ഉത്തരാഖണ്ഡിൽ ഇന്നലെ സമാപിച്ച 38-ാമത് ദേശീയ ഗെയിംസിൽ 14-ാം സ്ഥാനത്തേക്ക് പതിച്ചത് കായികകേരളത്തെ സംബന്ധിച്ചിടത്തോളം ഏറെ സങ്കടവും നിരാശയും ഞെട്ടലും ഉളവാക്കുന്നു. ദേശീയ കായിക രംഗത്ത് മറ്റു സംസ്ഥാനങ്ങൾക്ക് എന്നും മാതൃകയായിരുന്ന കേരളം ഈരീതിയിൽ നാണംകെടുന്നത് നമ്മുടെ കായികതാരങ്ങളുടെ മാത്രം പോരായ്മയല്ല. പ്രതിഭകളെ കണ്ടെത്തുന്നതിലും പരിപോഷിപ്പിക്കുന്നതിലും നമ്മുടെ സംവിധാനങ്ങൾ എത്രമാത്രം പരാജയമാണെന്നതിന്റെയും, ഇതര സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ എത്രത്തോളം പുരോഗമിച്ചെന്നതിന്റെയും വ്യക്തമായ ചിത്രമാണ് ഉത്തരാഖണ്ഡ് ഗെയിംസ് നൽകിയത്. ചരിത്രത്തിലാദ്യമായാണ് കേരളം ദേശീയഗെയിംസ് മെഡൽ പട്ടികയിൽ ആദ്യ പത്തു സ്ഥാനത്തിന് പുറത്താവുന്നത്. 13 സ്വർണവും 17 വെള്ളിയും 24 വെങ്കലവും അടക്കം 54 മെഡലുകളാണ് കേരളം നേടിയത്. ഗോവയിലെ കഴിഞ്ഞ ഗെയിംസിൽ 36 സ്വർണവും 24 വെള്ളിയും 27 വെങ്കലവുമുൾപ്പടെ 87 മെഡലുകൾ നേടിയ കേരളം അഞ്ചാമതായിരുന്നു.
ഗോവയിൽ 19 സ്വർണമടക്കം 22 മെഡലുകൾ സംഭാവനചെയ്ത കളരിപ്പയറ്റിനെ ഇക്കുറി പ്രദർശന ഇനമാക്കിയതുകൊണ്ടാണ് പിന്നാക്കംപോയതെന്ന് പറഞ്ഞൊഴിയാമെങ്കിലും കഴിഞ്ഞതവണ മാത്രമാണ് കളരിപ്പയറ്റ് മത്സരഇനമായത് എന്നുകൂടി മനസിലാക്കണം. അതിനു മുമ്പുള്ള ഗെയിംസുകളിലെ കേരളത്തിന്റെ പ്രകടനത്തിന്റെ ഏഴയലത്തുപോലും എത്താൻ ഇക്കുറി കഴിഞ്ഞിട്ടില്ല. കളരിപ്പയറ്റില്ലാതെ 2015-ലെ ഗെയിംസിൽ 54 സ്വർണമടക്കം 162 മെഡലുകൾ നേടി രണ്ടാമതെത്തിയ ടീമാണ് കേരളം. 2022 ഗുജറാത്ത് ഗെയിംസിലും കളരിയില്ലാതെ 23 സ്വർണമടക്കം 54 മെഡലുകൾ നേടി. അഞ്ചുസ്വർണം ലഭിച്ച നീന്തലാണ് ഇക്കുറി കേരളത്തെ ഈ രീതിയിലേക്കെങ്കിലും എത്തിച്ചത്. പക്ഷേ ഇതിൽ മൂന്നുസ്വർണവും നേടിയ ഹർഷിത ജയറാം ജനിച്ചുവളർന്നതും പരിശീലിക്കുന്നതും ബംഗളൂരുവിലാണ്. ആ പരിശീലന മികവാണ് ഹർഷിതയെ തുണച്ചതും. വോളിബാളിൽ സ്വർണവും വെള്ളിയും നേടിയ കേരള ടീമുകളെ ഈ ഗെയിംസിൽ പങ്കെടുപ്പിക്കരുതെന്ന് കോടതിയിൽ കേസിനുപോയവരാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ. കോടതി അനുമതിയോടെയെത്തിയ ഈ ടീമുകൾക്ക് കേരളത്തിന്റെ ജഴ്സിയോ കിറ്റോ, എന്തിന്; മറ്റ് താരങ്ങൾക്കു നൽകിയ വിമാനടിക്കറ്റോ നൽകാൻ കൗൺസിൽ തയ്യാറായില്ല.
കേരള ഒളിമ്പിക് അസോസിയേഷനെക്കാൾ മേലേയാണ് തങ്ങൾ എന്ന് തെളിയിക്കാനുള്ള വാശിയും അഹംഭാവവും കാരണം കേരള ടീമിന്റെ സംഘത്തലവനെ (ചെഫ് ഡി മിഷൻ) കൗൺസിൽ സ്വന്തമായി പ്രഖ്യാപിച്ചെങ്കിലും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അതനുവദിച്ചില്ല. ഇതിന്റെ പകതീർത്തത് ഒളിമ്പിക് അസോസിയേഷൻ നിശ്ചയിച്ച ചെഫ് ഡി മിഷനും ഡെപ്യൂട്ടി ചെഫ് ഡി മിഷൻമാർക്കും യാത്രാക്കൂലിയോ കേരളത്തിന്റെ കുപ്പായമോ നൽകാതെ അപമാനിച്ചാണ്. എന്നിട്ടും ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിന്റെ നേതൃത്വത്തിലുള്ള സംഘം പരിഭവമില്ലാതെ കേരളടീമിനു വേണ്ട സഹായങ്ങളുമായി മുഴുവൻസമയവും ഒപ്പം നിന്നു. മണിപ്പൂർ, ഒഡിഷ, ഉത്തർപ്രദേശ്,ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങൾപോലും മെഡൽപ്പട്ടികയിൽ കേരളത്തെ മറികടന്നതാണ് ചിന്താവിഷയമാക്കേണ്ടത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിലും ഈ സംസ്ഥാനങ്ങളെ കേരളം കണ്ടുപഠിക്കണം. കേരളത്തിലെ കായികമുകുളങ്ങൾക്ക് പരിശീലനം നൽകുന്ന ഹോസ്റ്റലുകളിൽ ഭക്ഷണത്തിനുള്ള തുക അനുവദിച്ചിട്ട് മാസങ്ങളായി. ദേശീയ മത്സരങ്ങൾക്കു പോകാനുള്ള ഗ്രാന്റും കുടിശികയാണ്.
കൗൺസിലിലെ സ്ഥിരജീവനക്കാർക്ക് മൂന്നുമാസത്തേയും താത്കാലികക്കാർക്ക് നാലുമാസത്തെയും ശമ്പളം കുടിശിക. ദേശീയ ഗെയിംസിന്റെ തയ്യാറെടുപ്പിന് സർക്കാർ ഫണ്ട് അനുവദിച്ചത് സമയത്ത് വാങ്ങിയെടുക്കാൻ കൗൺസിലിന് കഴിഞ്ഞില്ല. കായികമന്ത്രിയുടെ ശ്രദ്ധ ഇക്കാര്യങ്ങളിൽ പതിയുന്നുമില്ല. കേരളത്തിന്റെ കായികഅഭിമാനമായ പി.ടി ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായിരിക്കുന്നത് പ്രയോജനപ്പെടുത്താനും കായിക പദ്ധതികൾ ആവിഷ്കരിക്കാനും സർക്കാർ ശ്രമിക്കുന്നില്ല. കായികമന്ത്രിക്കും കൗൺസിലിനുമെതിരെ കേരള ഒളിമ്പിക് അസോസിയേഷൻ പരസ്യമായി രംഗത്തു വന്നുകഴിഞ്ഞു. മറ്റ് അസോസിയേഷനുകളും ഇതേപാതയിലാണ്. കായിക അസോസിയേഷനുകളെ നിയന്ത്രിക്കാൻ നിയമമുണ്ടാക്കുന്ന തിരക്കിലാണ് സർക്കാർ. നിയമം പാസായി വരുമ്പോൾ ഇവിടെ സ്പോർട്സ് ബാക്കിയുണ്ടാകുമോ എന്നതാണ് ചോദ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |