SignIn
Kerala Kaumudi Online
Friday, 27 September 2024 4.44 PM IST

നടപ്പാക്കുന്നതിലും മിടുക്ക് കാണിക്കണം

Increase Font Size Decrease Font Size Print Page
palam

പാക്കേജുകൾ, കർമ്മപരിപാടികൾ എന്നൊക്കെ കേൾക്കുമ്പോൾ വിശ്വാസം വരാതെ ജനങ്ങൾ പിന്തിരിയുന്നതിനു പ്രധാന കാരണം ഇവയുടെ നടത്തിപ്പിലുണ്ടാകുന്ന ഗുരുതര വീഴ്‌ചകളും താളപ്പിഴകളുമാണ്. കൺമുന്നിലെ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാവും ജനം സംശയാലുക്കളാകുന്നത്. അവരെ അതിന് കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പ്രഖ്യാപിത പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കി കാണിച്ചുകൊടുത്താൽ മതി. പല കാരണങ്ങളാൽ അത്തരം നിശ്ചയദാർഢ്യം കാണാറില്ല. രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നൂറുദിവസംകൊണ്ട് നടപ്പാക്കുന്ന പുതിയൊരു കർമ്മപരിപാടി തയ്യാറായിട്ടുണ്ട്. 47 വകുപ്പുകളുടെ കീഴിൽ വരുന്ന 1070 പദ്ധതികളാണ് ഇതിൽ. 13,013 കോടി രൂപയാണ് ആകെ ചെലവ് കണക്കാക്കിയിരിക്കുന്നത്. ഇവയിൽ 706 പദ്ധതികൾ ഒക്ടോബർ 27-നുള്ളിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. 364 എണ്ണം തുടങ്ങിവയ്ക്കുകയേയുള്ളൂ. പൂർത്തീകരണം നീണ്ടുപോകും.

റോഡുകൾ, പാലങ്ങൾ, ഓഫീസ് കെട്ടിടങ്ങൾ, റേഷൻകട നവീകരണം, ടൂറിസം വികസനം, പുതിയ വനിതാ പോളിടെക്‌നിക്ക് എന്നിവ കർമ്മപദ്ധതികളിൽപ്പെട്ടതാണ്. പട്ടയ വിതരണം, ലാഭമെടുക്കാതെയുള്ള മരുന്നുവില്പന, സ്‌മാർട്ട് വില്ലേജ് ഓഫീസുകളുടെ നവീകരണം, മുപ്പതിനായിരം പേർക്ക് പട്ടയദാനം തുടങ്ങിയ ജനോപകാരപ്രദമായ നടപടികളും കർമ്മപരിപാടികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ പദ്ധതികളുമായി ബന്ധപ്പെട്ട് പുതുതായി രണ്ടര ലക്ഷത്തോളം തൊഴിലവസരങ്ങളുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. തൊഴിലില്ലായ്മ അതിരൂക്ഷമായ സംസ്ഥാനത്ത് ഇത് വലിയ കാര്യം തന്നെയാണ്. പൂർത്തീകരണം കാത്ത് വർഷങ്ങളായി കിടക്കുന്ന നൂറുകണക്കിന് നിർമ്മാണ പ്രവൃത്തികൾ സംസ്ഥാനത്തുടനീളം കാണാം. ഇവയിൽ അടിയന്തരമായി പൂർത്തിയാക്കേണ്ട പദ്ധതികൾക്ക് മുൻഗണന നൽകിയാൽ വലിയ ഉപകാരമാകും.

റോഡുകളുടെയും പാലങ്ങളുടെയും കാര്യത്തിൽ പ്രത്യേക പരിഗണന തന്നെ വേണ്ടിവരും. ഏതു നാട്ടിലും ഏറ്റവുമധികം ആവശ്യമുയരുന്നത് റോഡുകൾക്കും പാലങ്ങൾക്കും വേണ്ടിയാണ്. സംസ്ഥാനം എല്ലാ രംഗങ്ങളിലും ഗണ്യമായ പുരോഗതി നേടിയിട്ടും സഞ്ചാര സൗകര്യവും ആധുനിക സൗകര്യങ്ങളും എത്തിനോക്കാത്ത നിരവധി ഗ്രാമങ്ങൾ ഇപ്പോഴുമുണ്ട്. ആദിവാസി ഊരുകളും പട്ടികജാതി - പട്ടികവർഗ കേന്ദ്രങ്ങളുമൊക്കെ ഇതിനു തെളിവാണ്. വികസനത്തിന്റെ ഗുണഫലങ്ങൾ ജനങ്ങൾക്കാകമാനം ലഭ്യമാക്കുക എന്നതാണല്ലോ സങ്കല്പം. എന്നാൽ അത് എത്രകണ്ട് പ്രാവർത്തികമാകുന്നു എന്ന് ഗൗരവപൂർവം വിലയിരുത്തേണ്ടതുണ്ട്. വില്ലേജ് ഓഫീസുകളും റേഷൻകടകളും സ്‌മാർട്ടാകുന്നതിനൊപ്പം അവിടങ്ങളിൽ നിന്നുള്ള സേവന നിലവാരവും മെച്ചപ്പെടേണ്ടതുണ്ട്. ഭൗതിക സൗകര്യങ്ങൾ മാത്രം മികച്ചതായാൽ പോരാ, എത്രയും വേഗം സേവനങ്ങൾ ലഭ്യമാക്കുന്നതിലാണ് കാര്യം.

ലൈഫ് മിഷൻ വഴി നൂറുദിവസത്തിനിടെ പുതുതായി ആയിരം വീടുകൾ നിർമ്മിക്കുമെന്നാണ് വാഗ്ദാനം. വീടിനായി അപേക്ഷ നൽകി കാത്തിരിക്കുന്ന ലക്ഷക്കണക്കിനു പാവപ്പെട്ടവരുണ്ട്. ലൈഫ് പദ്ധതി ഊർജ്ജസ്വലമായാലേ ഇവരിൽ കുറച്ചുപേർക്കെങ്കിലും വീടെന്ന സ്വപ്നം പൂവണിയുകയുള്ളൂ. പട്ടയത്തിനായി നോമ്പു നോറ്റിരിക്കുന്നവരും ആയിരക്കണക്കിനാണ്. 30,000 പേർക്ക് മൂന്നുമാസത്തിനകം പട്ടയമെന്ന വാഗ്ദാനം പാലിക്കപ്പെടണം. ഗുരുതര രോഗങ്ങൾക്കുള്ള ഔഷധങ്ങൾ ലാഭമെടുക്കാതെ കാരുണ്യ ഫാർമസി മുഖേന വിൽക്കുമെന്ന പ്രഖ്യാപനം സ്വാഗതാർഹമാണ്. തലസ്ഥാനത്ത് ആമയിഴഞ്ചാൻ മാലിന്യവാഹിനിയിൽ ഒരു യുവാവിന് ഈയിടെ ജീവൻ നഷ്ടമായ സംഭവം സൃഷ്ടിച്ച വിവാദത്തിന്റെ പശ്ചാത്തലത്തിൽ, മാലിന്യപ്രശ്നത്തിൽ സർക്കാർ ഫലപ്രദമായ ഇടപെടൽ നടത്തേണ്ട അവസരം കൂടിയാണിത്. മാലിന്യ സംഭരണ - സംസ്കരണ പദ്ധതികൾ നടപ്പാക്കാൻ അമാന്തം കാണിക്കരുത്. തിരുവനന്തപുരത്തു തന്നെ മാതൃകാ സംസ്കരണ പ്ളാന്റുകൾ സ്ഥാപിച്ച് പ്രവർത്തിപ്പിച്ചു കാണിച്ചാൽ മറ്റു ജില്ലക്കാർക്കും അത് പിന്തുടരാനാവും. തൊടുന്യായങ്ങൾ പറഞ്ഞും അന്യോന്യം പഴിചാരിയും ഇനിയും സമയം കളയരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.