സ്‌ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ വർദ്ധിക്കുന്നതിൽ സുപ്രീംകോടതി വരെ നടുക്കം രേഖപ്പെടുത്തിയിരിക്കുകയാണ്. ഒഡിഷയിൽ പതിനഞ്ചുകാരിയെ മൂന്നുപേർ ചേർന്ന് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബഗ്‌ചി എന്നിവർ ഇത്തരം സംഭവങ്ങളിൽ ലജ്ജതോന്നുന്നു എന്ന പരാമർശം നടത്തിയത്. സ്‌ത്രീകൾക്കും കുട്ടികൾക്കും ട്രാൻസ്‌ജെൻഡേഴ്സിനും സുരക്ഷിത ജീവിത സാഹചര്യം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി വനിതാ അഭിഭാഷകരുടെ അസോസിയേഷൻ സമർപ്പിച്ച പൊതുതാത്‌പര്യ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു കോടതി.
ഇത്തരം സംഭവങ്ങൾ ഈ ആധുനിക കാലത്തും സംഭവിക്കുന്നത് നാണക്കേടാണെന്നും സ്‌കൂൾ വിദ്യാർത്ഥികൾ, വീട്ടുജോലിക്കാർ, ഗ്രാമമേഖലയിലെ കുട്ടികൾ എന്നിവരെ ശാക്തീകരിക്കാൻ നടപടികളുണ്ടാകണമെന്നും ഉന്നത കോടതി അഭിപ്രായപ്പെട്ടു.
നാഷണൽ ഫാമിലി ഹെൽത്ത് നടത്തിയ ഒരു സർവേയിലെ ഡാറ്റയിൽ സൂചിപ്പിക്കുന്നത് ഇന്ത്യയിലെ 29 ശതമാനം സ്‌ത്രീകളും തന്റെ പങ്കാളിയിൽ നിന്ന് ശാരീരികമോ ലൈംഗികമോ വൈകാരികമോ ആയ അതിക്രമങ്ങൾ അനുഭവിക്കുന്നുണ്ടെന്നാണ്. 18-നും 49-നും ഇടയിൽ പ്രായമുള്ളവരിലാണ് ഇവർ സർവേ നടത്തിയത്. ഒട്ടുമിക്ക സ്‌ത്രീകളും ലൈംഗികാതിക്രമത്തിനും മർദ്ദനത്തിനും ഇരയാകുന്നത് സ്വന്തം പങ്കാളിയിൽ നിന്നാണെന്നത് സാധൂകരിക്കുന്ന വാർത്തകളാണ് നിത്യവും പത്രങ്ങളിലും മറ്റും വന്നുകൊണ്ടിരിക്കുന്നത്. സ്‌ത്രീകൾ ക്രൂരമായ പീഡനങ്ങൾക്ക് ഇരയാകുന്ന സന്ദർഭങ്ങളിലൊക്കെ എങ്ങനെയും അതെല്ലാം സഹിച്ചു കഴിയണമെന്ന് മാതാപിതാക്കൾ തന്നെ നിർബന്ധിക്കുന്ന ഒരു പ്രവണത സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്.
വിവാഹം പവിത്രമായ ഒരു സങ്കല്പമാണ്. പക്ഷേ അതിന്റെ പേരിൽ ശാരീരികമായ അതിക്രമം സഹിച്ചുകൊണ്ട് അതു തുടരണം എന്നർത്ഥമില്ല. വികസിത രാജ്യങ്ങളിൽ ഭർത്താവ് മർദ്ദിച്ചതായി നൽകുന്ന പരാതി ബോദ്ധ്യപ്പെട്ടാൽ പ്രതി അപ്പോൾത്തന്നെ ജയിലിലാകുന്ന നിയമങ്ങളാണ് നിലവിലുള്ളത്. എന്നിട്ടും അവിടെ ഇത്തരം അതിക്രമങ്ങൾ പൂർണമായി മാറിയെന്ന് പറയാനാകില്ല. എന്നിരുന്നാലും അവിടങ്ങളിൽ സ്‌ത്രീകൾ അവരുടെ അവകാശങ്ങളെപ്പറ്റി കൂടുതൽ ബോധവതികളാണ്. ഇന്ത്യയിലാകട്ടെ ഭാര്യമാരെ മർദ്ദിക്കുന്നത് ഭർത്താവിന്റെ അവകാശമാണെന്നു പോലും ധരിക്കുന്നവർ ഇല്ലാതില്ല. പുരുഷാധിപത്യമുള്ള സമൂഹത്തിലെ ഇത്തരം ചിന്താഗതികളിലാണ് മാറ്റം വരേണ്ടത്. നിയമം കർശനമാക്കിയതുകൊണ്ടു മാത്രം തടയാൻ കഴിയുന്ന ഒന്നല്ല ഇത്. ദാമ്പത്യം സുരക്ഷിതമല്ലെന്നു തോന്നുന്ന സ്‌ത്രീകൾക്ക് പിന്തുണ നൽകാനും അവരെ സംരക്ഷിക്കാനുമുള്ള സംവിധാനങ്ങൾക്ക് സർക്കാരും സാമൂഹ്യ സന്നദ്ധ സംഘടനകളും രൂപം നൽകേണ്ടതാണ്. സ്‌ത്രീകളെ തുല്യ പരിഗണനയോടെ കാണണമെന്ന ബോദ്ധ്യം പകരുന്ന വിദ്യാഭ്യാസത്തിനും കൂടുതൽ ഊന്നൽ നൽകേണ്ടത് ആവശ്യമാണ്.
കുടുംബ ബന്ധങ്ങളിലെ തകർച്ച കാരണം ആത്മഹത്യ ചെയ്യുന്നവരും കൊല്ലപ്പെടുന്നവരുമായ സ്‌ത്രീകളുടെ എണ്ണം കേരളത്തിലും കൂടിവരികയാണ്. വിപഞ്ചികയുടെയും അതുല്യയുടെയും ജീവൻ നഷ്ടപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടാനാവുന്നത്. അതിക്രമങ്ങൾ തിരിച്ചറിഞ്ഞാലും പ്രതികരിക്കാനാവാതെ വരുന്നത് പലപ്പോഴും വിവാഹബന്ധം സ്വന്തം ഇഷ്ടത്താൽ വേണ്ടെന്നുവയ്ക്കുന്ന പെൺകുട്ടിയെ കുറ്റപ്പെടുത്തുന്ന കണ്ണുകളോടെയാണ് സമൂഹം വീക്ഷിക്കുന്നത് എന്നതിനാലാണ്. സ്വന്തം നിലയിൽ സാമ്പത്തിക സ്വാതന്ത്ര്യം നേടാനുള്ള ശ്രമങ്ങൾ സ്‌ത്രീകളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതാണ്. കാലം ഇത്ര പുരോഗമിച്ചിട്ടും സ്‌ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നത് സമൂഹത്തിന് നാണക്കേടു തന്നെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |