ഇന്ത്യയുടെ 'ഓപ്പറേഷൻ സിന്ദൂർ" സൈനിക നടപടിയിൽ ഉൾപ്പെടെ, പാകിസ്ഥാനെ പരസ്യമായി അനുകൂലിക്കുകയും ആയുധങ്ങൾ നൽകി സഹായിക്കുകയും ചെയ്ത രാജ്യമാണ് തുർക്കി. കേന്ദ്ര സർക്കാരും ഇന്ത്യൻ വാണിജ്യ ലോകവും അതിന് തിരിച്ചടി നൽകാൻ തുടങ്ങിയിരിക്കുന്നു. ആദ്യപടി എന്ന നിലയിൽ കേന്ദ്ര സർക്കാർ ടർക്കിഷ് കമ്പനിയായ 'സെലിബി എയർപോർട്ട് സർവീസി"ന്റെ കൊച്ചി, മുംബയ്, ഡൽഹി ഉൾപ്പെടെ എട്ട് വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനം മതിയാക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഈ കമ്പനിയുടെ സുരക്ഷാ ക്ളിയറൻസാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം പിൻവലിച്ചത്. 2022-ലാണ് കമ്പനിക്ക് ക്ളിയറൻസ് അനുവദിച്ചത്. ഇത് പിൻവലിച്ചതോടെ ഇവർക്ക് ഇന്ത്യയിലെ സേവനം മതിയാക്കി തിരിച്ചുപോകേണ്ടിവരും. രാജ്യസുരക്ഷ മുൻനിറുത്തിയാണ് തീരുമാനമെന്ന് ഉത്തരവിൽ പറയുന്നുണ്ട്. ശത്രുരാജ്യത്തെ പ്രകടമായി സഹായിച്ച ഒരു രാജ്യത്തിന്റെ കമ്പനിയെ വിമാനത്താവളങ്ങളിൽ പ്രവർത്തിക്കാൻ അനുവദിച്ചാൽ കമ്പനി ജീവനക്കാരെന്ന വ്യാജേന ഭീകരർ നുഴഞ്ഞുകയറില്ലെന്ന് പറയാനാകില്ല.
പാകിസ്ഥാനെ പിന്തുണയ്ക്കുന്ന തുർക്കി, അസർബൈജാൻ എന്നീ രാജ്യങ്ങളെ എല്ലാ മേഖലയിലും ബഹിഷ്കരിക്കണമെന്ന ആവശ്യം പൊതുസമൂഹത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ഇന്ത്യൻ വാണിജ്യ സമൂഹവും ഉപഭോക്താക്കളും സ്വന്തം നിലയിൽ 'ബോയ്‌കോട്ട് തുർക്കി" ക്യാമ്പെയിൻ ആരംഭിച്ചത് പ്രത്യേക ശ്രദ്ധ നേടിയിരിക്കുകയാണ്. തുർക്കിയിൽ നിന്നെത്തുന്ന, ആപ്പിൾ ഉൾപ്പെടെയുള്ള ഒരു പഴവർഗവും കച്ചവട സ്ഥലങ്ങളിൽ നിന്ന് വാങ്ങില്ലെന്ന് സോഷ്യൽ മീഡിയയിൽ വ്യക്തമാക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരുന്നു. ഇതിനു പുറമെ ചില പ്രമുഖ വ്യാപാരികൾ തുർക്കിയിൽ നിന്നുള്ള സാധനങ്ങൾ വിൽപ്പനയ്ക്കു വയ്ക്കില്ലെന്നും തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ ഫലമായി കഴിഞ്ഞ രണ്ടു ദിവസമായി വിപണിയിൽ തുർക്കിയിൽ നിന്നുള്ള പഴവർഗങ്ങളുടെയും ഡ്രൈ ഫ്രൂട്ട്‌സിന്റെയും വിൽപ്പന കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. യുദ്ധവും കച്ചവടവും ഒരുമിച്ചു നടക്കില്ലെന്ന് പ്രധാനമന്ത്രി മോദിയും രാജ്യത്തെ അഭിസംബോധന ചെയ്യവെ അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയിരുന്നു.
തുർക്കി ആപ്പിളിനു പകരം മറ്റു രാജ്യങ്ങളിൽ നിന്നുള്ള ആപ്പിളുകൾ ഇറക്കുമതി ചെയ്യുന്നതിനാണ് വ്യാപാരികൾ ഇപ്പോൾ മുൻഗണന നൽകുന്നത്. പഴവർഗങ്ങൾ കൂടാതെ മാർബിൾ, സിമന്റ്, സ്വർണം, മിനറൽ ഓയിൽ തുടങ്ങിയ ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് വൻതോതിൽ ഇറക്കുമതി ചെയ്യുന്നുണ്ട്. തുർക്കിയിലേക്കുള്ള ഇന്ത്യൻ കയറ്റുമതി പെട്രോളിയം, വാഹനങ്ങൾ, അനുബന്ധ ഘടകങ്ങൾ എന്നിവയിൽ ഒതുങ്ങിനിൽക്കുന്നു. പ്രതികാര നടപടിയുടെ ഭാഗമായി തുർക്കി ഇന്ത്യൻ കയറ്റുമതി നിരോധിച്ചാലും ഇന്ത്യയ്ക്ക് കാര്യമായി ഒന്നും സംഭവിക്കാനില്ല. ഇന്ത്യാ - പാക് യുദ്ധവേളയിൽ പാകിസ്ഥാൻ ഉപയോഗിച്ച മിസൈലുകളിൽ തുർക്കിഷ് മുദ്ര പതിഞ്ഞവയും ഉണ്ടായിരുന്നു. ചൈനയും തുർക്കിയുമാണ് മുഖ്യമായും പാകിസ്ഥാന് ആയുധം നൽകി സഹായിച്ച രാജ്യങ്ങൾ.
പൂനെയിലെ വ്യാപാരികളാണ് തുർക്കിയിൽ നിന്നുള്ള ഉത്‌പന്നങ്ങൾ ബഹിഷ്കരിക്കാൻ ആദ്യം തീരുമാനിച്ചത്. അത് പിന്നീട് രാജ്യത്തുടനീളം ഒരു 'ബോയ്കോട്ട് തുർക്കി" ക്യാമ്പയിനായി മാറുകയായിരുന്നു. ഇന്ത്യയെപ്പോലുള്ള ഒരു വലിയ വിപണി നഷ്ടപ്പെടുന്നത് തുർക്കിയിലെ കർഷകരെയും വ്യാപാരികളെയും പ്രതികൂലമായി ബാധിക്കും. ഇന്ത്യയും തുർക്കിയും തമ്മിൽ പ്രതിവർഷം ആയിരം കോടി ഡോളറിന്റെ ഡ്രൈ ഫ്രൂട്ട്‌സ് കച്ചവടം നടക്കുന്നതായാണ് കണക്കുകൾ പറയുന്നത്.
ലോകരംഗത്ത് സമസ്ത മേഖലയിലും അതിശക്തമായ വളർച്ച നേടുന്ന ഒരു ഇന്ത്യയാണ് ഇന്ന് നിലവിലുള്ളത്. അടിച്ചാൽ തിരിച്ചടിക്കുന്ന ഇന്ത്യ. പഴയ കാലത്തെ ഇന്ത്യയല്ല ഇത്. ഇന്ത്യയെ വെറുപ്പിക്കുന്നവർ അതിന്റെ തിക്തഫലവും വലിയ താമസമില്ലാതെ അനുഭവിക്കേണ്ടിവരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |