നിയമസഭ സമ്മേളിക്കുന്ന കാലത്താണ് ഇടുക്കിയിലെയും വയനാട്ടിലെയും ഭൂമി കൈയേറ്റങ്ങൾ സാധാരണ ചർച്ചയാകാറുള്ളത്. സഭ പിരിയുമ്പോഴേ കൈയേറ്റ വാർത്തകളും അപ്രത്യക്ഷമാകും. രാഷ്ട്രീയ കക്ഷികളുടെ പിന്തുണയോടെ ഭൂമി കൈയേറി കൈവശം വയ്ക്കുന്നവർക്ക് ഇത്തരത്തിലുള്ള ചർച്ചകളിലോ ഒഴിപ്പിക്കൽ ഭീഷണികളിലോ അശേഷം വേവലാതി ഉണ്ടാകാറില്ല. കൈയേറിയ ഏക്കർ കണക്കിന് ഭൂമി ഒഴിപ്പിക്കപ്പെടാതിരിക്കാനുള്ള വഴി അവർക്കറിയാം. ഏതു സർക്കാർ അധികാരത്തിലിരിക്കുമ്പോഴും ഇതാണ് അവസ്ഥ. നാട്ടിൽ ഒരുതുണ്ടു ഭൂമിയില്ലാത്ത ലക്ഷക്കണക്കിനു പേരുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്. അപ്പോഴാണ് ഭരണത്തിലും രാഷ്ട്രീയത്തിലും സ്വാധീനമുള്ളവർ മലമുകളിലും മറ്റുമുള്ള അളവറ്റ ഭൂമി കൈയൂക്കിലൂടെ സ്വന്തമാക്കുന്നത്.
ഇടുക്കിയിൽ വ്യാപകമായി നടക്കുന്ന ഭൂമി കൈയേറ്റം പ്രതിപക്ഷ കക്ഷികൾ കഴിഞ്ഞ ദിവസം നിയമസഭയിൽ ഉന്നയിക്കാതിരുന്നില്ല. ഇതിന്റെ പേരിൽ സർക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷം സഭയിൽ നിന്ന് വാക്കൗട്ടും നടത്തി. കൈയേറ്റ ഭൂമി ഒരിഞ്ചു ശേഷിക്കാതെ സർക്കാർ തിരികെ എടുക്കുമെന്നും കൈയേറ്റക്കാരെ അപ്പാടെ ഒഴിപ്പിക്കുമെന്നും റവന്യു മന്ത്രി കെ. രാജൻ സഭയിൽ നടത്തിയ പ്രഖ്യാപനം യാഥാർത്ഥ്യമാകുമോ എന്ന് ഇപ്പോൾ പറയാനാകില്ല. കാരണം ഇവിടത്തെയെന്നല്ല, എവിടത്തെയും ഭൂമി കൈയേറ്റത്തിന്റെ ചരിത്രം അങ്ങനെയൊക്കെത്തന്നെയാണ്.
ഒറ്റദിവസംകൊണ്ട് ആർക്കും സർക്കാർ ഭൂമി കൈയേറി അധികാരം സ്ഥാപിക്കാനാകില്ലെന്ന് എല്ലാവർക്കും അറിയാം. കൈയേറ്റവും അങ്ങേയറ്റം തികഞ്ഞ ആസൂത്രണത്തോടെ തന്നെയാകും.
സർക്കാർ ഭൂമിയുടെ കാവലാളായ ഉദ്യോഗസ്ഥർക്ക് ഇതറിയാം. അവരിൽ സത്യസന്ധരായവരും ഒട്ടും സത്യസന്ധതയില്ലാത്തവരും കാണും. സത്യസന്ധർ വിവരം മേലധികാരികളെ അറിയിക്കും. എന്നാൽ പലപ്പോഴും ഇവരുടെ റിപ്പോർട്ടിന്മേൽ നടപടി ഉണ്ടാകാറില്ല. അഥവാ ഉണ്ടായാൽത്തന്നെ ഏറെ വൈകിയായിരിക്കും. അപ്പോഴേക്കും കൈയേറിയ ഭൂമി വിരുതന്മാർ സ്വന്തമാക്കിക്കഴിഞ്ഞിരിക്കും. പരുന്തുംപാറയിൽ നടന്ന വ്യാപകമായ കൈയേറ്റത്തെക്കുറിച്ച് എത്രയോ നാളായി വിവരങ്ങൾ വന്നുതുടങ്ങിയിട്ട്. മാദ്ധ്യമങ്ങൾ ഇതു വിഷയമാക്കിയപ്പോഴാണ് റവന്യു അധികൃതർ ഉണർന്നത്. വാഗമൺ, ചൊക്രമുടി, ചിന്നക്കനാൽ, കൊട്ടക്കമ്പൂർ തുടങ്ങിയ സ്ഥലങ്ങളിലും കൈയേറ്റങ്ങൾ നടന്നിട്ടുണ്ട്. വാഗമണിൽ നടന്ന കൈയേറ്റങ്ങളെക്കുറിച്ച് മൂന്നുകൊല്ലം മുന്നേതന്നെ വില്ലേജ് ഓഫീസർ മേലധികാരികൾക്ക് റിപ്പോർട്ട് നൽകുന്നുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് സഭയിൽ പറഞ്ഞത്. ഒരു നടപടിയും ഉണ്ടാകാത്തതിനു പിന്നിൽ താത്പര്യങ്ങൾ കാണുമെന്നത് വളരെ വ്യക്തം.
ഏത് ഭൂമി കൈയേറ്റത്തിനു പിന്നിലും രാഷ്ട്രീയ ദുഃസ്വാധീനം ഉണ്ടായിരിക്കും. വർഷങ്ങൾക്കു മുമ്പ് ഇടുക്കിയിലെ ഭൂമി കൈയേറ്റം ഒഴിപ്പിക്കാൻ പോയ ദൗത്യസംഘത്തിന്റെ ഗതി നാട്ടുകാർക്കൊക്കെ അറിയാം. തട്ടിയെടുക്കുന്ന ഭൂമിക്ക് പട്ടയം ഉണ്ടാക്കി നിയമാനുസൃതമാക്കാൻ സഹായിക്കുന്നത് റവന്യു ഉദ്യോഗസ്ഥർ തന്നെയാണ്. അതിനാൽ കൈയേറ്റക്കാരെ ഒഴിപ്പിക്കുന്നതിനൊപ്പം ഇത്തരം അനധികൃത പട്ടയം സംഘടിപ്പിച്ച് ഇടപാടുകൾ നിയമാനുസൃതമാക്കാൻ സഹായിച്ചവരെ പുറത്താക്കാൻ കൂടി നടപടി എടുക്കുകയാണു വേണ്ടത്. സകല കൈയേറ്റക്കാർക്കെതിരെയും നടപടി എടുത്തിട്ടുണ്ടെന്ന് റവന്യു മന്ത്രി സഭയിൽ അവകാശപ്പെടുമ്പോഴും, അതിൽ സംശയമുള്ളവരിൽ പ്രദേശവാസികളുമുണ്ടെന്ന കാര്യം മറക്കരുത്. കൈയേറ്റക്കാർക്ക് കൂട്ടുനിൽക്കുന്ന ഒരുദ്യോഗസ്ഥനും റവന്യു വകുപ്പിൽ കാണുകയില്ലെന്നാണ് മന്ത്രി പറഞ്ഞത്. അങ്ങനെ ചെയ്താൽ നല്ല കാര്യം തന്നെ. കൈയേറ്റം നടക്കുന്ന ഇടുക്കി പോലുള്ള പ്രദേശങ്ങളിൽ ഡിജിറ്റൽ സർവേ എത്രയും വേഗം പൂർത്തിയാക്കിയാൽ കൈയേറ്റ സാദ്ധ്യത കുറയ്ക്കാനാകും. സർക്കാർ ഭൂമി സ്വാധീനമുള്ളവരുടെ കൈയിലെത്താൻ അനുവദിക്കരുത്. ഭൂമി കൈയേറ്റങ്ങൾക്കെതിരെ നിർദ്ദാക്ഷിണ്യം നടപടി എടുക്കുകതന്നെ വേണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |