുടെ മാനസിക സംഘർഷങ്ങൾ കുറയ്ക്കാൻ നല്ല രീതിയിൽ ഉതകുന്നതാണ് അമ്മയ്ക്ക് ഒരുകൂട്ട് എന്ന ഈ പദ്ധതി. വിദേശ രാജ്യങ്ങളിലും മറ്റും ഇത്തരം രീതികൾ നടപ്പായിട്ട് വർഷങ്ങളായെങ്കിലും ഇതാദ്യമായാണ് ഒരു സർക്കാർ ആശുപത്രി ഇവിടെ ഈ സമ്പ്രദായം നടപ്പാക്കുന്നത്. പ്രസവിക്കാൻ ആശുപത്രിയിൽ പ്രവേശിക്കുന്നതുമുതൽ പ്രസവം കഴിഞ്ഞ് ഡിസ്ചാർജ് ആകുന്നതുവരെ ഏറ്റവും പ്രിയപ്പെട്ട ഒരു ബന്ധുവിന്റെ സാമീപ്യം ഉറപ്പാക്കുന്ന ഈ പദ്ധതി രൂപം നൽകിയവർക്കും അത് വിജയകരമായി നടപ്പാക്കിയവർക്കും അഭിമാനിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.