കോഴിക്കോട്: പ്രഖ്യാപനങ്ങളും പദ്ധതികളും വേണ്ടുവോളമുണ്ടെങ്കിലും സ്ത്രീ സുരക്ഷ ഇനിയും അകലെ. അമ്മായിഅമ്മ പോരും ഭർതൃപീഡനവും സഹിക്കവയ്യാതെ 2024 ഏപ്രിൽ മുതൽ കഴിഞ്ഞ ജൂലായ് വരെ വനിത ഹെൽപ്പ് ലെെനിൽ (181) രക്ഷതേടിയെത്തിയത് 3988 സ്ത്രീകൾ. സഹിക്കാൻ കഴിയാത്ത അതിക്രമങ്ങളാണ് നേരിട്ടതെന്ന് ഇവർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സംസ്ഥാനത്ത് ഗാർഹിക പീഡനം ദിനംപ്രതി ഏറുന്നതിന്റെ നേർചിത്രമാണ് സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ വനിത ഹെൽപ്പ് ലെെനിന് മുന്നിലെത്തിയ ഇത്രയും പരാതികൾ.
വിവിധ വിഭാഗങ്ങളിലായെത്തിയ 4120 പരാതികൾക്ക് തുടർ നടപടികൾ ഉണ്ടായെന്നത് ആശ്വസിക്കാം. ഈ വർഷം ഏപ്രിലിനും ജൂലായിക്കും ഇടയിൽ 13015 കോളുകൾ എത്തിയെന്നത് ഞെട്ടിക്കുന്നതാണ്. തൊഴിലിടങ്ങളിലും പൊതുഇടങ്ങളിലും സ്ത്രീകൾ അപമാനിതരാകുന്ന സംഭവങ്ങളും വർദ്ധിക്കുന്നു. 15 മുതൽ 60 വയസ് വരെയുള്ള സ്ത്രീകളിൽ 40 ശതമാനം പേരും മാനസിക, ശാരീരിക പീഡനങ്ങൾക്ക് ഇരയായതായാണ് കണക്കുകൾ.
ഹെൽപ്പ് ലെെനിൽ ഇതുവരെ
2017-ൽ നിലവിൽ വന്ന മിത്രയിൽ ഇതുവരെ 504198 കോളുകളാണ് എത്തിയത്. 166934 സ്ത്രീകൾക്ക് നേരിട്ട് സഹായം നൽകുകയും ചെയ്തു. 24 മണിക്കൂറും സൗജന്യസേവനമാണ് നൽകുന്നത്. പരാതികളുമായി എത്തുന്നവർക്ക് കൗൺസിലിംഗും നിയമസഹായവും നൽകുന്നു. പരാതി കേൾക്കുന്ന വേളയിൽ പൊലീസിന്റെ സേവനം ആവശ്യമായി വരുന്നവർക്ക് പൊലീസിന്റെ 112 കൺട്രോൾ നമ്പറുമായി കണക്ട് ചെയ്താണ് പരിഹാരം കാണുന്നത്. നേരിട്ട് കൗൺസിലിംഗ് ആവശ്യമുള്ളവർക്ക് ഹെൽപ് ലൈൻ കോൾ സെന്ററിന്റെ കീഴിൽ ഓരോ ജില്ലയിലും പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററിൽ കൗൺസിലിംഗ് നൽകും. പൂജപ്പുരയിലെ വനിതാ ശിശുവികസന വകുപ്പ് ആസ്ഥാനത്താണ് ഹെൽപ് ലൈൻ കോൾ സെന്റർ പ്രവർത്തിക്കുന്നത്.
പരാതികൾ............................കോളുകൾ
ഗാർഹികാതിക്രമങ്ങൾ................3988
ലെെംഗികാതിക്രമം.............................215
ഓൺലെെൻ അതിക്രമം.....................929
തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ.......78
നിയമസഹായം......................................2034
കാണാതാവൽ.........................................85
''മിത്രയിൽ വരുന്ന ഓരോ പരാതികളിലും ആവശ്യമായ സേവനം ഉടനടി നൽകും. തുടരന്വേഷണങ്ങളും നടത്തും. കേന്ദ്രസർക്കാരിന്റെ പദ്ധതിയായി തുടങ്ങുന്ന സമയത്ത് ഓരോ സംസ്ഥാനത്തും ഓരോ പേരിലാണ് അറിയപ്പെട്ടിരുന്നത്. കേരളത്തിൽ 'മിത്ര' എന്നായിരുന്നു. രണ്ടുവർഷം മുൻപ് രാജ്യത്തുടനീളം വനിത ഹെൽപ്പ് ലെെൻ എന്ന പേരിലേക്ക് മാറി' ദിവ്യ, മാനേജർ, വനിത ഹെൽപ്പ് ലെെൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |