
ന്യൂഡൽഹി: പാകിസ്ഥാന്റെ ഭാവിയിലെ ഏത് സാഹസത്തോടും ദൃഢനിശ്ചയത്തോടെ പ്രതികരിക്കാൻ ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഭീകര ഭീഷണിയുണ്ടെങ്കിലും അതിർത്തിയിലും ജമ്മുകാശ്‌മീരിലും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. സജീവമായിരുന്ന പ്രാദേശിക ഭീകരർ ഒറ്റ അക്കത്തിലൊതുങ്ങി. ഭീകരർക്കു വേണ്ടിയുള്ള റിക്രൂട്ട്മെന്റ് ഏതാണ്ട് അവസാനിച്ചു. എങ്കിലും സേന ജാഗ്രത തുടരുകയാണ്.
പാക് അതിർത്തിയിലെ എട്ട് ക്യാമ്പുകളിലായി 100-150 ഭീകരർ ഉണ്ടെന്നും കരസേനാ വാർഷികത്തോടനുബന്ധിച്ചുള്ള വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. അതിർത്തിയിൽ കഴിഞ്ഞ ദിവസം പാക് ഡ്രോണുകൾ കണ്ടത് അസ്വീകാര്യമാണെന്നും ആവർത്തിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലേക്ക് ഭീകരരെ അയയ്‌ക്കാൻ പറ്റുമോ എന്നറിയാനാകുമത്. പറ്റില്ലെന്ന് അവർ മനസിലാക്കിയിരിക്കും.
രാഷ‌്‌ട്രീയക്കാർ നടത്തുന്ന പ്രസ്‌താവനകളല്ലാതെ സൈനിക ചർച്ചകളിലൊന്നും പാകിസ്ഥാൻ ആണവ ഭീഷണി ഉയർത്തിയിട്ടില്ല. ഒാപ്പറേഷൻ സിന്ദൂറിൽ ഭീകര കേന്ദ്രങ്ങളിൽ നടത്തിയ ആദ്യ 22 മിനിറ്റ് ആക്രമണം പാകിസ്ഥാനെ സ്‌തബ്ധരാക്കി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ സമയമെടുത്തു. യുദ്ധം രൂക്ഷമായാൽ കൈക്കൊള്ളേണ്ട നടപടികളും ഇന്ത്യൻ സേനകൾ തീരുമാനിച്ചിരുന്നു. ഇന്ത്യയുടെ കര, കടൽ, ആകാശ മുന്നേറ്റത്തിൽ പിടിച്ചു നിൽക്കാനാകില്ലെന്ന് മനസിലാക്കി വെടിനിറുത്തലിന് പാകിസ്ഥാൻ അഭ്യർത്ഥിക്കുകയായിരുന്നു.
ഡ്രോൺ പ്രഹര ശേഷി ഒാപ്പറേഷൻ സിന്ദൂറിൽ തെളിയിക്കപ്പെട്ടു. 100 കി.മീറ്റർ പരിധിയുള്ള ഡ്രോണുകൾ കഴിയുന്നത്ര നിർമ്മിക്കണം. ഓരോ കമാൻഡിനും 5,000 ഡ്രോണുകൾ നിർമ്മിക്കാനാകും. പാകിസ്ഥാൻ റോക്കറ്റ് കമാൻഡ് ആരംഭിച്ചത് നിർണായകമാണ്. റോക്കറ്റുകളുടെയും മിസൈലുകളുടെയും ശക്തി നമുക്കും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
പാക്-ചൈന കരാർ
നിയമ വിരുദ്ധം
1.ജമ്മുകാശ‌്മീരിലെ ഷാക്‌സ്ഗാം താഴ്‌വരയുമായി ബന്ധപ്പെട്ട ചൈനീസ് അവകാശവാദം ഇന്ത്യ അംഗീകരിക്കുന്നില്ല. 1963ലെ പാക്-ചൈന കരാർ നിയമവിരുദ്ധമാണെന്ന് ഇന്ത്യ കരുതുന്നു. വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ചൈനയുമായുള്ള യഥാർത്ഥ നിയന്ത്രണ രേഖ ഇപ്പോൾ ശാന്തം
2.നിലവിലുള്ള മെഡിക്കൽ മാനദണ്ഡങ്ങളും പ്രവർത്തന യാഥാർത്ഥ്യങ്ങളും മൂലം സേനയിൽ പൂർണലിംഗ നിഷ്പക്ഷത ഉറപ്പാക്കാനാകുന്നില്ല. യുദ്ധസമയത്തെ യൂണിഫോം മാനദണ്ഡങ്ങൾ പാലിക്കാൻ ബുദ്ധിമുട്ടാണെന്ന് ചില വനിതാ ഒാഫീസർമാർപോലും പറഞ്ഞു. 3-4 വർഷത്തിനുള്ളിൽ മാറ്റം വന്നേക്കാം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |