ലോകം കീഴടക്കി 300 കോടി ക്ളബിൽ ഇടംപിടിക്കാൻ ഒരുങ്ങുകയാണ് കല്യാണി പ്രിയദർശന്റെ ചന്ദ്ര. 'ലോക : ചാപ്ടർ വൺ: ചന്ദ്ര"യിൽ കല്യാണി പ്രിയദർശൻ സംസാരിച്ചത് പിന്നണി ഗായികയും സംഗീത സംവിധായകയുമായ സയനോര ഫിലിപ്പിന്റെ ശബ്ദത്തിൽ. 'ഓടും കുതിര ചാടും കുതിര"യിൽ കല്യാണിക്ക് ശബ്ദമായതും സയനോര. ഒരു അഭിനേത്രിക്ക് രണ്ട് ലോകത്തെ രണ്ടു സിനിമകളിൽ ഡബ്ബ് ചെയ്യാനും ഏറെ പ്രശംസ നേടാനും കഴിഞ്ഞതിന്റെ ചാരിതാർത്ഥ്യത്തിൽ സയനോര ശബ്ദിക്കുന്നു.
വലിയസമ്മാനങ്ങൾ
ലോകയിലെ ചന്ദ്ര അധികം സംസാരിക്കാത്ത ആളാണ്. നീലിയും വളരെ കുറച്ചുമാത്രമാണ് സംസാരിക്കുക. ചിലപ്പോൾ ഒരു മൂളൽ മാത്രമായിരിക്കും. എന്നാൽ ആ മൂളൽ എല്ലാ ഗാംഭീര്യത്തോടെയും വേണം. വോയ്സ് ടെസ്റ്റ് നടത്തിയപ്പോൾ നീലിക്ക് എന്ത് ടോൺ വേണമെന്ന് ആലോചിച്ചു. ഞാൻ സംസാരിക്കുന്ന രീതി പോലെയല്ല നീലിയുടെ വർത്തമാനം. ഒരു ബേസ് ടോൺ വേണമെന്നും അധികം ബലമുള്ളതും നേരെമറിച്ച് റഫ് ആകാനും പാടില്ല. അതു നിലനിറുത്തി ശബ്ദം കൊടുക്കുന്നത് വെല്ലുവിളിയായി തോന്നി. ഓരോ തവണ ഡബ്ബിംഗിന് പോകുമ്പോഴും മുൻപ് ചെയ്തത് കേട്ടശേഷം വീണ്ടും അതിലേക്ക് വന്നു. ആദ്യം വിളി വന്നത് ലോകയിൽ നിന്നാണ്. മൂന്നാമത്തെ സെഷൻ ഡബ്ബ് ചെയ്യുമ്പോഴാണ് അൽത്താഫ് വിളിക്കുമെന്ന് ഡൊമിനിക് അരുൺ പറയുന്നത്. ലോക ചെയ്യുന്ന സമയത്ത് തന്നെ ഓടും കുതിര ചാടും കുതിരയിലും ശബ്ദം നൽകി. ഓണത്തിന് റിലീസ് ചെയ്ത രണ്ട് സിനിമകളിൽ കല്യാണിക്ക് ശബ്ദം നൽകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. നന്ദി അറിയിച്ചു കല്യാണി മെസേജ് അയച്ചു. കല്യാണിയെ ഇതുവരെ നേരിൽ കണ്ടിട്ടില്ല. ഹേയ് ജൂഡിൽ തൃഷയ്ക്കും സ്റ്റാന്റ് അപ്പിൽ നിമിഷ സജയനും ഡബ്ബ് ചെയ്തു. നിമിഷയെ മാത്രമേ നേരിൽ കണ്ടുള്ളു. ജീവിതത്തിൽ ആദ്യമായാണ് ഞാൻ ഡബ്ബ് ചെയ്ത സിനിമകൾ ഓണത്തിന് റിലീസ് ആകുന്നത്. ഓണത്തിന് ലഭിച്ച ഏറ്റവും വലിയ സമ്മാനം ആണിത്. മലയാള സിനിമയുടെ കളക്ഷൻ റെക്കോർഡ് ലോക ഭേദിക്കുന്നതിൽ ഒരുപാട് സന്തോഷം.
ശബ്ദം തന്ന അനുഭവം
മാധുര്യം നിറഞ്ഞ പെൺശബ്ദങ്ങൾ കേട്ടുകേട്ട് വരുന്ന സമയത്ത് കരിയറിന്റെ തുടക്കത്തിൽ മെലഡികൾ പാടാൻ ആരും വിളിക്കില്ലായിരുന്നു. ക്ളബ് സോംഗിനും പാർട്ടി സോംഗിനുമാണ് എന്റെ ശബ്ദം ഉപയോഗിച്ചത്. ഇതിനുശേഷം കുറെവർഷം കഴിഞ്ഞാണ് 'റാണി പത്മിനി"യിൽ 'മിഴിമലരുകൾ" പാടാൻ ബിജിബാൽ വിളിക്കുന്നത്. ഇൗ പാട്ട് മറ്റാരെ കൊണ്ടെങ്കിലും പാടിപ്പിക്കരുതോയെന്ന് റെക്കോർഡിംഗ് സ്റ്റുഡിയോയിൽവച്ച് ഞാൻതന്നെ ബിജിയേട്ടനോട് ചോദിച്ചു. അത്രമാത്രം എന്റെ ശബ്ദം മെലിഡി പാടാൻ അനുയോജ്യമല്ലെന്ന് എനിക്ക് തന്നെ തോന്നി. അതിനുശേഷം ഗോപി സുന്ദറിന്റെ സംഗീതത്തിൽ ജെയിംസ് ആൻഡ് ആലീസിലും സി.ഐ.എയിലും നിരവധി മെലഡികൾ പരീക്ഷണം പോലെ നടത്തിയശേഷമാണ് എന്റെ ശബ്ദം അങ്ങനെയും പലരും തിരിച്ചറിയുന്നത്.
'ആഹാ"സിനിമയിൽ ഞാൻ എഴുതി സംഗീതം ചെയ്തതാണ് 'തണ്ടൊടിഞ്ഞ താമര "എന്ന പാട്ട് . ആ പാട്ട് പാടാൻ ആഗ്രഹിച്ചില്ല. വേറൊരാൾ പാടേണ്ട മെലഡി ഗാനം എന്ന ചിന്തയായിരുന്നു മനസിൽ. വിജയ് യേശുദാസിനൊപ്പം ഡ്യൂയറ്റാണ് അത്. ഞാൻ പാടിയത് വിജയയ്ക്ക് അയച്ചുകൊടുത്തു. പാട്ട് ആരാണ് പാടുന്നതെന്ന് വിജയ് ചോദിച്ചു. അപ്പയ്ക്ക് (കെ.ജെ. യേശുദാസ്) പാട്ട് അയച്ചുകൊടുത്തന്നെന്നും അപ്പ പറയുന്നതും സയ തന്നെ പാടണം എന്നാണ്. ഇതൊരു സിംഗർ സോംഗ് റൈറ്റർ കോമ്പസിഷനാണെന്നും മറ്റൊരാൾ പാടേണ്ടതില്ലെന്നും ദാസ് അങ്കിൾ കൂടി പറഞ്ഞപ്പോൾ വിജയ്യും ഞാനും തമ്മിൽ ഡ്യൂയറ്റായി അതു വന്നു. അതെല്ലാം എനിക്ക് അനുഭവങ്ങളായി മാറി. ഇൗ അനുഭവങ്ങൾ എല്ലാം ഡബ്ബ് ചെയ്യുമ്പോൾ സഹായിച്ചിട്ടുണ്ട്.
ഒരേ ദിവസം രണ്ട് ഡബ്ബിംഗ്
ലോകയിലെ ചന്ദ്രയിലും ഓടും കുതിര ചാടും കുതിരയിലെ നിധിയിലും സയനോര ഫിലിപ്പ് വരരുതെന്ന് തീരുമാനിച്ചിരുന്നു. കഥാപാത്രത്തെ മാത്രം മുന്നിൽ കണ്ടു. ആ കഥാപാത്രം എങ്ങനെയായിരിക്കും സാഹചര്യങ്ങളിൽ പെരുമാറുക. കഥാപാത്രത്തിന്റെ ടോണിനെ പറ്റിയും ചിന്തിച്ചു. അത് മനസിൽ കണ്ടാണ് ഡബ്ബ് ചെയ്തത്. എന്താണ് സ്ക്രീനിൽ വരുക, എന്ത് ഷോട്ട് എല്ലാം കൃത്യമായി ശ്രദ്ധിച്ചു. എവിടെയൊക്കെ ശ്വാസംവിടണം, എവിടെ പോസ് വരിക, എല്ലാ കാര്യവും നിരീക്ഷിച്ചു. ഓടും കുതിരയിൽ ഡബ്ബ് ചെയ്തത് ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ഒരുപാട് ഡയലോഗ്. ലിപ് സിങ്ക് ശ്രദ്ധിക്കണം. രണ്ട് കഥാപാത്രത്തിനും രണ്ട് ടോൺ . നിധിക്ക് വേണ്ടത് നമ്മൾ എപ്പോഴും കേൾക്കുന്ന ശബ്ദമാകണം. ലോകയിൽ ചെറിയ വാക്കുകളിൽ കൂടുതൽ ഇമോഷൻ കൊണ്ടുവരികയും വേണം. നിധി എന്ന കഥാപാത്രത്തിന് ഒരുപാട് സംസാരിക്കാനുമുണ്ട്. ഡയലോഗ് മനഃപാഠം ആക്കി. വളരെ വേഗത്തിൽ ആണ് നിധി സംസാരിക്കുന്നത്. ഒരേദിവസം രണ്ട് കഥാപാത്രങ്ങൾക്കും ഡബ്ബ്് ചെയ്തു. ആ സമയത്തായിരുന്നു പ്രധാന വെല്ലുവിളി. കഥാപാത്രത്തിലേക്ക് കടക്കാൻ കുറച്ചുസമയം എടുത്തു. നിധിക്ക് ശബ്ദം നൽകുമ്പോൾ ചിലപ്പോൾ നീലി കയറി വരും. (ചിരി). 'കുറച്ച് നീലി ആയോ "എന്ന് സ്റ്റുഡിയോയിൽ നിന്ന് കേട്ടു .(ചിരി) രണ്ടും നല്ല അന്തരീക്ഷത്തിൽ ഡബ്ബ് ചെയ്യാൻ സാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |