
തദ്ദേശതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തരംഗം ആഞ്ഞുവീശിയപ്പോൾ ഇടതിന് ഏറ്റവും കൂടുതൽ നാശം സംഭവിച്ച ജില്ലകളിലൊന്നാണ് ഇടുക്കി. പരമ്പരാഗത എൽ.ഡി.എഫ് കോട്ടകളടക്കം ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. ജില്ലാ പഞ്ചായത്ത്, രണ്ട് നഗരസഭകൾ, എട്ട് ബ്ലോക്ക് പഞ്ചായത്തുകൾ, 52 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലെല്ലാം യു.ഡി.എഫിന്റെ തേരോട്ടമായിരുന്നു. ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളിൽ പുതുതായി രൂപീകരിച്ച വെള്ളത്തൂവലടക്കം 14 സീറ്റുകൾ യു.ഡി.എഫ് നേടിയപ്പോൾ എൽ.ഡി.എഫിനാകെ മൂന്നു ഡിവിഷനുകളിൽ മാത്രമാണ് വിജയിക്കാനായത്. എട്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ ഏഴിടത്തും യു.ഡി.എഫ് ആധികാരിക വിജയം നേടി. കട്ടപ്പന, തൊടുപുഴ നഗരസഭകളിലും യു.ഡി.എഫ് വൻമുന്നേറ്റമാണ് നടത്തിയത്. തൊടുപുഴയിൽ 21 സീറ്റിൽ യു.ഡി.എഫ് വിജയിച്ചപ്പോൾ ഒമ്പതു സീറ്റുകൾ നേടി എൻ.ഡി.എ ആദ്യമായി നഗരസഭയിൽ പ്രതിപക്ഷത്തെത്തി. എൽ.ഡി.എഫിന് ആറു സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. ഗ്രാമപഞ്ചായത്തുകളിലും യു.ഡി.എഫ് ഉജ്ജ്വല നേട്ടം കൈവരിച്ചു. 52 ഗ്രാമപഞ്ചായത്തുകളിൽ 36 ഇടങ്ങളിൽ യു.ഡി.എഫ് ഭരണം ഉറപ്പിച്ചപ്പോൾ എൽ.ഡി.എഫ് 12 പഞ്ചായത്തുകളിലേക്ക് ചുരുങ്ങി. നാലിടത്ത് ആർക്കും ഭൂരിപക്ഷമില്ല. ജില്ലയിൽ ആദ്യമായി മണക്കാട് പഞ്ചായത്തിൽ ട്വന്റി ട്വന്റി രണ്ടിടത്ത് വിജയിച്ചു. കരിങ്കുന്നത് ആം ആദ്മി പാർട്ടി വീണ്ടും വിജയം നേടി.
പഴുതടച്ച ചിട്ടയാർന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയിട്ടും എന്തുകൊണ്ട് തോറ്റുവെന്ന് അറിയാതെ കുഴങ്ങുകയാണ് ജില്ലയിൽ എൽ.ഡി.എഫ് നേതൃത്വം. ഇടത് നേതാക്കളുടെ പ്രതീക്ഷകൾക്കപ്പുറത്താണ് ജില്ലയിൽ മുന്നണിക്കുണ്ടായ തിരിച്ചടി. ക്ഷേമ പെൻഷൻ വർദ്ധനവും ഭൂ പതിവ് നിയമ ചട്ടഭേദഗതിയുമടക്കമുളള സർക്കാർ നടപടികൾ വോട്ടായി മാറുമെന്ന പ്രതീക്ഷകളെയാണ് തിരഞ്ഞെടുപ്പ് ഫലം തകിടം മറിച്ചത്. സാധാരണക്കാരും കർഷകരും തോട്ടം തൊഴിലാളികളും നിർണായക സ്വാധീനമുള്ള ജില്ലയിൽ വർഷങ്ങളായി തുടരുന്ന ആധിപത്യം തുടരാമെന്ന തികഞ്ഞ പ്രതീക്ഷയിലായിരുന്നു ഇടതുപക്ഷം. എന്നാൽ ഫലം എൽ.ഡി.എഫ് കേന്ദ്രങ്ങളിൽ ഞെട്ടലാണുണ്ടാക്കിയത്. 2020 ൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണയിൽ എൽ.ഡി.എഫ് നേടിയെടുത്ത വിജയങ്ങളടക്കമാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തോടെ ഇടുക്കിയിൽ തകർന്നടിഞ്ഞത്. പൈനാവിൽ സി.പി.എമ്മിലെ കരുത്തനായ റോമയോ സെബാസ്റ്റ്യൻ ഡിവിഷൻ പരിചിതമല്ലാത്ത യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പലനോട് പരാജയപ്പെട്ടത് ഇടതുകേന്ദ്രങ്ങൾക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. അതുപോലെ ഉപ്പുതറയിൽ സി.പി.എമ്മിന്റെ മുതിർന്ന നേതാവ് പി.എസ്. രാജന്റെ തോൽവിയും പാർട്ടിക്ക് ഉൾക്കൊള്ളാനായിട്ടില്ല. പീരുമേട് അടക്കമുള്ള തോട്ടം മേഖലയിൽ പോലും സ്വാധീനം കുറഞ്ഞത് എൽ.ഡി.എഫിനെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്. ദേവികുളമൊഴികെയുള്ള എല്ലാ നിയോജകമണ്ഡലങ്ങളും ഇടതിനെ കൈവെടിഞ്ഞു. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഒട്ടേറെ തർക്കങ്ങളും വിമത ശല്യവുമൊക്കെ ഉയർന്നെങ്കിലും അതെല്ലാം മാറ്റിവെച്ച് ഒരുമിച്ച് നിന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടതാണ് യു.ഡി.എഫിന്റെ തിളക്കമാർന്ന വിജയത്തിന് ഒരു കാരണം.
കാരണം പലത്
ജില്ലാ പഞ്ചായത്തും രണ്ട് നഗരസഭകളും ഭൂരിപക്ഷം പഞ്ചായത്തുകളും കൈവിട്ടതിന് പിന്നിൽ ഭരണ വിരുദ്ധ വികാരവും ശബരിമല സ്വർണ്ണ കൊള്ളയും മാത്രമല്ലെന്നാണ് വിലയിരുത്തൽ. പാഴായ ഇടുക്കി പാക്കേജ്, ജില്ലയോടുള്ള തുടർച്ചയായ അവഗണന, നിർമ്മാണ നിരോധനമടക്കമുള്ള ഭൂപ്രശ്നങ്ങൾ, ഒരിക്കലും അവസാനമില്ലാത്ത വനൃമൃഗശല്യം, വികസനപ്രവർത്തനങ്ങളിൽ വനംവകുപ്പിന്റെ അനാവശ്യ തടസവാദങ്ങൾ തുടങ്ങിയ ഘടകങ്ങൾ പരാജയത്തിന് ആക്കംകൂട്ടിയെന്നാണ് കണക്കുക്കൂട്ടൽ. ഇടുക്കിയിലെ ഭൂപ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന നിലയിൽ ഭൂചട്ടം ഭേഗഗതി ചെയ്ത് ഭൂമി ക്രമവത്കരിക്കുന്നതിന് സർക്കാർ നടപടി സ്വീകരിച്ചെങ്കിലും ഇതൊന്നും വോട്ടർമാരെ സ്വാധീനിക്കാനായില്ല.
പോളിംഗ് കുറവ് തിരിച്ചടിയായത് ഇടതിന്
തദ്ദേശ തെരഞ്ഞെടുപ്പിൽ പോളിംഗിലെ ഇടിവ് ഇടത് മുന്നണിക്കാണ് തിരിച്ചടിയായതെന്നാണ് ഫലം നൽകുന്ന സൂചനകൾ. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 3 ശതമാനത്തോളമായിരുന്നു ഇടുക്കിയിൽ പോളിംഗ് കുറവ്. എന്നാൽ സ്ത്രീ വോട്ടർമാരുടെ പോളിംഗ് ശതമാനത്തിൽ പത്ത് ശതമാനത്തോളം കുറവും വന്നു. ഇതെല്ലാം ബാധിച്ചത് ഇടത് മുന്നണിയെയാണ്. 2020 ൽ സർക്കാരിന്റെ ക്ഷേമ പദ്ധതികളും കിറ്റ് വിതരണവുമെല്ലാം വോട്ടർമാരെ സ്വാധീനിച്ചിരുന്നു. ഇതിന്റെ ഭാഗമായി തൊട്ടു മുൻവർഷം നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളം തൂത്ത് വാരിയ യു.ഡി.എഫിനെ ഞെട്ടിച്ച് ഇടുക്കിയിലടക്കം അന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫാണ് നേട്ടമുണ്ടാക്കിയത്. ഇതിന്റെ പിന്നാലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണ തുടർച്ചയുമുണ്ടായി. ഇതിന്റെ തുടർച്ചയായാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് സർക്കാർ വിവിധ ക്ഷേമ പദ്ധതികൾ പ്രഖ്യാപിച്ചത്. എന്നാൽ സർക്കാരിനെതിരായ ജനവികാരവും ഇടുക്കിയിലെ ഭൂപ്രശ്നം അടക്കമുള്ള വിവിധ പ്രാദേശിക പ്രശ്നങ്ങളും മൂലം വോട്ടർമാർ ഇടത് മുന്നണിയെ കൈയൊഴിയുകയായിരുന്നുവെന്നാണ് ഫലം തെളിയിക്കുന്നത്.
തരംഗത്തിലും മുൻ എം.എൽ.എ തോറ്റു
ഇടുക്കി ജില്ലയിലെ യു.ഡി.എഫിന്റെ തകർപ്പൻ വിജയത്തിനിടയിലും മുൻ എം.എൽ.എയും എ.ഐ.സി.സി അംഗവുമായ അഡ്വ. ഇ.എം. ആഗസ്തി പരാജയപ്പെട്ടത് ഏവരെയും ഞെട്ടിച്ചു. കട്ടപ്പന നഗരസഭയിലെ 22-ാം വാർഡിൽ നിന്ന് 59 വോട്ടുകൾക്ക് എൽ.ഡി.എഫിലെ സി.ആർ. മുരളിയോടായിരുന്നു പരാജയം. നഗരസഭയിലെ ഭൂരിഭാഗം വാർഡുകളും നേടി യു.ഡി.എഫ് ഭരണം പിടിക്കുകയും ചെയ്തു. ജനവിധിക്ക് പിന്നാലെ, രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി ഇ.എം. ആഗസ്തി സാമൂഹ്യമാദ്ധ്യമത്തിൽ കുറിച്ചിരുന്നു. 1991ലും 96ലും ഉടുമ്പഞ്ചലയിൽ നിന്നും 2001 ൽ പീരുമേട്ടിൽ നിന്നുമുള്ള എം.എൽ.എയായിരുന്നു. ഇടുക്കി ഡി.സി.സി പ്രസിഡന്റായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എം.എം. മണിയോട് 38,000ത്തിൽ പരം വോട്ടുകൾക്ക് പരാജയപ്പെട്ടതോടെ നേരത്തെ പ്രഖ്യാപിച്ച പോലെ വേളാങ്കണ്ണിയിൽ പോയി ആഗസ്തി തല മൊട്ടയടിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ 20,000 വോട്ടിന് തോറ്റാൽ മൊട്ടയടിക്കുമെന്നായിരുന്നു ആഗസ്തിയുടെ വെല്ലുവിളി. വാക്ക് പാലിക്കാനുള്ളതാണെന്ന് പറഞ്ഞുകൊണ്ട് ആഗസ്തി അന്ന് മൊട്ടയടിച്ച ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. എന്നാൽ ആഗസ്തി നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചപ്പോൾ കോൺഗ്രസിനുള്ളിൽ ഒരു വിഭാഗം എതിർപ്പുമായി രംഗത്തെത്തിയിരുന്നു. കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് കളിയുടെ ഭാഗമായി മുൻ എം.എൽ.എയെ കാലുവാരിയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |